ADVERTISEMENT

ഒന്നരലക്ഷം രൂപയുടെ കടം വീട്ടാനാവാതെ സ്വന്തം മണ്ണിൽ നിന്നിറങ്ങേണ്ടി വരുമെന്നു സങ്കടപ്പെട്ട ഒരു പത്തൊൻപതുകാരനുണ്ടായിരുന്നു കണ്ണൂർ ഉദയഗിരിയിലെ തബോർ എന്ന മലഞ്ചെരുവിൽ. 23 വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ കർഷകശ്രീയായി അവൻ വളർന്നു കഴിഞ്ഞിരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ കടത്തിൽ നിന്നും ഒന്നരക്കോടി രൂപ വാർഷിക വരുമാനത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് അനീഷിന്റെ കൃഷിയിടം സന്ദർശിക്കുന്ന ആർക്കും മനസിലാകും. വാശിയോടെ വിയർപ്പൊഴുക്കുകയും മികവിനായി വെമ്പുകയും ടെക്നോളജിയെ ആശ്ലേഷിക്കുകയും ചെയ്തതാണ് ഈ പുതുതലമുറ കർഷകനെ കാർഷിക കേരളത്തിന്റെ വഴികാട്ടിയാക്കുന്നത്.

കൃഷിയിടത്തിലെ തലമുറ മാറ്റത്തിന്റെ വക്താവായ അനീഷിന്റെ വിജയ കിരീടത്തിൽ മികവിന്റെ തൂവലുകൾ പലതുണ്ട് 

  • ഏറ്റവും മികച്ചതു മാത്രം നട്ടു വളർത്തുന്ന ജാതി–ഫലവൃക്ഷത്തോട്ടം. 
  • ഒന്നാംതരം തൊഴുത്ത്, 40 ലീറ്റർവരെ പാലുള്ള പശുക്കൾ.
  • കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാൻ സാങ്കേതികവിദ്യ.

ഒടുവിൽ പറഞ്ഞ കാര്യത്തെക്കുറിച്ച് ആദ്യം വിശദീകരിക്കാം. 

aneesh-4
അനീഷിന്റെ കൃഷിയിടത്തിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനം. ഒപ്പം കൃഷിയിടത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന കാമറയും കാണാം

ചങ്കാണ് ടെക്നോളി

സ്വന്തമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ച കേരളത്തിലെ ആദ്യ കൃഷിക്കാരനാവും അനീഷ്. രണ്ടു ലക്ഷം രൂപ ചെലവുള്ള ഈ സംവിധാനത്തിലൂടെ കൃഷിയിടത്തിലെ സൂക്ഷ്മ കാലാവസ്ഥ കൃത്യമായി അറിയാനും രേഖപ്പെടുത്താനും അനീഷിനു കഴിയുന്നു.  ഈ സംവിധാനത്തിലൂടെ മഴ, കാറ്റ്, അന്തരീക്ഷ താപനില എന്നിവയൊക്കെ രേഖപ്പെടുത്തുന്നുണ്ടെന്ന് അനീഷ് ചൂണ്ടികാട്ടി. എന്താണ് അതുകൊണ്ടുള്ള പ്രയോജനമെന്നല്ലേ? മലമടക്കുകൾക്ക് ഇടയിലെ ഈ കൃഷിയിടത്തിൽ അടുത്ത 5 ദിവസം കാലാവസ്ഥ എന്തായിരിക്കുമെന്ന അറിയിപ്പു തന്നെ പ്രധാനം. വരും ദിവസങ്ങളിൽ മഴയുണ്ടാകുമോ എന്നു മാത്രമല്ല കാറ്റ് എത്ര ശക്തമാകുമെന്നും ഈർപ്പനഷ്ടം അമിതമാകുമോ എന്നൊക്കെ മുൻകൂട്ടി അറിയാനും മുൻകരുതലെടുക്കാനും ഇതു സഹായിക്കുമെന്ന് അനീഷ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ കിട്ടുന്ന കാലാവസ്ഥാ വിവരങ്ങൾ പ്രതിദിനം 1 രൂപ നിരക്കിൽ അയൽക്കാരായ കർഷകരുമായി അനീഷ് പങ്കിടുന്നുമുണ്ട്. സ്വന്തം പറമ്പിലെ ഡേറ്റ വരുമാനമാക്കിയ ആദ്യ കർഷകൻ അനീഷായിരിക്കും. ഇരുപത് പേർക്ക് നൽകിത്തുടങ്ങിയ ഡേറ്റ വാങ്ങാൻ ഇപ്പോൾ 50 പേരുണ്ടെന്നത് ഈ കാലാവസ്ഥാ വിവരങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുന്നതിന്റെ തെളിവ് കൂടിയാണ്.

