ADVERTISEMENT

അബുദാബി ∙ കലയുടെയും സർഗാത്മകതയുടെയും സഹായത്തോടെ രോഗശമനം സാധ്യമാകുന്ന ആർട്ട് തെറപ്പിക്ക് സ്വീകാര്യതയേറുന്നു. ശാരീരിക, മാനസിക വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്ന ചികിത്സാ രീതിയായ ആർട്ട് തെറപ്പി ലോകത്ത് അതിവേഗം വളരുകയാണെന്നും ആർട്ട് തെറപ്പി സമ്മേളനം അഭിപ്രായപ്പെട്ടു.  വൈകല്യമുള്ളവർക്കു മാത്രമല്ല ചെറിയ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ആക്രമണത്തിനോ ആകസ്മിക സംഭവങ്ങളിൽ മനോനില തെറ്റിയവർക്കും ആർട്ട് തെറപ്പി ഗുണം ചെയ്യുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തി. കുട്ടികളുടെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ശിൽപശാലകൾക്കാണ് ആദ്യദിനം മുൻതൂക്കം നൽകിയത്. യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദഗ്ധർ സെമിനാറിനും ശിൽപശാലയ്ക്കും നേതൃത്വംനൽകി.

കുട്ടികളുടെയും സ്ത്രീകളുടെയും വൈകാരികത മനസ്സിലാക്കി ആഘാതം കുറയ്ക്കാനും പ്രതിരോധശേഷി കൈവരിക്കാനും കലയെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈജിപ്തിൽനിന്നുള്ള വിദഗ്ധ കരോൾ ഹമ്മൽ വിശദീകരിച്ചു. അക്രമത്തിന് വിധേയരായ സ്ത്രീകൾക്കായി വികസിപ്പിച്ച പ്രത്യേക പ്രോഗ്രാമും അവർ അവതരിപ്പിച്ചു. ചിത്രം വരയിലൂടെ രോഗശമനത്തിലേക്ക് നയിച്ച അനുഭവങ്ങളും പങ്കുവച്ചു. സംഗീതം, നാടകം, നൃത്തം തുടങ്ങി ചലന തെറപ്പി എന്നിവയ്‌ക്കൊപ്പം ആർട്ട് തെറപ്പിയും നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞു. അബുദാബി സെന്റർ ഫോർ ഷെൽറ്ററിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കെയർ ആണ് സമ്മേളനം സംഘടിപ്പിച്ചത്. ദേശ, ഭാഷ, വർണ, വർഗ വേർതിരിവില്ലാതെ ഉപയോഗിക്കാവുന്നതാണ് ആർട്ട് തെറപ്പി എന്ന് ഇവ ഡയറക്ടർ ജനറൽ സാറാ ഷുഹൈൽ പറഞ്ഞു. ഇത് വ്യക്തികൾക്കും സമൂഹത്തിനും ഗുണം ചെയ്യും.

രോഗശാന്തിക്കും ക്ഷേമത്തിനും അറേബ്യൻ ഉപദ്വീപും കലയെ ആശ്രയിച്ചിരുന്നതായി ആർട്ട് തെറപ്പിയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ അറബ് വംശജനും റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. അവദ് അൽയാമി പറഞ്ഞു. വിദേശകാര്യ സഹ മന്ത്രി നൂറ അൽ കാബി, യുണൈറ്റഡ് നാഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഡെവലപ്മെന്റ് ബോർഡ് അംഗം ഹനീഫ് അൽ ഖാസിം, സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും സാംസ്കാരിക, ടൂറിസം ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്, പ്യുവർ ഹെൽത്ത് ഗ്രൂപ്പ് സഹസ്ഥാപകൻ ഷെയ്സ്ത ആസിഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary:

Abu Dhabi conference explores how art therapy can help recover from trauma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com