ADVERTISEMENT

ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ് ബജാജ്. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുമായാണ് ബജാജിന്റെ പുതിയ വരവ്. സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാണത്തേയും വിലയേയും കുറിച്ചുള്ള സൂചനകള്‍ കമ്പനി നല്‍കി കഴിഞ്ഞു. 

ബജാജിന്റെ സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിഎന്‍ജി മോട്ടോര്‍സൈക്കിളുകളെക്കുറിച്ചുള്ള വലിയ ലക്ഷ്യങ്ങളുടെ സൂചനകള്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് തന്നെ നല്‍കി കഴിഞ്ഞു. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുടെ നിര്‍മാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'സുരക്ഷിത'മായിട്ടായിരിക്കും ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുകയെന്നാണ് രാജിവ് ബജാജ് പറഞ്ഞത്. തുടക്കത്തിലെങ്കിലും പരിമിതമായ തോതിലായിരിക്കും സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ വില്‍പനക്കെത്തിക്കുകയെന്ന സൂചനയാണ് ഇതുവഴി രാജിവ് ബജാജ് നല്‍കുന്നത്. 

വിപണിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ളത്. ഒരു വിഭാഗം വലിയ തോതില്‍ സ്വീകരിക്കുമ്പോള്‍ മറു വിഭാഗം ആശങ്കകളോടെയാണ് ഈ മാറ്റത്തെ കാണുന്നത്. സിഎന്‍ജി വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സജീവമാണ്. ഇത്തരം ആശങ്കകള്‍ മുഖവിലക്കെടുത്തുകൊണ്ട് കരുതലോടെ സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാനാണ് ബജാജ് ഓട്ടോ ശ്രമിക്കുന്നത്. 

ഇന്ത്യയിലെ പാസഞ്ചര്‍ ത്രീവീലര്‍ വാഹന വിപണിയില്‍ പുരോഗതി നേടാന്‍ ബജാജിന് സാധിച്ചിട്ടുണ്ട്. ഇതിന് സി.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങളിലേക്കുള്ള മാറ്റവും സഹായിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയിലെ 90 ശതമാനത്തിലേറെ പാസഞ്ചര്‍ ത്രീ വീലര്‍ വാഹനങ്ങള്‍ ബജാജിന്റേതാണ്. ഇതേ പാതയില്‍ ഇരുചക്രവാഹന വിപണിയിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് ബജാജിന്റെ ശ്രമം. 

ആകെ വില്‍പനയില്‍ 27% സിഎന്‍ജി കാറുകള്‍ വഴി നേടാന്‍ മാരുതി സുസുക്കിക്ക് സാധിക്കുന്നുണ്ട്. ഈ കണക്കു വെച്ചു നോക്കിയാല്‍ ആറു ലക്ഷം ഇരുചക്രവാഹനങ്ങള്‍ പ്രതിമാസം വില്‍ക്കുന്ന ഇന്ത്യയില്‍ 1.5 ലക്ഷം സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്ക് സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ 20,000 സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ബജാജിന്റെ ശ്രമം. വിപണിയില്‍ നിന്നുള്ള പ്രതികരണവും ആവശ്യകതയും കൂടി കണക്കാക്കിയായിരിക്കും ഉത്പാദനത്തില്‍ മാറ്റങ്ങള്‍ വരുത്തുക. 'സാധ്യതകള്‍ വലുതാണ്. നല്ല രീതിയില്‍ മുന്നോട്ടുപോയാല്‍ പുതിയ ആകാശം കീഴടക്കും' എന്നാണ് രാജീവ് ബജാജ് പ്രതികരിച്ചത്. 

ഏതാണ്ട് അഞ്ചോ- ആറോ സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ ഭാവിയില്‍ പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്. ഇതില്‍ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ ജൂണ്‍ 18ന് പുറത്തിറങ്ങും. 70,000ത്തില്‍ താഴെ വിലയിലുള്ള ബജറ്റ് സ്‌കൂട്ടര്‍ വിഭാഗത്തിലായിരിക്കില്ല സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ വരികയെന്നാണ് സൂചന. ടെസ്റ്റ് ഡ്രൈവിന്റെ ദൃശ്യങ്ങളില്‍ നിന്നു തന്നെ മുന്നിലേയും പിന്നിലേയും ഡിസ്‌ക് ബ്രേക്കുകള്‍, നക്കിള്‍ ഗാര്‍ഡ്, വലിയ പിന്‍സീറ്റുകള്‍, അലോയ് വീല്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മലിനീകരണവും ഇന്ധനചിലവും കുറവുള്ള സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് ബജാജ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com