ADVERTISEMENT

ഭാവിയിലെ നമ്മുടെ  നെല്ലുഗവേഷണവും, കൃഷിരീതികളിലെ നൂതനാശയങ്ങളും   പ്രധാനമായും ചെറുകിടദരിദ്ര കർഷകകരെയും ഏറ്റവുമാവശ്യമുള്ളവരെയും സഹായിക്കുന്നതാവണമെന്നാണ് എന്റെറെ സ്വപ്നം. അതവരുടെ  കേവല ഉപജീവനം ഉറപ്പാക്കുന്നതിനും നമ്മുടെ ഭക്ഷ്യസമ്പ്രദായം സുരക്ഷിതമാക്കുന്നതിനും വേണ്ടി മാത്രമാവരുത്. കർഷകരുടെ വരുമാനം ഗണ്യമായി ഉയർത്താനും കഴിയണം. കർഷകർക്ക് മികച്ച വരുമാനം, സാമൂഹിക ശക്തീകരണം, കൂടുതൽ വിലപേശൽ ശക്തി എന്നിവ നൽകുന്ന ഗ്രാമീണ സംരംഭവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഗ്രാമീണ ബിസിനസ് വളർച്ച പ്രാപിക്കണം. കൂടാതെ, നമ്മൾ വികസിപ്പിക്കുന്ന പുതുതായി പരീക്ഷിക്കുന്നതും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ  സാങ്കേതികവിദ്യകൾ കാലാവസ്ഥയുമായി ഇണങ്ങുന്നവയും   പോഷകസമ്പന്നത ഉറപ്പു വരുത്തുന്നതുമായിരിക്കണം, കാലാവസ്ഥ, പോഷണം എന്നീ  രണ്ടു  കാര്യങ്ങളിൽ ഭാവിയിൽ വിട്ടുവീഴ്ച പാടില്ല.

കാർഷികമേഖലയിലെ ഗവേഷണത്തിനുള്ള പ്രശസ്തമായ നോർമൻ ഇ.ബോർലോഗ് ഫീൽഡ് അവാർഡ് (ബൊർ ലോഗ് അവാർഡ് ഫോർ ഫീൽഡ് റിസർച്ച് ആൻഡ് ആപ്ലിക്കേഷൻ) ഈ വർഷം ലഭിച്ചത് ഒറീസ സ്വദേശിയായ ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ. സ്വാതി നായക്കിനാണ്. ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഡോ. സ്വാതിയുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിൽ മനോരമ ഓൺലൈൻ കർഷകശ്രീ വായനക്കാർക്കായി അവർ പങ്കുവച്ച സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

dr-swati-nayak-5
ഡോ. സ്വാതി കർഷകർക്കൊപ്പം നെൽപാടത്ത്

വിശപ്പിനെതിരെ പൊരുതുന്നവർക്കുള്ള സമ്മാനം

കാർഷികഗവേഷകനും നൊബേൽ ജേതാവും ഹരിതവിപ്ലവത്തിന്റെ മുഖ്യശിൽപിയുമായ ഡോ. നോർമൻ ഇ. ബോർലോഗിനോടുള്ള  ബഹുമാന സൂചകമായി വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷനാണ് ഈ പുരസ്കാരം നൽകുന്നത്. ഭക്ഷ്യസുരക്ഷ, ദാരിദ്ര്യനിർമാർജനം, പോഷണ സുരക്ഷിതത്വം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 40 വയസ്സിൽ താഴെ പ്രായമുള്ള ഗവേഷകർക്കാണ് പുരസ്കാരത്തിന് യോഗ്യതയുള്ളത്.

