ADVERTISEMENT

അബുദാബി ∙ അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ ഭൗതിക ശരീരം കബറടക്കി. അബുദാബിയിലെ അൽ ബതീനിലുള്ള ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ നടന്ന പ്രാർഥനയ്ക്ക് യുഎഇ പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി.

സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും അൽ നഹ്യാൻ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രാർഥനയിൽ പങ്കെടുത്തു. അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിലായിരുന്നു ഷെയ്ഖ് തഹ്നൂനിന്‍റെ മയ്യിത്ത് കബറടക്കിയത്.

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ  ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടൊപ്പം. ഫയൽ ചിത്രം. Image Credit-WAM
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടൊപ്പം. ഫയൽ ചിത്രം. Image Credit-WAM

പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം ഇന്നലെ പുറത്തുവിട്ടത്. ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം ഔദ്യോഗിക ദുഃഖാചരണവും പ്രസിഡൻഷ്യൽ കോർട് പ്രഖ്യാപിച്ചിരുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനായും സുപ്രീം പെട്രോളിയം കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും ഷെയ്ഖ് തഹ്നൂൻ പ്രവർത്തിച്ചു. ദുബായിലേക്കും ഷാർജയിലേക്കുമുള്ള നഗരത്തിന്റെ ബന്ധം മെച്ചപ്പെടുത്തിയതിന് ശേഷം 2018 നവംബറിൽ അൽ ഐനിൽ നിന്ന് ദുബായിലേയ്ക്കുള്ള റോഡിന് ബഹുമാനാർഥം അദ്ദേഹത്തിന്റെ പേര് നൽകി. 

ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ മയ്യിത്ത് നമസ്കാരം. Image Credit:X/ADMediaOffice
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ മയ്യിത്ത് നമസ്കാരം. Image Credit:X/ADMediaOffice

യുഎഇയുടെ ആദ്യ പ്രസിഡന്റ്  അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അടുത്ത കൂട്ടാളിയായിരുന്നു ഷെയ്ഖ് തഹ്‌നൂൻ.   കിഴക്കൻ മേഖലയിലെ (ഇപ്പോൾ അൽ ഐൻ) ഭരണാധികാരിയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് തഹ്‌നൂൻ അൽ ഐനിന്റെയും അവിടത്തെ ജനങ്ങളുടെയും കാര്യങ്ങളിൽ നന്നായി ഇ‌ടപെട്ടു. ഷെയ്ഖ് സായിദ് പൂർണ വിശ്വാസമർപ്പിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. 1966 സെപ്റ്റംബർ 11ന് കൃഷി വകുപ്പിന്റെ ചെയർമാനും അൽ ഐൻ മുനിസിപ്പാലിറ്റിയുടെ ചെയർമാനുമായി ആദ്യമായി ഔദ്യോഗിക സ്ഥാനത്തേയ്ക്ക് നിയമിതനായി. 

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപിക്കുന്നതിൽ ഷെയ്ഖ് തഹ്നൂൻ നിർണായക പങ്ക് വഹിച്ചു. 1971 ഡിസംബർ 2-ന് യൂണിയൻ പ്രഖ്യാപനത്തിൽ കലാശിച്ച  പരിശ്രമങ്ങളിൽ ഷെയ്ഖ് സായിദുമായി ചേർന്ന് പ്രവർത്തിച്ചു. 1971 ജൂലൈ 1 മുതൽ അദ്ദേഹം മുനിസിപ്പാലിറ്റി, കൃഷി മന്ത്രിയായും അതേ വർഷം ഓഗസ്റ്റ് 9ന് അബുദാബി എമിറേറ്റിന്റെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായും നിയമിതനായി. 1972 ജൂലായ് 8ന് അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് അറബ് ഇക്കണോമിയുടെ (നിലവിൽ അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റ്) ഡയറക്ടർ ബോർഡ് അംഗമായും 1973ൽ നാഷനൽ ഓയിൽ കമ്പനി (അഡ് നോക്) അബുദാബിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.

English Summary:

President Sheikh Mohamed performs funeral prayers for Sheikh Tahnoon Bin Mohammed Al Nahyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com