ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും വാക്പോരുകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിൽ വ്യാജന്മാരും കളം നിറയുന്നുണ്ട്. ഇവർ യഥേഷ്ടം ആരോപണങ്ങൾ അഴിച്ചു വിടുകയാണ് സമൂഹമാധ്യമങ്ങളിലൂടെ . ഇത്തരത്തിൽ തനിക്ക് ബിജെപിയുടെ വോട്ട് മാത്രം മതിയെന്നും മുസ്‌ലിം വോട്ടുകൾ വേണ്ടെന്നും കാസര്‍കോട്  യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙അന്വേഷണം

"കാന്തപുരത്തിന്റെ വോട്ടും മുസ്ലിംസിന്റെ വോട്ടും എനിക്ക് വേണ്ട എനിക്ക് ബിജെപിയുടെ വോട്ട് മാത്രം മതി " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

articleunni

എന്നാൽ, രാജ്മോഹൻ ഉണ്ണിത്താൻ മുസ്‌ലിംകളുടെ വോട്ട് വേണ്ടെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2020ൽ നടന്ന ഒരു ചാനൽ ചർച്ചയിൽ നിന്നുള്ള വിഡിയോയുടെ ഭാഗമാണ് ഇത്. പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

പ്രചാരത്തിലുള്ള വിഡിയോ മീഡിയ വൺ ചാനലിന്റേതാണെന്ന് ലോഗോയിൽ നിന്ന് വ്യക്തമായി. ഫോണിലൂടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി സംസാരിക്കുന്നത്. സ്ക്രീനിന്റെ മറ്റൊരു വശത്ത് 'RGCBയുടെ പുതിയ ക്യാംപസിന് ഗോള്‍വാള്‍ക്കറിന്‍റെ പേര് നൽകി' എന്ന് എഴുതിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് നടത്തിയ സെർച്ചിലൂടെ 2020 ഡിസംബർ 5ന് മീഡിയ വൺ യൂട്യൂബ് ചാനലിൽ പങ്കിട്ട ചാനൽ ചർച്ചയുടെ വിഡിയോ ലഭ്യമായി. "RGCB പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറിന്‍റെ പേര്; കൊമ്പുകോര്‍ത്ത് ടി.ജി മോഹന്‍ദാസും ഉണ്ണിത്താനും" എന്ന തലകെട്ടിലാണ് വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'രാജ്മോഹൻ ഉണ്ണിത്താന് ഹിന്ദു എന്ന് കേട്ടാൽ വെറുപ്പ് തോന്നിയത് കാസര്‍കോട്  നിന്നും ജയിച്ചതുകൊണ്ടാണോ' എന്ന ബിജെപി നേതാവ് ടി.ജി.മോഹൻദാസിന്റെ ചോദ്യത്തിന് രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ മറുപടിയാണ് വിഡിയോയിലുള്ളത്.  ഇതിൽ നിന്നും 17 സെക്കന്റ് മാത്രമുള്ള ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്.

'കാസര്‍കോട് ബിജെപിക്ക് അതിശക്തമായ വേരോട്ടമുള്ള ജില്ലയാണ്. ബിജെപിക്കാരും കൂടി വോട്ട് ചെയ്തിട്ടാണ് ഞാൻ അവിടെ ജയിച്ചത്. മുസ്‌ലിംകൾ വോട്ട് ചെയ്തിട്ടല്ല. മാർക്സിസ്റ്റുകാർ വോട്ട് ചെയ്തു. 40,438 വോട്ടിന്റെ ഭൂരിപക്ഷം എനിക്ക് കിട്ടി' എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നുണ്ട്, ഇതിന് ശേഷമാണ് വൈറൽ വിഡിയോയിൽ കാണുന്ന ഭാഗം വരുന്നത്. കോൺഗ്രസ് തോറ്റ സീറ്റിൽ ജയിക്കാനും കൂടുതൽ ഭൂരിപക്ഷം നേടാനുമായി ബിജെപി, സിപിഎം വോട്ടുകൾ കിട്ടിയെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. മീഡിയ വൺ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 4.52 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലെ 4.08 മിനിറ്റ് മുതലുള്ള ഭാഗം മാത്രമെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ വിഡിയോ ചുവടെ കാണാം.

ആർക്കൈവ് ചെയ്ത ലിങ്ക് 

പ്രചാരത്തിലുള്ള പോസ്റ്റിൽ ആരോപിക്കുന്നത് പോലെ കാന്തപുരത്തിന്റെയും മുസ്‌ലിംകളുടെയും വോട്ടുകൾ തനിക്ക് വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞിട്ടുണ്ടോ എന്ന കാര്യവും ഞങ്ങൾ അന്വേഷിച്ചു. ഇത്തരം റിപ്പോർട്ടുകളൊന്നും കണ്ടെത്താനായിട്ടില്ല.

∙വസ്തുത

മുസ്‌ലിംകളുടെയും കാന്തപുരത്തിന്റെയും വോട്ടുകൾ വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വിഡിയോ ചാനൽ ചർച്ചയിലെ ഒരു ഭാഗം കട്ട് ചെയ്ത് എടുത്തതാണെന്നും വ്യക്തമായി.

English Summary: Rajmohan Unnithan has not said that he does not want the votes of Kanthapuram and Muslims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com