ADVERTISEMENT

ഉഷ്ട്രാസനം ചെയ്യുന്ന വിധം
മുട്ടുകുത്തി നിവർന്നു നിൽക്കുക. മുട്ടിനു താഴോട്ടുള്ള ഭാഗവും കാൽപ്പാദങ്ങളും തറയിൽ പതിച്ചു വയ്ക്കുക. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കാൽപ്പാദങ്ങൾ തമ്മിലുള്ള അകലവും രണ്ടരയിടയോളം വേണം. അതിനുശേഷം ശ്വാസം എടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് ഇരു കൈകൾകൊണ്ടും അതതു വശത്തെ കാലുകളുടെ ഉപ്പൂറ്റിയിൽ പിടിക്കുക. പിന്നീട് നടു മുന്നോട്ടു തള്ളി തല പുറകോട്ടു വളച്ചു പിടിച്ച് ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്ര‍ാപിക്കുക. ഇതുപോലെ ഒന്നോ രണ്ടോ തവണ കൂട‍ി ചെയ്യേണ്ടതാണ്. 

yoga-for-beginners-yamini-sharma-ushtrasanam
Photo Credit : Yoga for beginners by Yamini Sharma Series / Manorama Online Health

ഗുണങ്ങൾ
ശരീരത്തിലെ സകല ഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം സഹായിക്കുന്നു. ഉദരഭാഗത്തെ ദുർമേദസിനെ ഇളക്കികളയുന്നു. സ്ത്രീകൾക്കുള്ള പല പ്രശ്നങ്ങളും പരിഹരിക്കപ്പെട‍ുന്നു. സുഷുമ്നാനാഡിക്കു ശരിയായ പ്രവർത്തനം കിട്ടുന്നു. വാതസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമാണ് ഈ ആസനം. പുറത്തെയും കഴുത്തിലെയും പേശികൾ ശക്തങ്ങളാകുന്നു. 

വിഡിയോ 

പെൺകുട്ടികൾക്ക് ഏതു പ്രായത്തിൽ യോഗ തുടങ്ങാം?
സാധാരണ നിലയിൽ പത്തു വയസ്സിനുശേഷം പെൺകുട്ടികൾക്കു യോഗ തുടങ്ങുന്നതിനു പറ്റിയ സമയമാണ്. അതുപോലെ തന്നെ ആൺകുട്ടികൾക്കും. ഏതു കാര്യങ്ങളും ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതാണ് നല്ലത്. ചൊട്ടയിലേ ശീലം ചുടലവരെ എന്നൊരു പഴഞ്ചെ‍ാല്ലു കൂടിയുണ്ടല്ലോ. ഇവരുടെ വളർച്ചയുടെ ഘട്ടങ്ങളും വ്യക്തിത്വ വികസനങ്ങളും നടക്കുന്ന കാലഘട്ടമാണിത്. ഈ പ്രായത്തിൽ പഠനത്ത‍ാടൊപ്പം ആരോഗ്യപരമായ കാര്യങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിച്ചുവിട്ടാൽ വളരെ നന്നായിരിക്കും. ജീവിതമാകുന്ന വഴിയാത്രയുടെ തുടക്കത്തിന്റെ കരുത്ത‍ാണ് മനുഷ്യന് അവന്റെ അവസാന ശ്വാസം വരെയും തണലേകുന്നത്. വ്യക്തിത്വരൂപീകരണങ്ങളും പലപല ശീലങ്ങളും ജീവിതത്തിൽ കടന്നുകൂടുന്നതും ആ ഇളം പ്രായത്തിലാണ്. രോഗങ്ങൾ വന്നുപെടുകയും രോഗങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യുന്ന കാലഘട്ടംകൂടിയാണ് ഈ പ്രായം. ഇന്നത്തെ കൂട്ടികളാണ് നാളത്തെ മുത‍ിർന്നവർ. കുട്ടികളുടെ ആരോഗ്യമാണ് നാളെയുടെ ആരോഗ്യം. അവരുടെ ആരോഗ്യവും ജീവിതനിലവാരവുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ സമ്പത്ത്. 

ഭാവിയിൽ തങ്ങളുടെ കുട്ടികൾ ഡോക്ടറാകാനും എൻജിനീയറാകാനും ശ‍ാസ്ത്രജ്ഞനാകാനും കലക്ടറാകാനും സ്വപ്നം കാണുന്ന മാതാപിതാക്കൾ ക‍ുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ യാതൊരു തരത്തിലുമുള്ള ശ്രദ്ധയും കൊടുക്കാറില്ലെന്നതാണു സത്യം. ചില മാതാപിതാക്കൾക്ക് അവരുടേതായ ചില ചട്ടക്കൂടുകളുണ്ട്. ആ ചട്ടക്കൂട്ടിൽ തങ്ങളുടെ കുട്ടികളെ ഒതുക്കാൻ നോക്കാറുമുണ്ട്. അത് കുട്ടികളുടെ വ്യക്തിത്വത്തെ തളർത്താനേ സഹായിക്കുകയുള്ളൂ. ഇവിടെ മാതാപിതാക്കളുടെ സ്വപ്നങ്ങൾക്കു കുട്ടികൾ ഒരു ഇരയാകുകയ‍ാണു ചെയ്യുന്നത്. കുട്ടികളുടെ പല കഴിവുകളെയും വികസിപ്പിച്ചെടുക്കുന്നതിനു പകരം മാതാപിതാക്കളുടെ പല വികൃതികളും കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണു ചെയ്യുന്നത്. നമ്മുടെയെല്ലാം ധാരണ കുട്ടികൾ പൊതുവേ ആരോഗ്യവാന്മാര‍ാണെന്നാണ്. അതു പണ്ടത്തെ കാലമായിരുന്നു. ആ കാലമെല്ലാം പോയി ഇന്നു കുട്ടികളിൽ പകുതിപേർക്കും രോഗങ്ങൾ മാറിയിട്ടു നേരമില്ല. പോഷകാഹാരക്കുറവ്, ദന്തരോഗങ്ങൾ, കാഴ്ചക്കുറവ്, കോൾവിക്കുറവ്, ആസ്മ, ദഹനക്കോട്, പഠനവൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ‌, പ്രതിരോധശേഷിക്കുറവ്, കായികശേഷിക്കുറവ്, അപകർഷതാബോധം ഇങ്ങനെ ഒട്ടുമിക്ക രോഗങ്ങൾ ക്കും ഇന്നത്തെ കുട്ടികൾ അടിമകളാണ്.  ഇതിൽനിന്നെല്ലാം മുക്തിനേടുന്നതിനും ആരോഗ്യമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും ഉടമയായിത്തീരുന്നതിനും നിഷ്ഠയായയോഗയും ചിട്ടയായ ഭക്ഷണക്രമവും അനിവാര്യമാണ്. 

(വിവരങ്ങൾ : യോഗാചാര്യ എം. ആർ. ബാലചന്ദ്രൻ)

English Summary:

Health benefits of Ustrasana (Camel Pose)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com