ADVERTISEMENT

മുത്തച്ഛൻ/അച്ഛൻ/അമ്മ പണിത വീട്ടിൽ ഒരു മാറ്റവും വരുത്താതെ, അതേപടി നിലനിർത്തി ഇന്നും താമസിക്കുന്നവർ എത്രപേരുണ്ടാകും? മുൻഭാഗം എടുപ്പുള്ളതാക്കി, ചില ഭിത്തികൾ പൊളിച്ച്, അകം വിസ്താരം കൂട്ടി, ചില ബാത്റൂമുകൾ ബെഡ്റൂമുകളോട് ചേർത്ത് ചിലത് കോമൺ ബാത്റൂമായി പണിത്...അങ്ങനെയുള്ള മാറ്റങ്ങളൊന്നുമില്ലാതെ പഴയ വീട്ടിൽ അതേപടി താമസിക്കുന്നവർ എത്ര പേരുണ്ടാകും?

വളരെ കുറച്ചേ കാണൂ. കാരണം ?

പഴയവീടുകളെ അതേപടി ഉൾക്കൊള്ളാൻ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നമ്മെ അനുവദിക്കാറില്ല. അടുക്കള അതിവേഗം പഴയതാവുന്നു. ബെഡ്റൂമിന് ആവശ്യത്തിന് വലുപ്പമില്ലാതാവുന്നു. സിറ്റൗട്ട് ഭംഗിയില്ല. വർക്ക് ഏരിയ ഇല്ല. ഡൈനിങ് തീരെ ചെറുതാണ്. ലിവിങ് വലുപ്പമുള്ളതെങ്കിലും ആളുകൾക്കിരിക്കാൻ ഏറെ പ്രയാസം. ടിവി ഉറപ്പിക്കാൻ അനുയോജ്യമായ ഭിത്തിയില്ല. അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ പഴയവീടുകളിൽ നാം അഭിമുഖീകരിക്കും. ഏറ്റവും പുതിയ നിർമ്മാണ /ജീവിത സങ്കൽപങ്ങളുമായി പഴയ ഒരു വീടും മുഖാമുഖം നിന്ന് സംവദിക്കാറില്ല.

അങ്ങനെയാണ് വീട് പഴയതാവുന്നത്. പിതാമഹൻമാരോട് എത്ര വൈകാരികത നിലനിർത്തുന്ന ആൾക്കും അത്തരം പഴയ വീടുകളെ ഒരു പരിധിവരെ മാത്രമേ ഉൾക്കൊള്ളാനാവൂ. നീണ്ട ആലോചനകൾ ഇതുമായി ബന്ധപ്പെട്ട് നടത്താറുണ്ട് പലരും. പരമാവധി പഴയ വീടിനെ നിറമടിച്ച് നിലനിർത്താൻ ശ്രമിക്കുമെങ്കിലും ഒരുദിനം നാമത് തീരുമാനിക്കും. പുതുക്കാൻ അല്ലെങ്കിൽ പൊളിക്കാൻ.

ആ സമയം രണ്ട് ഉപദേശങ്ങൾ വരും.

ഒന്ന് : പഴയ വീട് വാടകയ്ക്ക് കൊടുത്ത് പുതിയതൊന്ന് പണിയാം.

രണ്ട് : പഴയത് പുതുക്കി ഇവിടെത്തന്നെ താമസിക്കാം.

രണ്ട് വാദവും ശരിയാണ്.

വീട് വയ്ക്കാൻ പറ്റിയ മറ്റൊരു സ്ഥലം സ്വന്തമായുണ്ടെങ്കിൽ ആദ്യത്തെ ഉപദേശം നല്ലതാണ്. ഈയൊരു പഴയ വീടും സ്ഥലവും മാത്രമേ സ്വന്തമായുള്ളുവെങ്കിൽ പുതുക്കുന്നതായിരിക്കും ബുദ്ധി.

അപ്പോൾ വീണ്ടും ഉപദേശം വരും

ഒന്ന്: പഴയത് പൂർണ്ണമായും പൊളിച്ച് പകരം പുതിയത് പണിയുക.

രണ്ട് : പൊളിക്കാതെ ചില മാറ്റങ്ങൾ മാത്രം വരുത്തി അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഉൾപ്പെടുത്തി ചെറുതായിട്ടൊന്ന് ആധുനീകരിക്കുക.

