ADVERTISEMENT

ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്‌നേഹവും കൊണ്ട് വീര്‍പ്പുമുട്ടുന്ന വാഹന നിര്‍മാതാക്കളിലൊന്നാണ് മഹീന്ദ്ര. പ്രതിമാസ വാഹന ബുക്കിങ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ 51,000 കവിഞ്ഞിട്ടുണ്ട്. നവംബര്‍ ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം നേരത്തെ ബുക്കു ചെയ്ത 2.86 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്രക്കു വിതരണം ചെയ്യാനുള്ളത്. മനസുമാറി ഉപഭോക്താക്കള്‍ ബുക്കിങ് റദ്ദാക്കുന്നത് എട്ടു ശതമാനം മാത്രമാണെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോ ആന്റ് ഫാം ബിസിനസ് സി.ഇ.ഒ രാജേഷ് ജെജുരികര്‍ പറയുന്നു. 2023-24 സാമ്പത്തികവര്‍ഷത്തെ രണ്ടാം പാദത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊരു വാഹന നിര്‍മാണ കമ്പനിയുടേയും സ്വപ്‌നത്തിലൂടെയാണ് മഹീന്ദ്ര ഇപ്പോള്‍ ജീവിക്കുന്നത്. എക്സ്‌യുവി 300, എക്സ്‌യുവി 400(10,000), എക്സ്‌യുവി 700(70,000), ഥാര്‍(76,000), ബൊലേറോ(11,000), സ്‌കോര്‍പിയോ എന്‍, ക്ലാസിക്(1,19,000) എന്നിങ്ങനെ പോകുന്നു മഹീന്ദ്ര വാഹനങ്ങള്‍ ബുക്കു ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം. വര്‍ധിച്ച ആവശ്യകത നേരിടാനായി എക്സ്‌യുവി 700, ഥാര്‍, സ്‌കോര്‍പിയോ എന്നിവയുടെ നിര്‍മാണത്തിന്റെ വേഗം കൂട്ടിയെന്നും വാഹനങ്ങള്‍ക്കു വേണ്ടി ബുക്കു ചെയ്ത ശേഷമുള്ള കാത്തിരിപ്പുസമയം കുറക്കാനുള്ള ശ്രമങ്ങള്‍ മഹീന്ദ്ര ആരംഭിച്ചിട്ടുണ്ടെന്നും ജെജുരിക്കര്‍ പറഞ്ഞു. 

എസ്‌യുവികളാണ് മഹീന്ദ്രയുടെ കരുത്ത്. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ ആവശ്യകത കൂടുന്നതിന് അനുസരിച്ച് മഹീന്ദ്രയോടുള്ള പ്രിയവും വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര 1,14,742 എസ്‌യുവികളാണ് വിറ്റത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ കാലയളവിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെ വരും ഇത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാജ്യത്തെ രണ്ടാമത്തെ മികച്ച എസ്‌യുവി നിര്‍മാതാക്കളെന്ന പേര് മഹീന്ദ്രക്കുണ്ട്. 

സെപ്റ്റംബറോടെ മഹീന്ദ്രയുടെ ഇന്ത്യന്‍ വിപണിയിലെ എസ്‌യുവികളുടെ വില്‍പനയിലുള്ള പങ്കാളിത്തം 19.9 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എസ്‌യുവി മേഖലയിലെ മേധാവിത്വം തുടരാന്‍ വേണ്ട ശ്രമങ്ങള്‍ മഹീന്ദ്ര നടത്തുന്നുണ്ടെന്ന സൂചനയും ജെജുരിക്കര്‍ നല്‍കി. ഉള്‍ഭാഗത്ത് അടക്കം മാറ്റങ്ങളോടെ എക്സ്‌യുവി 400 മുഖം മിനുക്കിയെത്തുമെന്നും അദ്ദേഹം അറിയിച്ചു. INGLO പ്ലാറ്റ്‌ഫോമില്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുന്ന വിപുലമായ പദ്ധതികളും അണിയറയില്‍ പുരോഗമിക്കുകയാണ്. മഹീന്ദ്രയുടെ ആദ്യ വൈദ്യുത വാഹനം 2024 ഡിസംബറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary:

News, Mahindra Notches 51,000 Monthly Bookings, Has 2.86 Lakh Order Backlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com