ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പ്രവാസിയായ വിമുക്തഭടനെതിരെ നാട്ടിലുള്ള ഭാര്യയുടെ പീഡന പരാതി. തന്നെ ഉപേക്ഷിച്ച ഭർത്താവ് പല പ്രാവശ്യം നാട്ടിലെത്തി ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചെന്ന് പാലക്കാട് വടക്കൻചേരി സ്വദേശി മിനി തോമസാണ് വടക്കൻചേരി പൊലീസിൽ പരാതി നൽകിയത്. മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.

wife-brutally-tortured
പരുക്കേറ്റ മിനി തോമസ്

25 വർഷം മുൻപായിരുന്നു മിനിയുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തിൽ‌നിന്നു വിരമിച്ച ശേഷം 2013 ൽ ഭർത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കൺസൽറ്റിങ് കമ്പനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്ന് മിനി പറയുന്നു. യുവതിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് അവരെ വിവാഹം കഴിക്കാൻ മിനിയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഭർത്താവിനെ അവിശ്വസിക്കുന്നെന്നും അയാളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബാന്തരീക്ഷം മോശമാക്കിയെന്നും സത്യവാങ്മൂലത്തിൽ എഴുതണമെന്നു നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ‌ നാട്ടിലെത്തി ക്രൂരമായി മർദിച്ചെന്നും മിനിയുടെ പരാതിയിൽ പറയുന്നു. മുഖത്തും കഴുത്തിലും കൈകാലുകൾക്കും പരുക്കേറ്റ് ആശുപത്രിയിലായി. മക്കളുടെ ഭാവിയെക്കരുതി ഇക്കാര്യങ്ങൾ‌ ആരോടും പറഞ്ഞില്ല.

wife-brutally-tortured-as-husband-fall-in-love-with-another-woman

വിദേശത്തേക്കു മടങ്ങിയ ഭർത്താവ് കഴിഞ്ഞ ഒാഗസ്റ്റിൽ തിരിച്ചെത്തി മിനിയെ മർ‌ദിച്ചു. വയറ്റിൽ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ മിനിയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷൻ കാർഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭർത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോൾ ഭർത്താവിന്റെ സഹോദരന്‍ ബന്ധുക്കളുടെ വീടുകളിലെത്തി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും മിനി പറയുന്നു. 

wife-brutally-tortured-by-husband-dubai
പരുക്കേറ്റ മിനി തോമസ്
mini-thomasss
പരുക്കേറ്റ മിനി തോമസ്

വർഷങ്ങളായി ഭർത്താവ് ചെലവിന് നൽകുന്നില്ല. ഇപ്പോൾ 600 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. നിത്യജീവിതം വളരെ കഷ്ടപ്പാടിലാണ്. ഭർത്താവിനെ ദുബായിൽ നിന്ന് പിടികൂടി നാട്ടിലേക്കു മടക്കിയയയ്ക്കണമെന്നും നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ആക്രമണത്തിലുണ്ടായ പരുക്കുകൾക്കു ചികിത്സച്ചെലവു നൽകണമെന്നും മിനി ആവശ്യപ്പെടുന്നു. ഇവരുടെ ഭർത്താവ് ഷാർജ കോർണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

mini-thomas-car
പീഡനത്തെ തുടർന്ന് വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുന്ന മിനി തോമസ്. സിസിടിവി ദൃശ്യം

∙ ഗാർഹിക പീഡനം: പ്രവാസികൾക്കെതിരെ കേസുകൾ വർധിച്ചു

ഇന്ത്യയിൽ പ്രവാസികളുടെ ഭാര്യമാർ നൽകുന്ന ഗാർഹിക പീഡന കേസുകൾ വര്‍ധിച്ചതായി യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. മിനി തോമസിന്റേതു പോലുള്ള ഒട്ടേറെ കേസുകൾ അടുത്ത കാലത്തായി വരുന്നുണ്ട്. വിദേശത്തു ജോലിക്കെത്തി നല്ല നിലയിലായാൽ നാട്ടിലെ കുടുംബത്തെ മറക്കുന്നവരാണ് ഇത്തരം കേസുകളിലെ പ്രതികളിൽ പലരും. ഇവർ അവധിക്കു നാട്ടിലെത്തിയാൽ ഭാര്യമാരെ ക്രൂരമായ മർദിക്കാറുണ്ട്. നിസ്സഹായരായി അതു സഹിക്കുകയാണ് പല സ്ത്രീകളും. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോട് യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭാര്യമാരെ ഉപേക്ഷിക്കുന്നവർക്കും ചെലവിനു പോലും നൽകാത്തവർക്കുമെതിരെ ഈ രാജ്യങ്ങളിൽ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കാം. നാട്ടിൽ ഗാർഹിക പീ‍ഡനം നടത്തിയശേഷം യുഎഇയിലെത്തി ജീവിക്കുന്ന ഭർത്താക്കന്മാർക്കെതിരെ ഇവിടെ വന്ന് നിയമം പോരാട്ടം നടത്തി, ഒട്ടേറെ പേർക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. നാട്ടിലെ നിയമത്തിൽനിന്നു രക്ഷപ്പെടാനാണ് പലരും കുറ്റകൃത്യത്തിന് ശേഷം യുഎഇയിലെത്തുന്നത്. എന്നാൽ ഇവിടുത്തെ നിയമം ഒരിക്കലും ഇത്തരക്കാരെ സംരക്ഷിക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ ആർക്കും ഇവിടെ വന്ന് കുറ്റക്കാരെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റും. ഇതിന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും പിന്തുണ നൽകുന്നു. എന്നാൽ നിയമ പോരാട്ടത്തിന് ചെലവേറെയാണ് എന്നതാണ് പലരേയും പിന്നോട്ടു വലിക്കുന്നത്. ഇത്തരം ക്രൂരന്മാരെ നിയമത്തിന്റെ പിടിയിലെത്തിക്കാൻ സഹായവും പിന്തുണയും നൽകാൻ ഇവിടെയുള്ള സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്നും അഡ്വ. പ്രീത പറഞ്ഞു. 

English Summary: Tortured by Husband: Husband Harrassing Wife as He Fall in Love with Woman in Dubai, Police Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com