ADVERTISEMENT

ടാറ്റ ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കും. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് മോഡലുകളിലാണ് ഹാരിയർ വിപണിയിൽ എത്തുന്നത്. ബേസ് വേരിയന്റായ സ്മാർട്ടിന് 15.49 ലക്ഷം രൂപയാണ് വില. പ്യൂവറിന് 16.99 ലക്ഷം, പ്യുവർ പ്ലസിന് 18.69 ലക്ഷം, അഡ്വഞ്ചറിന് 20.19 ലക്ഷം, അഡ്വഞ്ചർ പ്ലസിന് 21.69 ലക്ഷം, ഫിയർലെസിന് 22.99 ലക്ഷം, ഫിയർലെസ് പ്ലസിന് 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകളുടെ വില. ഓട്ടമാറ്റിക്, ഡാർക് എഡിഷൻ എന്നിവയുടെ വില പ്രഖ്യാപിച്ചിട്ടില്ല.

harrier-safari-price

സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്കബ്ലീഷ് മോഡലുകളിൽ വിപണിയിലെത്തുന്ന സഫാരിയുടെ സ്മാർട് ട്രിം 16.19 ലക്ഷം രൂപയാണ് വില. പ്യുവറിന് 17.69 ലക്ഷം, പ്യുവർ പ്ലസിന് 19.39 ലക്ഷം, പ്യുവർ പ്ലസ് ഡാർക്കിന് 20.69 ലക്ഷം, അ‍ഡ്വഞ്ചറിന് 20.99 ലക്ഷം, അഡ്വഞ്ചർ പ്ലസിന് 22.49 ലക്ഷം, അക്കംപ്ലീഷ്ഡിന് 23.99 ലക്ഷം, അക്കംപ്ലീഷ്ഡ് പ്ലസിന് 25.49 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. 

ഇരു മോഡലുകളുടെയും ബുക്കിങ് ടാറ്റ ആരംഭിച്ചിരുന്നു. 25000 രൂപ നൽകി ബുക്ക് ചെയ്താൽ എസ്‍യുവികളുടെ ആദ്യ ഉടമകളിൽ ഒരാളാകാം എന്നായിരുന്നു ടാറ്റയുടെ അറിയിപ്പ്. ഏറെ മാറ്റങ്ങളുമായി ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് പുതിയ സഫാരിയേയും ഹാരിയറിനേയും ടാറ്റ വിപണിയിൽ എത്തിച്ചത്.

ടാറ്റ ഹാരിയർ

ഹാരിയറിന്റെ മുൻഭാഗത്ത് ഏറെ മാറ്റങ്ങളുണ്ട്. വലുപ്പം കൂടിയ ഗ്രില്ലാണ്. ‌‌ഗ്രില്ലിനെ രണ്ടായി തിരിക്കുന്ന തരത്തിൽ ബ്ലാക്ക് സ്പ്ലിറ്റ് ബാൻഡുണ്ട്. ഗ്രില്ലിന്റെ മുകൾ ഭാഗത്ത് നെക്സോണിനു സമാനമായ ഫുൾ ലെങ്ത് എൽഇഡി സ്ട്രിപ്പുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയിൽ ബംബറിന് മധ്യത്തിലാണ് ഹെ‍ഡ്‌ലാംപ് കൺസോൺ. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. ബംബറിന്റെ താഴ്ഭാഗത്തിന് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളിൽ കാര്യമായി മാറ്റങ്ങളില്ല അഞ്ച് സ്പോക്ക് അലോയ് വീലുകളാണ്. പിൻഭാഗത്തും മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ വരുത്തിയ ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. ഗ്ലോസ് ബ്ലാക് ഫിനിഷുള്ള സ്കിഡ് പ്ലേറ്റുമുണ്ട്. 

ഇന്റീരിയറിൽ ഏറെ മാറ്റങ്ങളുണ്ട്. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം. ട്രീമ്മിന് അനുസരിച്ച് 10.25 ഇഞ്ച്, 12.3 ഇഞ്ച് സ്ക്രീനുകൾ ലഭിക്കും. ഡാഷ് ബോഡിൽ ടെക്സ്റ്റേഡ് ടോപ് പാനൽ, ഗ്ലോസ് ബ്ലാക് സർഫസസ്, ലതറേറ്റ് പാഡിങ്സ്, എൽഇ‍ഡി ആംബിയന്റ് ലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്. ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിങ് വീലാണ്. രണ്ട് സ്പോക്കിന് പകരം നാലു സ്പോക്കുകള്‍ നൽകിയിരിക്കുന്നു. 10.25 ഇഞ്ച് കസ്റ്റമൈസബിൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. നാവിഗേഷൻ ഫീച്ചറുമുണ്ട്. സെന്റർ കൺസോൾ ഏരിയ ചെറുതായി, ഡിജിറ്റൽ ഡിസ്പ്ലെയുള്ള റോട്ടറി ഡ്രൈവ് മോഡ് സെലക്റ്ററും ചെറിയ ഗിയർലിവറുമുണ്ട്. ഉയർന്ന വേരിയന്റിൽ ഇലക്ട്രോണിക് പാർക് ബ്രേക്കുകളാണ്.

