ADVERTISEMENT

അബുദാബി ∙ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി പ്രവാസി മലയാളികൾ. പ്രവൃത്തി ദിനത്തിൽ തിരുവോണം എത്തുന്നതിനാൽ അവധി ദിനമായ 27ന് ആഘോഷത്തിനു തുടക്കം കുറിക്കും. വാരാന്ത്യങ്ങളിലെ  ഓണാഘോഷ പരമ്പര മാസങ്ങളോളം നീളുന്നതാണ് ഗൾഫിലെ പതിവ്.  

സുഹൃത്തുക്കളുടെ വീട്ടിൽ ഒത്തുചേർന്ന് ഒന്നിച്ചു സദ്യ ഒരുക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. വ്യത്യസ്ത വിഭവങ്ങൾ പല വീടുകളിൽ തയാറാക്കി ഒരിടത്ത് സമ്മേളിച്ച് ഓണമുണ്ണുന്ന പതിവുമുണ്ട്. പരിമിതികൾക്കുള്ളിലും  പരമ്പരാഗത ചിട്ടവട്ടങ്ങളോടെ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. 

മധ്യവേനൽ അവധിക്കായി അടച്ച സ്കൂളുകൾ യുഎഇയിൽ 28ന് തുറക്കും. നാട്ടിലേക്കു പോയ കുടുംബങ്ങളിൽ ഭൂരിഭാഗവും ഓണവിഭവങ്ങളുമായാണ് തിരിച്ചെത്തിയത്. അച്ചാർ, ഇ​ഞ്ചിക്കറി, പുളിയിഞ്ചി തുടങ്ങി കൊണ്ടാട്ടം വരെ എളുപ്പം കേടാകാത്തവ നാട്ടിൽനിന്നു തയാറാക്കി കൊണ്ടുവന്നിട്ടുണ്ട്. ജോലിക്കാരായ ദമ്പതികൾ പച്ചക്കറി കഷണങ്ങൾ വെട്ടിനുറുക്കി കേടാകാതെ സൂക്ഷിച്ചിട്ടുണ്ട്. ഓരോ വിഭവത്തിനും വേണ്ട മസാലകൾ നാട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവന്ന നവദമ്പതികളുമുണ്ട്. 

വിമാന ടിക്കറ്റ് വർധന കാരണം ഓണം നാട്ടിൽ ആഘോഷിച്ച ശേഷം സെപ്റ്റംബർ ആദ്യവാരത്തിലാകും ചില കുടുംബങ്ങൾ എത്തുക.  ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ളവരാണ് യാത്ര നീട്ടിയത്. സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾ മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങൾ വരെ ആദായ വിൽപന പ്രഖ്യാപിച്ചിട്ടുണ്ട്. അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ റെഡി ടു കുക്ക് പായ്ക്കറ്റും  ലഭ്യമാണ്.  പാർസൽ സദ്യയെ ആശ്രയിക്കുന്നവരുമുണ്ട്. ചിലർ ജോലി സ്ഥലത്ത് വിവിധ രാജ്യക്കാരായ സുഹൃത്തുക്കൾക്കും സദ്യ ഓർഡർ ചെയ്തിട്ടുണ്ട്.  സുഹൃത്തുക്കളായ പാചകവിദഗ്ധരെ ക്ഷണിച്ച് സദ്യയ്ക്ക് രുചികൂട്ടുന്നവരും കുറവല്ല.

English Summary: Malayali expats are ready to welcome Thiruvonam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com