പ്രാദേശിക ആവശ്യങ്ങൾക്കുതകുന്ന പോഷക സമ്പന്നവും കാലാവസ്ഥയ്ക്കിണങ്ങിയതുമായ നെൽവിത്ത് വികസിപ്പിക്കുകയും അവയ്ക്ക് ചെറുകിട കർഷകർക്കിടയിൽ പ്രചാരം നൽകുകയും ചെയ്തതാണ് ഡോ. സ്വാതിയെ അവാർഡിനർഹയാക്കിയത്. ന്യൂഡൽഹിയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ റീജണൽ സെന്ററിൽ (ISARC), സീഡ്  സിസ്റ്റം ആൻഡ് പ്രോഡക്റ്റ് മാനേജ്മെന്റിന്റെ മേധാവിയാണ് ഡോ. സ്വാതി നായക്ക്. വരൾച്ചാ സാധ്യതയുള്ള കിഴക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ഡോ. സ്വാതി ഏർപ്പെട്ടിരിക്കുന്നത്. കാലാവസ്ഥയോട് അനുരൂപപ്പെടാനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും (climate- resilient) കഴിവുള്ള പോഷകസമ്പന്നമായ നെല്ലിനങ്ങളുടെ ഗവേഷണവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം ഉൽപാദനശേഷി കൂടിയ വിത്തിനങ്ങളുടെ പതിനായിരത്തിലധികം കൃഷിയിടപരീക്ഷണങ്ങളും താരതമ്യ പരിശോധനകകളും ഡോ. സ്വാതിയും സംഘവും നടത്തിയിട്ടുണ്ട്. ഡോ. സ്വാതി നായക്കുമായി നടത്തിയ സംഭാഷണത്തിന്റെ സംഗ്രഹം താഴെ ചേർക്കുന്നു.

dr-swati-nayak-6

പുതുവഴിയിലൂടെയുള്ള ഗവേഷണ, പരീക്ഷണങ്ങൾ

ഹൈബ്രിഡ് (സങ്കരയിനം) ഇനങ്ങൾക്കു പകരം പരമ്പരാഗത നെല്ലിനങ്ങളുടെ അന്തഃപ്രജനനം വഴി വികസിപ്പിച്ച, ഉയർന്ന വിളവു നൽകുന്ന ഇൻബ്രെഡ് ഇനങ്ങളെ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യങ്ങളിലൊന്ന്.

കാലാവസ്ഥയോട് ചേർന്നുപോകാനും വ്യതിയാനങ്ങളോട് പ്രതികരിക്കാനും ഇവർക്ക് ശേഷിയുണ്ടാവണം. ഒപ്പം  സൂക്ഷ്മമൂലകങ്ങളാൽ സംപുഷ്ടമായിരിക്കണം. ഇത്തരം പലതരം ഗുണങ്ങളുള്ള  ഇനങ്ങളെ ചെറുകിട നാമമാത്ര കർഷകരെ ഉന്നംവച്ച്  വികസിപ്പിക്കുന്ന  ഗവേഷണമാണ് തന്റേതെന്ന് ഡോ. സ്വാതി പറഞ്ഞു. ഇതാണ്  അടുത്ത ദശാബ്ദത്തിനു വേണ്ട  പുതുരീതിയെന്ന് അവർ പറയുന്നു. ഒട്ടേറെ ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തന ഫലമായാണ് ഇത്തരം ഇനങ്ങളുടെ വികസനം സാധ്യമാക്കിയത്. രാജ്യത്തെ എണ്ണമറ്റ നാടൻ വിത്തിനങ്ങളുടെ സംരക്ഷണത്തിലും അവർ ശ്രദ്ധവയ്ക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ ആശങ്കയായി മാറുന്ന വർത്തമാനകാലത്തും ഭാവിയിലും കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാനുള്ള ശേഷി (ഗ്ലൈസീമിക് ഇൻഡക്സ് ) കുറഞ്ഞ നെല്ലിനങ്ങൾക്ക് പ്രാധാന്യമുണ്ടാകും. ഒപ്പം ശരീരത്തിനാവശ്യമായ സൂക്ഷ്മ മൂലകങ്ങളാൽ സമ്പന്നവുമായ കൂടുതൽ  നെല്ലിനങ്ങൾ വേണം. അടുത്ത ദശാബ്ദത്തിലെ നെല്ലുഗവേഷണം അതിനായി വിനിയോഗിക്കണം. കിഴക്കേ ഇന്ത്യയിലെ പരമ്പരാഗത നെല്ലിനമായ കാലാനമക്ക് (kalanamak) പോലെ കറുത്ത ഉമിയുള്ള സുഗന്ധ നെല്ലിനങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഡോ. സ്വാതി വിശദീകരിച്ചത്. അതു പോലെയുള്ള നമ്മുടെ സ്വന്തം ഇനങ്ങളെ സംരക്ഷിക്കേണ്ടത് ശാസ്ത്രീയവും സാംസ്കാരികവുമായ ആവശ്യമാണ്. തങ്ങളുടെ സ്വന്തം നെല്ലിന്റെ  ജനിതകദ്രവ്യം സൂക്ഷിക്കാനും  കൂടുതൽ ഗുണമേന്മയുള്ള വിത്തുകൾ ഉൽപാദിപ്പിക്കാനും കർഷകസമൂഹത്തെ ശക്തിപ്പെടുത്തണം. കൂടുതൽ വിളവും സ്വാദുമുള്ള ധാന്യം അങ്ങനെ അവർക്കു കിട്ടുന്നു. ഉൽപാദനക്ഷമത കൊണ്ട് ഇവ ലാഭകരമാക്കാനാവില്ലെങ്കിലും  ഇത്തരം അരി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ച് നടത്തുന്ന മാർക്കറ്റ് പൊസിഷനിങ് തന്ത്രം ഇത്തരം വിത്തുകളുടെ വിപണനത്തിന് സഹായിക്കുന്നു.

