ADVERTISEMENT

കുരുമുളകുകൃഷിയിലും വിപണനത്തിലും ചെറുതല്ലാത്ത ചില മാതൃകകൾ മുന്നോട്ടു വയ്ക്കുന്നു കണ്ണൂർ കല്യാശ്ശേരിക്കടുത്ത് ചെറുതാഴം പഞ്ചായത്തിലെ കുരുമുളകുകർഷകർ സ്ഥാപിച്ച ചെറുതാഴം ബ്ലാക്ക് പെപ്പർ പ്രൊഡ്യൂസർ കമ്പനി. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കർഷകർക്കു ലഭ്യമാക്കുന്നതു മുതൽ മൂല്യവർധന വരെയുള്ള ഒട്ടേറെ ശ്രമങ്ങളിലാണ് ഈ കർഷക കമ്പനി.

കുരുമുളകു സംരക്ഷണ സമിതിയായി രൂപംകൊണ്ട കർഷക കൂട്ടായ്മ 3 വർഷം മുൻപാണ് കമ്പനിയാകുന്നത്. ഗുണമേന്മയുടെ നടീൽവസ്തുക്കൾ, വളം എന്നിവ സ്വന്തം ഫാമിൽത്തന്നെ തയാറാക്കി കർഷകർക്കു വിതരണം ചെയ്യുന്ന കമ്പനി മൂല്യവർധിത കുരുമുളക് വിപണിയിലെത്തിക്കുക യും ചെയ്യുന്നു. വിപുലമായ വിപണനത്തിലേക്കു കടന്നിട്ടില്ലെങ്കിൽപോലും ഈ രംഗത്തെ മികച്ച സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ഭാവി ലക്ഷ്യമെന്ന് സിഇഒ രഞ്ജിത് രാജൻ.

ഓൺലൈൻ വഴി സുഗന്ധവ്യഞ്ജനങ്ങളുടെ ചില്ലറ വിൽപനസാധ്യത പ്രയോജനപ്പെടുത്തുന്ന ഒട്ടേറെപ്പേരുണ്ട്. പൊതുവിപണിയിൽ കുരുമുളകു വില കിലോ നാനൂറിൽ താഴെ നിന്നപ്പോഴും 100 ഗ്രാം മുതൽ 1 കിലോ വരെയുള്ള പായ്ക്കുകളിലായി ബ്രാൻഡു ചെയ്തെത്തുന്ന കുരുമുളകിന് കിലോ  700–800 രൂപ വരെ വിലയിടുന്നുണ്ട്. ബോൾഡ്, എക്സ്ട്രാ ബോൾഡ്, സ്പെഷൽ എക്സ്ട്രാ ബോൾഡ് എന്നിങ്ങനെ വ്യത്യസ്ത ഗ്രെയ്ഡുകൾ, വ്യത്യസ്ത വില. 

സ്വന്തം കുരുമുളക് ഒരു കിലോ, അരക്കിലോ പായ്ക്കുകളാക്കി ഫാമിൽനിന്ന് നേരിട്ട് വിൽക്കുന്ന കർഷകരും അപൂർവമല്ല. ഹൈറേഞ്ചിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഈ മാതൃകയിലുള്ള വിൽപന കാണാൻ കഴിയും. ഇതേ വിപണനസാധ്യതയിലേക്കു തന്നെയാണ് ചെറുതാഴം കമ്പനിയും പോകുന്നത്. നിലവിൽ ബ്ലാക്ക് പെപ്പർ, പെപ്പർ പൗഡർ എന്നീ മൂല്യവർധിത ഉൽപന്നങ്ങളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.  

മൂല്യവർധനയിൽ മാത്രമല്ല, കൃഷിയിലും വിളവെടുപ്പിലും ശാസ്ത്രീയമായ പരിപാലനമുറകൾ കൃഷിക്കാർക്കു പകരാനും കമ്പനി ശ്രമിക്കുന്നു. കൃഷിപ്പണികളിൽ പരിശീലനം നേടിയ വിദഗ്ധ തൊഴിലാളികളുടെ സംഘം രൂപീകരിച്ചാണ് നടീൽവസ്തുക്കളുടെ ഉൽപാദനവും വളം നിർമാണവും. ഗ്രെയ്ഡിങ് യന്ത്രം ഉൾപ്പെടെ മൂല്യവർധനയ്ക്കുതകുന്ന കൂടുതൽ യന്ത്രോപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കി കുരുമുളകു വിപണിയെ കൂടുതൽ വരുതിയിലാക്കാനുള്ള ശ്രമങ്ങളിലാണ് ഈ കർഷക കമ്പനി.

ഫോൺ: 8891139123

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com