ADVERTISEMENT

ന്യൂയോർക്ക്‌, ലണ്ടൻ എക്‌സ്‌ചേഞ്ചുകളിൽ കൊക്കോ വില തിളച്ചു മറിയുന്നു. ഉൽപ്പന്നം കൈവശമുള്ളവർ വിലക്കയറ്റത്തിന്റെ മാധുര്യം പരമാവധി ആസ്വാദിക്കാൻ ചരക്ക്‌ വിൽപ്പന നിയന്ത്രിച്ചത്‌ സർവകാല റെക്കോർഡ്‌ വിലയിലേക്ക്‌ ആഗോള വിപണിയെ നയിച്ചു. കൊക്കോ ക്ഷാമം സൃഷ്‌ടിച്ച ആഘാതത്തിൽ ഈ വർഷം ഉൽപന്ന വില ഇരട്ടിയിൽ ഏറെ ഉയർന്നതിനാൽ അവധിവ്യാപാരം നിയന്ത്രിക്കുന്നവർ വിപണിക്കു മൂക്കുകയറിടാനുള്ള തയാറെടുപ്പിലാണ്‌. 

കൊക്കോ മേയ്‌ അവധി വില ടണ്ണിന്‌ 10,000 ഡോളറിലെത്തി. ലോക വിപണിയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്‌ അഞ്ചക്കത്തിൽ കൊക്കോയിൽ വ്യാപാരം നടക്കുന്നത്‌. സ്ഥിതിഗതികൾ ഇത്തരത്തിൽ നീങ്ങിയാൽ അത്‌ ചോക്കലേറ്റ്‌ വ്യവസായത്തെ മാത്രമല്ല, ഉൽപാദകമേഖലയുമായി ബന്ധപ്പെട്ട ഗ്രൈൻഡിങ്‌ യൂണിറ്റുകളുടെ പ്രവർത്തനം പോലും നിർത്തിവയ്ക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ്‌ വ്യവസായികൾ.

കൊക്കോ അവധി വ്യാപാരത്തിലെ മാർജിൻ മണി ഉയർത്തിയാൽ വിലക്കയറ്റത്തിനു മൂക്കുകയറിടാനാകുമെന്നാണ്‌ എക്‌സ്‌ചേഞ്ച്‌ മേധാവികളുടെ കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവന്നാൽ സ്വാഭാവികമായും ഉൽപന്നവിലയിൽ ശക്തമായ ഒരു സാങ്കേതിക തിരുത്തൽ സംഭവിക്കും. 

ഏപ്രിൽ ആദ്യം ടണ്ണിന്‌ 9740 ഡോളറിൽ നിലകൊള്ളുന്ന മേയ്‌ അവധി വില എക്‌സ്‌ചേഞ്ച്‌ മാർജിൻ മണി ഉയർത്തിയാൽ തിരുത്തൽ വേളയിൽ 8390 ഡോളറിലെ ആദ്യ താങ്ങ്‌ വരെ പരീക്ഷണങ്ങൾ നടത്താം. ജനുവരി രണ്ടാം വാരം 4260 ഡോളറിൽ ഉടലെടുത്ത ബുൾ റാലിയാണ്‌ കൊക്കോയെ ഇതിനകം 10,000 ഡോളർ വരെ നയിച്ചത്‌. 

വിളവെടുത്ത കൊക്കോ
വിളവെടുത്ത കൊക്കോ

ഉൽപ്പന്ന വില രാജ്യാന്തര വിപണികളിൽ ഓവർ ഹീറ്റായതിനൊപ്പം ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ കൊക്കോ സാങ്കേതികമായി ഓവർ ബ്രോട്ട്‌ മേഖലയിൽ നീങ്ങുന്നത്‌ കൂടി കണക്കിലെടുത്താൽ മാർജിൻ മണി വർധന പ്രഖ്യാപനം  അതിവേഗത്തിൽ, ഒപ്പം അതിശക്തവുമായ ഒരു തിരുത്തലിന്‌ ഇടയാക്കാം. രാജ്യാന്തര ഫണ്ടുകളും ഊഹക്കച്ചവടക്കാരും വിപണിയിൽ അണിചേർന്നതിനിടയിൽ നിക്ഷേപകരും ഏതാനും മാസങ്ങളായി കൊക്കോയെ വാരി പുണരുകയാണ്‌.  

