ADVERTISEMENT

പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സസ്യമാണ് കുറുന്തോട്ടി. സമൂലം ഔഷധഗുണമുള്ള ചെറു സസ്യം. കുറുന്തോട്ടിയുടെ ഏതെങ്കിലുമൊരു ഔഷധഗുണം അറിയുന്നവരായിരുന്നു കഴിഞ്ഞ തലമുറകളിലെ മുഴുവൻ മലയാളികളും. മുൻപ് നമ്മുടെ പുരയിടങ്ങളിലും പാഴ്പറമ്പുകളിലും വഴിയരികിലുമെല്ലാം കൂട്ടമായി വളർന്നു നിന്ന കുറുന്തോട്ടി പക്ഷേ, അടുത്ത കാലത്തായി അത്ര കാണാനില്ല. ഔഷധനിർമാണത്തില്‍ ആവശ്യകത വർധിച്ചതും തൊഴിലുറപ്പുകാരുടെ വെട്ടിനിരത്തലുമെല്ലാം കുറുന്തോട്ടിക്കു ഭീഷണിയായി. ആയുർവേദ ഔഷധങ്ങളുടെ ഉൽപാദനം കുത്തനെ ഉയരുമ്പോള്‍ കുറുന്തോട്ടി ഉൾപ്പെടെയുള്ള ഔഷധസസ്യങ്ങളുടെ കൃഷിയും വളരേണ്ടതാണ്. എന്നാൽ അതുണ്ടാവുന്നില്ല. വിപണിയില്ലായ്മയാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. 

kurumthotti-3

വൻകിട ഔഷധനിർമാതാക്കളെ സംബന്ധിച്ച്, ടൺ കണക്കിനു മരുന്നുചെടികൾ സമയത്തിനു സംഘടിപ്പിച്ചു നല്‍കുന്ന വ്യാപാരികളെ ആശ്രയിക്കുന്നതാണു സുരക്ഷിതം. അതുകൊണ്ടുതന്നെ 5 ടൺ വേണ്ടിടത്ത് 50 കിലോയുമായി കർഷകൻ ചെന്നാൽ ഔഷധ കമ്പനികൾ നിരസിക്കും. ചുരുക്കത്തിൽ, ഡിമാൻഡ് ഇല്ലാത്തതല്ല, മരുന്നു കമ്പനികളെയും കർഷകരെയും കൂട്ടിയിണക്കുന്ന കണ്ണിയില്ലാത്തതാണു തടസ്സം. തൃശൂരിനടുത്ത് മറ്റത്തൂരിലുള്ള ലേബർ സഹകരണ സംഘം, പ്രദേശത്തെ കർഷകർക്കു തുണയാകുന്നത് ഈ സാഹചര്യത്തിലാണ്. ഔഷധിയുൾപ്പെടെയുള്ള മരുന്നുനിർമാണശാലകളുമായി കരാർ ഒപ്പിട്ട് 7 വർഷം മുൻപ് സംഘം തുടങ്ങിയ ഔഷധസസ്യക്കൃഷി പദ്ധതിയിലൂടെ നേട്ടമുണ്ടാക്കിയ ഒട്ടേറെപ്പേർ ഇന്നു മറ്റത്തൂരും സമീപ പഞ്ചായത്തുകളിലുമുണ്ട്. ആവശ്യകത, വിപണനമൂല്യം എന്നിവ കണക്കിലെടുത്താണു കൃഷിയിനങ്ങൾ നിശ്ചയിക്കുന്നത്. നിലവിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നത് കുറുന്തോട്ടിയിലെന്ന് ലേബർ സംഘം സെക്രട്ടറി കെ.പി.പ്രശാന്ത് പറയുന്നു. സംഘത്തിന്റെ പിന്തുണയോടെ കുറുന്തോട്ടിക്കൃഷിയില്‍ മികച്ച നേട്ടമുണ്ടാക്കിയ കർഷകയാണ് തൃശൂർ ആമ്പല്ലൂർ അളഗപ്പനഗറിലുള്ള പുതിയമഠം വീട്ടിൽ സൗമ്യ ബിജു. നാഗാര്‍ജുനയുടെ 2023ലെ ഔഷധമിത്രം പുരസ്കാരം സൗമ്യയ്ക്കാണ് ലഭിച്ചത്. 

