ADVERTISEMENT

ലണ്ടന്‍ ∙ ''തണുപ്പോ,  യുകെയിലോ നല്ല, സുന്ദരന്‍ കാലാവസ്ഥ'' പുതിയ ഇന്‍ടേക്കുകളില്‍ പഠിക്കാന്‍ വന്നവരും പുതിയതായി ജോലി തേടി എത്തിയവരും തണുപ്പുണ്ടോ എന്നു ചോദിക്കുമ്പോല്‍ കൊടുക്കുന്ന ഇപ്പോഴത്തെ മറുപടി. നാട്ടിലെ വച്ചു നോക്കിയാല്‍ അത്ര ചൂടുമില്ല, പറഞ്ഞു കേട്ട തണുപ്പും ഇല്ല. അതുകൊണ്ടു തന്ന അവധി ദിവസങ്ങള്‍ ജാക്കറ്റിട്ടു, കെട്ടി പുതയ്ക്കാതെ പുറത്തു പോകാമെന്നത് ആഘോഷമാക്കുന്നുണ്ടു പലരും. 

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഈ സുഖമുള്ള ചൂടിനെ ഇംഗ്ലിഷുകാരും ആസ്വദിക്കുന്നുണ്ട്. 'ഇന്ത്യന്‍ വേനല്‍' എന്നാണ് ഈ വിളവെടുപ്പുകാല ചൂടിനെ ഇവര്‍ വിളിക്കുന്നത്. 19ാം നൂറ്റാണ്ടുമുതല്‍ ഇങ്ങനെ പ്രയോഗിച്ചു വരുന്നതായാണ് ചരിത്ര രേഖകള്‍. ഒക്ടോബര്‍ പിന്നിട്ടതോടെ കാര്‍ഷിക മേഖലയിലെങ്ങും വിളവെടുപ്പു കാലം കൂടിയാണ് ഇത്. ഗോതമ്പു പാടങ്ങള്‍ കതിരണിഞ്ഞു സ്വര്‍ണ നിറത്തിലായി നില്‍ക്കുന്നു. ആപ്പിള്‍ തോട്ടങ്ങളിലേയ്ക്കു വിളവെടുപ്പു യന്ത്രങ്ങള്‍ എത്തിത്തുടങ്ങി. തണുപ്പു കാലത്തേയ്ക്കു കന്നുകാലികള്‍ക്കുള്ള പുല്ലുകള്‍ കൊയ്യുന്ന യന്ത്രങ്ങളും പുല്‍മേടുകളിലെ പതിവു കാഴ്ച. ഓക്ക്, മേപ്പിള്‍ മരങ്ങളുടെ പച്ചനിറം മാറി മഞ്ഞ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. തണുപ്പാകുന്നതോടെ ഇവ സാവധാനം കൊഴിഞ്ഞു തുടങ്ങും. ഇപ്പോഴത്തെ പച്ചപ്പു കാണാന്‍ അടുത്ത സമ്മര്‍ വരെ കാത്തിരിക്കേണ്ടിയും വരും. 

ലണ്ടനിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച താപനില 25.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാര്‍ഡിഫില്‍ 24.4 ഡിഗ്രിയും രേഖപ്പെടുത്തി. ശരാശരി 16 ഡിഗ്രി എന്നിടത്തു നിന്നുള്ള ഈ താപവര്‍ധന തദ്ദേശിയരെ സംബന്ധിച്ചു കുറച്ചു കൂടുതലാണ് എന്നതാണു വസ്തുത. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ചൂടു തീരുകയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിനു മുമ്പ് യുകെയില്‍ ഒക്ടോബര്‍ മാസത്തില്‍ കണ്ട ഏറ്റവും ഉയര്‍ന്ന താപനില 2011ല്‍ കെന്‍റില്‍ രേഖപ്പെടുത്തിയ 29.9 എന്നതാണ്. 

ഈ ആഴ്ച ഇന്നുമുതല്‍ തണുപ്പു വരുമെന്നാണ് പ്രവചനം. തുടര്‍ന്നങ്ങോട്ട് പരമാവധി 13 ഡിഗ്രിയില്‍ എത്തിയാല്‍ ഭാഗ്യമാകും. ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലൻഡിലും ഇതു പരമാവധി 11 മാത്രമാകും. പലയിടത്തും മഴ പ്രവചനമുണ്ട്. തെക്കുപടിഞ്ഞാറൻ ഭാഗത്ത് അല്‍പം കനത്ത മഴ തന്നെ പ്രതീക്ഷിക്കുന്നു.  തണുപ്പുകാലത്ത് യുകെയിൽ എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

English Summary:

Indian summer ends UK to turn cold from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com