ADVERTISEMENT

വേനൽ ക്ഷീരമേഖലയ്ക്ക് വെല്ലുവിളികളുടെ കാലമാണ്. നാടൻ പശുക്കൾ ഒരു പരിധിവരെ പിടിച്ചു നിൽക്കുമെങ്കിലും. അത്യുൽപ്പാദന ശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. ശരീരസമ്മർദമേറുമ്പോൾ രോഗങ്ങൾക്കും സാധ്യതയേറെ. ഒപ്പം പച്ചപുല്ലിനും വെള്ളത്തിനുമുള്ള ദൗർലഭ്യവും ക്ഷീരകർഷകനെ വലയ്ക്കും. പാലുൽപ്പാദനം കുറയാതിരിക്കണമെങ്കിൽ വേനൽക്കാലത്തെ പശുപരിപാലനത്തിൽ പ്രത്യേക കരുതൽ പ്രധാനമാണ്.

വേണം വേനൽസൗഹൃദ തൊഴുത്തുകൾ

ഉഷ്ണസമ്മര്‍ദം  ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക്  3.5 മീറ്റര്‍ ഉയരവും വശങ്ങളില്‍  3 മീറ്ററും  കുറഞ്ഞ ഉയരം പ്രധാനമാണ്. തൊഴുത്തിനുള്ളില്‍ ചൂടിനെ ക്രമീകരിച്ച് നിര്‍ത്താന്‍ ഇരട്ട റൂഫിങ്ങ് (ഡബിള്‍ റൂഫിങ്) സംവിധാനം ഏറെ സഹായിക്കും. വശങ്ങളിലെ ഭിത്തികളുടെ  ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്റെ പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി  വായുസഞ്ചാരം എളുപ്പമാക്കണം. ഒപ്പം തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും  ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവർത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാവുന്നതാണ്. തൊഴുത്തിന്റെ കോണ്‍ക്രീറ്റ് തറ ചൂട് പിടിക്കുന്നതുമൂലം പശുക്കള്‍ തറയില്‍ കിടക്കാന്‍ മടിക്കും. മാത്രമല്ല ചൂടുപിടിച്ച തറ അകിടിന്റെ  ആരോഗ്യത്തെയും ബാധിക്കും. പശുക്കളുടെ കിടപ്പും വിശ്രമവും കുറഞ്ഞാൽ പാലുൽപാദനവും ആനുപാതികമായി കുറയും എന്ന കാര്യം ഓർക്കണം. ഇതൊഴിവാക്കാന്‍ വേനല്‍ കനക്കും മുന്‍പ് തറയില്‍ റബര്‍ മാറ്റുകള്‍ വാങ്ങി വിരിക്കണം.

പശുക്കളെ പാടത്ത് കെട്ടി പോവരുതേ...

കടുത്ത വേനലില്‍ പശുക്കൾക്കും സൂര്യതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11നും 3നും ഇടയിലുള്ള സമയത്ത്  പശുക്കളെ തുറസ്സായ  സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ആസ്‌ബെസ്‌റ്റൊസ് ഷീറ്റ് കൊണ്ട് മേഞ്ഞ  ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള  ദീർഘ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. കിതപ്പ്, തളര്‍ന്നു വീഴല്‍, വായില്‍നിന്ന് നുരയും പതയും, പൊള്ളലേറ്റ പാട് തുടങ്ങി സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ധാരാളം കുടിവെള്ളം നല്‍കുകയും വേണം. 

വെള്ളവും തീറ്റയും കരുതലോടെ

നിര്‍ജലീകരണം തടയാനും, പാല്‍ ഉൽപാദനനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. സാധാരണനിലയില്‍ 60-70 ലീറ്റര്‍ വെള്ളമാണ് പശുക്കള്‍ക്ക് ദിനേന ആവശ്യമുള്ളത്, എന്നാല്‍ വേനലില്‍  ഇത് ഇരട്ടിയാവും. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും  കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ   വെള്ളടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. 

പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലിൽ കുറയുന്നതിനാൽ നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിതീറ്റയും വൈക്കോലും നൽകുന്നത്  ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി  ക്രമീകരിക്കണം.പകല്‍  ധാരാളം ജലാംശം അടങ്ങിയ നല്ലയിനം പച്ചപ്പുല്ലും  അസോള പോലുള്ള ഇലതീറ്റകളും നല്‍കണം. വാഴയുടെ അവശിഷ്ടങ്ങള്‍, കമുകിന്‍ പാള, ഈര്‍ക്കില്‍ മാറ്റിയ പച്ച തെങ്ങോല, പീലിവാക, അഗത്തി, ശീമക്കൊന്ന തുടങ്ങിയ പ്രാദേശികമായി ലഭ്യമായ വൃക്ഷവിളകള്‍, മറ്റു പച്ചിലകള്‍തുടങ്ങിയ ജലാംശം കൂടിയ വിഭവങ്ങള്‍ തീറ്റയില്‍ ചേര്‍ക്കാം. 

പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്തത പരിഹരിക്കാൻ  ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം. വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ്  അടങ്ങിയ പ്രോബയോട്ടിക്കുകളും  തീറ്റയിൽ നൽകണം. അത്യുൽപാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തണം. 

അധിക സാന്ദ്രീകൃത തീറ്റനൽകുന്നതും അണപ്പിലൂടെ  ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നതും കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന  അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), മഗ്നീഷ്യം ഓക്സൈഡ് എന്നിവയുടെ മിശ്രിതം 3:1 എന്ന അനുപാതത്തില്‍ ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 15 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം.  ആമാശയത്തിലെ അമ്ല, ക്ഷാര നിലയെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന റൂമന്‍ ബഫറുകളും ഇതിനായി (ബുഫസോണ്‍, അസിബഫ്, ഹിമാലയന്‍ ബാറ്റിസ്റ്റ്, കാറ്റബഫ്  തുടങ്ങിയവ) പ്രയോജനപ്പെടുത്താം.

വേനൽക്കാല വന്ധ്യത തടയാൻ

ഉയര്‍ന്ന താപനില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നത് കാരണം പശുക്കളുടെ പ്രത്യുൽപാദന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയുണ്ട്.  വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ  അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ  കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ  ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍  കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. ശരീരസമ്മര്‍ദം  കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും  ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഫാം റജിസ്റ്ററുകൾ  കൃത്യമായി  രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്തുവച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം അര മണിക്കൂർ പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.

വേനൽക്കാലത്തെ ആരോഗ്യം

രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ  കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ  രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. അകിടുവീക്കം, കുരലടപ്പൻ  രോഗങ്ങളും വേനലിൽ കൂടുതലായി കാണുന്നു. ശരീരസമ്മർദം  കാരണം  പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍,  തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, അധിക കിതപ്പ് മൂത്രത്തിന്റെ നിറം രക്തവർണമാകല്‍  തുടങ്ങിയ അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുൽപാദനം അല്‍പം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ്  വേനലില്‍  മുഖ്യ പരിഗണന വേണ്ടത്.

ചൂട് കുറയ്ക്കാൻ തൊഴുത്തിനു മുകളിൽ സ്പ്രിംഗ്ലർ ഘടിപ്പിച്ച ഒരു ഫാമിന്റെ പ്രവർത്തനവിശേഷങ്ങൾ കാണാം.

English summary: Summer management for dairy animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com