dr-swati-nayak-3

വലിയ ചെലവും  നിക്ഷേപവും പശ്ചാത്തലസൗകര്യങ്ങളുമില്ലാത്ത ചെറുകിടക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ഇത്തരം വിത്തുകൾ  ലഭിക്കാനുള്ള ശ്രമങ്ങളാണ് ശാസ്ത്ര സമൂഹം ചെയ്യേണ്ടത്. ഇതിനായി കിഴക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്ന പല ഗ്രൂപ്പുകളിൽപ്പെട്ട  വിത്തിനങ്ങളെ രാജ്യമെമ്പാടും ഗവേഷകർ പരിശോധിച്ചുവരുന്നു. അവർ വിത്തിനങ്ങൾ ശേഖരിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യുന്നു. ഉൽപാദനക്ഷമതയും മാർക്കറ്റിലെ സ്വീകാര്യതയും പരിശോധിക്കുന്നു. ഉദാഹരണത്തിന് കാലാനമക്ക് എന്ന പ്രാദേശിക നെല്ലിനത്തിൽ  മികച്ച രണ്ടോ മൂന്നോ വിഭാഗം വിത്തുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരം നെല്ലിനങ്ങളുടെ വിത്തുൽപാദനം വർധിപ്പിക്കുകയും സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെന്ന് മനസ്സിലായതിനാൽ വലിയ തോതിലുള്ള കൃഷിക്കായി വിത്തുകൾ ഉടൻ ലഭ്യമാക്കും.

ആളുകൾക്ക്  വേണമെന്ന് അറിഞ്ഞാൽ അവരുടെ ആവശ്യകത എങ്ങനെ ഫലപ്രദമായി നിറവേറ്റാമെന്നാണ് നാം നോക്കേണ്ടത്. ഇത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നെല്ലിന്റെ ശരാശരി ഉൽപാദനം എത്രയാണെന്നതും പ്രാധാന്യമുള്ള സംഗതിയാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും നിലനിർത്താനും ഇനിയും സാധ്യതകളുമുണ്ട്. ഉൽപാദനശേഷി കൂടിയ വിത്തുകൾ കാലാവസ്ഥയെയും  ജൈവഅജൈവ സമ്മർദ്ദങ്ങളെയും അതിജീവിക്കുന്നവ കൂടിയാവണം. ഇക്കാര്യത്തിൽ ഗവേഷകർ കൃഷിക്കാർക്കൊപ്പം വേണമെന്ന് ഡോ. സ്വാതി അഭിപ്രായപ്പെട്ടു. ഭാവിയിൽ വരാനിരിക്കുന്ന അല്ലെങ്കിൽ വന്നുകഴിഞ്ഞ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഒരു ഇൻഷുറൻസ് ആണ് സാധാരണ വിത്തുകൾക്ക് പകരം കലാവസ്ഥാ അതിജീവന ശേഷിയുള്ള വിത്തുകൾ  ഉപയോഗിക്കുന്ന രീതിയെന്ന് സ്വാതി വിശ്വസിക്കുന്നു. ഇത്തരം ഇനങ്ങൾ കർഷകർക്ക് ലഭ്യമാകുന്നുവെന്ന് നമ്മൾ ഉറപ്പാക്കണമെന്നു മാത്രം. 