കാലാവസ്ഥാ നിരീക്ഷണം തുടങ്ങുന്നതിനു മുമ്പു തന്നെ മണ്ണിനെ അടുത്തറിയാൻ അനീഷ് ടെക്നോളജിയെ ആശ്രയിച്ചിരുന്നു. വേനൽക്കാലത്ത് ജലക്ഷാമമുള്ള കുന്നിൻ ചെരുവിൽ ആവശ്യമനുസരിച്ച് മാത്രം നന നൽകുന്ന സംവിധാനമുണ്ട്. സെൻസറുകളുടെ സഹായത്തോടെ ഐഒടി സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ഫെർട്ടിഗേഷൻ യൂനിറ്റാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. മണ്ണിലെ ജലാംശം 25 ശതമാനത്തിൽ താഴുമ്പോൾ മാത്രമേ ഇതു പ്രവർത്തിക്കു. നിശ്ചിത തോതിൽ ജലം നൽകിക്കഴിയുമ്പോൾ ഈ തുള്ളിനന താനേ നിലയ്ക്കുകയും ചെയ്യും. മണ്ണിലെ പോഷക സാന്നിധ്യം പരിശോധിച്ച് തുള്ളിതന സംവിധാനത്തിലെ വളം നൽകാനും ഇതു പ്രയോജനപ്പെടും. മത്സ്യങ്ങൾക്കു  തീറ്റ നൽകാൻ ഓട്ടോമാറ്റിക് ഫീഡർ, തൊഴുത്തിലെ പശുക്കളുടെ സ്ട്രെസ് കുറയ്ക്കാൻ സെൻസർ അധിഷ്ഠിത ഷവർ എന്നിവയൊക്കെ സ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ടെക്നോളജിയാണ് അനീഷിന്റെ തോഴനും കാര്യസ്ഥനുമൊക്കെ.

aneesh-3

മികവില്ലെങ്കിൽ പുറത്ത്

രണ്ടാമത്തെ മികവ് വിളകളുടെ തെരഞ്ഞെടുപ്പിൽ പുലർത്തിയ ജാഗ്രതയാണ്. ഒന്നാംതരം മാത്രമേ അനീഷിന്റെ പുരയിടത്തിൽ സ്ഥാനം പിടിക്കൂ അത് ജാതിയായാലും പ്ലാവായാലും അങ്ങനെ തന്നെ. നല്ല ജാതി മരങ്ങൾ വളരുന്ന കൃഷിയിടങ്ങൾ തുടർച്ചയായി സന്ദർശിച്ച് മൂന്നു വർഷം നിരീക്ഷിച്ച ശേഷം ഒന്നാം തരമെന്നു ബോധ്യപ്പെട്ടാൽമാത്രം നടും. കൂടുതൽ നല്ലതു കിട്ടിയാൽ ഇതുവരെ നട്ടുവളർത്തിയത് വെട്ടിമാറ്റാനും അനീഷിനു മടിയില്ല. ഫീൽഡ്ബഡ് ചെയ്തെടുത്ത ജാതിത്തോട്ടമാണ് അനീഷിന്റേത്. കുത്തനെ ചെരിഞ്ഞു കിടക്കുന്ന പുരയിടത്തിൽ ജാതി മാത്രമല്ല കുരുമുളക്, ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ നട്ടുവളർത്തിയിട്ടുണ്ട്. അമ്പതോളം പ്ലാവിനങ്ങൾക്കു പോലും രുചിയുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകിയെന്ന് അറിയുമ്പോൾ ഇക്കാര്യത്തിൽ അനീഷിനുള്ള നിർബന്ധബുദ്ധി വ്യക്തം. കേരളത്തിലെ ഏതു കൃഷിയിടത്തിലും പ്രതിക്ഷിക്കാവുന്ന രണ്ടു വിളകൾ മാത്രം ഇവിടെ തീരെ കുറവാണ് - തെങ്ങും കമുകും. വർഷങ്ങൾക്കു മുമ്പ് ഉദയഗിരിയിലെ തെങ്ങുകൃഷിയാകെ കുമ്പുചീയൽ ബാധിച്ചു പൂർണമായി നശിച്ചതാണ്: ആ ദുരനുഭവത്തെ തുടർന്ന് അനീഷ്. 

