ADVERTISEMENT

അബുദാബി/റാസൽഖൈമ ∙ എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു. 

പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി - ഇന്ത്യ സെക്ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 ആയി വർധിക്കും.  പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽനിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്കു കൂടി യാത്ര ചെയ്യാം. ആഴ്ചയിൽ 7998 പേർക്ക് യാത്ര ചെയ്യാൻ അവസരമൊരുങ്ങും. നിലവിൽ 5776 പേർക്കാണ് അവസരം.

 ∙ റാസൽഖൈമ - കണ്ണൂർ ആഴ്ചയിൽ 3 സർവീസ്
റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് തുടക്കത്തിൽ ഉണ്ടാവുക. കണ്ണൂരിൽനിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും.
∙ റാസൽഖൈമ - ലക്നൗ ആഴ്ചയിൽ 3 സർവീസ്
റാസൽഖൈമയിൽ നിന്ന് മേയ് 2 മുതൽ ലക്നൗവിലേക്കും സർവീസുണ്ട്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ഇന്ത്യയിൽ എത്തും.
∙ കൊച്ചിയിലേക്ക് പ്രതിദിന സർവീസ്
അബുദാബിയിൽനിന്ന് ആഴ്ചയിൽ 6 സർവീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതൽ പ്രതിദിന സർവീസാക്കി. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.മുംബൈയിലേക്ക് 
∙ പ്രതിദിന സർവീസ്
ഈ മാസം 15 മുതൽ അബുദാബിയിൽനിന്ന് മുംബൈ സെക്ടറുകളിലേക്ക് പ്രതിദിന സർവീസാക്കി വർധിപ്പിച്ചു. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.
∙ കണ്ണൂരിലേക്ക് 4 അധിക സർവീസ്
മേയ് മുതൽ അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 4 അധിക സർവീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി  ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമുണ്ടായിരുന്ന സർവീസ് മേയ് മുതൽ പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 2 സർവീസുകളാകും. 

നവംബർ 1 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം അബുദാബി ടെർമിനൽ എയിൽ നിന്ന്. ചിത്രം. കടപ്പാട്: എയർ ഇന്ത്യ എക്സ്പ്രസ്
ചിത്രം കടപ്പാട്: എയർ ഇന്ത്യ എക്സ്പ്രസ്.

 ∙ പെരുന്നാൾ അവധി: എത്തുക 7 ലക്ഷം യാത്രക്കാർ; തിരക്കിലേക്ക് അബുദാബി സായിദ് വിമാനത്താവളം
അബുദാബി∙ പെരുന്നാൾ അവധി ദിവസങ്ങളിൽ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുക 7 ലക്ഷം യാത്രക്കാർ. 5 മുതൽ 14വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കേരളം ഉൾപ്പെടെ ലോകത്തിലെ 120 വിമാനത്താവളങ്ങളിലേക്ക് 4000 സർവീസുകളാണ് അബുദാബിയിൽ നിന്ന് ഈ ദിവസങ്ങളിലുണ്ടാവുക. ലണ്ടൻ, മുംബൈ, കൊച്ചി, ഡൽഹി, ദോഹ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരാണ് അബുദാബിയിൽ എത്തുന്നവരിൽ ഭൂരിപക്ഷവും.

ഈദ് അവധി ദിന യാത്രക്കാർക്ക് യുഎഇ സാംസ്കാരിക, പൈതൃക പരിപാടികൾ ആസ്വദിക്കാനും വിമാനത്താവളത്തിൽ അവസരമൊരുക്കി. യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നേടാനും അവസരമുണ്ട്. പുതിയ ടെർമിനൽ തുറന്ന് 60 ദിവസം പിന്നിട്ടപ്പോഴേക്കും 40.48 ലക്ഷം യാത്രക്കാർ വിമാനത്താവളം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.  10.21 ലക്ഷം പേർ രാജ്യത്തേക്ക് പ്രവേശിച്ചവരും 10.22 ലക്ഷം രാജ്യം വിട്ടവരുമാണ്. 20 ലക്ഷം  ട്രാൻസിറ്റ് യാത്രക്കാരായിരുന്നു.

English Summary:

Air India Express to commence Lucknow-Ras Al Khaimah service in May-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com