dr-swati-nayak-2

വേണം സകലകലാവല്ലഭരായ വിത്തുകൾ

കാലാവസ്ഥാവ്യതിയാനമൊരു യാഥാർഥ്യമാണെന്നും അത് നമ്മുടെ കാർഷികമേഖലയിൽ വരുത്താൻ സാധ്യതയുള്ള  നാശനഷ്ടങ്ങൾ  അവഗണിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ഡോ. സ്വാതി നായക്കിന്റെ നിലപാട്. വേനലിനെയും വെള്ളപ്പൊക്കത്തെയും ചെറുക്കാൻ ശേഷിയുള്ള ഒട്ടേറെ ഇനങ്ങൾ ഇന്ന് രാജ്യത്തുണ്ട്. പെരുവെള്ളത്തെയും ജലദൗർലഭ്യത്തെയും കീടങ്ങളെയും ഒരു പോലെ താങ്ങാൻ കഴിയുന്ന ബഹുമുഖ സഹനശേഷിയുള്ള വിത്തുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ്  ഇപ്പോൾ നടക്കുന്നത്. കർഷകർക്ക് ഇതൊരു പാക്കേജായി കിട്ടണമെന്ന് ഡോ. സ്വാതി ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത ഗുണങ്ങളുള്ള പലതരം വിത്തുകൾക്ക് പകരം മിക്ക ഗുണങ്ങളും ഒത്തുചേർന്ന ഒറ്റ വിത്ത് കർഷകർക്ക് ലഭ്യമാക്കണം. എന്താണ് വളർത്തേണ്ടത്, എന്താണ് ഉൽപാദിപ്പിക്കേണ്ടത് എന്നതിൽ അവരിൽ കൃത്യമായ ധാരണയും സൃഷ്ടിക്കണം.മേൽപറഞ്ഞ ഗുണങ്ങളുള്ള പുതിയ തലമുറ നെല്ലിനങ്ങൾ കാർഷിക രംഗത്ത് വിപ്ലകരമായ മാറ്റമായിരിക്കും വരുത്തന്നത്. കിഴക്കേ ഇന്ത്യയിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ആവശ്യമുള്ള കർഷകർക്ക് ഇത് ലഭ്യമാകും. 

ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ പ്രയോജനകരമാകുന്നതാണ്  ജൈവസംപുഷ്ടീകരണം ( bio -fortified) നടത്തിയ നെല്ലിനങ്ങളുടെ വികസനം. ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ എന്നാൽ ഊർജിത സമ്പ്രദായത്തിൽ  ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന  വിലയിൽ പോഷകക്കുറവ് പരിഹരിക്കാന്നുള്ള മാർഗമാണിത്. എന്നും കഴിക്കുന്ന അരിയിൽക്കൂടി കൂടുതൽ അവശ്യ പോഷണമെത്തുന്നു. വലിയ ചെലവില്ലാതെ കൂടുതൽ അളവിൽ ഇത്തരം നെല്ല് ഉൽപാദിപ്പിക്കാൻ കഴിയും. ഇതാണ് മുൻപിലേക്കുള്ള വഴിയും ഭാവിയുമെന്ന് സ്വാതി തറപ്പിച്ചു പറയുന്നു. വലിയ അളവിൽ ഉൽപാദനം നടത്താൻ കർഷകർ തയാറാകണമെങ്കിൽ അവരിൽ വിശ്വാസം ജനിപ്പിക്കുന്ന  സംപുഷ്ടീകരിച്ച ഉൽപന്നങ്ങൾ വേണം. പ്രത്യേകതകളുള്ള പുതിയ ഇനങ്ങൾ ഉൽപാദിപ്പിച്ചാൽ കർഷകരിൽ നിന്ന്  തിരിച്ചു വാങ്ങാനും  (buy back guarantee) പ്രോത്സാഹകമായ സഹായങ്ങൾ നൽകാനുമുള്ള സംവിധാനം ആവശ്യമാണ്.

dr-swati-nayak-1

കൊച്ചുകുട്ടികളും തിരിച്ചറിയുന്ന 'വിത്തുവനിത'

