ADVERTISEMENT

മക്കളുടെ ഫീസടയ്ക്കാൻ സമയമാകുമ്പോൾ വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങുന്ന വീട്ടമ്മയാണ് ബ്രിട്ടീഷ്യ അലക്സാണ്ടർ. വീടിനോടു ചേർന്നുള്ള വാഴത്തോപ്പിൽനിന്ന് അഞ്ച് കപ്പവാഴക്കുല വെട്ടിയാൽ 5000 രൂപ കിട്ടാൻ പ്രയാസമില്ലെന്നു ബ്രിട്ടീഷ്യയ്ക്കറിയാം. ഗൾഫ് വരുമാനത്തിനു ബദലായി സ്വന്തം പുരയിടത്തെ വികസിപ്പിക്കുന്നതിന് ഇവർ പ്രയോജനപ്പെടുത്തിയത് സംയോജിത കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ. വാഴക്കുലയും പച്ചക്കറിയും താറാമുട്ടയും ആട്ടിൻകുട്ടികളുമൊക്കെയായി ദിവസ, മാസ, വാർഷിക വരുമാനങ്ങൾ ഉറപ്പാക്കിയ ബ്രിട്ടീഷ്യയുടെ വീട്ടിൽ കാർഷികസംസ്കാരത്തിനു തന്നെ ഒന്നാം സ്ഥാനം. എംബിബിഎസിനു പഠിക്കുന്ന മകളായാലും പ്ലസ് ടുവിനു പഠിക്കുന്ന മകനായാലും വീട്ടിലുള്ളപ്പോൾ കൃഷികാര്യങ്ങളി്ൽ സജീവം.

ബ്രിട്ടീഷ്യ അലക്സാണ്ടർ
ബ്രിട്ടീഷ്യ അലക്സാണ്ടർ

തിരുവനന്തപുരം ചിറയിൻകീഴിൽ വാമനപുരം പുഴയുടെ തീരത്തെ മൂന്നരയേക്കർ കുടുംബക്കൃഷിയുടെ കൂടി മാതൃകയായത് അങ്ങനെയാണ്. 22 വർഷം മുൻപുവരെ ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്തായിരുന്നു. ചിറയിൻകീഴിൽ സ്ഥലം വാങ്ങിയതോടെ അവിടെ സ്ഥിരതാമസമാക്കി കൃഷിയിലേക്കു തിരിഞ്ഞു. ഭർത്താവ് ജോസഫ് ജെയ്ൻ വിദേശ ജോലി തുടർന്നപ്പോൾ ബ്രിട്ടീഷ്യ കൃഷിക്കാരിയായി. വിഎച്ച്എസ്‌സി അഗ്രിക്കൾച്ചർ പഠിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പ്രാദേശികവിപണിയിൽ  ഡിമാൻഡുള്ള വിളകൾക്കു പ്രാധാന്യം നൽകുന്ന കൃഷിയിടമാണിത്. വാഴയാണ് പ്രധാന വിള. വിവിധ ഇനങ്ങളിൽപ്പെട്ട 1500 വാഴ കൃഷി ചെയ്തിരിക്കുന്നു. 

വിള തിരഞ്ഞെടുപ്പ്

ഉത്സവങ്ങൾക്കും മറ്റും ഏറെ ഉപയോഗിക്കുന്ന കപ്പവാഴയാണ് ഈ തോട്ടത്തിലെ മുഖ്യ ആകർഷണം. ഉത്സവ സീസണിൽ കുലവാഴയായി വിൽക്കുമ്പോൾ 1000 രൂപ ഉറപ്പ്.  പൊതു വിപണിയിൽ കിലോയ്ക്ക് 50–55 രൂപയും സ്ഥിരമായി കിട്ടാറുണ്ടെന്നു ബ്രീട്ടീഷ്യ പറയുന്നു. ആവശ്യക്കാരേറെയുള്ളതിനാൽ വിൽക്കാനും ബുദ്ധിമുട്ടില്ല. എപ്പോഴും 5 കുലയെങ്കിലും വെട്ടാൻ പാകത്തിന് തോട്ടത്തിലുണ്ടാകും.  കുല വെട്ടിയശേഷം ആരോഗ്യമുള്ള കന്നുകൾ നിലനിർത്തും. നേന്ത്രൻ, ചെങ്കദളി, ഞാലിപ്പൂവൻ തുടങ്ങിയ ഇനം വാഴകളുടെ ഇരുന്നൂറോളം ടിഷ്യുകൾചർ തൈകളും വിളവിലേക്ക് എത്തിയിട്ടുണ്ട്.

