ADVERTISEMENT

ദുബായ് ∙ കുഞ്ഞുമനസിന്‍റെ അഭിലാഷത്തിന് സ്നേഹ മുദ്രചാർത്തി ദുബായ് എമിഗ്രേഷൻ വിഭാഗം. 10 വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിനാണ് ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി  സ്വപ്നസാക്ഷാത്കാരമുണ്ടായത്. കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥനായി ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരമാണ് ഒമറിന് ലഭിച്ചത്. 

വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന സമയങ്ങളിൽ ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം ഒമറിന് എമിഗ്രേഷൻ ഉദ്യോഗസ്ഥനായി ജോലി ചെയ്യണമെന്ന ആഗ്രഹം തോന്നിയിരുന്നു. ജനറൽ ഡയറക്ടറേറ്റ്  ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉദ്യോഗസ്ഥരുടെ  യൂണിഫോം അണിഞ്ഞ ഒമർ, അസാധാരണമായ ആത്മവിശ്വാസത്തോടെ തനിക്ക് ലഭിച്ച അവസരം വിനിയോഗിച്ചു. വിമാനത്താവളത്തിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാസ്‌പോർട്ട് കൗണ്ടറിലായിരുന്നു ഈ ബാലൻ  ഉദ്യോഗസ്ഥനായത്. തന്‍റെ പ്രായത്തിലുള്ള യാത്രക്കാരുമായി ഇടപെഴകുകയും അവരുടെ പാസ്‌പോർട്ടുകളിൽ സ്റ്റാംപ് ചെയുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ ഒരു എമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ നിർവഹിക്കുകയും ചെയ്തു.

ചെറിയ കുട്ടികൾക്ക് ദുബായ് വിമാനത്താവളത്തിലൂടെയുള്ള യാത്ര കൂടുതൽ രസകരവും വിജ്ഞാനപ്രദവുമാക്കുന്നതിന് കഴിഞ്ഞ വർഷമാണ് ജിഡിആർഎഫ്എ കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ ആരംഭിച്ചത്. എമിഗ്രേഷൻ കൗണ്ടറിൽ  ഉജ്വല പ്രകടനം കാഴ്ചവച്ച ഒമറിനെ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രശംസിച്ചു. ഭാവിയിൽ ഒമർ എമിഗ്രേഷൻ  ഉദ്യോഗസ്ഥരിൽ ഒരാളായേക്കാം എന്നും അദ്ദേഹം പ്രത്യാശിക്കുകയും ചെയ്തു. കുട്ടികളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും രാജ്യത്തെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് എമിഗ്രേഷൻ വിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Dubai: 10-Year-Old Emirati Fulfils Dream, Becomes Immigration Officer for a Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com