'ബിഹാന ദീദി' ( വിത്തുവനിത, Seed Lady). ഒറീസയിലെ നാട്ടിൻപുറങ്ങളിൽ  ഡോ. സ്വാതി നായക്ക് അങ്ങനെ വിളിക്കപ്പെടുന്നു. ഗോത്രഗ്രാമങ്ങളിൽ അവർക്കൊപ്പം താമസിച്ച് അവരുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള പ്രവർത്തനം നടത്തുന്ന ഗവേഷക. കൊച്ചു കുട്ടികൾക്കു പോലും അവർ വിത്തുമായി എത്തുന്ന ദീദിയാണ്. ബോർലോഗ് ഫീൽഡ് പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ കാർഷിക ശാസ്ത്രജ്ഞനാണ് ഡോ. സ്വാതി. ഉണക്കിനെ പ്രതിരോധിക്കുന്ന സഹഭാഗി ധാൻ ( Sahbhagi Dhan) എന്ന നെല്ലിനത്തെ ഒറീസയിൽ പരിചയപ്പെടുത്താൻ നടത്തിയ തന്ത്രങ്ങളിലൂടെ ഡോ. സ്വാതി ശ്രദ്ധ നേടി. മഴ മാത്രം ആശ്രയിച്ച് മാനത്തെ നോക്കി മാത്രം കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഇത് വലിയ മാറ്റം വരുത്തി. ഓരോ കർഷകുടുംബത്തിന്റെയും ഭക്ഷക്രമത്തിലും  വിളരീതിയിലും  ഗുണകരമായ മാറ്റങ്ങൾ അതുണ്ടാക്കുകയും ചെയ്തു..

വേൾഡ് ഫുഡ് പ്രൈസിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ, ചൈനയിൽ യുഎസ് അംബാസഡറായിരുന്ന ടെറി ബ്രാൻസ്റ്റാഡ് സ്വാതിയുടെ 13 വർഷം നീണ്ട കാർഷിക മേഖലയിലെ സേവനത്തെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞത് ശ്രദ്ധിക്കുക. "കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോഷക ഗുണമുള്ള നെല്ലിനങ്ങൾ വിപണിയുടെ ആവശ്യമനുസരിച്ച് കൃഷി ചെയ്യാൻ ചെറുകിട കർഷകരെ പ്രാപ്തരാക്കുന്ന വിധം വിത്തുൽപാദനം നടത്തുന്ന പുതുമയുള്ള സമീപനമാണ് അവരുടേത്. വിത്തുപരിശോധനയും നീതിയിലും തുല്യതയിലും വിത്തിന്റെ ലഭ്യത ഉറപ്പാക്കലും ആ രീതിയെ വ്യത്യസ്തമാക്കിയിരിക്കുന്നു''.

കർഷകരുടെ കൃഷിയിടത്തിൽ ഗവേഷണം നടത്തുന്ന  ഗവേഷകയായ തന്റെ നേട്ടങ്ങൾ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനും , കർഷക സമൂഹത്തിനും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സർവോപരി എല്ലാ വനിതാ ഗവേഷകർക്കുമായി സമർപ്പിക്കുന്നുവെന്ന് സ്വാതി നായക്ക് പറഞ്ഞു. പുരസ്കാരം ലഭിക്കുന്നതോടെ താൻ മുന്നോട്ടുവയ്ക്കുന്ന  ആശയങ്ങൾ കൂടുതൽ ഉയർന്നു കേൾക്കുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം.

