ADVERTISEMENT

ആലപ്പുഴ മുട്ടാർ മുളവനക്കരിപ്പാടത്ത് കൃഷിയിറക്കുന്ന ഒരു കൂട്ടം കർഷകരുണ്ട്. കഴിയുമെങ്കില്‍ നിങ്ങള്‍ അവിടെ പോയി കര്‍ഷകരെ അഭിനന്ദിക്കണം. എന്തിനെന്നല്ലേ? രാസകീടനാശിനി ഇല്ലാതെ കുട്ടനാട്ടിൽ നെൽകൃഷി ആദായകരമായി നടത്താമെന്നു തെളിയിച്ചതിന്. ഒരു തവണയല്ല, 25 വർഷത്തിലേറെയായി മുള വനക്കരിയിൽ വിഷം തൊടാത്ത കൃഷിയാണ്.  

കുട്ടനാട്ടിലെ നെൽകൃഷിയും ഹൈറേഞ്ചിലെ എലക്കൃഷിയും രാസകീടനാശിനി പ്രയോഗമില്ലാതെ സാധ്യമല്ലെന്നാണ് മലയാളിയുടെ പൊതുബോധം. അതു ബഹളങ്ങളില്ലാതെ പൊളിക്കുകയാണ് മുളവനക്കരിയിലെ കര്‍ഷകര്‍.

paddy-1
മുളവനക്കരി പാടശേഖര സമിതി പ്രസിഡന്റ് ഷാജി അലക്സ്, സെക്രട്ടറി പി.എ.തോമസ്, കൃഷിക്കാരായ ബിനോയി, മഞ്ജു എന്നിവർ

മുളവനക്കരി 85 ഏക്കർ വിസ്തൃതിയും 40 കൃഷിക്കാരുമുള്ള കൊച്ചു പാടശേഖരമാണ്. 10 ഏക്കറുകാർ മുതൽ 10 സെന്റുകാർവരെ ഇക്കൂട്ടത്തിലുണ്ടെങ്കിലും പാട്ടക്കൃഷിക്കാരില്ല. എല്ലാവരും നിലമുടമകളായതു കൊണ്ടുതന്നെ മണ്ണിന്റെ ആരോഗ്യം കളയരുതെന്നു നിര്‍ബന്ധം. ശ്രാമ്പിക്കൽ പുത്തൻപുരയിൽ തോമസാണ് വിഷം തളിക്കാതെയുള്ള  കൃഷിക്കു  തുടക്കമിട്ടത്. അദ്ദേഹത്തിനു പ്രേരണയായത് മങ്കൊമ്പ് ഗവേഷണകേന്ദ്രത്തോടു ചേർന്നുള്ള കീടനിരീക്ഷണ പ്രോജക്ടിൽ ഓഫിസറായിരുന്ന സിബി നീണ്ടി‌ശേരിയുടെ ഉപദേശവും. ‘‘നിങ്ങൾ ആദ്യത്തെ 50 ദിവസം വിഷം തളിക്കാതെ പിടിച്ചു നിൽക്കണം. അപ്പോഴേക്കും പാടത്ത് ചിലന്തികള്‍ വല നെയ്തിരിക്കും. പിന്നെ ഒരു കീടവും നെല്ലിനെ ആക്രമിക്കില്ല’’, സിബി പറഞ്ഞു. ഒരു ചിലന്തി ഒരു ദിവസം ശരാശരി 1000 മുഞ്ഞയെ തിന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതു തോമസിന്റെ മനസ്സിൽ തങ്ങി. അടുത്ത കൃഷി തുടങ്ങിയപ്പോൾ ഇതു പരീക്ഷിച്ചു. മറ്റെല്ലാവരും മരുന്ന് തളിച്ചപ്പോഴും തോമസ് അനങ്ങിയില്ല. സഹകർഷകരെല്ലാം കളിയാക്കി. പക്ഷേ, വിജയകരമായി കൃഷി പൂർത്തിയാക്കിയ തോമസ് അടുത്ത കൃഷിയിലും വിഷരഹിതനയം തുടര്‍ന്നു. മറ്റുള്ളവർക്കൊപ്പം വിളവും നേടി.

മൂന്നാം വർഷമായപ്പോൾ ഏതാനും കൃഷിക്കാർ തോമസിന്റെ വഴിയിലേക്കു വന്നു. അവരും രാസകീടനാശിനി ഉപേക്ഷിച്ചു. ഒരു കുഴപ്പവും കൂടാതെ വിളവെടുക്കുകയും ചെയ്തു. ക്രമേണ മുളവനക്കരിപ്പാടം അപ്പാടെ രാസകീടനാശിനികളെ പൂർണമായി ഉപേക്ഷിച്ചു. 25 വര്‍ഷമായി ഈ പാടത്ത് ജൈവ കീടനിയന്ത്രണം മാത്രമേ നടന്നിട്ടുള്ളൂ എന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി കൂടിയായ തോമസ് പറഞ്ഞു. ജൈവ കീട വികർഷകങ്ങൾ, കെണികൾ, ട്രൈക്കോ കാർഡ് എന്നിവ മാത്രമാണ് ഇവിടെ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. മുട്ടക്കാർഡ് എന്നറിയപ്പെടുന്ന ട്രൈക്കോകാർഡുകൾ നെല്ലിലെ തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരെ ഫലപ്രദമാണെന്നും തോമസ്. 

paddy-2
കർഷകർ

സൽകൃഷി ( Good agricultural practices) രീതിയാണ് ഇവിടെയിപ്പോള്‍. വിത്തിന്റെ വിനിയോഗം കുറയ്ക്കുന്ന ഡ്രം സീഡർ 2011 മുതൽ ഉപയോഗിക്കുന്നു. മണ്ണുപരിശോധിച്ചുള്ള വളപ്രയോഗം, സ്യൂഡോമോണാസ് കൊണ്ടു വിത്തുപചാരം, ഡോളമൈറ്റ് പ്രയോഗം എന്നിവ നഷ്കർഷയോടെ ചെയ്യുന്നു. വൃക്ഷായുർവേദത്തിലെ ജൈവപോഷകമായ സസ്യ–മാംസ കുണപ്‌ജലുകളുടെ പ്രയോഗവുമുണ്ട്. എന്നാല്‍, രാസവളങ്ങൾ വേണ്ടെന്നുവച്ചിട്ടില്ല. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങളും തളിക്കുന്നു. 

പതിവായി ഏക്കറിനു ശരാശരി 2.5 ടൺ വിളവുണ്ടെന്നു തോമസ് അവകാശപ്പെടുന്നു. സിബി നീണ്ടിശേരിയുടെയും മങ്കൊമ്പിലെ കീടനിരീക്ഷണകേന്ദ്രത്തിലെ കൃഷി ഓഫിസറായിരുന്ന സ്മിതയുടെയും മാർഗനിർദേശങ്ങളാണ് വിഷരഹിതക്കൃഷി ചെയ്യാന്‍ ആത്മവിശ്വാസം നൽകിയതെന്ന് തോമസ്. ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പരിശീലനങ്ങളും സഹായകമായി. രാസകീടനാശിനി ഒഴിവാക്കുന്നതിലൂടെ കൃഷിച്ചെലവ് ഒരു സീസണില്‍ മാത്രം ഏക്കറിന് 5000 രൂപയോളം (ആകെച്ചെലവിന്റെ 25 ശതമാനത്തോളം) കുറയുമെന്നും തോമസ് ചൂണ്ടിക്കാട്ടി.   

ഫോണ്‍: 8921694294

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com