ADVERTISEMENT

എക്കാലത്തെയും മികച്ച വിലയാണ് സംസ്ഥാനത്തെ കൊക്കോക്കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. ഏറെക്കുറെ നിശ്ചലമായി നിന്ന സംസ്ഥാനത്തെ കൊക്കോവിപണി കഴിഞ്ഞ 2–3 കൊല്ലത്തിനിടയിലാണ് കുതിപ്പിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോക്കൃഷിക്കുണ്ടായ പ്രതിസന്ധികൾ മുതൽ ആഗോള ചോക്ലേറ്റ് ഉൽപാദനത്തിൽ കാണുന്ന വർധന വരെ കാരണമായിട്ടുണ്ട്. നിലവിൽ പച്ചക്കുരുവിന് ശരാശി 65 രൂപയും സംസ്കരിച്ച പരിപ്പിന് 230 രൂപയും സംസ്ഥാനത്തെ കൊക്കോ കർഷകർക്ക് ലഭിക്കുന്നുണ്ട്. ജൈവരീതിയിൽ വിളയിച്ച പച്ചക്കുരുവിന് കിലോ 88 രൂപ വരെ നൽകി സംഭരണം നടക്കുന്ന പ്രദേശങ്ങളുമുണ്ട്. 

ജൈവ കൊക്കോക്കുരുവിന്റെ ആവശ്യകതയും വർധിച്ചു വരുന്നുണ്ട്. ഉയർന്ന വിലയുള്ള പ്രീമിയം ചോക്ലേറ്റുകളുടെ നിർമാണത്തിനായി ജൈവ കൊക്കോ തേടുന്ന കമ്പനികളുണ്ട്. സാധാരണഗതിയിൽ രാസവളപ്രയോഗം പരിമിതമായ വിളയാണ് കൊക്കോ. ഏതാണ്ട് 80% ശതമാനവും ജൈവകൃഷി തന്നെ. എന്നാൽ ഇതര വിളകൾക്കുള്ള രാസവളപ്രയോഗം മൂലം ഇടവിളയായി കൃഷി ചെയ്യുന്ന കൊക്കോയെ ജൈവോൽപന്നമായി കണക്കാക്കാനാവില്ല. അതേസമയം കൃഷിയിടം പൂർണമായും  ജൈവരീതിയിൽ പരിപാലിച്ച് പച്ചക്കുരുവിന് കിലോ 20 രൂപ വരെ അധിക വില നേടുന്ന കർഷകരും കേരളത്തിലുണ്ട്. ഇടത്തരം കർഷകരുടെ വീട്ടുചെലവ് മുടങ്ങാതെയും മുട്ടില്ലാതെയും നിർവഹിക്കുന്ന കൊക്കോ മേലിലും മികച്ച വില തുടരുമെന്നാണ് വിപണിവിദഗ്ധരുടെയും നിരീക്ഷണം. 

Image credit: dragana991/iStockPhoto
Image credit: dragana991/iStockPhoto

വമ്പന്മാർ വരുന്നു

കൊക്കോക്കർഷകർക്ക് കൂടുതൽ മധുരം പകരുന്ന വാർത്തകളാണ് ഇന്ത്യൻ ചോക്ലേറ്റു വിപണിയിൽനിന്നു ഇപ്പോൾ കേൾക്കുന്നത്. മധുരപ്രിയരാണ് പൊതുവെ ഇന്ത്യൻ സമൂഹം. പഞ്ചസാര ഉൽപാദക രാജ്യങ്ങളിൽ മുൻനിരസ്ഥാനമുണ്ടെന്നു മാത്രമല്ല ഏറ്റവുമധികം പഞ്ചസാര ഉപഭോഗമുള്ള രാജ്യംകൂടിയാണ് നമ്മുടേത്. അങ്ങനെയെങ്കിലും മറ്റു തദ്ദേശീയ മധുര പലഹാരങ്ങളെക്കാൾ ഏറെ പിന്നിലാണ് ചോക്ലേറ്റിന്റെ കാര്യത്തിൽ നമ്മുടെ ആളോഹരി ഉപഭോഗം. ശരാശരി 9.08 കിലോ ചോക്ലേറ്റാണ് റഷ്യക്കാരൻ ഒരു വർഷം അകത്താക്കുന്നത്. തൊട്ടുപിന്നിൽ 8.66 കിലോയുമായി ബ്രീട്ടീഷുകാരനും 8.12 കിലോയുമായി ജർമൻകാരനുമുണ്ട്. ഇന്ത്യാക്കാരന്റെ ശരാശരി ചോക്ലേറ്റ് കൊതി പക്ഷെ 0.20 കിലോയിലൊതുങ്ങുന്നു.  ഇതു തന്നെയാണ് വമ്പൻ ചോക്ലേറ്റ് കമ്പനികളെ ഇന്ത്യയിലേക്കു പ്രലോഭിപ്പിക്കുന്ന കാര്യവും.

