ADVERTISEMENT

സുസ്ഥിര നെൽകൃഷിക്കുള്ള നിരന്തര പരിശ്രമവും വർഷംതോറും വർധിച്ചുവരുന്ന ജൈവ അരി ഉൽപാദനവുമാണ് പാലക്കാട് ആലത്തൂർ പഞ്ചായത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 18 പാടശേഖരങ്ങളിലായി 629 ഹെക്ടറിലാണ് ഇവിടെ നെൽകൃഷി. കൃഷിവകുപ്പിന്റെ എല്ലാ പദ്ധതികളും വീറോടെ നടപ്പാക്കിയതിനൊപ്പം വിഷരഹിത അരിയുല്‍പാദനവും ചേര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള സര്‍ക്കാര്‍ പുരസ്കാരം  ആലത്തൂരിനെ തേടിയെത്തി. 

കൂരോടുമന്ദം പാടശേഖരത്തിലെ 20 ഹെക്ടറിൽ 2017ല്‍ തുടക്കമിട്ട പരിസ്ഥിതി സൗഹൃദ നെൽകൃഷി ഇന്ന് 150 ഹെക്ടറിലേക്കു വ്യാപിച്ചുകഴിഞ്ഞു. രാസകീടനാശിനി തീരെ ഉപയോഗിക്കാതെ പരിസ്ഥിതി സൗഹൃദരീതിയില്‍ തുടർച്ചയായി നെല്ല് മാത്രമല്ല, മറ്റു വിളകളും കൃഷി ചെയ്യുന്നുണ്ട്. 30 ഹെക്ടർ വാഴ ക്കൃഷിയുള്ള പഞ്ചായത്തിലെ 15 ഹെക്ടർ വാഴയും 20 ഹെക്ടർ പച്ചക്കറിക്കൃഷിയിൽ 15 ഹെക്ടറും 10 ഹെക്ടർ കുരുമുളകുകൃഷിയിൽ 8 ഹെക്ടറും 125 ഹെക്ടർ തെങ്ങുകൃഷിയിൽ 100 ഹെക്ടറും 500 ഹെക്ടർ പുരയിടക്കൃഷിയിൽ 100 ഹെക്ടറും ജൈവരീതിയിലാണ്. ആകെ 1335 ഹെക്ടർ കൃഷിസ്ഥലമുള്ളതിൽ 338 ഹെക്ടറും വിഷത്തുള്ളി വീഴാതെ കാത്തത് ഇവിടെ കൃഷി ഓഫിസറായിരുന്ന രശ്മിയുടെയും സഹപ്രവർത്തകരുടെയും സമർഥമായ നേതൃത്വവും സ്ഥിരോത്സാഹവും സാങ്കേതികമികവും മൂലമാണ്. അടുത്തകാലത്ത് സ്ഥാനക്കയറ്റം ലഭിച്ച രശ്മി ഇപ്പോൾ ആലത്തൂരിലെതന്നെ വിത്തുൽപാദനകേന്ദ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടര്‍.  

പരമ്പരാഗത കൃഷി വികസനം, ഭാരതീയ കൃഷിവികസനം, വിള ആരോഗ്യ പരിപാലനം, ജൈവകൃഷി വികസനം, സമഗ്ര നെൽകൃഷി വികസനം, സമഗ്ര പച്ചക്കറിക്കൃഷി വികസനം, നെറ്റ് സീറോ കാർബൺ ആലത്തൂർ, കാർബൺ ന്യൂട്രൽ ഫാമിങ് എന്നിങ്ങനെ ഒട്ടേറെ കേന്ദ്ര–സംസ്ഥാന–പഞ്ചായത്ത് പദ്ധതികള്‍  സംയോജിപ്പിച്ചാണ് ഈ നേട്ടം സാധ്യമാക്കിയതെന്നു രശ്മി പറയുന്നു. കാർഷിക പരിസ്ഥിതി സമീപന(അഗ്രി ഇക്കോളജി)ത്തിലൂടെയാണ് ഇവിടെ സുസ്ഥിരകൃഷി. ഓരോ പാടത്തിന്റെയും ആവാസവ്യവസ്ഥ വിശകലനം ചെയ്തശേഷം മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന, സൂക്ഷ്മ ജീവികളെയും മിത്രജീവികളെയും സംരക്ഷിക്കുന്ന, എന്നാൽ കീടനിയന്ത്രണം സാധ്യമാക്കുന്ന സമ്പ്രദായങ്ങൾ മാത്രം നടപ്പാക്കി ഏക്കറിന് 2.5–3 ടൺ വിളവ് നേടാനും കൃഷിച്ചെലവ് കുറയ്ക്കാനും ആലത്തൂരിലെ ജൈവ നെൽകർഷകർക്കു സാധിക്കുന്നുണ്ട്. അഗ്രോ ഇക്കോളജിയിൽ വിദഗ്ധ പരിശീലനം നേടിയ രശ്മിയുടെ ഉപദേശ, നിർദേശങ്ങള്‍ അവർക്ക് ഏറെ ഉപകരിച്ചു. 