രണ്ട് ഉപദേശത്തിനും നല്ലവശവും ചീത്ത വശവുമുണ്ട്. പഴയ വീടിന്റെ തകരാറുകളും അസൗകര്യങ്ങളും കണ്ടെത്തിയാൽ തീരുമാനം എളുപ്പമാവും. മൊത്തത്തിൽ പൊളിക്കാൻ കാരണങ്ങൾ പ്രത്യേകമായി ഉണ്ടെങ്കിൽ; അതായത് ഭിത്തികൾ ബലക്ഷയം വന്നു ഫൗണ്ടേഷൻ അത്രകണ്ട് ബലമുള്ളതല്ല, അകത്തുള്ള മാറ്റങ്ങൾ അസാധ്യമാകും വിധമാണ് പഴയ ഭിത്തികൾ നിലനിൽക്കുന്നത്, കോൺക്രീറ്റ് പൊട്ടിപൊളിഞ്ഞ് അപകടത്തിലാണ് എന്നൊക്കെയാണ് വീടിന്റെ ആരോഗ്യസ്ഥിതിയെങ്കിൽ മുഴുവനായി പൊളിച്ച് പകരം മറ്റൊന്നു പണിയുക തന്നെയാണ് ഉചിതം.

മേൽവിവരിച്ച അവസ്ഥകളൊന്നുമില്ലെങ്കിൽ വീട് എന്തിന് മുഴുവനായി പൊളിക്കണം? ചില ഭിത്തികൾ മാത്രം പൊളിച്ച്, ചില ഭാഗങ്ങൾ പുതുതായി ചേർത്ത് പുതുക്കി പണിയുന്നതാണ് ലാഭകരം. ആവശ്യങ്ങൾ ചെറുതാണ് കുറഞ്ഞ മാറ്റങ്ങളാണ് ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ കുറച്ച് ഭാഗങ്ങൾ മാത്രം പൊളിച്ച് പുറംഭിത്തികൾ അതേപടി നിലനിർത്താം. റൂഫ് സ്ലാബ് പഴയത് മതി. ഒന്നോ രണ്ടോ മുറികൾ മാത്രം പുതുതായി നിർമ്മിച്ചാൽ മതിയാകും. പക്ഷേ പൊളിക്കുന്നതിന്റെയും പഴയ നിർമ്മിതികളുമായി പുതിയ ഭാഗങ്ങൾ കൂട്ടി ചേർക്കുന്നതിന്റെയും ചെലവ് പ്രധാന വിഷയമാണെങ്കിലും ആകെത്തുക നോക്കിയാൽ ലാഭകരമായിരിക്കും.

എന്തായാലും എങ്ങനെയായാലും പഴയ വീടുകൾ മുഴുവനായോ ഭാഗികമായോ പൊളിക്കേണ്ടിവരുമെന്നർത്ഥം. പകരം പുതിയത് അല്ലെങ്കിൽ രൂപമാറ്റം ഇതിലേതെങ്കിലും ചെയ്യേണ്ടിവരുമെന്നത് തീർച്ചാണ്. ഓരോ വീടും അതാതിന്റെ നിർമ്മാണ കാലത്തെ പ്രതിനിധീകരിക്കുന്നവയായതുകൊണ്ടുതന്നെ പുതിയ ആവശ്യങ്ങളെയോ കാഴ്ചയേയോ തൃപ്തിപ്പെടുത്തുന്നവയായിരിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഓരോ വീടും നാളെ അല്ലെങ്കിൽ മറ്റന്നാൾ പൊളിച്ച് പണിയേണ്ടി വരുക തന്നെ ചെയ്യും.

അതായത് എന്റെ മകനോ പേരക്കിടാവിനോ വേണ്ടി ഞാനൊരു മഹാവീട് ഇപ്പഴേ പണിത് അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നർഥം.. പുതിയ തലമുറയുടെ വീടിനെ പറ്റിയുള്ള സങ്കൽപങ്ങൾ പഴയ തലമുറയിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.  ആയതിനാൽ മക്കൾക്ക് താമസിക്കാൻ വേണ്ടി ശരീരം വിയർത്ത് സ്വജീവൻ ബലിയർപ്പിച്ച് ഇപ്പഴേ വമ്പനൊരു വീട് പണികഴിപ്പിക്കേണ്ടതുമില്ല.

English Summary- Never Build House for Next Generation- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com