ADVERTISEMENT

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമായി, ഥാറിന്റെ വൈദ്യുതി പതിപ്പ് പുറത്തിറക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് മഹീന്ദ്ര മഹീന്ദ്ര ഥാര്‍.ഇയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുക. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഥാര്‍.ഇയുടെ ഫസ്റ്റ് ടീസര്‍ പുറത്തുവിട്ടെങ്കിലും ഇപ്പോഴും കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് മഹീന്ദ്ര. 

 

മഹീന്ദ്ര ഥാറിന്റെ മൂന്നാമത്തെ രൂപമാണ് ഥാര്‍.ഇ. നിലവിലുള്ള മൂന്നു ഡോര്‍ ഥാറിനു പുറമേ അഞ്ചു ഡോര്‍ ഥാര്‍ 2024ല്‍ പുറത്തിറക്കുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. നിലവിലെ 3 ഡോര്‍ ഥാറിന്റെ പ്ലാറ്റ്‌ഫോമിലല്ല ഥാര്‍.ഇ വരുന്നത്. ലാഡര്‍ ഫ്രെയിം ചേസിസില്‍ വൈദ്യുതി വാഹനം നിര്‍മിക്കുന്നതിലെ പരിമിതികള്‍ മറികടക്കുകയാണ് ലക്ഷ്യം. മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലായിരിക്കും ഥാര്‍.ഇയും നിര്‍മിക്കുക. മഹീന്ദ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് വൈദ്യുതി വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമിലാണ് കമ്പനി ഒരുക്കുന്നത്. 

 

കാര്യമായ വിശദാംശങ്ങള്‍ ടീസറിലും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. എങ്കിലും രൂപത്തില്‍ നിലവിലെ ഥാറിന്റെ ഇരട്ടയായിരിക്കും ഇലക്ട്രിക് പതിപ്പുമെന്നാണ് കരുതപ്പെടുന്നത്. ടീസറില്‍ കാണിച്ച ടെയില്‍ ലാംപുകള്‍ 3 ഡോര്‍ ഥാറിനോട് സമാനമാണെങ്കിലും കൂടുതല്‍ ആധുനികമായ എല്‍ഇഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ഡോറാണോ അതോ അഞ്ചു ഡോറാണോ ഥാര്‍.ഇ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഥാര്‍.ഇയുടെ പവര്‍ട്രെയിനും ബാറ്ററിയും അടക്കമുള്ള നിര്‍ണായക വിവരങ്ങളും പുറത്തുവന്നിട്ടില്ല. എങ്കിലും 335bhp മുതല്‍ 390bhp വരെ കരുത്ത് ഥാര്‍.ഇ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. 

 

ഥാറിന്റെ ഏറ്റവും വലിയ സവിശേഷതയായ ഓഫ് റോഡിങിനുള്ള ശേഷിയില്‍ വൈദ്യുതി പതിപ്പിലും കുറവുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. 4x4 ഡ്രൈവും ക്രാബ് വാക്ക് ഫീച്ചറും ഇലക്ട്രിക് ഥാറിലും പ്രതീക്ഷിക്കാം. നാലു ചക്രങ്ങളും 45 ഡിഗ്രി കോമില്‍ തിരിക്കാന്‍ പ്രാപ്തമാക്കുന്ന ക്രാബ് വാക്ക് സൗകര്യം വഴി ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും ഥാറിന് പാര്‍ക്കിങ് എളുപ്പമാണ്. 

 

ഥാര്‍.ഇക്കു പുറമേ സ്‌കോര്‍പിയോ-എന്‍ ബേസ്ഡ് പിക്അപും മഹീന്ദ്ര ഓഗസ്റ്റ് 15ന് പുറത്തിറക്കും. ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് പിക്അപ് വില്‍ക്കുന്നുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര വിപണികള്‍ കൂടി ലക്ഷ്യമിട്ടാണ് സ്‌കോര്‍പിയോ എന്‍ പിക്അപിന്റെ വരവ്. ലൈറ്റ് വൈറ്റ് ട്രാക്ടര്‍ ബ്രാന്‍ഡായ ഓജയും ഇതേ ദിവസം മഹീന്ദ്ര അവതരിപ്പിക്കും.

 

English Summary: Mahindra Thar.e concept teased ahead of August 15 global debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com