alathur-krishibhavan-2
കർഷകർക്ക് പരിശീലനം

ജൈവരീതികൾ ഉപദേശിച്ചശേഷം മാറിനിൽക്കുകയായിരുന്നില്ല കൃഷിഭവന്‍. കർമസേനയെ ഉപയോഗിച്ചു യന്ത്രവൽക്കൃത നടീൽ, കരാർ അടിസ്ഥാനത്തിലൂള്ള നടീൽ, തൊഴിലുറപ്പ് പദ്ധതിയിലൂടെ വരമ്പു കോരൽ, ജലസേചന വകുപ്പിന്റെ സഹകരണത്തോടെ വിളകലണ്ടർ, സ്യൂഡോമോണാസ്, ട്രൈക്കോകാർഡുകൾ എന്നീ ജൈവോപാധികളുടെ ഉപയോഗം എന്നിവയൊക്കെ സാധ്യമാക്കിയതു കൃഷിഭവനാണ്.   

കൊയ്ത്തിനു ശേഷം വൈക്കോൽ ഉഴുതുചേർത്താൽ അടുത്ത കൃഷിയിൽ നെല്ലു ചായാതിരിക്കാൻ വേണ്ട സിലക്കൺ ഉറപ്പാക്കാമെന്നതുള്‍പ്പെടെ ഒട്ടേറെ അറിവുകള്‍ കൃഷിക്കാരിലെത്മതിച്ചതും കൃഷിഭവന്‍. വൈക്കോലിലൂടെ സിലക്കൺ മാത്രമല്ല, പൊട്ടാസ്യവും പാടത്തെ മണ്ണിൽ കൂടുതൽ ലഭ്യമാകും. ഒരോ രണ്ടാംവിളക്കാലം കഴിയുമ്പോഴും ഉഴുതുചേർക്കാവുന്ന പച്ചിലവർഗച്ചെടികളും പയറുവർഗങ്ങളും കൃഷി ചെയ്യുന്ന രീതിയും ആലത്തൂരിൽ പ്രചാരത്തിലാക്കി. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ മാത്രമല്ല, ബുവേറിയ എന്ന ജൈവകീടനാശിനിയും തളിക്കാൻ ഇവർക്കു സാധിച്ചു.

alathur-krishibhavan-1
മുട്ടകാർഡ് നിർമാണം

വേണ്ടത്ര ട്രൈക്കോ കാർ‍ഡുകൾ ലഭ്യമാക്കാൻ കൃഷിഭവൻ ചെയ്ത കാര്യങ്ങളും ശ്രദ്ധേയം. തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഈ കാർഡുകളാണ്. ശത്രുകീടങ്ങളെ നശിപ്പിക്കുന്ന കടന്നൽവർഗത്തിൽപെട്ട മിത്രകീടത്തിന്റെ മുട്ടയാണ് ഈ കാർഡിലുള്ളത്. മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവ തണ്ടുതുരപ്പന്റെയും ഓലചുരുട്ടിയുടെയും വംശനാശം ഉറപ്പാക്കും.  ബയോ കൺട്രോൾ ലാബ്, പാരസൈറ്റ് ബ്രീഡിങ് ലാബ് തുടങ്ങി സാങ്കേതിക വിദഗ്ധരും ലബോറട്ടറി സൗകര്യങ്ങളുമുള്ള ചില കേന്ദ്രങ്ങളിൽ മാത്രമാണ് ഈ കാർഡുകളുടെ ഉൽപാദനം. അതുകൊണ്ടുതന്നെ വേണ്ടത്ര ട്രൈക്കോ കാർഡുകൾ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ആവശ്യമായത്ര ട്രൈക്കോ കാർഡുകള്‍ കുടുംബശ്രീ പ്രവർത്തകരെക്കൊണ്ട് ഉല്‍പാദിപ്പിച്ചാണ് രശ്മിയും പ്രവര്‍ത്തകരും ഈ പ്രശ്നത്തെ മറി കടന്നത്. കേരള കാർഷിക സർവകലാശാലയുടെ ജൈവ കീടനിയന്ത്രണ വിഭാഗത്തിന്റെ സഹായത്തോടെ കഴിഞ്ഞ സീസണിൽ വാനൂരിലെ സാന്ത്വനം കുടംബശ്രീ പ്രവർത്തകരാണ് കാര്‍ഡുകള്‍ ഉൽപാദിപ്പിച്ചു നൽകിയത്. ട്രൈക്കോ ഗ്രാമ ജാപ്പോണിക്കം, ട്രൈക്കോഗ്രാമ ചിലോണിക്കം എന്നിവയുടെ കാർഡുകളും ഇവിടെ ലഭ്യമാക്കി. 100 ഏക്കറില്‍ ജൈവ നെൽകൃഷിക്കാവശ്യമായ 845 സിസി മുട്ടക്കാർഡു‌കൾ സ്വന്തമായി ഉൽപാദിപ്പിക്കാൻ ആലത്തൂരുകാർക്കു കഴിഞ്ഞതു കൃഷിഭവൻ പകർന്ന ആത്മവിശ്വാസം മൂലമാണ്.

ഫോൺ: 049222223642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com