മധ്യവർഗ ഇന്ത്യൻ സമൂഹം ചോക്ലേറ്റിനേക്കാൾ മറ്റു മധുരപലഹാരങ്ങൾക്കാണ് ഇപ്പോഴും ആഘോഷാവസരങ്ങളിൽ ഇടം കൊടുക്കുന്നത്. ആ ശീലമൊന്നു മാറ്റിപ്പിടിക്കാനായാൽ ഇന്ത്യൻ വിപണിയിൽനിന്ന് ലാഭത്തിന്റെ അതിമധുരം നുണയാനാവുമെന്ന് നെസ്‌ലയും മോണ്ട്‌ലസു(കാഡ്ബറി)മെല്ലാം കണക്കുകൂട്ടുന്നു. ഇന്ത്യൻ ചോക്ലേറ്റു വിപണിയുടെ മുഖ്യവിഹിതം മോണ്ട്‌ലസിന്റെയും നെസ്‌ലയുടെയും കയ്യിലാണെങ്കിലും ചെറുകിട സംരംഭകർക്കും ഇന്നു വിപണിയിൽ പ്രതീക്ഷയുണ്ട്. കോവിഡ് കാലത്തുപോലും ഇന്ത്യൻ ചോക്ലേറ്റു വിപണിയുടെ വളർച്ച നിരക്ക് വർധിച്ചു എന്നത് അവരിലും ഉത്സാഹം നിറയ്ക്കുന്നു. 

Image credit: Oksana Osypenko/iStockPhoto
Image credit: Oksana Osypenko/iStockPhoto

ഗുണമേന്മ കൂടിയ ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലുമുണ്ട് വർധന. പഞ്ചസാര നന്നേ കുറവുള്ളതും കൂടിയ അളവിൽ കൊക്കോ ബട്ടറുള്ളതും ആരോഗ്യമേന്മകളുള്ളതുമായ പ്രീമിയം ഡാർക് ചോക്കലേറ്റ് തന്നെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഏറുന്നു എന്നത് നെസ്‌ലയെയും മോണ്ട്‌ലസിനെയും മാത്രമല്ല അമുലിനിയും ആഹ്ലാദിപ്പിക്കുന്നു. ഡാർക് ചോക്കലേറ്റ് ഉൽപാദനം അമുൽ സമീപകാലത്ത് ഇരട്ടിയാക്കുകയുണ്ടായി. 

കടലും കടലാടിയും തമ്മിലുള്ള ബന്ധമേ വിപണിയിലെത്തുന്ന പല ചോക്ലേറ്റുകൾക്കും കോക്കോയ്ക്കും തമ്മിലുള്ളൂ. റോസ്റ്റു ചെയ്ത കൊക്കോ ബീൻസ് അരച്ചെടുക്കുമ്പോൾ ലഭിക്കുന്ന കൊക്കോ മാസിൽനിന്ന് എക്സ്ട്രാക്ട് ചെയ്തെടുക്കുന്ന കൊക്കോ ബട്ടറാണ് യഥാർഥ ചോക്ലേറ്റിന്റെ മുഖ്യ ഘടകം. എന്നാൽ വിപണിയിൽ ലഭിക്കുന്ന സാധാരണ ചോക്ലേറ്റുകളിലെല്ലാം കൊക്കോ ബട്ടർ നാമമാത്രം, പഞ്ചസാരയുടെ അളവ് വളരെക്കൂടുതലും. കൂടിയ അളവിൽ കൊക്കോ ബട്ടറുള്ളതും പഞ്ചസാര തീരെ കുറഞ്ഞതുമായ ഡാർക് ചോക്ലേറ്റിനു വിപണി വർധിക്കുന്നത് കൊക്കോ ബീൻസിന്റെ വിപണി വളർത്തുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ നിരീക്ഷണം. 