dr-swati-nayak-4

വരൾച്ചയെ അതിജീവിക്കുന്ന വിത്തുകളും കൃഷിയും

."ജലമാണ് ജീവൻ, ജലമാണ് ഭക്ഷണം" എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിന്റെ മുഖ്യ ചിന്താവിഷയം. ഡോ. സ്വാതി നായക്കും സഹപ്രവർത്തകരും പ്രവർത്തന മേഖലയായി തിരഞ്ഞെടുന്ന സ്ഥലങ്ങൾ മഴ കൊണ്ടു മാത്രം വിത്തുകൾ മുളയ്ക്കുന്ന കൃഷിസ്ഥലികളാണ്. വരൾച്ചയും ജലത്തിന്റെ പരിമിതമായ ലഭ്യതയും മഴയെ ആശ്രയിച്ചുള്ള  നെല്ലുൽപാദനത്തിന് ഗുരുതരമായ പരിമിതിയായി വർത്തിക്കുന്നു. മഴയെ ആശ്രയിച്ച് നെൽകൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയിലെ, കിഴക്കൻ സംസ്ഥാനങ്ങൾ. ഇവയാകട്ടെ ലോകത്തിലെ ഏറ്റവും വലിയ വരൾച്ചാബാധിത പരിസ്ഥിതികളിൽ ഒന്നാണ്. വരൾച്ചയെ നേരിടാൻ കഴിയുന്ന നെല്ലിനങ്ങൾ വളർത്തിയാൽ മാത്രമേ ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കാൻ കഴിയുകയുള്ളൂ. ഡോ. സ്വാതി നായക്ക് ജോലി ചെയ്യുന്ന ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഐആർആർഐ) പങ്കാളികളായ ഗവേഷണ സ്ഥാപനങ്ങളും  വരൾച്ചയെ അതിജീവിക്കുന്നതും  അധികം ഉൽപാദനം തരുന്നതും  നല്ല പോഷകഗുണനിലവാരമുള്ളതുമായ നെല്ലിനങ്ങൾ സൃഷ്ടിച്ചു. ഇത്തരം നെല്ലിനങ്ങളിൽ   ഒന്നായ IR74371-70-1-1 നെ ഇന്ത്യയിൽ സഹഭാഗി ധാൻ എന്നും, നേപ്പാളിൽ സുഖധാൻ - 3 എന്നും , ബംഗ്ലാദേശിൽ BRRI ധൻ - 56 എന്നും വിളിക്കുന്നു. സഹഭാഗി ധാൻ വേഗത്തിൽ വളരുന്ന നെല്ലിനമാണ്. വരൾച്ചയെ നേരിടാൻ കഴിയുന്ന ഇവ , ലഭ്യമായ വെള്ളം നന്നായി ഉപയോഗിക്കുന്നവയാണ്. വരണ്ട വർഷങ്ങളിൽ, സഹദാഗി ധാൻ കൃഷി ചെയ്യുന്ന കർഷകർക്ക് കൂടുതൽ കാലം വളരുന്ന മറ്റിനങ്ങളെ അപേക്ഷിച്ച് ഒരു ഹെക്ടറിൽ നിന്ന്  0.8 മുതൽ 1.6 ടൺ   നെല്ല്  കൂടുതൽ ലഭിക്കുന്നു. വരണ്ട വർഷമായിരുന്ന  2012-ൽ  ഒരു ഹെക്ടറിൽ നിന്ന് ഒരു ടൺ  അധികം നെല്ല്  ഉൽപാദിപ്പിച്ച ഈ നെല്ലിനം, 2017 ൽ  ആവശ്യത്തിന് വെള്ളം കിട്ടിയപ്പോഴും  മറ്റു നെല്ലിനങ്ങളേക്കാൾ ഉൽപാദനം നൽകുകയുണ്ടായി. പെട്ടെന്നുള്ള വളർച്ച കാരണം സഹഭാഗി ധാൻ കർഷകരെ പെട്ടെന്ന്  വിളവെടുക്കാനും  വേഗത്തിൽ അടുത്ത വിത നടത്താനും അനുവദിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ കൂടുതൽ വിളവെടുക്കാനും അവ സഹായിക്കുന്നു. സഹഭാഗി ധാൻ പോലുള്ള നെല്ലിനങ്ങൾ വരൾച്ചയുള്ള  പ്രദേശങ്ങളിലെ പാവപ്പെട്ട കർഷകർക്ക് കൺകണ്ട ദൈവങ്ങളാണ്. മഴയെ ആശ്രയിച്ച് നെൽകൃഷി  പ്രദേശങ്ങളിലെ ദാരിദ്ര്യം കുറയ്ക്കുന്നതിന്  ഇവയുടെ ഉപയോഗം സഹായകരമാകുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതികഠിനമായ വരൾച്ചയിൽ നിന്ന് കർഷകരുടെ വിളകളെ സംരക്ഷിക്കാൻ  സമ്മർദം താങ്ങാൻ കഴിവുള്ള നെല്ലിനങ്ങൾ (Stress Tolerant Rice Varieties) വികസിപ്പിച്ചതിന്റെ പിന്നിൽ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രവും മറ്റു  ദേശീയ സ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നു. ഇത്തരം നെല്ലിനങ്ങൾ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലും അവ പ്രചരിപ്പിക്കുന്നതിലും കർഷക സ്വയം സഹായ ഗ്രൂപ്പുകൾ പ്രത്യേകിച്ച് വനിതാസംഘങ്ങൾക്ക് വലിയ പങ്കുണ്ട്. സാമൂഹിക ശാക്തീകരണവും കാർഷിക പുരോഗതിയും ഇഴചേർന്ന് ബന്ധിപ്പിക്കുന്ന ഒരു പുതിയ  പാതയാണ് ഇത്തരം പ്രവർത്തനങ്ങൾ തുറന്നു നൽകുന്നത്.സാങ്കേതികവിദ്യകളുടെ  പുരോഗതിയും അവ സമൂഹത്തിൻ്റെ താഴേത്തട്ടിൽ സ്വീകരിക്കപ്പെടുന്നതും തമ്മിലുള്ള വിടവ് നികത്തേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത്  സുസ്ഥിര കാർഷിക വികസനത്തിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയവും സാമൂഹികവും നയപരവുമായ എല്ലാ വശങ്ങളും പരിഗണിക്കുന്ന ഈ ബഹുമുഖ സമീപനം കാർഷിക സമൂഹങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

