ADVERTISEMENT

വഴിയിലേക്കു മിഴി തുറക്കുന്നതായിരുന്നു അമ്മയുടെ കിടപ്പുമുറി. ആ ജനലിനു മാത്രം അമ്മ കർട്ടനിടാറില്ല. ജനാലയിലൂടെ നോക്കിയാൽ റോഡ് ഓടിയടുക്കുന്നതു ദൂരെനിന്നേ കാണാം.  മകൻ സൂര്യകിരണിന്റെ ബൈക്ക് റോഡിന്റെ അറ്റത്ത് എത്തുമ്പോൾത്തന്നെ അമ്മ കാണുമായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് ആദ്യം തന്നെ വന്ന് അമ്മയുടെ ജനാലച്ചില്ലിൽ തട്ടും. എത്ര ഉറക്കമായാലും അമ്മ ഉണരും. ബൈക്ക് മുറ്റത്തു കയറി വന്നാലും ആദ്യം വാതിൽ തുറക്കില്ല. അമ്മേ എന്ന വിളി കേൾ‍ക്കണം. 

വരാൻ വൈകിയെങ്ങാനും പോയാൽ രണ്ടോ മൂന്നോ തവണ വിളിച്ചാലേ നട തുറക്കൂ. നീ വന്നത് അറിഞ്ഞില്ല എന്ന നാട്യത്തിലാണ് കതകു തുറക്കുക. എന്തു ചെയ്യാനാ ശാലൂ, വൈറ്റിലയിൽ നല്ല ബ്ലോക്കായിരുന്നു എന്നു പറഞ്ഞ് തണുപ്പിക്കാൻ നോക്കിയാൽ അതിലുമധികം ബ്ലോക്കായിരുന്നു എന്റെ ചങ്കിലെന്നു മറുപടി. അതായിരുന്നു സൂര്യകിരണിന്റെ അമ്മ ശാലിനി മുകുന്ദൻ. 

സൂര്യകിരൺ ഓരോന്ന് ആലോചിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. രാത്രിയാണ്. മധുരയിൽനിന്നുള്ള ദേശീയ പാത നാലുവരി പകർത്തു ബുക്ക്‌പോലെ അയാൾക്കു പരിചിതം. ഉറക്കെ പാട്ടുവച്ച് ഓട്ടോ പൈലറ്റ് മോഡിലിട്ട് കാലെടുത്ത് സീറ്റിലേക്കുവച്ച് ഇങ്ങനെ ഓടിക്കുകയാണ് പതിവ്. അന്നു പക്ഷേ, അയാൾക്ക് അങ്ങനെയൊന്നും തോന്നിയില്ല, പാട്ടു കേൾക്കാൻ, ചായ കുടിക്കാൻ, ഇടയ്ക്കൊന്നു നിർത്തി സ്ട്രെച്ച് ചെയ്ത് റിലാക്സ് ചെയ്യാൻ..ഒന്നും...ഈ യാത്ര സത്യത്തിൽ സൂര്യകിരൺ പ്ലാൻ ചെയ്തിരുന്നതല്ല. മാർച്ചാണ്. ബാങ്കിൽ തിരക്കിന്റെ മാസം. വിഷുവിനേ വരൂ എന്നായിരുന്നു അമ്മയോടു പറഞ്ഞിരുന്നത്. 

വിഷുവിനു വരുമ്പോൾ ഗുരുവായൂരിലൊന്നു പോകണം. ഒരു നിറമാല, തൃക്കൈ വെണ്ണ, രാത്രിയിലെ ശീവേലി തൊഴൽ ഒക്കെ അമ്മ ആഗ്രഹിച്ചിരുന്നു. 

രാത്രിയിലെ ശീവേലിക്ക് അമ്പലമുറ്റം നിറയെ പെൺകുട്ടികൾ വരും. അവരിൽനിന്ന് നിനക്കു പറ്റിയ അഞ്ചുപേരേ കണ്ടു പിടിക്കണം.

ബാക്കി നാലുപേർക്കും സങ്കടമാകില്ലേ അമ്മേ എന്ന് അയാൾ കളി പറഞ്ഞപ്പോൾ അമ്മ കൗണ്ടർ പറഞ്ഞു; അതിന് ആ നാലുപേർക്കും നിന്നെ ഇഷ്ടപ്പെടില്ലെന്ന് എനിക്കുറപ്പല്ലേ, അതിനാണ് അഞ്ചാമത്തെയാൾ. 

ഉച്ച തിരിഞ്ഞ് പെട്ടെന്ന് അമ്മ മുറിയിലൊന്നു തലചുറ്റി വീണു എന്നേ ആദ്യം അയാൾ അറിഞ്ഞുള്ളൂ.  അമ്മയ്ക്കൊന്നു ഫോൺ കൊടുക്കൂ എന്നു പറഞ്ഞപ്പോൾ വിളിച്ചയാൾ കൊടുത്തത് കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ കസിൻ‍ അശോകൻ ചേട്ടനാണ്. നിനക്ക് ഇന്നു രാത്രിതന്നെ പുറപ്പെടാൻ പറ്റുമോ? അമ്മയുടെ കാര്യം അൽപം പ്രശ്നമുണ്ട്. മാവു വെട്ടാനൊക്കെ ഞങ്ങൾ തീരുമാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്.

