ADVERTISEMENT

പന്നിയിറച്ചിയോടുള്ള ഇഷ്ടംകൊണ്ട് പന്നിയിറച്ചി വിഭവങ്ങൾ മാത്രമുള്ള ഒരു ചെറു റസ്റ്ററന്റ് തുടങ്ങിയ ആളാണ് കോഴിക്കോട് സ്വദേശി അതുൽ വിജയൻ. പഠിച്ചത് മൈക്രോബയോളജി ആണെങ്കിലും എട്ടു വർഷത്തോളം വിദേശത്ത് ജോലി ചെയ്തത് ടൂറിസം മേഖലയിലായിരുന്നു. കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോൾ നാട്ടിലൊരു സംരംഭം തുടങ്ങാൻ പദ്ധതിയിട്ടപ്പോഴേ മനസിലേക്ക് ഓടിയെത്തിയത് പന്നിതന്നെ. പന്നിയോടും പന്നിയിറച്ചിയോടും പണ്ടേയുള്ള താൽപര്യം അങ്ങനെ വീണ്ടും പൊടിതട്ടിയെടുത്തു അതുൽ.

piggys-5

ഒറ്റമുറി കട

സംരംഭം തുടങ്ങാനുള്ള പദ്ധതി അറിയിച്ചപ്പോൾ സഹോദരൻ ആശിഷ് പൂർണ പിന്തുണ നൽകി. ഒപ്പം സുഹൃത്തായ സുദർശനും. ആശിഷിന്റ ഭാര്യ രശ്മിയും സുദർശനും അതുലിന്റെ സംരംഭത്തിൽ പങ്കാളികളുമാണ്. 

piggys-1

പോർക്കിന്റെ പിഗ്ഗീസ്

വ്യത്യസ്തതയില്ലാതെ ഇന്നൊരു സംരംഭം തുടങ്ങുക പ്രായോഗികമല്ലെന്ന് അതുൽ. അതുകൊണ്ടുതന്നെ ആരെയും ആകർഷിക്കുന്ന വിധത്തിൽ പേരിട്ടു, പിഗ്ഗീസ്. ഒപ്പം ആകർഷകമായൊരു ലോഗോയും തയാറാക്കി. ഷെഫിന്റെ തൊപ്പിയണിഞ്ഞ പന്നിക്കുട്ടൻ ആരുടെയും ശ്രദ്ധ ആകർഷിക്കും. ടൂറിസം മേഖലയിലെ പരിചയം തന്റെ സ്റ്റാർട്ടപ് സംരംഭത്തിന് മുതൽമുടക്കുകയായിരുന്നു അതുൽ.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്നാണ് പിഗ്ഗീസ് കോഴിക്കോട്ട് പ്രവർത്തനം ആരംഭിക്കുന്നത്. ഒരു 175 ചതുരശ്ര അടി കടമുറിയിൽ സ്വയം ഷെഫ് ആയി മാറാനും അതുൽ മടിച്ചില്ല. കാരണം, പുതിയൊരു സംരംഭത്തിന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജീവനക്കാരെ വയ്ക്കാൻ മുതിർന്നില്ല.

piggys-6

16 വിഭവങ്ങൾ

പോർക്കിന്റെ വിവിധ രൂപത്തിലും രുചികളിലുമുള്ള 16 വിഭവങ്ങളാണ് ഈ കൊച്ചു റസ്റ്ററന്റിലുള്ളത്. തേങ്ങ വറുത്തരച്ചുവച്ച അങ്കമാലി പോർക്ക് ഫ്രൈ, കാന്താരി മുളക് ചേർത്ത പോർക്ക് കാന്താരി ഫ്രൈ, പോർക്ക് കൂർക്ക റോസ്റ്റ്, പോർക്ക് ഡ്രൈ ഫ്രൈ, ഇറച്ചി മാത്രം ഉപയോഗിച്ചുള്ള റോക്കറ്റ് പോർക്ക്, മോമോസ്, പോർക്ക് നൂഡിൽസ്, പോർക്ക് കപ്പബിരിയാണി, പോർക്ക് റോസ്റ്റ് ദോശ എന്നിങ്ങനെ പട്ടിക നീളും. എല്ലാ ശനിയാഴ്ചകളിലും പോർക്ക് ബാർബിക്യു ഒരുക്കുന്നുമുണ്ട്. പ്രീ ഓർഡർ അനുസരിച്ചാണ് ഇത് തയാറാക്കുക. വെള്ളിയാഴ്ച ആകുമ്പോഴേക്ക് 4–5 കിലോ ബാർബിക്യുവിന് ഓർഡർ ലഭിക്കും. 150 രൂപയാണ് ഒരു പീസിന്റെ വില. വാരിയാണ് ഇതിനായി ഉപയോഗിക്കുക. അതുപോലെ പോർക്ക് സോസേജും മെനുവിലുണ്ട്. 

തേനൊഴിച്ച പോർക്ക് ഡ്രൈ ഫ്രൈ ആണ് അതുലിന്റെ പ്രീമിയം ഇനം. ഇതിന്റെ രുചിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് വാങ്ങുന്നത് ഡോക്ടർമാരാണ്. മാത്രമല്ല പോർക്ക് വിഭവങ്ങളുടെ സ്ഥിരം ഉപഭോക്താക്കളും ഡോക്ടർമാർതന്നെയെന്ന് അതുൽ.

മെനുവിലെ പട്ടിക വലുതാണെങ്കിലും എല്ലാ ദിവസവും ഇവ ലഭ്യമല്ല. ഒരു ദിവസം 3 വിഭവങ്ങൾ എന്ന രീതിയിൽ മാത്രമാണ് പാകം ചെയ്യുന്നത്. കറികൾക്കൊപ്പം കപ്പ, പുട്ട്, വെള്ളേപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയവയാണുള്ളത്.

piggys-2

വിതരണവുമുണ്ട്

ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയിലും സൊമാറ്റോയിലും പിഗ്ഗീസിന്റെ വിഭവങ്ങൾ ലഭ്യമാണ്. അതുപോലെതന്നെ നേരിട്ട് ഓർഡർ ചെയ്യുന്നവർക്ക് 3 കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യമായി വിതരണം ചെയ്യും. അധികമുള്ള ഓരോ കിലോമീറ്ററിനും 8 രൂപ അധികം വാങ്ങേണ്ടിവരുന്നുണ്ട്.

piggys-4

ചുവടുവച്ച് വളർച്ച

പുതിയൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടെ വിപുലമായ രീതിയിൽ ആരംഭിക്കുകയല്ല ചെയ്തത്. പിഗ്ഗീസിന്റെ വളർച്ചയ്ക്കു പിന്നിൽ പഠനങ്ങളും തിരുത്തലുകളും ഉപഭോക്താക്കളുടെ അഭിപ്രായവുമെല്ലാമുണ്ട്. തുടക്കം 3 വിഭവങ്ങളോടെ മാത്രമായിരുന്നു. അവിടെനിന്നാണ് ഇപ്പോഴുള്ള 16 വിഭവങ്ങളിലേക്ക് എത്തിയത്. പുതിയ വിഭവങ്ങൾ വൈകാതെ ആവതരിപ്പിക്കുകയും ചെയ്യും.

ഫോൺ: 8943767524

English summary: pork special restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com