ADVERTISEMENT

ബിഎംഡബ്ല്യു ഐ7 എം70 എക്സ്ഡ്രൈവും ബിഎംഡബ്ല്യു 740ഡി എം സ്പോർട്സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 7സീരീസ് പെട്രോള്‍, ഡീസല്‍, ഓള്‍ ഇലക്ട്രിക് വകഭേദങ്ങളില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 740 ഡി എം സ്‌പോര്‍ട് ചെന്നൈ ഫാക്ടറിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത വാഹനമാണെങ്കില്‍ ഐ7 എം70 ഇറക്കുമതി ചെയ്യും. 740 ഡി എം സ്‌പോര്‍ടിന് 1.81 കോടിരൂപയും ഐ7 എം70ന്‌ 2.5 കോടി രൂപയുമാണ് വില. 

ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു 740ഡി സ്‌പോര്‍ട് ലഭിക്കും. ബിഎംഡബ്ല്യു ഐ7 എം70 സ്റ്റാന്‍ഡേഡായി ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്കിനൊപ്പം ടു ടോണ്‍ പെയിന്റ് വര്‍ക്കിലും എത്തുന്നു. ബ്ലാക്ക് സഫയര്‍ റൂഫ്, ഓക്‌സൈഡ് ഗ്രേ റൂഫ് നിറങ്ങളിലാണ് ഈ വാഹനം ലഭിക്കുക. ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 

bmw-740d
BMW 740D

രണ്ടു കാറുകള്‍ക്കും മെറീനോ ലെതറേറ്റ് ഇന്റീരിയറാണ്. ടാര്‍ടുഫോ, മോച, ബ്ലാക്ക്, സ്‌മോക്ക് വൈറ്റ് എന്നീ നിറങ്ങളില്‍ ഇന്റീരിയര്‍ ലഭ്യമാണ്. ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ലെതര്‍ മെറീനോ ബിഎംഡബ്ല്യു ഐ7 എം70 ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇന്റീരിയറില്‍ ലെതര്‍ മെറീനോ കാഷ്‌മേര്‍ വൂള്‍ കോംപിനേഷനും ഈ 7 സീരീസ് വാഹനത്തിന് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. 

എം ലോഗോയുള്ള ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ലെയാണ് ഐ7 എം70നു നല്‍കിയിരിക്കുന്നത്. എം സൈഡ് സ്‌കര്‍ട്ട്‌സ്, എം ഹൈ ഗ്ലോസ് ഷാഡോലൈന്‍ ട്രിം, മെലിഞ്ഞ ബ്ലാക്ക് എം എക്‌സ്റ്റീരിയര്‍ മിററുകള്‍, നീല നിറത്തിലുള്ള എം സ്‌പോര്‍ട്ട് ബ്രേക്ക് എന്നിവയാണ് മറ്റു പുറം ഭാഗത്തെ ഡിസൈന്‍ സവിശേഷതകള്‍. 21 ഇഞ്ച് എം അലോയ് വീലുകളാണ് ഐ7 എം70ല്‍. 

bmw-i7-m70-xDrive-1
BMW i70 M70

ഉള്ളിലേക്കു വന്നാല്‍ 8കെ റെസല്യൂഷനിലുള്ള 31.3 ഇഞ്ച് ബിഎംഡബ്ല്യു തിയേറ്റര്‍ സ്‌ക്രീനും താഴെ ടച്ച് സ്‌ക്രീനും നല്‍കിയിരിക്കുന്നു. 36 സ്പീക്കറുകളുള്ള ബോവേഴ്‌സ് ആന്റ് വില്‍കിന്‍സ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റവും 1,965 വാട്‌സിന്റെ ആംപ്ലിഫെയറുമുണ്ട്. സില്‍വര്‍ സ്റ്റിച്ചിങ്/പിയാനോ ഫിനിഷില്‍ കാര്‍ബണ്‍ ഫൈബര്‍ എം ഇന്റീരിയര്‍ ചെയ്തിരിക്കുന്നു. 

3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് 740 ഡി എം സ്‌പോര്‍ട്ടിലുള്ളത്. 286ബിഎച്ച്പി കരുത്തും പരമാവധി 650 എൻഎം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 18ബിഎച്ച്പി കരുത്തും 200 എൻഎം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വേഗം 100 കിലോമീറ്റര്‍ കടക്കാൻ വെറും ആറു സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. 

വൈദ്യുത വാഹനമായി പുറത്തിറങ്ങുന്ന ബിഎംഡബ്ല്യു ഐ7 എം70ല്‍ 101.7 കിലോവാട്ടിന്റെ ബാറ്ററി പാക്കാണ്. 660ബിഎച്ച്പി കരുത്തും പരമാവധി 1,100 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.7 സെക്കന്റില്‍ കുതിച്ചെത്താന്‍ കരുത്തുള്ള വാഹനമാണിത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. റെഞ്ച് 560 കിലോമീറ്റര്‍. 

BMW i7 M70
BMW i7 M70

ആറ് എയര്‍ബാഗുകള്‍, അറ്റെന്റീവ്‌നെസ് അസിസ്റ്റന്‍സ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്ന ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഇംമൊബിലൈസര്‍, ക്രാഷ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിങ് എന്നിവയെല്ലാം ഈ കാറുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബിഎംഡബ്ല്യു ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, അറ്റെന്റ്‌റീവ്‌നെസ് അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള റിമോട്ട് പാര്‍ക്കിങ്, റിവേഴ്‌സിങ് അസിസ്റ്റന്റ് എന്നിവയും വാഹനത്തിന്റെ സുരക്ഷാ സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐ7 എം70ല്‍ ഇന്റഗ്രല്‍ ആക്ടീവ് സ്റ്റിയറിങും ആക്ടീവ് റോള്‍ സ്‌റ്റെബിലൈസേഷനും ആക്ടീവ് റോള്‍ കംഫര്‍ട്ടുമുണ്ട്. 

മെഴ്‌സിഡീസ് എസ് ക്ലാസ്, ഔഡി എ8എല്‍, ലക്‌സസ് എല്‍എസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 740ഡി എം സ്‌പോര്‍ടിന്റെ എതിരാളികള്‍. രണ്ടു കാറുകള്‍ക്കും രണ്ടു വര്‍ഷം അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി ബി.എം.ഡബ്ല്യു നല്‍കുന്നുണ്ട്. ഇത് അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്. ഐ7 എം70ലെ ലിഥിയം അയേണ്‍ ബാറ്ററി പാക്കിന് എട്ടു വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററാണ് വാറണ്ടി. 

English Summary:

BMW i7 M70 xDrive, 740d M Sport Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com