ADVERTISEMENT

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ രാഹുൽ ഗാന്ധി  എംപി ലാഡ്സിൽ നിന്നുള്ള ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

നമ്മുടെ വയനാട്ട്കാർ ഇത് കാണുന്നുണ്ടല്ലോ അല്ലെ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

കീവേഡുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഇതേ വാർത്ത കൈരളി ചാനൽ റിപ്പോർട്ട് ചെയ്തതിന്റെ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

വയനാട് ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് രാജു വാഴക്കാല എന്നയാൾ സമർപ്പിച്ച വിവരാവകാശ രേഖയുടെ മറുപടി ചൂണ്ടിക്കാട്ടിയാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിക്കെതിരെ വിഡിയോയിലും പോസ്റ്റുകളിലും വിമർശനം ഉയരുന്നത്.

1.വയനാട് എംപി രാഹുൽ ഗാന്ധി ഇതുവരെ എംപി ഫണ്ട് ഇനത്തിൽ ആകെ എത്ര രൂപ ചെലവഴിച്ചു

2. ഓരോ വർഷവും ചെലവഴിച്ച തുകയും പ്രോജക്റ്റിന്റെ പേരും ചെലവഴിച്ച തുകയും

3.എംപി ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികൾ ഏതെല്ലാം അതിന് അനുവദിച്ച തുക എത്ര

4. പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന അഥവാ പൂർത്തീകരിക്കാത്ത പദ്ധതികൾ ഏതെല്ലാം ഈ പദ്ധതികൾക്ക് അനുവദിച്ച തുക എത്ര

5.ഇതുവരെ ആകെ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്

എന്നീ അഞ്ചു ചോദ്യങ്ങളാണ് വിവരാവകാശ നിയമം പ്രകാരം രാജു വാഴക്കാല നൽകിയിട്ടുള്ളതെന്ന് വ്യക്തമായി.

വൈറൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എംപി ലാഡ്സിലേക്ക് അനുവദിച്ചത് 17 കോടിയും ആകെ ചെലവാക്കിയത് അഞ്ചു കോടിയും മാത്രമാണെന്നാണ്. 30 ശതമാനത്തിൽ താഴെയാണ് എംപി ഫണ്ടിന്റെ വിനിയോഗം എന്നാണ് ആരോപണം.വിവരാവകാശപ്രകാരം കത്ത് നൽകിയ രാജു വാഴക്കാലയും ഇത്തരത്തിൽ തന്നെയാണ് ഈ വാർത്ത മാധ്യമത്തിന്റെ വിഡിയോയിൽ  പ്രതികരിച്ചിരിക്കുന്നത്.

വസ്തുതകളുടെ വിശദാംശങ്ങളറിയാൻ ഞങ്ങൾ വിവരാവകാശ അപേക്ഷ നൽകിയ പൊതുപ്രവർത്തകൻ രാജു വാഴക്കാലയുമായി ബന്ധപ്പെട്ടു. വിവരാവകാശ മറുപടിയിൽ ലഭിച്ച അവ്യക്തതകള്‍ കാരണമാണ് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടായതെന്നാണ് രാജു വാഴക്കാല വ്യക്തമാക്കിയത്. ജില്ലാ പ്ലാനിങ് ഓഫിസിൽ നിന്ന് ലഭിച്ച മറുപടിയിൽ എംപി ഫണ്ടായി ലഭിച്ച 17 കോടിയിൽ 5 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നാണ് നൽകിയിരുന്നത്. എന്നാൽ ഇത് വയനാട് ജില്ലയിലെ മാത്രം കണക്കാണെന്ന് പിന്നീടാണ് വ്യക്തമായത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇതില്‍ വയനാട് ജില്ലയിലെ തുകയുടെ വിവരങ്ങൾ മാത്രമാണ് വിവരാവകാശ രേഖയുടെ മറുപടിയിലുള്ളത്. ഈ വിവരമാണ് തെറ്റിദ്ധാരണപരമായി പ്രചരിക്കുന്നത്. – രാജു വാഴക്കാല വ്യക്തമാക്കി.

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖ് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം എംഎൽഎയുടെ ഓഫിസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.

എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിക്കെതിരെ കള്ളപ്രചരണമാണ് നടക്കുന്നത്. അനുവദിച്ച 17 കോടി രൂപയില്‍ അഞ്ച് കോടി മാത്രമാണ് രാഹുല്‍ഗാന്ധി ചെലവഴിച്ചതെന്നാണ് കൈരളിയുടെ കണ്ടെത്തല്‍. വയനാട് പാര്‍ലമെന്റ് മണ്ഡലം വയനാടിനെ കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി വ്യാപിച്ചുകിടക്കുന്നതാണ്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്കൊപ്പം മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു നിയോജകമണ്ഡലവും വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വയനാട് ജില്ലയില്‍ ചിലവഴിച്ച ഫണ്ടിന്റെ കണക്കുകള്‍ മാത്രം എടുത്ത ഒരു വിവരാവകാശരേഖയുടെ അടിസ്ഥാനത്തിലാണ് കൂടുതലൊന്നും അന്വേഷിക്കാതെ കൈരളി ചാനൽ കള്ളപ്രചരണം നടത്തിയിരിക്കുന്നത്. എംപി ഫണ്ടായി ഇതുവരെ രാഹുല്‍ഗാന്ധിക്ക് പലിശസഹിതം ലഭിച്ചിരിക്കുന്നത് 17.21 കോടി രൂപയാണ്. 21.04 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ഇതുവരെ മണ്ഡലത്തിനായി എംപി നല്‍കിയിട്ടുള്ളത്. ഇതില്‍ 17.21 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 123.43 ശതമാനമാണ്. ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നരേന്ദ്രമോദിയെക്കാള്‍ മുന്നിലാണ് രാഹുല്‍ഗാന്ധിയെന്ന മനസിലാക്കാം. 121.78 ശതമാനമാണ് മോദിയുടെ എംപി ഫണ്ട് വിനിയോഗം. രാഹുല്‍ഗാന്ധിയെക്കാള്‍ എത്രയോ താഴെയാണ് അമിത്ഷാ(62.67) യുടേയും, സ്മൃതി ഇറാനി(77.62)യുടെയും എംപി ഫണ്ട് വിനിയോഗം. സിപിഎം വിജയിച്ച ഏക ലോക്‌സഭാ മണ്ഡലമായ ആലപ്പുഴയില്‍ ആരിഫിന്റെ എംപി ഫണ്ട് വിനിയോഗം കേവലം 91 ശതമാനം മാത്രമാണ്. ആര്‍ക്കും എവിടെ നിന്നും എടുത്തുനോക്കാവുന്നതാണ് എംപി ഫണ്ട് വിനിയോഗമെന്നിരിക്കെയാണ് കേവലം മൂന്ന് നിയോജകമണ്ഡലങ്ങളുള്ള വയനാട്ടിലെ മാത്രം കണക്കെടുത്ത് ലോക്‌സഭാമണ്ഡലത്തിന്റെ മൊത്തം കണക്കായി കൈരളി ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 23 മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലഘട്ടങ്ങളില്‍ അയോഗ്യനായിരുന്നിട്ടു പോലും തന്റെ ഓഫിസ് ഒരു ദിവസം പോലും രാഹുല്‍ഗാന്ധി അടച്ചിട്ടിരുന്നില്ല. 

പൂർണ്ണമായും വിനിയോഗിച്ച സ്വന്തം എംപി ഫണ്ടിന്‌ പുറമേ ഡോ. അമി യാഗ്നിക്‌, ശ്രീകുമാർ കേത്കർ, അഡ്വ. ജെബി മേത്തർ തുടങ്ങിയ രാജ്യസഭാ എംപി മാരുടെ എംപി ഫണ്ടുകളും രാഹുൽ ഗാന്ധി എംപി വിവിധ വികസന പദ്ധതികൾക്ക്‌ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്‌. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സിആര്‍ഐഎഫ് റോഡുകള്‍, പ്രാദേശിക റോഡുകള്‍, എന്‍എച്ച് 766 വികസനം, സ്മാര്‍ട്ട് അംഗന്‍വാടികളുടെ നിർമ്മാണത്തിന്‌ സിഎസ്‌ആർ ഫണ്ടിൽ നിന്നുള്ള കോടികൾ ഉള്‍പ്പെടെ 700 കോടിയില്‍ പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ രാഹുല്‍ഗാന്ധി വയനാട്ടിൽ നടത്തിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെയാണ് വിവരാവകാശരേഖയില്‍ എവിടുത്തെ കാര്യമാണ് പറയുന്നതെന്ന് പോലും പറയാതെ കൈരളി കള്ളപ്രചരണം നടത്തിയിരിക്കുന്നതെന്നും എംഎൽഎയുടെ വിശദീകരണത്തിൽ പറയുന്നു.

ഇത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റും എംഎൽഎ ഫെയ്സ്ബുക്കിൽ  പങ്കുവച്ചിട്ടുണ്ട്.

സ്ഥിരീകരണത്തിനായി ഞങ്ങൾ വയനാട് ജില്ലയിലെ എംപി ഫണ്ട് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിന്റെ ചുമതലയുള്ള ജില്ലാ പ്ലാനിങ് ഓഫിസറുമായി ബന്ധപ്പെട്ടു. രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട്  വിവരാവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിൽ‌ വയനാട് ജില്ല സംബന്ധിച്ച എംപി ഫണ്ട് തുകയുടെ വിവരങ്ങൾ മാത്രമാണുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട്ടിൽ മൂന്ന്, കോഴിക്കോട് ഒന്ന്, മലപ്പുറത്ത് മൂന്ന് എന്നിങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലം. ഇതിൽ വയനാട് മണ്ഡലത്തിന്റെ മാത്രം തുക വിനിയോഗിച്ചതിന്റെ വിവരങ്ങളാണ് വിവരാവകാശ രേഖയിലുള്ളത്. ഇത് മുഴുവൻ മണ്ഡലങ്ങളുടേതുമാണെന്ന തരത്തിലാണ് തെറ്റിദ്ധാരണ പരത്തുന്നത്. മുഴുവൻ മണ്ഡലങ്ങളിലേതും ചേർത്ത് എംപി ഫണ്ടിലേക്ക് അനുവദിച്ച 17 കോടിയോളം രൂപ തന്നെ ഇതിനകം വിനിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ മണിലാൽ പറഞ്ഞു.

∙ വസ്തുത

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ എംപി ലാഡ്സിൽ നിന്നുള്ള ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന പ്രചാരണം തെറ്റിധാരണാജനകമാണ്.

English Summary: The accusation made against Rahul Gandhi regarding his use of MPLADS at Wayanad is false. - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com