ADVERTISEMENT

ദോഹ∙ ഖത്തറിന്റെ കപ്പൽ ടൂറിസം വളർച്ചക്കുതിപ്പിൽ. ക്രൂസ് ടൂറിസത്തിന്റെ ആരംഭം മുതൽ ഇതുവരെ ഖത്തറിന്റെ കാഴ്ചകളിലേക്ക് 236 ആഡംബര കപ്പലുകളിലായി എത്തിയത് 8,14,413 സഞ്ചാരികൾ. അടുത്ത  സീസണിന് ഒക്‌ടോബർ 8ന് തുടക്കമാകും.    ഖത്തർ ടൂറിസമാണ് അടുത്ത സീസൺ തീയതി പ്രഖ്യാപിച്ചത്.

 

പുതിയ സീസണിൽ ദോഹ തുറമുഖത്തേക്കാണ് സഞ്ചാരികളെത്തുന്നത്. 2022 ഡിസംബറിൽ തുടങ്ങി 2023 ഏപ്രിലിൽ അവസാനിച്ച സീസണിലേക്ക് 2,53,191 കപ്പൽ സഞ്ചാരികൾ  54 കപ്പലുകളിലായി എത്തി. മുൻ സീസണിനേക്കാൾ 151% വർധന. 100,500 പേരാണ് മുൻ സീസണിലെത്തിയത്.

 

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതലെത്തിയ യാത്രക്കാരുടെ ആദ്യ പത്തിൽ ഇന്ത്യയുമുണ്ട്. 2% ആണ് ഇന്ത്യയിൽ നിന്നെത്തിയത്. 31% ജർമനി, ഇറ്റലിയിൽ നിന്ന് 10%, റഷ്യയിൽ നിന്ന് 6 %, യുകെ, സ്‌പെയ്ൻ, യുഎസ് എന്നിവിടങ്ങളിൽ നിന്ന് 3 %, കസഖിസ്ഥാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് 2, ഓസ്ട്രിയയിൽ നിന്ന് 1 എന്നിങ്ങനെയാണ് കണക്ക്. 37% മറ്റ് രാജ്യക്കാരാണ്.

 

സീസണിലെത്തിയ 54 ൽ 44 എണ്ണവും കൂറ്റൻ ആഡംബര കപ്പലുകളാണ്. ഇവയിൽ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കപ്പലെന്നറിയപ്പെടുന്നതും ഫിഫ ലോകകപ്പിൽ ആരാധകർക്ക് താമസിക്കാനുള്ള ഫ്ലോട്ടിങ് ഹോട്ടലുകളായി പ്രവർത്തിച്ചതുമായ എംഎസ്‌സി യൂറോപ്പയാണ് ഏറ്റവുമധികം യാത്രക്കാരുമായി എത്തിയത്. 13 തവണയാണ് യൂറോപ്പ എത്തിയത്.

 

ദോഹ തുറമുഖത്തെ പുതിയ ഗ്രാൻഡ് ടെർമിനലിലാണ്  ഫിഫ ലോകകപ്പ് മുതൽ സന്ദർശകരെ വരവേൽക്കുന്നത്. പ്രതിദിനം 12,000 സഞ്ചാരികളെ സ്വീകരിക്കാൻ ശേഷിയുള്ളതാണ് പുതിയ ടെർമിനൽ. ഖത്തറിന്റെ കാഴ്ചകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപേ നവീകരിച്ച തുറമുഖത്തിന് ചുറ്റും സഞ്ചാരികൾക്ക് പരമ്പരാഗത വാസ്തുശൈലി പ്രതിഫലിക്കുന്ന മിന ഡിസ്ട്രിക്ടിലെ കാഴ്ചകൾക്കു പുറമേ മീൻ മാർക്കറ്റ്, റീട്ടെയ്ൽ ശാലകൾ, റസ്റ്ററന്റുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.

 

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, സൂഖ് വാഖിഫ്, ഖത്തർ ദേശീയ മ്യൂസിയം, മിഷെറിബ് ഡൗൺ ടൗൺ ദോഹ, ദോഹ കോർണിഷ് എന്നിവയും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്.

English Summary: Qatar sees 151% surge in cruise visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com