ADVERTISEMENT

ലണ്ടൻ ∙ ഒരു കോടിയോളം ആളുകൾ വസിക്കുന്ന ലണ്ടൻ നഗരത്തിന്‍റെ മേയറായി പാക്കിസ്ഥാൻ വംശജനായ സാദിഖ് ഖാൻ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിനെക്കാൾ മികച്ച ഭൂരിപക്ഷത്തിനാണ് സാദിഖ് ഖാന്‍റെ മൂന്നാം ഊഴത്തിലെ വിജയം. ലണ്ടൻ നഗരത്തോടൊപ്പം മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള മറ്റു വൻ നഗരങ്ങളുടെയെല്ലാം ഭരണം ലേബർ പാർട്ടിക്കാണ്. ഇംഗ്ലണ്ടിലെും വെയിൽസിലെയും പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും ഉജ്വല വിജയം നേടിയ ലേബർ പാർട്ടി നാൽപത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ്. മറ്റൊരു പ്രതിപക്ഷ കക്ഷിയായ ലിബറൽ ഡെമോക്രാറ്റുകളും ഭരണകക്ഷിയായ ടോറികളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

തിരഞ്ഞെടുപ്പു നടന്ന 107 കൗൺസിലുകളിൽ 106 കൗൺസിലുകളിലെയും ഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 185 സീറ്റുകൾ അധികം നേടി 1140 സീറ്റുകളിൽ വിജയിച്ച് ലേബർ പാർട്ടി ബഹുദൂരം മുന്നിലാണ്. ലിബറൽ ഡെമോക്രാറ്റുകളും കഴിഞ്ഞ തവണത്തേക്കാൾ 104 സീറ്റുകൾ അധികം നേടി 521 സീറ്റുകളോടെ രണ്ടാം സ്ഥാനക്കാരായി. എന്നാൽ രാജ്യം ഭരിക്കുന്ന ടോറികൾക്ക് കഴിഞ്ഞ തവണത്തേക്കാൾ 473 സീറ്റുകൾ കുറഞ്ഞു. കേവലം 513 സീറ്റുകളിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. സ്വതന്ത്രന്മാർ പോലും 228 സീറ്റുകളിൽ ജയിച്ചു കയറിയപ്പോഴാണ് ഋഷി സുനകിന്‍റെ ടോറികൾക്ക് കേവലം 513 സീറ്റിൽ ഒതുങ്ങേണ്ടിവന്നത്. 181 സീറ്റുകൾ നേടി ഗ്രീൻ പാർട്ടി ശക്തമായ മൽസരമാണ് പല മണ്ഡലങ്ങളിലും കാഴ്ചവച്ചത്. 

ലണ്ടൻ നഗരത്തിൽ സാദിഖ് ഖാനും മാഞ്ചസ്റ്ററിൽ ആൻഡി ബർനാമും വീണ്ടും മേയർമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ലണ്ടൻ മേയറായ സാദിഖ് ഖാൻ തന്‍റെ മൂന്നാം ഊഴത്തിൽ മുഖ്യ എതിരാളിയായിരുന്ന ടോറി പാർട്ടിയിലെ സൂസൻ ഹാളിനെ 276,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 3.2 ശതമാനം വോട്ടിന്‍റെ വർധനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ സാദിഖ് ഖാന് ലഭിച്ചത്. നഗരത്തിലെ 14 പാർലമെന്റ് മണ്ഡലങ്ങളിലും സാദിഖ് ഖാനാണ് ഭൂരിപക്ഷം. 

24 ലക്ഷത്തോളം വോട്ടുകളാണ് ആകെ ലണ്ടൻ നഗരത്തിൽ പോളുചെയ്തത്. 42.8 ശതമാനം വോട്ടുകൾ. 2021ൽ രേഖപ്പെടുത്തിയതിനേക്കാൾ വോട്ടിങ് ശതമാനം കുറവായിരുന്നെങ്കിലും ഭൂരിപക്ഷത്തിൽ സാദിഖ് ഖാന് വർധനയാണ് ഉണ്ടായത്. ആകെ പോൾ ചെയ്ത വോട്ടിൽ 43.8 ശതമാനം വോട്ടാണ് സാദിഖിന് ലഭിച്ചത്. കൺസർവേറ്റീവ് സ്ഥാനാർഥി സൂസൻ ഹാളിന് ലഭിച്ചത് 32.7 ശതമാനമാണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും ഗ്രീൻ പാർട്ടിക്കും 5.8 ശതമാനം വോട്ടുവീതം ലഭിച്ചു. താൻ സ്നേഹിക്കുന്ന നഗരത്തെ സേവിക്കാൻ വീണ്ടും ലഭിച്ച അവസരത്തെ വലിയ അംഗീകാരമായാണ് കാണുന്നതെന്ന് സാദിഖ് ഖാൻ പറഞ്ഞു. ജനവിധി അംഗീകരിച്ച് എത്രയും വേഗം പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് തയാറാകണമെന്ന് ലേബർ നേതാവ് സർ കീത്ത് സ്റ്റാമറും മേയർ സാദിഖ് ഖാനും ആവശ്യപ്പെട്ടു. 

English Summary:

Sadiq Khan wins a historic third term as London Mayor: Tories suffer biggest defeats in local elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com