ADVERTISEMENT

ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

∙ അന്വേഷണം

ഇത് ആണ് ആ സാത്താന്റെ സന്തതി ഇത് മുസ്‌ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബത്തുക് ആണ്. സബർമതി എക്‌സ്പ്രസിന് തീയിടാനുള്ള പെട്രോൾ ക്രമീകരണം അദ്ദേഹം നടത്തി.

 പതിന്നാല് വർഷമായി ഒളിവിൽ കഴിയുകയായിരുന്നു അദ്ദേഹം, ഗുജറാത്ത് ഐബി ബന്ധുക്കളെ നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ, നിരീക്ഷണത്തിൽ അദ്ദേഹം മകനുമായി ബന്ധപ്പെട്ടു, പൊലീസ് അദ്ദേഹത്തിന്റെ സ്ഥാനം ഡൽഹിയിലേക്ക് കണ്ടെത്തിയപ്പോൾ, അവൻ മനസ്സോടെ ഗോധ്രയിലെത്തി.ഇന്നലെ കോടതിയിൽ കുറ്റം സമ്മതിച്ചതോടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

യുപിഎ-1 കാലത്ത്, ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിലുണ്ടായ തീപിടിത്തം സ്വയമേ സംഭവിച്ചതാണെന്നും അത് മനഃപൂർവം വെച്ചതല്ലെന്നും ലാലു യാദവ് അഭിപ്രായപ്പെട്ടത് ഓർക്കുന്നുണ്ടോ? ഈ സത്യങ്ങളെല്ലാം കോടതിയിൽ വെളിച്ചത്തു വന്നു, എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത അപൂർവമായേ റിപ്പോർട്ട് ചെയ്യാറുള്ളു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ഗോധ്ര ട്രെയിന്‍ തീവയ്പ്പ് സംബന്ധിച്ച വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. അയോധ്യയിൽ നിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്നിക്കിരയായത്. സംഭവത്തിൽ 59 പേർ മരിച്ചു. ആയിരത്തിയിരുന്നൂറോളം പേർ കൊല്ലപ്പെട്ട ഗുജറാത്ത്കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്. കൂടാതെ ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതികളിലൊരാളാണ് വൈറല്‍ പോസ്റ്റിലെ അവകാശവാദത്തിൽ പരാമർശിക്കുന്ന റഫീഖ് ഹുസൈന്‍ ബട്ടൂക്ക് എന്ന് ലഭ്യമായ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. 

ചിത്രത്തിലുള്ള വ്യക്തി റഫീഖ് ഹുസൈന്‍ ബട്ടൂക്ക് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ആദ്യം തന്നെ വൈറൽ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചു. ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറായ ആര്‍.സി കൊഡേക്കർ നൽകിയ ഇന്റര്‍വ്യൂ ഞങ്ങൾക്ക് ലഭിച്ചു.വിഡിയോയിൽ പബ്ലിക് പ്രോസിക്യൂട്ടർ  ആര്‍.സി ഖൊഡേക്കർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറൽ ചിത്രത്തിലെ അതേ വ്യക്തിയാണ് വിഡിയോയിലുമുള്ളതെന്ന് വ്യക്തമായി.

കൂടുതൽ പരിശോധനയിൽ ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയായി തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നു എന്ന് വ്യക്തമാക്കി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സി ഖൊഡേക്കർ പരാതി നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഇതിൽ നിന്ന് ചിത്രത്തിലുള്ള വ്യക്തി റഫീഖ് ഹുസൈന്‍ ബട്ടൂക്ക് അല്ലെന്ന് വ്യക്തമായി . പിന്നീട് ഞങ്ങൾ  റഫീഖ് ഹുസൈന്‍ ബട്ടൂക്കിന്റെ യഥാർത്ഥ ചിത്രത്തെക്കുറിച്ചാണ് തിരഞ്ഞത്.

കീവേഡുകളുടെ തിരയലില്‍ ഇത് സംബന്ധിച്ച വാർത്താ റിപ്പോർട്ട് ലഭിച്ചു.പ്രതിയായ റഫീഖ് ഹുസൈന്‍ ബട്ടൂക്കിന്റെ യഥാർത്ഥ ചിത്രവും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്.

∙ വാസ്തവം

വൈറലായ ചിത്രം ഗോധ്രാ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടൂക്കിന്റേതല്ല. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ആര്‍.സി ഖൊഡേക്കറുടെ ചിത്രമാണ് പ്രചരിക്കുന്നത്.

English Summary: Rafiq Hussain Battook,the accused in the Godhra train burning case is not in the viral picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com