ADVERTISEMENT

ദുബായ് ∙ മലയാള സിനിമാ ഗാനരംഗത്തേക്ക് 'കാട്ടുകുറുഞ്ഞിപ്പൂവും ചൂടി' വന്ന രചയിതാവാണ് ആലപ്പുഴ സ്വദേശി ദേവദാസ് ചിങ്ങോലി. ഇൗ മേഖലയിലെ വമ്പന്മാർ വിലസിയിരുന്ന കാലത്ത് അവിടെ തനിക്കുമൊരിടം എന്നത് 'സ്വപ്നം, വെറുമൊരു സ്വപ്നം' മാത്രമാണെന്ന് കരുതിയിരുന്ന അദ്ദേഹം മലയാള സിനിമാ ഗാനാസ്വാദകരുടെ മനസ്സിലേക്ക് 'ചന്ദനത്തേരിലേറി' പ്രവേശിക്കുകയായിരുന്നു. 72 സിനിമകളിലെ 140ലേറെ ഗാനങ്ങളിലൂടെയും 300ലേറെ നാടക–റേഡിയോ– ഭക്തിഗാനങ്ങളിലൂടെയും 'അഴകായി വർണമലരായി' അദ്ദേഹം സൗരഭ്യം പകർന്നു.  ദുബായിൽ താമസിക്കുന്ന മകളെ കാണാനെത്തിയ ദേവദാസ്  ഗാനരചയിതാവെന്ന നിലയിലുള്ള തന്റെ ജീവിതത്തെക്കുറിച്ചും പുതിയ കാലത്തെ ഗാനങ്ങളെയും സംഗീതത്തെയും സിനിമയെയും കുറിച്ചുമുളള്ള തന്റെ കാഴ്ചപ്പാട് മനോരമ ഒാൺലൈനോട് പങ്കിടുന്നു.

ദേവദാസ് മകളോടൊപ്പം. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്
ദേവദാസ് മകളോടൊപ്പം. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ഗാനരചയിതാക്കുളുടെ പ്രാധാന്യം കുറഞ്ഞു
മലയാളത്തിലടക്കമുള്ള ഇന്ത്യൻ സിനിമകളിൽ ഇന്ന് ഗാനരചയിതാക്കളുടെ പ്രാധാന്യം കുറഞ്ഞതായി തോന്നുന്നു. പണ്ട് പാട്ടുകൾക്കൊപ്പം വരികളും ശ്രദ്ധിക്കപ്പെടുമായിരുന്നു. ഇന്ന് സിനിമകളിൽ പാട്ടുകൾ കുറവാണ്. ഉള്ളവ തന്നെ മുറിച്ച് മുറിച്ചാണ് ഉപയോഗിക്കുന്നത്. ഇന്നത്തെ സിനിമയ്ക്ക് അത്രയും മതിയെന്നും പുതുതലമുറയിലെ പ്രേക്ഷകർക്ക് പഴയ പോലെ ഒരു പാട്ട് പൂർണമായും കേൾക്കാനുള്ള ക്ഷമയില്ലെന്നുമാണ് അടുത്തിടെ ഒരു യുവ സംവിധായകൻ എന്നോട് പറഞ്ഞത്.

ഹിന്ദി, തമിഴ് സംഗീതരംഗത്തെ രീതികൾ സംവിധായകർ പിന്തുടർന്നിരുന്നതിനാൽ, ട്യൂണിനനുസരിച്ച് എഴുതാനാണ് അന്നെല്ലാവരും പറഞ്ഞിരുന്നത്. അതിൽ കുഴപ്പമുണ്ടെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. എന്റെ ഹിറ്റ് പാട്ടുകളായ കന്നിപ്പൂമാനം, നീ നിറയൂ ജീവനിൽ, സ്വപ്നം വെറുമൊരു സ്വപ്നം തുടങ്ങിയവയെല്ലാം അത്തരത്തിൽ ഉണ്ടാക്കിയവയാണ്. സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനും കൂടിയിരുന്ന് പാട്ടിന്റെ പശ്ചാത്തലം പറഞ്ഞുതരും. അതനുസരിച്ച് പെട്ടെന്ന് എഴുതിക്കൊടുക്കണം. നാടകത്തിലാണെങ്കിൽ റിഹേഴ്സലിനിടെ എവിടെയാണ് പാട്ടുവേണ്ടതെന്ന് പറഞ്ഞുതരും. ദേവരാജൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, എ.ടി.ഉമ്മർ, രഘുകുമാർ, ജെറി അമൽദേവ്, ആർ.സോമശേഖരൻ, സൂര്യനാരായണൻ എന്നിവരോടൊത്തെല്ലാം പ്രവർത്തിക്കാൻ സാധിച്ചു.