ഒരു തീരുമാനമെടുത്തു - മണ്ട പോയാൽ പൊട്ടിക്കിളിർക്കാത്ത ഒറ്റത്തലയൻ വൃക്ഷങ്ങൾ ഒന്നും തന്റെ കൃഷിയിടതിൽ വേണ്ട. മികവിന്റെ കാര്യത്തിൽ തെങ്ങിനോടു പോലും വിട്ടുവീഴ്ചയില്ലെന്നു സാരം. രോഗ–കീട സാധ്യത ഏറിയ വിളകൾ മുൻകൂട്ടി ഒഴിവാക്കുന്നതല്ലേ ഉചിതമെന്ന് അനീഷ് ചോദിക്കുന്നു. ഫലവൃക്ഷങ്ങളാണ് ഇനി അനീഷിന്റെ പ്രതിക്ഷ. പ്ലാവുകൾ ഫലം നൽകിത്തുടങ്ങുന്നതേയുള്ളൂ. ഒട്ടേറെ അവക്കാഡോ തൈകളും മറ്റു ഫലവൃക്ഷങ്ങളും വേറെയുണ്ട്. 

നിർണായക പിന്തുണ

പുരയിടത്തിൽ നിന്ന് തെല്ലകലെയായി 20 വർഷത്തേക്കു വിട്ടു കിട്ടിയ 30 ഏക്കർ സ്ഥലത്താണ് അനീഷിന്റെ ഡെയറി ഫാമും ഏലക്കൃഷിയും. കണ്ണൂരിൽ കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്ന രാകേഷിന്റെ പറമ്പാണത്. തന്റെ സ്റ്റാഫായിരുന്ന അനീഷിനു കൃഷിയിലുള്ള വലിയ താൽപര്യം മനസിലാക്കിയാണ് തികച്ചും സൗജന്യമായ 30 ഏക്കർ കൃഷിക്കു വിട്ടു കൊടുത്തതെന്ന് രാകേഷ് പറഞ്ഞു. ഇവിടെ ഒന്നാം തരം ഒരു ഹൈടെക് തൊഴുത്തും നിർമിച്ചു നൽകി. 20 വർഷം കഴിഞ്ഞു വിളകളോടെ തിരികെ എൽപ്പിക്കുമ്പോൾ ഇതൊരു മികച്ച ഫാമായി മാറ്റണമെന്നേ താൻ ആവശ്യപ്പെട്ടിട്ടുള്ള രാകേഷ് പറഞ്ഞു. അതുവരെ ഫാമിനു യാതൊരു വാടകയും ഈടാക്കുന്നുമില്ല. വൈകാതെതന്നെ ഇവിടെ ഫാം ടൂറിസം സംരംഭം ആരംഭിക്കുകയാണ് ലക്ഷ്യം - അനീഷ് ഫാം നടത്തുമ്പോൾ രാകേഷ് സഞ്ചാരികളെ കൊണ്ടുവന്നു വരുമാനം നേടും.