britishia-2

വാഴയ്ക്കൊപ്പം പച്ചക്കറികൾക്കും ഈ കൃഷിയിടത്തിൽ പ്രാധാന്യമുണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഇനങ്ങൾ നടുന്നതാണ് രീതി. മുൻപ് വെറ്റിലക്കൃഷി ചെയ്തിരുന്ന വെർട്ടിക്കൽ പന്തലിലാണ് പയർ കൃഷി ചെയ്യുന്നത്. മുകളിലേക്ക് ഉയർന്നു വളരുന്ന ലംബകൃഷിരീതിയിൽ ഉൽപാദനം കൂടുതലാണെന്ന് ബ്രിട്ടീഷ്യ. പയർ കൂടാതെ പാവൽ, വെണ്ട തുടങ്ങിയവയും കൃഷി ചെയ്തിരിക്കുന്നു. ദിവസം 50 കിലോയോളം പച്ചക്കറികൾ വിളവെടുക്കാൻ പാകത്തിനാണ് ക്രമീകരണം. 12 വർഷം മുൻപ് നിർമിച്ച പോളിഹൗസിൽ ഇപ്പോഴും കൃഷി തുടരുന്നു. തക്കാളിയും പച്ചമുളകുമാണ് ഇപ്പോൾ ഇവിടെ വളരുന്നത്. പറമ്പിലെ തെങ്ങുകൾക്ക് ഇടവിളയായി കൃഷി ചെയ്യുന്ന കപ്പ, മഞ്ഞൾ, ഇഞ്ചി, ചേന തുടങ്ങിയവയും അധിക വരുമാനം നൽകുന്നുണ്ട്. ഏറക്കുറെ എല്ലാ ഉൽപന്നങ്ങളും പ്രാദേശിക ചില്ലറവ്യാപാരികൾ കൃഷിയിടത്തിലെത്തി വാങ്ങുന്നത് സൗകര്യമാണ്.

മൃഗസംരക്ഷണം

ചെറുതും വലുതുമായി നാൽപതോളം ആടുകളുണ്ട് ഇവിടെ. ആടുകളെ കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വിൽപന. ഓരോ വർഷവും ആട്ടിൻകുഞ്ഞുങ്ങളുടെ വിൽപനയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ട്. 130 താറാവുകളെയും ബ്രിട്ടീഷ്യ വളർത്തുന്നു. ദിവസം ശരാശരി 80 മുട്ടകൾ ലഭിക്കും. 10 രൂപയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ട്. ചാണകത്തിന് പ്രാധാന്യം നൽകി ഏതാനും പശുക്കളെയും ഇവിടെ വളർത്തുന്നു. വാഴകൾക്കിടയിൽ നിർമിച്ചിരിക്കുന്ന കൽക്കുളത്തിൽ ചെറിയ തോതിൽ മത്സ്യക്കൃഷിയുമുണ്ട്. 

britishia-3

നേട്ടം

കോവിഡ് കാലത്ത്  ഭർത്താവ് ജോസഫ് ജെയ്ൻ പ്രവാസജീവിതം അവസാനിപ്പിച്ചു. അതിനുശേഷം വീട്ടുചെലവുകളും മക്കളുടെ വിദ്യാഭ്യാസവും നടക്കുന്നത് കൃഷിയിടത്തിൽനിന്നുള്ള വരുമാനത്തിലൂടെയാണ്. ചൈനയിൽ എംബിബിഎസിനു പഠിക്കുന്ന മൂത്ത മകളുടെയും ഡെയറി ടെക്നോളജി പഠിക്കുന്ന രണ്ടാമത്തെ മകളുടെയും പ്ലസ് ടുവിൽ പഠിക്കുന്ന ഇളയ മകന്റെയും വിദ്യാഭ്യാസച്ചെലവ് പൂർണമായും കൃഷിയിടത്തിൽനിന്നുള്ള വരുമാനത്തിൽനിന്നാണ് നടക്കുന്നത്.

5 Steps Business Infographics Template

ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പുരയിടങ്ങളെ ആദായമാർഗമാക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ് ഈ വീട്ടമ്മ. കൃഷിയിലും മൃഗസംരക്ഷണവും പരസ്പരം സംയോജിക്കുന്നതിനൊപ്പം പ്രകൃതി വിഭവങ്ങളെയും പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ കാർഷികോൽപാദനം നടത്താൻ അവർക്കു കഴിയുന്നു. അതോടൊപ്പം പോളിഹൗസ് പോലുള്ള പുത്തൻരീതികളിലൂടെ ദീർഘകാലം ഉൽപാദനം നടത്താൻ കഴിഞ്ഞതും ഇവരുടെ മികവ് തന്നെ. ഏതെങ്കിലും ഒരു വരുമാനസാധ്യതയിൽ അമിതമായി ആശ്രയിക്കുന്നതിനു പകരം വ്യത്യസ്ത വരുമാനവഴികളെ കണ്ടെത്താനും പ്രയോജനപ്പെടുത്താനും സാധിച്ചതിലാണ് ബ്രിട്ടീഷ്യയുടെ വിജയം.

ഫോൺ: 9249593111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com