ദേവദാസ് ചിങ്ങോലി. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്
ദേവദാസ് ചിങ്ങോലി. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനും ഒന്നിച്ചിരുന്നാണ് വയലിനിസ്റ്റുകളും മറ്റും അണിനിരന്ന സ്റ്റുഡിയോയിൽ തത്സമയം പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. അന്നൊരു പാട്ട് ഒാക്കെയായാൽ പിന്നെ മാറ്റാനാവിമില്ല. ഇന്ന് അക്ഷരം പോലും മാറ്റാൻ സാധിക്കുന്നവിധം സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു. എങ്കിലും എല്ലാവർക്കും തിരക്കാണ്. തന്റെ പാട്ട് ആരാണ് പാടുന്നത് എന്ന് ഗാനരചയിതാവ് അറിയുന്നത് പോലും സിനിമ പുറത്തിറങ്ങിയ ശേഷമായിരിക്കും. അന്നത്തെ പാട്ടുകളുടെ ട്യൂൺ മാത്രം കേട്ടാൽ ആ പാട്ടേതാണെന്ന് തിരിച്ചറിയാം. എന്നാൽ, ഇന്നത്തെ പാട്ടിന് ആയുസ്സ് കുറവാണ്. സമൂഹമാധ്യമങ്ങളൊക്കെ ഉള്ളതുകൊണ്ടായിരിക്കാം, പെട്ടെന്ന് ഹിറ്റായി വൈകാതെ മാഞ്ഞുപോകുന്ന സ്ഥിതിവിശേഷണാണുള്ളത്. എങ്കിലും ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിൽ തന്റേതടക്കം പഴയപാട്ടുകൾ പുതിയ കുട്ടികൾ പാടുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. ആദ്യ കാലത്ത് ഒരു പാട്ടിന് 5,000 രൂപ വച്ച് പ്രതിഫലം കിട്ടിയിരുന്നു. അതോടൊപ്പം സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർ കഴിഞ്ഞാൽ  ഗാനരചയിതാവിന് എല്ലായിടത്തും പ്രാധാന്യം ലഭിച്ചു. ഇന്ന് എവിടെയെങ്കിലും ഗാനരചയിതാവിന്റെ പേര് കാണുക തന്നെ അപൂർവം.

∙കവിതകളുമായി ചെന്നു; കൊള്ളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു
സാഹിത്യ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നുള്ള ദേവദാസ് എന്ന കുട്ടി സ്കൂളിൽ പഠിക്കുമ്പോഴേ കവിതകൾ എഴുതുമായിരുന്നു. വീട്ടിൽ നിന്നോ നാട്ടുകാരിൽ നിന്നോ യാതൊരു പ്രോത്സാഹനം ലഭിക്കാത്ത കാലമാണത്. പല പ്രസിദ്ധീകരണങ്ങളിലേക്കും കവിതകൾ അയച്ചുകൊടുത്തപ്പോഴൊക്കെ പോയപോലെ തിരിച്ചുവന്നു. തുടർന്ന് കവിതകളുമായി പ്രസിദ്ധീകരണശാലകളിലേക്കു നേരിട്ട് ചെന്നു. കൊള്ളില്ലെന്ന് പറഞ്ഞു മിക്കവരും തിരിച്ചയച്ചു. ഒടുവിൽ, കൃഷ്ണസ്വാമി റെഡ്ഡ്യാർ എന്ന പത്രാധിപർ കവിതകൾ പ്രസിദ്ധീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡോ.രാധാകൃഷ്ണൻ നിർമിച്ച് 1979ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത രാധ എന്ന പെൺകുട്ടി എന്ന ചിത്രത്തിൽ ഗാനരചനയ്ക്ക് അവസരം നൽകി. പിന്നെയെല്ലാം ചരിത്രം.