വെൽക്കം ഗുഡ്ബൈ അനിമേഷനുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ, എയ്റോ ഇൻസേർട്ടുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സോൺ എസി, 10 സ്പീക്കർ ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റം, മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, എഡിഎഎസ്, ബേസ് വേരിയന്റ് മുതൽ ആറ് എയർബാഗുകൾ എന്നിവയുണ്ട്.

ടാറ്റ സഫാരി ബ്ലാക്
ടാറ്റ സഫാരി ബ്ലാക്

സഫാരി

സഫാരിക്ക് വ്യത്യസ്തമായ ഐഡന്റിറ്റി നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ മുകളിൽ ബോണറ്റിനോട് ചേർന്നാണ് ഫുൾ ലെങ്ത് എൽഇഡി ലൈറ്റ്ബാർ. ഡേടൈം റണ്ണിങ് ലാംപും ഇൻഡികേറ്ററും ഇതിൽ തന്നെ. ഹാരിയറിലെ ഗ്രിൽ സ്പിറ്റ് ഡിസൈനാണെങ്കിൽ സഫാരിയിലേത് സിംഗിളാണ്. കൂടാതെ ഗ്രില്ലിന് ബോഡി കളറും നൽകിയിരിക്കുന്നു. എൽഇഡി ഹെഡ്‌ലാംപും എൽഇഡി ഫോഗ്‌ലാംപും അടങ്ങുന്ന കൺസോളിന് ബ്ലാക് ഫിനിഷാണ്. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. അതിനു താഴെയായി എയർവെന്റുകളും നൽകിയിട്ടുണ്ട്.

TATA Safari Brochure 06 Oct Singal pgCC

വശങ്ങളിൽ ആദ്യം ശ്രദ്ധയിൽപെടുക അലോയ് വീലാണ്. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ ടാറ്റ പുറത്തിറക്കിയ സിയാറ കൺസെപ്റ്റിന്റെ ഡിസൈനിലുള്ളതാണ് അലോയ് വീൽ. ഉയർന്ന മോഡലിന് 19 ഇഞ്ചും മറ്റുള്ളവയ്ക്ക് 17ഉം 18 ഉം ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു. മസ്കുലറായ വീൽ ആർച്ചുകളും ഷോർഡർ ലൈനും സഫാരിയുടെ ബോൾഡ് ലുക്ക് വർധിപ്പിക്കുന്നുണ്ട്. ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. റിയർഫോഗ്‌ ലാംപ് കൺസോളിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു.

ഹാരിയറിനെപ്പോലെ തന്നെ പെർസോണകൾക്ക് വ്യത്യസ്ത ഇന്റീരിയർ കളർ കോംബിനേഷനുണ്ട്. വുഡൻ പാനൽ ഫിനിഷാണ് ഡാഷ്ബോർഡിന് നൽകിയിരിക്കുന്നത്. ഇളം നിറത്തിലുള്ള സ്റ്റിയറിങ് വീലും ഇന്റീരിയറും വാഹനത്തിന്റെ ഉൾവശം ഏറേ ഭംഗിയുള്ളതാക്കുന്നു. ഇലുമിനേറ്റഡ് ലോഗോയുള്ള നാലു സ്പോക്ക് സ്റ്റിയറിങ് വീലാണ്. ചെറിയ എസി വെന്റുകൾ ഡാഷ്ബോർഡിന് പുതുമ നൽകുന്നു. 12.3 ഇഞ്ച് സ്ക്രീനുകൾ ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ്. ഒമ്പത് സ്പീക്കറുകളും ഒരു സബ്‌വൂഫറുമുള്ള സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം ആസ്വാദനം വേറെ ലെവലാക്കി മാറ്റും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഡ്രൈവറുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. നാവിഗേഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ തെളിയും. മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, വെന്റിലേറ്റഡ് പിൻ സീറ്റ്, ഡ്യുവൽ സോൺ എസി, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ് എന്നിവയുണ്ട്.

tata-harrier-9

എൻജിൻ

ബിഎസ് 6.2 എൻജിനാണ് ഇരു വാഹനങ്ങളിലും. ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന് പകരം ഇലക്ട്രിക് പവർ സ്റ്റിയറിങ് വന്നിരിക്കുന്നു. സ്റ്റിയറിങ് കൂടുതൽ ലൈറ്റാക്കി. സസ്പെൻഷനിനും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ല. ഹൈവേയിലെ യാത്രകളാണ് കുറച്ചുകൂടി ഡ്രൈവിങ് സുഖം നൽകുന്നത്. റൈഡ് ക്വാളിറ്റിയും ഹാൻഡിലിങ്ങും മികച്ചു നിൽക്കുന്നു. ബ്രേക്കുകളും മികച്ചതാണ്. കരുത്തുറ്റ മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ,  ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.

English Summary:

New Tata Harrier, Safari facelift Lauched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com