Read also: 1500 ചെടികൾ, കിലോയ്ക്ക് 5000 രൂപ വില: പ്രമേഹ രോഗികൾ തേടിയെത്തുന്ന ഇടുക്കിയിലെ കൃഷിയിടം

സൗമ്യ ബിജു
സൗമ്യ

കൃഷി, വിപണി
സ്വന്തമായി 16 സെന്റ് സ്ഥലം മാത്രമെയുള്ളൂവെങ്കിലും സൗമ്യ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ പാട്ടത്തിനെടുത്തു വിപുലമായ തോതിൽ വാഴ–പച്ചക്കറിയിനങ്ങൾ കൃഷി ചെയ്യുന്നു. 3 കൊല്ലം മുൻപാണ് കുറുന്തോട്ടിക്കൃഷിയുടെ തുടക്കം. പച്ചക്കറിക്കൃഷിക്കു നിലമൊരുക്കിയിട്ട സമയത്താണു മറ്റത്തൂർ ലേബർ സംഘത്തിന്റെ പദ്ധതിയെക്കുറിച്ചറിഞ്ഞ് പുതുവിളയിലേക്കു തിരിഞ്ഞതെന്നു സൗമ്യ. വിളവെടുപ്പു പൂർത്തിയായ കഴിഞ്ഞ സീസണിൽ 3 ഏക്കർ സ്ഥലത്തായിരുന്നു കുറുന്തോട്ടിക്കൃഷി. ജൂണിൽ തുടങ്ങി ഡിസംബറിൽ തീരുന്ന 6 മാസക്കൃഷിയാണ് കുറുന്തോട്ടിയുടേത്. ഏക്കറിന് 1000 തൈകളാണ് ആവശ്യം. നടീൽവസ്തു, കൃഷിപരിശീലനം, ഔഷധസസ്യക്കൃഷിക്ക് കൃഷിവകുപ്പിന്റെ സബ്സിഡി എന്നിവ ലേബർസംഘം ഒരുക്കി. വിളവെടുത്ത കുറുന്തോട്ടിയും വിളവെടുപ്പു സമയത്തു ശേഖരിക്കുന്ന വിത്തും സംഘം തന്നെ സംഭരിക്കും. വിളവെടുപ്പും വിത്തു ശേഖരണവും എളുപ്പമാക്കാനായി വാരംകോരിയാണ് കൃഷി. ഒറ്റത്തവണ കൃഷി ചെയ്താൽ 3–4 വർഷം തുടർ വിളവെടുപ്പു നടത്താമെന്ന മേന്മയുണ്ടു കുറുന്തോട്ടിക്ക്. വിത്തു വീണ് പുതിയ തൈകൾ മുളച്ചു പൊങ്ങുമെന്നതിനാൽ തുടർക്കൃഷിക്കു തൈകൾ വാണ്ടേണ്ടിവരുന്നില്ല. 6 മാസംകൊണ്ട് 5 അടി ഉയരത്തിൽ കുറുന്തോട്ടി വളരും. വാരത്തിനിടയിലെ ചാലിൽ പോളിത്തീൻ ഷീറ്റ് വിരിച്ച് അതിലേക്ക് സമൂലം പിഴുതിട്ടാണ് വിളവെടുപ്പ്. വിത്തു നഷ്ടപ്പെടാതിരിക്കാനാണ് പോളിത്തീൻ ഷീറ്റ് വിരിക്കുന്നത്. തുടർന്ന് വടികൊണ്ടു തല്ലിക്കൊഴിച്ചു വിത്തുകൾ ശേഖരിക്കും.

Read also: വീടിന്റെ ഇത്തിരി സ്ഥലത്തുനിന്നും ആദായമുണ്ടാക്കാം, ഔഷധച്ചെടികളിലൂടെ

kurumthotti-2

ഏക്കറിന് ശരാശരി 800 കിലോ ഉണക്ക കുറുന്തോട്ടിയാണു ലഭിച്ചതെന്നു സൗമ്യ. വിളവെടുത്ത് ഉണക്കി കെട്ടുകളാക്കിയാണു സൂക്ഷിക്കുക. കിലോയ്ക്ക് 83 രൂപ നൽകി സംഘം കൃഷിയിടത്തിൽ നിന്നു  സംഭരിക്കും.  കിലോയ്ക്ക് 2000 രൂപ നൽകി വിത്തും വാങ്ങും. കൃഷിയാരംഭത്തിൽ ജെസിബി ഉപയോഗിച്ചു മണ്ണിളക്കുന്നതും ജൈവവളം ചേർക്കുന്നതുമാണ് പ്രധാന ചെലവ്. തുടർവർഷങ്ങളില്‍ കളനീക്കലല്ലാതെ മറ്റു പണികളില്ല. കുറഞ്ഞ ചെലവും മികച്ച വരുമാനവും നൽകുന്ന കുറുന്തോട്ടിക്കൃഷി വരും സീസണിൽ വിപുലമാക്കുമെന്നു സൗമ്യ പറയുന്നു. 