അങ്ങനെ അമ്മയുടെ മരണം ഒരു അപ്രതീക്ഷിത വാക്കായി മകനെ വന്നു തൊട്ടു. കിരൺ പുറപ്പെട്ടതിനു ശേഷവും അശോകൻ ചേട്ടൻ വിളിച്ചു. തിരഞ്ഞെടുപ്പു കാലമാണ്. മൂന്നു സ്ഥാനാർഥികളും ഒരുമിച്ചു വന്നു, പത്രക്കാരൊക്കെയുണ്ടായിരുന്നു. രാത്രിയിൽ ചിലപ്പോൾ മന്ത്രി റീത്ത് വയ്ക്കാൻ വരും.

അതിനുമുൻപ് കിരൺ എത്തുമോ എന്നറിയാനാണ് അയാൾ പറഞ്ഞു; റീത്ത് മുകളിൽ നിന്ന് എടുത്തു മാറ്റണം. ഉറങ്ങുമ്പോൾ പുതപ്പുപോലും ദേഹത്തിടുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. 

യാത്രയ്ക്കിടെ സംഘമിത്രയുടെ ഫോൺ വന്നു. അവൾ പതിവുപോലെ ബാംഗ്ലൂർ വിശേഷങ്ങളുടെ ടാപ്പു തുറന്നു: ഇന്ന് ഡ്രൈവിങ്ങിനിടെ ഒരു കുഞ്ഞിക്കിളി എന്റെ വണ്ടിയുടെ മുന്നിൽ വീണു. അതിനു പറക്കാൻ പറ്റില്ലായിരുന്നു. ഇൻഫൻട്രി റോഡിൽ നിറയെ കണ്ടൻ പൂച്ചകളാണ്. അതുങ്ങളെല്ലാം ചേർന്ന് അതിനെ കൊല്ലും. ഞാൻ അതിനെ ഡാഷ് ബോർഡിൽവച്ച് വീട്ടിൽ കൊണ്ടുവന്നു. ഇനി കുറെ ദിവസം ഫീഡ് ചെയ്യണം.

ഫീഡ് ചെയ്യണം എന്ന വാക്കു കേട്ടതോടെ കിരൺ കരയാ‍ൻ തുടങ്ങി.

അപ്പുറം ഒരു നിമിഷത്തെ മൗനം. പിന്നെ സംഘമിത്ര ചോദിച്ചു: ഞാ‍‍നും വരട്ടേ, നിന്റെ അമ്മയെ കാണാൻ. അവൻ പറഞ്ഞു... വലിയ സങ്കടങ്ങളും സന്തോഷങ്ങളും നമ്മളെ തേടിവരുന്ന സമയത്ത് ചേർത്തു നിർത്താൻ ഒരാൾ ഉണ്ടാവുന്നത് നല്ലതാണ്. ഷോക്ക് അബ്സോർബർപോലെ.

ഇതുവരെ അത്തരം നിമിഷങ്ങളിലെല്ലാം അമ്മയുണ്ടായിരുന്നു.

അതിനല്ലേ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത് എന്നായിരുന്നു അവളുടെ മറുപടി.  

അമ്മയുടെയും നിന്റെയും സ്വഭാവം ഏതാണ്ട് ഒരുപോലെയാണ്. ഡിം അടിക്കില്ല, വളവിൽ ഹോണടിക്കില്ല. ഓവർടേക് ചെയ്യാൻ പാതി വഴി ചെന്നിട്ട് സ്ലോ ആക്കും. അമ്മ ആദ്യം ജീൻസിട്ടത് എന്റെകൂടെ ബൈക്കിൽ കയറാൻവേണ്ടിയാണ്. അതുവരെ സ്ലിറ്റില്ലാത്ത ചുരിദാറും ലോങ് ടോപ്പും മാത്രമായിരുന്നു അമ്മയുടെ ഇഷ്ടങ്ങൾ. ഇന്നലെ ഇക്കാര്യമൊക്കെ പറഞ്ഞ് ഞാൻ കളിയാക്കിയിരുന്നു. 

നീ തനിയെയാണോ ‍ഡ്രൈവ് ചെയ്യുന്നത്?

പുതിയ വണ്ടിയാണ്. അതിന്റെ നമ്പർ ഒരു തവണ പറഞ്ഞപ്പോൾത്തന്നെ അമ്മ തിരിച്ചു പറഞ്ഞു; ടിഎൻ 59 2229. ഓർമിക്കാൻ വളരെ എളുപ്പം. 59 അമ്മയുടെ പ്രായം, 22 എന്റെ ബർത്ഡേ. 29 എന്റെ ഇപ്പോഴത്തെ പ്രായം!

ടിഎൻ 59 2229 ഹോണ്ടാ സിറ്റി കാർ എറണാകുളത്ത് എത്തുമ്പോൾ നേരം വെളുത്തിരുന്നു. വീട്ടിലെത്തിയപാടേ ചേച്ചി കിരണിനെയും കൂട്ടി അടുക്കളയിലേക്കു പോയി. അമ്മ നിനക്കു കുടിക്കാൻ ഉച്ചയ്ക്ക് ചായ എടുത്തുവച്ചിരുന്നു. നീ ഇന്നു വരുമെന്നു തോന്നലുണ്ടായിരുന്നു അമ്മയ്ക്ക്.

അയാൾ ആ ചായ വാങ്ങി. കാത്തിരുന്നു തണുത്തുപോയ ചായ ചുണ്ടോടു ചേർക്കെ ശീതീകരണിയിൽ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ വയറിന്റെ തണുപ്പ് അയാളെ വന്നു തൊട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com