ഡോ. സ്വാതി നായക്കിന്റെ നാട് ഒഡീഷയാണ്. സവിശേഷമായ കാലാവസ്ഥയും സാമൂഹിക കാർഷിക പശ്ചാത്തലവുമുള്ള നാട്. ദാരിദ്യവും വിഭവ സമൃദ്ധിയും ഒരുപോലെ സ്വന്തമായ നാട്. ഉദാഹരണത്തിന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (UNFA0) 2012ൽ  ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക സ്ഥാനങ്ങളിലൊന്നായി ഉൾപ്പെടുത്തിയ ജില്ലയാണ് ഒഡീഷയിലെ കോരാപുട്ട്. ഏറെ സവിശേഷമായ പരമ്പരാഗത കാർഷിക സമ്പ്രദായമുള്ള പ്രദേശം. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമെങ്കിലും കോരാപുട്ട്  ജില്ല പട്ടിണിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. സാമൂഹികസാമ്പത്തിക വികസനത്തിൽ ലോകത്തിൽ തന്നെ ഏറ്റവും പിന്നോക്കമായ ജില്ല.ജനസംഖ്യയുടെ 80 ശതമാനം ഇപ്പോഴും ദാരിദ്ര്യരേഖയുടെ താഴെയാണ്. എഴുപതു ശതമാനം ജനങ്ങൾ പട്ടികവർഗ വിഭാഗത്തിൽ പെടുന്നു. തനതായ കൃഷി രീതികളും സ്വന്തമായി മൂന്നൂറിലധികം നെല്ലിനങ്ങൾ ഇവിടെയുണ്ട്. മിക്കവയും വെള്ളപ്പൊക്കം, വരൾച്ച, രോഗബാധ എന്നിവയെ അതിജീവിക്കാൻ ശേഷിയുള്ള ഇനങ്ങൾ. എന്നിട്ടും പട്ടിണിക്ക് മാത്രം പരിഹാരമാകാത്ത നാട്. ആ നാടിന്റെ വേരുകൾ ഡോ.സ്വാതിക്ക് നൽകുന്ന ഒരു തിരിച്ചറിവുണ്ട്. വിശപ്പിന് മരുന്ന് ഭക്ഷണമാണ്. 2023 ലെ ലോക വിശപ്പുസൂചികയിൽ ( Global Hunger Index) ഇന്ത്യയുടെ സ്ഥാനം  111 ആണ്. അതും 125 രാജ്യങ്ങളിൽ. ഡോ. സ്വാതിയും സംഘവും അത് മറക്കുന്നില്ല. നമുക്കും ഓർമകളുണ്ടായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com