ദേവദാസ് ചിങ്ങോലി വാണി ജയറാമിനോടൊപ്പം (ഫയൽ ചിത്രം). ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്
ദേവദാസ് ചിങ്ങോലി വാണി ജയറാമിനോടൊപ്പം (ഫയൽ ചിത്രം). ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙കാട്ടുകുറുഞ്ഞിപ്പൂവും ചൂടി വന്ന ഗാനരചയിതാവ്
രാധ എന്ന പെൺകുട്ടിയിലെ കാട്ടുകുറുഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ് എന്ന ഗാനമെഴുതിക്കൊണ്ടാണ് ദേവദാസ് സിനിമാ ഗാനരംഗത്ത് ചുവടുറപ്പിച്ചത്. കാട്ടുകുറുഞ്ഞിയടക്കം ആ സിനിമയിലെ അഞ്ച് പാട്ടുകളും ഹിറ്റായി. ജയചന്ദ്രൻ, എസ്.ജാനകി, വാണി ജയറാം എന്നിവരായിരുന്നു ആ പാട്ടുകൾ പാടിയത്. കാട്ടുകുറുഞ്ഞി ഒരുപ്രാവശ്യമെങ്കിലും മൂളാത്ത ആ തലമുറയിൽപ്പെട്ടവർ കുറവാണ്. പാട്ടുകൾ കേൾക്കാൻ ആകാശവാണിയെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് ഒരു പാട്ട് വൈറലാകുക ഏറെ പ്രയാസകരമായിരുന്നു.

പി.ഭാസ്കരന്റെ ഗാനങ്ങളോടാണ് ഏറ്റവും പ്രിയമെങ്കിലും ആദ്യകാലത്ത് നിറഞ്ഞുനിന്നിരുന്ന വയലാർ, ബിച്ചുതിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ പാട്ടുകളോടും ഏറെ മമതയുണ്ട്. മനസ്സ് മനസിൽ നിന്ന് എന്ന ഹിറ്റ് പാട്ടെഴുതിയ ഭരണിക്കാവ് ശിവകുമാർ, ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ രചിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഒട്ടേറെ ഹിറ്റുകളെഴുതിയ ബിച്ചു തിരുമല എന്നിവരുടെയും അടുത്ത തലമുറകളിലെ ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമദ്, അൻവർ അലി, ഹരിനാരായണൻ തുടങ്ങിയവരുടെ പാട്ടുകളും ശ്രദ്ധിക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഗാനമെഴുതുന്ന ബിച്ചു തിരുമല അദ്ഭുതമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും വേഗത്തിൽ ഗാനം കുറിക്കും. എങ്കിലും ഇവരിൽ നിന്നെല്ലാം മാറി തന്റേതായ ഒരു ശൈലി കൊണ്ടുവന്നതാണ് തന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണമെന്ന് ദേവദാസ് പറയുന്നു.

∙മാർക്കോസും ആലീസും ആദ്യമായി പാടിയപ്പോൾ
പ്രശസ്ത ഗായകരായ കെ.ജി.മാർക്കോസും ആലീസും ആദ്യമായി സിനിമയിൽ പാടിയത് ദേവദാസ് രചിച്ച വരികളാണ്. ജോൺസന്റെ സംഗീതത്തിൽ മാർക്കോസും ജെസിയും 'കേൾക്കാത്ത ശബ്ദം' എന്ന ചിത്രത്തിന് വേണ്ടി പാടിയ യുഗ്മഗാനം കന്നിപ്പൂമാനം കണ്ണും നട്ട് ഞാൻ നോക്കിയിരിക്കെ അന്നത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിത്തീർന്നു. യേശുദാസ്, എസ്.ജാനകി, പി.സുശീല, വാണിജയറാം, കെ.എസ്.ചിത്ര, സുനന്ദ എന്നിവരും ദേവദാസിന്റെ ഗാനങ്ങൾ ആലപിച്ചു.  ഒന്നും ഒന്നും പതിനൊന്ന് എന്ന ചിത്രത്തിന് വേണ്ടി ദേവദാസ് എഴുതിയ പൂവണിത്തേരിൽ പൂന്തെന്നൽ വന്നു എന്ന ഗാനമാണ് ആലീസിന്റെ ആദ്യ പാട്ട്.