ഫോണ്‍: 9446828692 (സൗമ്യ), 8589833855 (മറ്റത്തൂർ ലേബർ സംഘം)

kurumthotti-4
തെങ്ങിന് ഇടവിളയായി കുറുന്തോട്ടി കൃഷി ചെയ്തിരിക്കുന്നു

റബറിന് ഇടവിളയാക്കാം 
ഡോ. ഗോപാലകൃഷ്ണൻ വലിയവീട്ടിൽ, അഡീഷനൽ ഹെഡ്(മെറ്റീരിയൽസ്), കോട്ടയ്ക്കൽ ആര്യവൈദ്യശാല

ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവകളിലൊന്നാണു കുറുന്തോട്ടി. ഔഷധ നിർമാതാക്കൾക്ക് ഒഴിവാക്കാനാകാത്ത അസംസ്കൃത വസ്‌തു. അതുകൊണ്ടുതന്നെ വിപണിയിൽ അതിന് ആവശ്യകതയേറുകയാണ്. ഓരോ വർഷവും 50,000 കിലോ മുതൽ 3 ലക്ഷം കിലോവരെ ഉണങ്ങിയ കുറുന്തോട്ടി ഉപയോഗിക്കുന്നവരാണ് കേരളത്തിലെ പല ഔഷധ നിർമാതാക്കളും. വനത്തിൽനിന്നു ശേഖരിച്ചും കൃഷിചെയ്തും ലഭിക്കുന്നതു പോരാത്തതിനാൽ ഏതാനും വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളിൽനിന്നു കുറുന്തോട്ടി എത്തിക്കുകയാണ്. ടൺകണക്കിന് ആവശ്യമുള്ളതിനാൽ ഓരോ ഔഷധ നിർമാതാവും ഒരു വർഷത്തേക്കു വേണ്ടത്  ഒരുമിച്ചു സംഭരിക്കുകയാണു പതിവ്. അതിനാല്‍ കൃഷിയിറക്കും മുന്‍പേ ഔഷധ നിർമാതാക്കളുമായി ചർച്ച ചെയ്ത്, വിലയും ലഭ്യമാക്കാവുന്ന അളവും സംബന്ധിച്ച് മുൻകൂർ കരാറിൽ ഏർപ്പെടുകയാവും ഉചിതം. 

കുറുന്തോട്ടി അഥവാ ബല അടങ്ങുന്ന സസ്യകുലത്തിൽ ഒട്ടേറെ ചെടികളുണ്ട്. ആയുർവേദത്തിൽ കുറുന്തോട്ടിതന്നെ ബല, അതിബല, മഹാബല, നാഗബല എന്നിങ്ങനെ പല തരത്തിലുണ്ട്. ഇവയിൽ ബലയാണ് അധിക അളവിൽ ആവശ്യമുള്ളതും കേരളത്തിൽ ഉപയോഗിച്ചുവരുന്നതും. കൃഷി ചെയ്യുന്നതിനു മുൻപ് ഔഷധ നിർമാതാക്കളുമായി ചർച്ച ചെയ്ത് ശരിയായ ഇനം തിരഞ്ഞെടുക്കണം. 

നീർവാർച്ചയുള്ളതും വെയിൽ ലഭിക്കുന്നതുമായ പ്രദേശമാണ് കുറുന്തോട്ടിക്കൃഷിക്കു യോജ്യം. തെങ്ങിൻതോപ്പില്‍ ഇടവിളയായും, റബർതോട്ടങ്ങളിൽ ആവർത്തനക്കൃഷിയുടെ ആദ്യ രണ്ടു വർഷം ഇടവിളയായും നടാം. വിത്തു പാകി മുളപ്പിച്ച് തൈകൾ പറിച്ചുനട്ടോ വിത്തു വിതറിയോ കൃഷി ചെയ്യാം. ഒരു മഴക്കാലമാണ് കൃഷിദൈർഘ്യം. പൂവിട്ട്, കായ മൂത്ത്, ഇല പൊഴിയാൻ തുടങ്ങുമ്പോൾ വിളവെടുക്കാം. വേരും തണ്ടുമാണ് ഉപയോഗയോഗ്യമായ ഭാഗം. വൃത്തിയായി ഉണക്കിയതിന് (കൊത്തി ചെറുതാക്കാത്തതിന്) കിലോയ്ക്ക് 90 രൂപ മുതൽ 110 രൂപ വരെ ലഭിക്കും. (കൊത്തി ചെറുതാക്കിയാല്‍ വില ഉയരും). മികച്ച കൃഷിയിടത്തിൽനിന്ന് ഏക്കറിന് 1500 കിലോ മുതൽ 2000 കിലോവരെ ഉണക്ക കുറുന്തോട്ടി (പച്ച 6000 കിലോ മുതൽ 8000 കിലോ വരെ) കിട്ടാം. 

ഫോണ്‍: 0483 – 2808251 / 2808383

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com