ADVERTISEMENT

വിമാനങ്ങളുടെ സുരക്ഷിതയാത്രയ്ക്ക് അതിന്റെ ഭാരം നിര്‍ണായകഘടകമാണ്. വിമാനത്തിന്റെ ഭാരം കൂടുതല്‍ കാര്യക്ഷമതയോടെ കണക്കുകൂട്ടാനായി യാത്രികരെ അവരുടെ ലഗേജ് സഹിതം തൂക്കി നോക്കുമെന്ന് അറിയിച്ച് ഫിന്നിഷ് എയര്‍ലൈനായ ഫിന്‍എയര്‍. വിമാനത്തിന്റെ ഭാരം കൃത്യമായി കണക്കുകൂട്ടുന്നതുവഴി യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്നാണ് ഫിന്‍എയര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

'യാത്രികരുടേയും ലഗേജിന്റേയും ഭാരം നോക്കുന്നത് ഭാവിയിലെ വിമാനയാത്രകളില്‍ കൂടുതല്‍ കൃത്യതയോടെ ഭാരം കണക്കുകൂട്ടാന്‍ സഹായിക്കും. വിമാനയാത്രികരുടെ വ്യക്തിപരമായ യാതൊരു വിവരവും ഇതുവഴി ശേഖരിക്കില്ല' ഫിന്‍എയര്‍ ഗ്രൗണ്ട് പ്രൊസെസസ് തലവന്‍ സാറ്റു മുന്നുക്ക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ഇതുവരെ ഏതാണ്ട് 600 യാത്രികര്‍ ഭാരം നോക്കാനായി സന്നദ്ധരായി വന്നുവെന്ന് ഫിന്‍എയര്‍ പറഞ്ഞു. പല യാത്രികരും സന്തോഷത്തോടെ വിവരം കൈമാറാന്‍ എത്തുന്നുണ്ടെന്നും ഫിന്‍എയര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

'വ്യക്തിപരമായ വിവരങ്ങള്‍ ഈ നടപടിയുടെ ഭാഗമായി ശേഖരിക്കില്ല. യാത്രികരുടേയും ലഗേജിന്റേയും ഭാരം, പ്രായം, ലിംഗം, യാത്ര ചെയ്യുന്ന ക്ലാസ് എന്നീ വിവരങ്ങള്‍ ശേഖരിക്കും. എന്നാല്‍ യാത്രികരെ വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല' വാര്‍ത്താക്കുറിപ്പിൽ പറയുന്നു. യാത്രികരുടെ പേര് ബുക്കിങ് നമ്പര്‍ തുടങ്ങിയ കാര്യങ്ങളൊന്നും ഭാരം നോക്കുന്നതിന്റെ ഭാഗമായി നല്‍കേണ്ടതില്ലെന്ന് ഫിന്‍എയര്‍ ആവര്‍ത്തിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ വിവരങ്ങളും ആകെഭാരവും മാത്രമാണ് കസ്റ്റമര്‍ സര്‍വീസ് ഏജന്റിന് കാണാനാവുക. 

ഓരോ വിമാനങ്ങള്‍ക്കും വഹിക്കാനാവുന്ന പരമാവധി ഭാരമുണ്ട്. ഇതില്‍ വിമാനത്തിന്റെ ഭാരം, ഇന്ധനം, ബാഗുകളുടേയും മറ്റു ചരക്കുകളുടേയും ഭാരം, ഓണ്‍ബോര്‍ഡ് കാറ്ററിങ്, വെള്ളം ടാങ്ക്, യാത്രികരുടെ ഭാരം എന്നിവയെല്ലാം ഉള്‍പ്പെടും. സുരക്ഷിതമായ ടേക്ക് ഓഫിന് ഈ ഭാരത്തിന്റെ പരിധി സൂക്ഷിക്കേണ്ടതുണ്ട്. 2018 മുതല്‍ ശരാശരി ഭാരമാണ് ഫിന്‍എയര്‍ വിമാനങ്ങളുടെ ഭാരം കണക്കുകൂട്ടാനായി ഉപയോഗിക്കുന്നത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഈ കണക്കുകള്‍ പരിഷ്‌ക്കരിക്കണമെന്നുണ്ട്. അങ്ങനെയൊരു നടപടിക്രമത്തിന്റെ ഭാഗമായാണ് ഫിന്‍എയര്‍ യാത്രികരെ ലഗേജ് സഹിതം തൂക്കി നോക്കുന്നത്. 

സിവില്‍ ഏവിയേഷന്‍ അതോറിറ്റി അംഗീകരിച്ച യാത്രികരുടേയും ബാഗേജിന്റേയും ശരാശരി കണക്കാണ് എയര്‍ലൈനുകള്‍ ഉപയോഗിക്കുന്നത്. യാത്രികരുടേയും ബാഗേജിന്റേയും ഭാരം സംബന്ധിച്ച കണക്കുകള്‍ പിന്നീട് ഫിന്നിഷ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിക്ക് കൈമാറുമെന്നും ഫിന്‍ എയര്‍ അറിയിച്ചിട്ടുണ്ട്. 2024 ജൂലൈ-സെപ്തംബര്‍ കാലത്തായിരിക്കും യാത്രികരുടേയും സാധനങ്ങളുടേയും ഭാരം തൂക്കി നോക്കുക. ഇങ്ങനെ കണക്കാക്കുന്ന ഭാരത്തിന്റെ ശരാശരി 2025-2030 കാലത്തേക്ക് ഉപയോഗിക്കുമെന്നും ഫിന്‍എയര്‍ പറയുന്നു.

English Summary:

Airline plans to weigh passengers with carry-on luggage before take-off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com