ADVERTISEMENT

ചെന്നൈയില്‍ നിന്നു കോയമ്പത്തൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരായെത്തിയവര്‍ സുന്ദരമായ ഒരു അനുഭവത്തിനു കൂടി സാക്ഷികളായി. വിമാനത്തിന്റെ പൈലറ്റ് പ്രദീപ് കൃഷ്ണന്റെ അപ്പൂപ്പനും അമ്മൂമ്മയും അമ്മയും യാത്രക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇക്കാര്യം പൈലറ്റ് തന്നെയാണ് യാത്രികരോടെ പങ്കുവച്ചത്.

ഇന്‍ഡിഗോയിലെ പൈലറ്റായ പ്രദീപ് കൃഷ്ണന്‍ നേരത്തെയും തന്റെ ജീവിതത്തിലെ സുപ്രധാന സന്ദര്‍ഭങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ ടേക്ക് ഓഫിനു മുമ്പ് യാത്രികരെ അഭിസംബോധന ചെയ്താണ് പ്രദീപ് ഈ യാത്രയുടെ പ്രത്യേകത വിവരിച്ചത്.

'ഇന്നത്തെ യാത്രയില്‍ എനിക്കൊപ്പം കുടുംബവുമുണ്ടെന്ന സന്തോഷമുണ്ട്. 29–ാമത്തെ നിരയില്‍ എന്റെ അപ്പൂപ്പനും അമ്മൂമ്മയും അമ്മയും ഇരിക്കുന്നുണ്ട്. ആദ്യമായാണ് എന്റെ അപ്പൂപ്പന്‍ എനിക്കൊപ്പം വിമാനത്തില്‍ പറക്കുന്നത്' തമിഴും ഇംഗ്ലിഷും കലര്‍ത്തിയ ഭാഷയില്‍ പ്രദീപ് യാത്രികരോടായി പറഞ്ഞു. 

കുട്ടിക്കാലത്ത് പലതവണ അപ്പൂപ്പന്റെ ടിവിഎസിന്റെ പിറകിലിരുന്നു പോയിട്ടുണ്ടെന്നും പകരം അപ്പൂപ്പനെ ഒരു യാത്ര കൊണ്ടുവരാന്‍ ലഭിച്ച അവസരമാണിതെന്നു കൂടി പ്രദീപ് വിഡിയോയില്‍ പറയുന്നു. പ്രദീപിന്റെ വാക്കുകള്‍ കേട്ട് അമ്മ കണ്ണു തുടയ്ക്കുന്നതും കാണാം. ജീവിതത്തിലെ അപൂര്‍വമായ വിമാന യാത്ര നടത്തുന്ന തന്റെ അപ്പൂപ്പനെ യാത്രികര്‍ അഭിസംബോധന ചെയ്യാനും പ്രദീപ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രദീപിന്റെ വാക്കുകള്‍ കേട്ട അപ്പൂപ്പന്‍ സീറ്റില്‍ നിന്നു എഴുന്നേറ്റ് കൈകൂപ്പി മറ്റു യാത്രികരെ അഭിസംബോധന ചെയ്യുന്നുണ്ട്. സാധാരണ വിമാനയാത്രക്കെത്തിയ യാത്രികര്‍ ഈ അപൂര്‍വ സന്ദര്‍ഭത്തില്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം.

കുടുംബവും സുഹൃത്തുക്കളുമായി പറക്കാനാവുകയെന്നതാണ് ഏതൊരു പൈലറ്റിന്റേയും സ്വപ്‌നമെന്നാണ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചുകൊണ്ട് പ്രദീപ് കൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്. നിരവധി പേരാണ് പ്രദീപിന്റെ വിഡിയോയ്ക്കു താഴെ കമന്റും ലൈക്കുമായി എത്തിയത്. 2018ല്‍ പ്രദീപ് കൃഷ്ണ പൈലറ്റായ വിമാനത്തില്‍ അമ്മയേയും അമ്മൂമ്മയേയും കൊണ്ടുപോയത് വൈറലായിരുന്നു. 

അന്ന് അമ്മയുടേയും അമ്മൂമ്മയുടേയും അടുത്തെത്തി പ്രദീപ് കാലു പിടിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് യാത്ര ആരംഭിച്ചത്. പ്രദീപ് പൈലറ്റായതിനു ശേഷം മാത്രമേ വിമാനത്തില്‍ കയറുകയുള്ളൂ എന്ന് അദ്ദേഹത്തിന്റെ അമ്മയും അമ്മൂമ്മയും ശപഥമെടുത്തിരുന്നു. ഇതിന്റെ പൂര്‍ത്തീകരണമാണ് 2018ലെ യാത്രയിലുണ്ടായത്. അന്ന് ചെന്നൈയില്‍ നിന്നു സിംഗപ്പൂരിലേക്കുള്ള വിമാനത്തിലായിരുന്നു അവരുടെ യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com