ADVERTISEMENT

ഫുജൈറ ∙ ഫുജൈറ രാജ്യാന്തര വിമാനത്താവള (എഫ്ഐഎ)ത്തിൽ നിന്ന് ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഏതെല്ലാം കേന്ദ്രങ്ങളിലേക്കാണ് സർവീസ് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് വേണ്ടി കേരളത്തിലേക്ക് സർവീസ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ദുബായിൽ നിന്ന് ഒരുമണിക്കൂർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന എമിറേറ്റാണ് ഫുജൈറ എന്നതിനാൽ ഇത് ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും. എന്നാൽ, കൃത്യമായ തിയതി ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും വൈകാതെ സർവീസ് തുടങ്ങുമെന്നും എഫ്ഐഎയിലെ ബിസിനസ് ഡവലപ്‌മെൻ്റ് മാനേജർ മാർക് ഗോവേന്ദർ പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റി(എടിഎം)ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ജൂലൈ 11ന് ഈജിപ്ത് എയർ ഫുജൈറയിലേക്ക് സർവീസ് ആരംഭിക്കും. ഒരു ഇന്ത്യൻ എയർലൈനുമായി അന്തിമ ചർച്ചയിലാണ്. മറ്റ് എയർലൈനുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുജൈറ വിമാനത്താവളത്തിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം നേട്ടങ്ങളാണ്. 2023 ജൂണിൽ ഒമാൻ ആസ്ഥാനമായുള്ള സലാം എയർ ഫുജൈറയിലേക്ക് പ്രതിവാര സർവീസുകൾ ആരംഭിക്കുകയും വളരെ വിജയകരമാകുകയും ചെയ്തു. കൂടാതെ, ആഴ്ചയിൽ രണ്ട് വിമാനങ്ങൾ മസ്‌കത്തിലേക്കും പറക്കുന്നു.  ശരത്കാല സീസണിൽ സലാം എയർ എഫ്ഐഎയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനങ്ങളും പറത്തി. വിനോദസഞ്ചാര സീസണിൽ സലാലയിലെത്താനുള്ള ചെലവ് കുറഞ്ഞ മാർഗമായിരുന്നു ഇത്. യുഎഇ നിവാസികൾക്കിടയിലും ഇവ വളരെ ജനപ്രിയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Daily Flight Service from Fujairah International Airport to Countries Including India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com