Eating chocolate. Image credit: Eva-Katalin/iStockPhoto
Eating chocolate. Image credit: Eva-Katalin/iStockPhoto

ഇരുണ്ട ചോക്ലേറ്റിന് തെളിഞ്ഞ ഭാവി

ഉയർന്ന അളവ് കൊക്കോ ബട്ടറിനു പകരം നാമമാത്രമായി കൊക്കോ ബട്ടറും ബാക്കി വെജിറ്റബിൾ ഫാറ്റും ചേർന്ന കോമ്പൗണ്ട് ചോക്ലേറ്റാണ് ഇന്ത്യൻ വിപണിയിൽ ഏറെയും വിൽക്കപ്പെടുന്നത്. ചോക്ലേറ്റിനുള്ള ആരോഗ്യമേന്മ കോമ്പൗണ്ടിനില്ല. ആരോഗ്യകരമായ ചോക്ലേറ്റിനെക്കുറിച്ച് ആളുകൾക്കിടയിൽ ഇന്ന് അവബോധം വർധിച്ചിട്ടുള്ളതിനാൽ ഡാർക് ചോക്ലേറ്റിലേക്ക് കൂടുതൽ ഉപഭോക്താക്കൾ തിരിയുകയാണ്. അതിനായി ഗുണമേന്മ കൂടിയ കൊക്കോ ബീൻസ് ആവശ്യമുണ്ട്. നിലവിൽ ഇവിടെ ലഭ്യതക്കുറവുള്ളതിനാൽ ഇന്ത്യൻ വിപണിക്കാവശ്യമായ കൊക്കോയുടെ സിംഹഭാഗവും വൻകിട ചോക്ലേറ്റു കമ്പനികൾ ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചോക്ലേറ്റ് മാത്രമല്ല, ചോക്ലേറ്റ് ചേരുവയായ ഭക്ഷ്യോൽപന്നങ്ങളുടെ നീണ്ട നിരയും ഇന്നു വിപണിയിലുണ്ട്. ചോക്ലേറ്റ് നിർമാണത്തിനു പകരം കൊക്കോ പൗഡറും കൊക്കോ ബട്ടറുമെല്ലാം ഭക്ഷ്യോൽപന്ന നിർമാണ ഫാക്ടറികൾക്കു നൽകുന്ന വ്യവസായവും ഇന്ത്യയിൽ തഴച്ചുവളരുന്നു.

