ADVERTISEMENT

ആഭ്യന്തര ഉൽപാദനത്തിന് ആനുപാതികമായല്ല കൃഷിക്കും മൃഗസംരക്ഷണത്തിനും ബജറ്റിൽ ഫണ്ട് അനുവദിക്കുന്നതെന്നുള്ള സ്ഥിരം പരാതിക്ക് അടിവരയിടുന്നതാണ് ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റ്. കൂടി വരുന്ന ഉൽപാദനച്ചെലവ് നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ബജറ്റില്‍ ക്ഷീര കർഷകർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനാവശ്യമായ കാര്യമായ പദ്ധതികളോ ആട്, കോഴി വളർത്തൽ പോലുള്ള മേഖലയ്ക്കാവശ്യമായ പദ്ധതികളോ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. 

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ അടുത്ത വർഷം കേരളം പാൽ സ്വയംപര്യാപ്ത സംസ്ഥാനമായി തീരും എന്ന പരാമ‍ർശമുണ്ടായിരുന്നു. എന്നാൽ ആ ലക്ഷ്യത്തിലെത്താൻ വേണ്ടുന്ന യാതൊരുവിധ പദ്ധതികളും ബജറ്റിലില്ല. മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി ബജറ്റിൽ നീക്കി വച്ച തുക കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. 

2024–25 സാമ്പത്തിക വർഷത്തേക്കുള്ള ഇപ്പോൾ പ്രഖ്യാപിച്ച ബജറ്റ് തുക മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി രൂപയും ക്ഷീര മേഖലയ്ക്ക് 109.25 കോടി രൂപയുമാണ്. എന്നാൽ കഴിഞ്ഞ (2023–24) വർഷത്തെ ബജറ്റ് തുക മൃഗസംരക്ഷണ വകുപ്പിന് 320.64 കോടിയും ക്ഷീര വികസന വകുപ്പിന് 114.76 കോടി രൂപയുമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും കൂടി 12 ശതമാനത്തിന്റെ കുറവ്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക പത്തു വർഷം മുൻപുള്ള ബജറ്റിനേക്കാൾ കുറവാണെന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

2015–16 വർഷത്തെ ബജറ്റ് തുകയിൽ മൃഗസംരക്ഷണ വകുപ്പിന് 299.38 കോടി രൂപ അനുവദിച്ചപ്പോൾ ഒൻപതു വര്‍ഷത്തിനിപ്പുറം 2024–25 മൃഗസംരക്ഷണവകുപ്പിന് 277.14 കോടി മാത്രമായി ചുരുങ്ങി. 22.24 കോടി രൂപയുടെ കുറവ്. പത്തു വർഷം മുൻപ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഏകദേശം 800 രൂപ വിലയുണ്ടായിരുന്നിടത്ത് ഇന്ന് 1500 രൂപയ്ക്ക് മുകളിലാണ് വില. 

പശുവിന് 30,000 വിലയുണ്ടായിരുന്നു 2015 ൽ. ഇപ്പോഴത് 70,000 ന് മുകളിലായി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ബജറ്റ് വിഹിതമാണ് ഇപ്പോഴത്തേത്. കന്നുകുട്ടികൾക്ക് ജനിച്ച് നാലാം മാസം മുതൽ തുടങ്ങി വളർന്ന് പശുവാകുന്നത് വരെ തീറ്റ കൊടുക്കുന്ന പദ്ധതിയായി കന്നുകുട്ടി പരിപാലനത്തിനായി 2015–16 ബജറ്റിൽ 46.39 കോടി അനുവദിച്ചപ്പോൾ ഒൻപതു കൊല്ലത്തിനിപ്പുറം 2024–25ലെ ഇപ്പോഴത്തെ ബജറ്റിൽ ഈ പദ്ധതിക്ക് നീക്കി വച്ചത് 42.5 കോടി മാത്രം. ഏകദേശം 4 കോടിയോളം കുറവ്. 2015നെ അപേക്ഷിച്ച് തീറ്റവില ഇപ്പോൾ ഇരട്ടിയോളമാണ്. പാലുല്‍പാദനം വർധിക്കാനും പശുക്കളുടെ എണ്ണം വർധിക്കാനുമുതകുന്ന ഈ പദ്ധതിക്ക് വേണ്ട പരിഗണന കൊടുത്തില്ല. തീറ്റച്ചെലവ് താങ്ങാൻ കഴിയാതെ നല്ല വർഗ ഗുണമുള്ള പൈക്കിടാങ്ങളെ വരെ കർഷകര്‍ വിറ്റൊഴിവാക്കുന്ന സ്ഥിതിയുണ്ടാകും. ചുരുക്കത്തിൽ ക്ഷീരകർഷകര്‍ക്കും മൃഗസംരക്ഷണ മേഖലയിലെ മറ്റു കർഷകർക്കും പ്രതീക്ഷ നൽകാത്തതാണ് സംസ്ഥാന ബജറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com