ADVERTISEMENT

ഇന്ത്യൻ നിരത്തുകളിലൂടെയുള്ള ഡ്രൈവിങ് എന്നത് ഒരൽപം സാഹസികത നിറഞ്ഞതു കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാതെയിരിക്കുമ്പോഴായിരിയ്ക്കും മുമ്പിൽ പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുക. എന്തെങ്കിലും അപകടം ഒഴിവാക്കാനായിരിക്കും ഈ പ്രവർത്തി. പക്ഷേ, ചിലപ്പോഴെങ്കിലും അത് വേറെ അപകടങ്ങളിലേക്കു വഴിവെയ്ക്കും. അത്തരമൊരു അപകടത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. മുമ്പിൽ പോയ ടാറ്റ ഹാരിയറിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പഞ്ചാബിൽ നിന്നുമുള്ളതാണ്. 

ഒരു ചെറു വളവിൽ വെച്ചാണ് സംഭവം . എതിർ വശത്തു നിന്നും വരുന്ന ഒരു ബസിനെ ഹാരിയറിന്റെ ഡ്രൈവർ കാണുന്നുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ഹാരിയറിന്റെ ഡ്രൈവർ ബ്രേക്ക് ചെയ്യുന്നു. എന്നാൽ ബസിന്റെ ഡ്രൈവർ വാഹനത്തിന്റെ വേഗം കുറയ്ക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല മുമ്പിൽ പോകുന്ന ഇരുചക്ര വാഹന യാത്രികനെ മറികടക്കാനുള്ള ശ്രമത്തിലുമാണ്. ഹാരിയർ ബ്രേക്ക് ചെയ്ത ഉടനെ തന്നെ തൊട്ടു പുറകിലുണ്ടായിരുന്നു സ്വിഫ്റ്റും വേഗം കുറയ്ക്കുണ്ട്. റിയർ ക്യാമറ ഫൂട്ടേജിൽ രണ്ടു ബൈക്കുകൾ സ്വിഫ്റ്റിന് പുറകിലായി കാണുവാൻ കഴിയും. അതിലൊരെണ്ണം അമിത വേഗത്തിൽ കാറിനു തൊട്ടുപുറകിൽ തന്നെയുണ്ട്. സ്വിഫ്റ്റിന്റെ ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോൾ പുറകിലെ ബൈക്ക് യാത്രികന് നിയന്ത്രണം ലഭിച്ചില്ല. ഫലമോ ആ ഹീറോ സ്‌പ്ലെൻഡർ സ്വിഫ്റ്റിന് പുറകിലിടിക്കുന്നു. ബൈക്ക് യാത്രികൻ വാഹനത്തിൽ നിന്നും തെറിച്ചു താഴെ വീഴുന്നുവെന്നു മാത്രമല്ല, ബൈക്ക് പലകുറി വായുവിലൂടെ തകിടം മറിഞ്ഞതിനു ശേഷമാണ് റോഡിൽ വീഴുന്നത്. അപകടത്തിൽ സ്വിഫ്റ്റിന് ചെറുതല്ലാത്ത നാശനഷ്ടങ്ങളുണ്ട്. 

അശ്രദ്ധയും അതിനൊപ്പം തന്നെ വളവിൽ വെച്ച് വാഹനങ്ങളെ മറികടക്കാൻ പാടില്ല എന്നുള്ള പ്രാഥമിക പാഠവും മറന്നുപോയ ബസ് ഡ്രൈവർ തന്നെയാണ് ഈ അപകടത്തിന്റെ യഥാർത്ഥ കാരണക്കാരൻ. ഹാരിയറിന്റെ ഡ്രൈവർ വാഹനം ബ്രേക്ക് ചെയ്തില്ലെങ്കിൽ ബസ് ആ വാഹനത്തിൽ ഇടിക്കുമായിരുന്നു. സ്വിഫ്റ്റും മുമ്പിലുണ്ടായിരുന്ന ഹാരിയറും തമ്മിൽ അകലമുണ്ടായിരുന്നതു കൊണ്ടുതന്നെ ഇരു ഡ്രൈവർമാർക്കും പെട്ടെന്ന് തന്നെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനായി. സ്വന്തം പിഴവ് കൊണ്ട് മാത്രമാണ് ബൈക്ക് യാത്രികന് അത്തരമൊരു അപകടമുണ്ടായത്. സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങും കാറുകളുടെ അത്രയും മികച്ച രീതിയിൽ ബൈക്ക് ബ്രേക്ക് ചെയ്യാൻ കഴിയാതിരുന്നതുമാണ് അപകടമുണ്ടാക്കിയത്. ഹെൽമെറ്റ് ധരിച്ചിരുന്നില്ല എങ്കിലും ചെറിയ പരിക്കുകളോടെ ബൈക്കുകാരന് രക്ഷപ്പെടാൻ കഴിഞ്ഞു. 

English Summary:

Dashcam Footage Captures Careless Biker Sent Flying After Crashing Into Maruti Swift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com