ADVERTISEMENT

മസ്‌കത്ത് ∙ ഓരോ സുലൈമാനിയും ഓരോ മുഹബ്ബത്തെന്ന പോലെ ഓരോ അടിച്ചായയിലും പ്രവാസി മലയാളിക്ക് ഒരു ഗൃഹാതുര സ്മരണകളുണ്ട്. ഒമാനിലിപ്പോള്‍ ട്രെന്‍ഡിങും മലയാളിയുടെ അടിച്ചായയാണ്. മലയാളിക്ക് അടിച്ചായ ഒരു ഇഷ്ട പാനീയം മാത്രമല്ല, അതൊരു വികാരമാണ്. മലയാളിയുടെ ഈ വികാരത്തെ തേടിപ്പിടിച്ചെത്തുന്നവര്‍ സ്വദേശി പൗരന്‍മാര്‍ മുതല്‍ പാക്കിസ്ഥാനികള്‍ വരെയാണ്.

സമോവര്‍ ചായ, മീറ്റര്‍ ചായ എന്നീ പേരുകള്‍ കൂടി അടിച്ചായക്കുണ്ട്. കോഫി ഷോപ്പുകളിലും റസ്റ്റോറന്‍റുകളിലും മുതല്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വരെ ചായ പ്രേമികള്‍ക്കായി അടിച്ചായ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ഇവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം നാടന്‍ രുചിയില്‍ ചെറു എണ്ണക്കടികളും ലഭിക്കും.

ശുദ്ധമായ പാല്‍ ഒഴിച്ചാണ് അടിച്ചായ ഉണ്ടാക്കുന്നത് എന്നതിനാല്‍ തന്നെ ആവശ്യക്കാര്‍ വര്‍ധിക്കുന്നു. നേരത്തെ കണ്ടന്‍സ്ഡ് പാല്‍ ചായ ആയിരുന്നു മിക്ക ചായക്കടകളിലും ലഭ്യമായിരുന്നതെങ്കില്‍ ഫ്രഷ് മില്‍ക് ചായയിലേക്ക് പരിണാമം ചെയ്യുകയാണിപ്പോള്‍. നൂറ് ബൈസ മാത്രമാണ് ഒരു ചായക്ക് ഭൂരിഭാഗം കടകളും ഈടാക്കുന്നത്. തണുപ്പ് കാലമായതിനാല്‍ ചായക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിനിടയില്‍ കരക്ക് ചായകള്‍ക്കും പത്തി ചായകള്‍ക്കും ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ടിന്നിലും പാക്കറ്റിലും എത്തുന്ന പാല്‍ കൊണ്ട് ഉണ്ടാക്കിയ ചായയെക്കാള്‍ ആരോഗ്യത്തിനു ഗുണകരമാണ് ശുദ്ധമായ പാൽ കൊണ്ടുള്ള ചായ എന്ന് ചായ പ്രേമികള്‍ കരുതുന്നു.

അടിച്ചായ ഉണ്ടാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ നാട്ടില്‍ നിന്ന് കൊണ്ടുവരികയാണ് ആളുകള്‍ ചെയ്യുന്നത്. സമോവറാണ് ഇതില്‍ പ്രധാനം. ചായ അരിക്കാനുള്ള തുണി അരിപ്പയും നാട്ടില്‍ നിന്ന് ആവശ്യത്തിന് കൊണ്ടുവരികയാണ് ചെയ്യുന്നത്. തനി നാടന്‍ ചായയുടെ രുചികിട്ടാന്‍ നാട്ടില്‍ പോയി വരുമ്പോള്‍ നാടന്‍ തേയിലപ്പൊടിയും കൂടെ കൊണ്ടുവരുന്ന കടക്കാരും ഏറെയാണ്.

ചായക്കൊപ്പം നാടന്‍ എണ്ണക്കടികളും സുലഭമായി ലഭിക്കും. പഴം പൊരിയും ഉള്ളിവടയുമാണ് പ്രധാന താരങ്ങള്‍. സമൂസ, കട്ടലറ്റ്, കിളിക്കൂട്, കായ്‌പോള, പഴം നിറച്ചത്. ഉന്നക്കായ, ഇല അട, സേമിയ അട, മീന്‍ അട, മീന്‍ പത്തല്‍, കാരറ്റ് പോള, കല്‍മാസ്, ബ്രഡ് സ്വീറ്റ്, കോഴി അട, പരിപ്പുവട, എലാഞ്ചി, ചിക്കന്‍ പെട്ടി, ബണ്‍ നിറച്ചു പൊരിച്ചത് തുടങ്ങി നിരവധി തരം എണ്ണക്കടികളാണ് വൈകുന്നേരം ആകുമ്പോഴേക്ക് റസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും ഒരുക്കുന്നത്.

English Summary:

Malayalee's tea is famous in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com