ADVERTISEMENT

ഹൂസ്റ്റണ്‍∙ ഇസ്രയേൽ – പലസ്തീൻ സംഘർഷം യുഎസ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗാസയില്‍ ഇസ്രയേൽ യുദ്ധം ചെയ്യുന്ന രീതിയെക്കുറിച്ച് ആഴ്ചകളായി പ്രസിഡന്‍റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറെ ആശങ്കാകുലരാണ്. പുതിയ വെടിനിര്‍ത്തല്‍ പ്രമേയം സുരക്ഷാ കൗണ്‍സിലിലൂടെ അനുവദിക്കാനുള്ള തീരുമാനം യുഎസ് ശക്തമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇസ്രയേലിന്‍റെ നയതന്ത്ര പരിരക്ഷ നീക്കം ചെയ്യുന്നത് ഒരു സുപ്രധാന ഘട്ടമാണ്. വൈറ്റ് ഹൗസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മില്‍ ഉടലെടുത്ത ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്. 

പ്രധാനമന്ത്രി നെതന്യാഹു ഇസ്രയേലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിക്കെതിരേ മയമില്ലാതെയാണ് പ്രതികരിച്ചത്. വീറ്റോ ഉപയോഗിക്കേണ്ടതില്ലെന്ന യുഎസ് തീരുമാനത്തെ അദ്ദേഹം അപലപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള യുദ്ധ ശ്രമങ്ങളെയും ഇത് ദോഷകരമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു. 

ഇസ്രയേൽ ജനതയ്ക്ക് വൈകാരിക പിന്തുണയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ അവർക്ക് ആവശ്യമായ  സൈനിക, നയതന്ത്ര സഹായങ്ങളും യുഎസ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 7 മുതല്‍ ആറ് തവണ ഇസ്രയേൽ സന്ദര്‍ശിച്ച പ്രസിഡന്‍റ് ബൈഡനും അദ്ദേഹത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത ഉള്‍പ്പെടുന്ന രാജ്യാന്തര മാനുഷിക നിയമങ്ങളെ ബഹുമാനിക്കാന്‍ ഇസ്രയേലിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 

റമസാന്‍ മാസം വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യേണ്ടതില്ലെന്ന തീരുമാനം ഇസ്രയേലിന്‍റെ നടപടികളെ പിന്തുണയ്ക്കുന്നതായുള്ള ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള അമേരിക്കക്കാരുടെ ശ്രമം കൂടിയാണ്. പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനുള്ള ബൈഡന്‍ ഭരണക്കൂടത്തി ന്റെ പദ്ധതികള്‍ പ്രധാനമന്ത്രി നെതന്യാഹു നിരസിച്ചിരുന്നു. രാജ്യാന്തര സമ്മര്‍ദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇസ്രയേലിന്‍റെ ആത്മവിശ്വാസത്തിന് പരിധിയുണ്ടെന്ന് തെളിയിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ സാധാരണയായി രാജ്യാന്തര നിയമത്തിന്‍റെ ശക്തിയുള്ളതായി കണക്കാക്കപ്പെടുന്നു. 

പ്രമേയം അവഗണിച്ചാൽ അമേരിക്ക ഇസ്രയേലിനെതിരെ നീക്കം നടത്തിയേക്കും.  ഇസ്രയേലിലേക്കുള്ള ആയുധ വിതരണം നിയന്ത്രിക്കുന്നതിനായിരിക്കും അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് സൂചന. യുഎസ്-ഇസ്രയേൽ സഖ്യം ആഴത്തിലുള്ളതാണ്. 1948 ല്‍  ഇസ്രയേലിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 11 മിനിറ്റിനുള്ളിൽ പ്രസിഡന്‍റ് ഹാരി ട്രൂമാന്‍ രാജ്യത്തെ  അംഗീകരിച്ചതോടെ തുടങ്ങിയ ബന്ധമാണത്. 

English Summary:

Israel-US relations show signs of rift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com