സൂപ്പർ ഡെയറി

ദിവസേന 700 ലീറ്റർ വരെ പാൽ തരുന്ന ഈ ഡെയറി ഫാം തന്നെ അനീഷിന്റെ കാർഷികമികവിനുള്ള ഏറ്റവും വലിയ തെളിവ്. തൊഴുത്തും ഉരുക്കളും അനുബന്ധ സംവിധാനങ്ങളും ഒന്നിനൊന്നു മെച്ചം. ദിവസം 40 ലീറ്റർ പാൽ ചുരത്തുന്ന പത്തു പശുക്കൾ ഉൾപ്പെടെ ചെറുതും വലുതുമായി 110 ഉരുക്കൾ ഈ ഫാമിലുണ്ട്. മികച്ച പാലുൽപാദനമുള്ള പശുക്കളെ മാത്രം തിരഞ്ഞെടുത്താണ് ഫാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാലുൽപാദനമുള്ള പശുക്കൾക്ക് അസുഖം കൂടുമെന്ന് അനീഷിന് അഭിപ്രായമില്ല. തന്റെ അനുഭവത്തിൽ പാൽ കുറഞ്ഞ പശുക്കൾക്കും അസുഖം വരുന്നുണ്ട്. നമ്മുടെ പരിപാലനം പോലെയാണ് പശുക്കളുടെ ആരോഗ്യം. ഒരു പശുവിൽനിന്ന് 5 ലീറ്റർ പാൽ ലഭിക്കുന്നതിലും നല്ലത് ആ പശുവിൽനിന്ന് 40 ലീറ്റർ പാൽ ലഭിക്കുമെങ്കിൽ അതല്ലേ നല്ലതെന്ന് അനീഷ് ചോദിക്കുന്നു. സൈലേജും കാലിത്തീറ്റയുമാണ് പശുക്കളുടെ പ്രധാന ഭക്ഷണം. ദിവസം രണ്ടു തവണയായി 10 കിലോ സൈലേജ് ആണ് ഒരു പശുവിന് നൽകുന്നത്. അതുപോലെ 10 ലീറ്റർ പാലുള്ള പശുവിന് 4 കിലോ കാലിത്തീറ്റയും 20 ലീറ്റർ പാലുള്ളതിന് 8 കിലോ കാലിത്തീറ്റയും നൽകുന്നു. അതേസമയം 40 ലീറ്റർ പാലുള്ളതിന് 10 കിലോ കാലിത്തീറ്റ മാത്രം മതിയെന്നും ഈ കർഷകൻ പറയുന്നു. ‌‌‌‌‌

വനറാണി ഇനം ഏലച്ചെടിക്കൊപ്പം അനീഷ്
വനറാണി ഇനം ഏലച്ചെടിക്കൊപ്പം അനീഷ്

ജൈവ ഏലക്കൃഷി

10 ഏക്കറിൽ മാംഗോസ്റ്റിന് ഇടവിളയായി 4000 ചുവട് ഏലമാണ് വളരുന്നത്. വിഷം തളിക്കാതെ ഏലം കൃഷി ചെയ്യുന്നു എന്നതാണ് ഈ മലയോര കർഷകന്റെ പ്രത്യേകത. രോഗപ്രതിരോധ ശേഷിയുള്ള വനറാണി എന്ന നാടൻ ഇനമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അത്യുൽപാദന ശേഷിയൊന്നും ഇല്ലെങ്കിലും വിഷത്തുള്ളി വീഴാത്ത ഏലയ്ക്കാ നാട്ടുകാർക്ക് നൽകാനാവും. അതുകൊണ്ടു തന്നെ പ്രീമിയം വിലയും കിട്ടും. കിലോയ്ക്ക് 3000 രൂപ നിരക്കിലാണ് കഴിഞ്ഞ സീസണിലെ 300 കിലോ ഉൽപന്നം വിറ്റത്. 

കുടുംബമാണ് കരുത്ത്

ചെങ്കുത്തായ കൃഷിയിടത്തിലൂടെ ഓടിനടന്ന് മകനു പിന്തുണ നൽകുന്ന അമ്മ മേരിയാണ് അനീഷിന്റെ ശക്തിസ്രോതസ്. അച്ഛൻ ബേബിയും നഴ്സായ ഭാര്യ ട്രീസയും മക്കളായ ഏബൽ, ഏഞ്ചൽ എന്നിവരുമടങ്ങുന്ന കുടുംബത്തിന്റെ അഭിമാനമാണ് അനീഷിന്റെ കൃഷി.

(കർഷകശ്രീ ജേതാവിന്റെയും അന്തിമ പട്ടികയിലെത്തിയ മറ്റു നാലു പേരുടെയും കൃഷിയിട വിശേഷങ്ങൾ ജനുവരി ലക്കം കർഷകശ്രീ മാസികയിൽ വായിക്കാം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com