cocoa-1

കുതിപ്പു നേടുന്ന കൊക്കോക്കൃഷി

കേരളത്തിന്റെ സമ്മിശ്രകൃഷി പാരമ്പര്യത്തിന് ഏറ്റവും യോജിച്ച വിളയാണ് കൊക്കോ. തെങ്ങിനും കമുകിനും മാത്രമല്ല, റബറിനും ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്നുണ്ട്. ചോക്ലേറ്റ് വിപണി നേടുന്ന പുരോഗതി കൊക്കോയ്ക്കു മധുരപ്രതീക്ഷ പകരുന്നു. പ്രകൃതിദത്ത കൊക്കോയല്ലാതെ ചോക്ലേറ്റിന് മറ്റൊരു ബദൽ അസംസ്കൃത വസ്തു ഇല്ല എന്നതാണ് കൊക്കോയ്ക്കു വിലസ്ഥിരത നല്‍കുന്ന സുപ്രധാന ഘടകം. ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഐവറികോസ്റ്റിനെയും രണ്ടാമതുള്ള ഘാനയേയും ഈയിടെയായി കാലാവസ്ഥാമാറ്റം, രോഗ–കീടബാധകൾ, ജലദൗർലഭ്യം എന്നിവ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും റബറിലേക്കും എണ്ണപ്പനയിലേക്കും മാറുന്നുമുണ്ട്. എന്നു കരുതി ഇവിടങ്ങളിൽ സമീപഭാവിയിൽ ഉൽപാദനം ഗണ്യമായി ഇടിയുമെന്ന് അർഥമില്ല. മാത്രവുമല്ല, നൈജീരിയയിലും കാമറൂണിലുമെല്ലാം കൃഷിവിസ്തൃതി വർധിപ്പിക്കാന്‍  ശ്രമം നടക്കുന്നുമുണ്ട്. എങ്കിലും നിലവിലെ  സാഹചര്യത്തില്‍  ഉൽപാദനത്തിൽ വൻ കുതിച്ചുചാട്ടമൊന്നും ഉടന്‍ സംഭവിക്കില്ല. അതിനാല്‍ വില ഈ നിലയിൽ തുടരുമെന്നു കരുതാം.

(ചോക്ലേറ്റിന്റെ ‘മധുരം  കുറയ്ക്കുന്ന’ മറ്റൊരു വാർത്ത കൂടി ഐവറികോസ്റ്റിൽനിന്നും ഘാനയിൽനിന്നും കേൾക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലുമായി കൊക്കോത്തോട്ടങ്ങളിൽ വിയർപ്പൊഴുക്കുന്നത് 20  ലക്ഷം കുട്ടികളാണത്രെ. ഇതിൽ അഞ്ചു ലക്ഷത്തോളം പേർ നരകിക്കുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. നമ്മുടെ കുട്ടികൾ നുണയുന്ന ചോക്ലേറ്റ് മധുരത്തിൽ ഈ രാജ്യങ്ങളിലെ കുട്ടികളുടെ കണ്ണീരുപ്പു കലർന്നിട്ടുണ്ടെന്ന് സാരം. ഇത്തരം വേദനിപ്പിക്കുന്ന ഓർമകളുടെ കയ്പില്ലാതെ ചോക്ലേറ്റ് നുണയാനുള്ള സാഹചര്യമൊരുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നെസ്‌ലെ പോലുള്ളവർ പണ്ടേ പറഞ്ഞിട്ടുമുണ്ട്).  

ബ്രിട്ടിഷ് പാരമ്പര്യമുള്ള കാഡ്ബറി (ഇപ്പോൾ മോണ്ട്‌ലസ് എന്ന അമേരിക്കന്‍ കമ്പനി) തന്നെയാണ് ഇന്ത്യൻ ചോക്ലേറ്റ് വിപണിയുടെ ഏതാണ്ട് 60 ശതമാനവും കയ്യാളുന്നത്. സ്വിസ് ചോക്ലേറ്റ് കമ്പനിയായ നെസ്‌ലെ 18 ശതമാനം വിപണിയുമായി പിന്നിലുണ്ട്. ഫെറാറോയും മാർസുമെല്ലാം ഏറെ പിന്നിലാണെങ്കിലും കൂട്ടത്തിൽ ഇറ്റാലിയൻ കമ്പനിയായ ഫെറാറോയ്ക്ക് സമീപകാലത്ത് ഇന്ത്യയിൽ മികച്ച വളർച്ചനിരക്കുണ്ട്. തീർന്നില്ല, 367 കോടി രൂപയാണ് കമ്പനി ഇന്ത്യൻ ചോക്ലേറ്റ് വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നത്. മുൻനിര ബ്രാൻഡുകളെല്ലാം കഴിഞ്ഞാൽ കാംപ്കോയും അമുലും പോലുള്ള ഇന്ത്യൻ ബ്രാൻഡുകളും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചോക്ലേറ്റ് ബ്രാൻഡുകളും ഇക്കൂട്ടത്തിൽപെടും. ഹോംമെയ്ഡ് ചോക്ലേറ്റുകൾ നിർമിക്കുന്നവർക്കും രാശിയുണ്ട്. 

English summary: Chocolate from tree to bar - Cocoa Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com