∙സിനിമാ നിര്‍മാതാവിന്റെ റോളിൽ
അതങ്ങനെ സംഭവിച്ചതാണെന്നേ ദേവദാസ് പറയൂ. 1988 കാലം. സിനിമാക്കാരായ സുഹൃത്തുക്കൾ കൂടിയിരുന്നപ്പോഴുണ്ടായ ആശയമായിരുന്നു. രവിഗുപ്തൻ സംവിധാനം ചെയ്ത ഒന്നും ഒന്നും പതിനൊന്നിൽ രതീഷും സരിതയുമായിരുന്നു നായികാനായകന്മാർ. ചിത്രം തരക്കേടില്ലാതെ ഓടി. പക്ഷേ, അതിന് ശേഷം നിര്‍മാണരംഗത്ത് കൈവച്ചിട്ടിട്ടില്ല.

∙അംഗീകാരങ്ങളേറെ; പക്ഷേ...
നാടക ഗാനങ്ങൾക്ക് നൽകിയ സംഭാവനകൾ മാനിച്ച് 2018ൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ദേവദാസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയേറെ സിനിമാ ഗാനങ്ങൾ രചിച്ചിട്ടും അവയെല്ലാം മലയാളികള്‍ ഏറ്റെടുത്തിട്ടും സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കാത്തിലെ നിരാശ മറച്ചുവയ്ക്കുന്നില്ല. എങ്കിലും എ.പി.ഉദയഭാനു അവാർഡ്(2017), പത്തനാപുരം ഗാന്ധിഭവൻ പുരസ്കാരം, വി.സാംബശിവൻ പുരസ്കാരം, ഹരിപ്പാട് സാരംഗ് കൾചറൽ പോറത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

devadas3-gif
ദേവദാസ് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം.

∙നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗാനരംഗത്തേക്ക്
2016-ൽ അയാൾ എന്ന ചിത്രത്തിൽ മോഹൻസിതാരയുടെ സംഗീതത്തിന് കീഴിൽ അനുരാധ ശ്രീറാം പാടിയ വടക്കിനി പൂമുഖത്ത് എന്ന ഗാനമെഴുതി ആ മാന്ത്രിക തൂലിക താഴെ വച്ചതാണ് ദേവദാസ്. ഗാനരചനയിൽ നിന്ന് മനപ്പൂർവമല്ലായിരുന്നു ഇടവേള. പാട്ടിനായി ആരും തന്നെ സമീപിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എങ്കിലും അടുത്തകാലത്ത് രണ്ട് സിനിമകൾക്ക് വേണ്ടി എഴുതിയ ഗാനങ്ങൾ റെക്കോർഡ് ചെയ്തു. വിശ്വകർമ വിഭാഗത്തിന്റെ കഥ പറയുന്ന കർമാചാര്യ വൈകാതെ റിലീസാകും. മറ്റൊന്ന് പേരിടാത്ത ചിത്രം. 

∙പഴയ രീതിയിലേയ്ക്ക് തിരിച്ചുപോകും
സിനിമാ പാട്ടുകൾ കൂടാതെ, ആൽബങ്ങളും ഇതര ഭാഷാ ഗാനങ്ങളും വിദേശഗാനങ്ങളുമെല്ലാം ഞൊടിയിടയിൽ കേൾക്കാൻ അവസരമുള്ളതുകൊണ്ടായിരിക്കാം പുതുതലമുറയുടെ സംഗീത അഭിരുചിയിൽ കാര്യമായ മാറ്റമുണ്ടായത്. എങ്കിലും ഇന്ന് പരമ്പരാഗത ഭക്ഷണത്തിലേക്കു ന്യൂജൻ തിരിച്ചുപോകുന്നത് പോലെ, സംഗീതത്തിലും പഴയ രീതിയിലേക്കും കടന്നേക്കാമെന്ന് ഇദ്ദേഹം പ്രത്യാശിക്കുന്നു. ദേവദാസിന് ഗാനരചനയുടെ കൗശലമറിയാമെന്നാണ് പ്രശസ്ത ഗാനനിരൂപകൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ ഒരിക്കൽ അഭിപ്രായപ്പെട്ടത്. വീണ്ടും മലയാളത്തിന്റെ മണമുള്ള ഗാനങ്ങളുമായി സജീവമാകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഫോൺ നമ്പർ: +91 94467 87867 

English Summary:

Devdas, the Author of Hit Songs, is Gearing up for his Second Entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com