ഉൽപാദകമേഖലയിലേക്കു തിരിഞ്ഞാൽ ചരക്കിന്‌ നേരിട്ടിരിക്കുന്ന ക്ഷാമം വിട്ടുമാറാൻ കാലതാമസം സംഭവിക്കുമെന്നാണ്‌ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിലയിരുത്തൽ. അതായത്‌ കൊക്കോ വിപണിയിലേക്കു നീക്കുന്നതിൽ സംഭവിച്ച കുറവ്‌ ഇനിയും പരിഹരിക്കാനായിട്ടില്ല. ആ നിലയ്‌ക്ക്‌ കേരളത്തിൽ ഇതിനകം കിലോയ് 810 രൂപ വരെ ഉയർന്ന്‌ വ്യാപാരം നടന്ന കൊക്കോ വിപണിയുടെ അടിത്തറ ശക്തമെന്നു വേണം വിലയിരുത്താൻ.

ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ കൊക്കോ കൈമാറാൻ ചെറുകിട കർഷകർ തിടുക്കം കാണിക്കുന്നുണ്ട്‌. സ്വപ്‌ന തുല്യമായ സർവകാല റെക്കോർഡ്‌ വില കർഷകരെ രോമാഞ്ചം കൊള്ളിക്കുന്നു. പച്ചക്കൊക്കോ വില 310 രൂപയിലെത്തി. ചെറുകിട കർഷകർ പലരും പത്തും പതിനഞ്ചും കിലോ വരെ ചരക്ക്‌ മാർച്ചിൽ വിൽപ്പനയ്‌ക്ക്‌ ഇറക്കി. അതേസമയം ലഭ്യമാകുന്ന ചരക്കത്രയും വാരിയെടുക്കാൻ വ്യാപാരികൾ ഉത്സാഹിക്കുന്നത്‌ കർഷകർക്ക്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌. 

Representational image. Image credit: 3000RISK/iStockPhoto
Representational image. Image credit: 3000RISK/iStockPhoto

ഹൈറേഞ്ചിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കർഷകർ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നത്‌ മികച്ചയിനം കൊക്കേയാണ്‌. ഇതിനിടയിൽ ചില പ്രദേശത്തെ തോട്ടങ്ങളിൽ നിന്നും കൊക്കോ മോഷണങ്ങളും റിപ്പോർട്ട്‌ ചെയ്‌തു. ഉയർന്ന വില തന്നെയാണ്‌ മോഷ്‌ടാക്കളെ കൊക്കോയിലേക്ക്‌ ആകർഷിക്കുന്നത്‌. 

ആഫ്രിക്കൻ രാജ്യങ്ങളിലേയ്‌ക്ക്‌ തിരിഞ്ഞാൽ രണ്ടാം വിളവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ മാസം മൂത്തു വിളഞ്ഞ പുതിയ കൊക്കോ വിളവെടുക്കാനുള്ള തയാറെടുപ്പിലാണ്‌ കർഷകർ. അതേസമയം രണ്ടാം വിളയും ചുരുങ്ങുമെന്നാണ്‌ സൂചന. ഐവറി കോസ്റ്റിലും ഘാനയിലും നൈജീരിയയിലും ഉൽപാദനം നേരത്തെ കണക്കുകൂട്ടിയതിലും കുറയും. 

ഈ മാസം ഐവറി കോസ്റ്റിൽ തുടങ്ങുന്ന രണ്ടാഘട്ട വിളവെടുപ്പിൽ ആറു ലക്ഷം ടണ്ണിന്റെ ഉൽപാദനം പ്രതീക്ഷിച്ചെങ്കിലും അത്‌ നാലു ലക്ഷം ടണ്ണായി ചുരുങ്ങും. നൈജീരിയിൽ 90,000 ടൺ വിള‌വ്‌ ലക്ഷ്യമിട്ടെങ്കിലും പുതിയ വിവരം ഉൽപാദനം 76,500 ടണ്ണിൽ ഒതുങ്ങുമെന്നാണ്‌. മറ്റൊരു ഉൽപാദകരാജ്യമായ ഘാനയിൽ ഒന്നരലക്ഷം ടൺ പുതിയ കൊക്കോ അവർ നേരത്തെ കണക്ക്‌ കൂട്ടിയെങ്കിലും ഇപ്പോൾ ഉൽപാദനം 25,000 ടണ്ണിൽ ഒതുങ്ങുമെന്ന അവസ്ഥയാണ്‌.  

ആഗോള തലത്തിൽ 2022‐23ൽ കൊക്കോ ഉൽപാദനത്തിൽ 74,000 ടണ്ണിന്റെ കുറവാണ്‌ കണക്കാക്കിയെങ്കിൽ 2023‐24ൽ ഇത്‌ 3,74,000 ടണ്ണായി മാറുമെന്നാണ്‌ ഇന്റർനാഷനൽ കൊക്കോ ഓർഗനെസേഷന്റെ വിലയിരുത്തൽ.  

cocoa

ഐവറി കോസ്റ്റ് കൊക്കോ റെഗുലേറ്റർ കൺസെ കഫേകൊ 2024-25 സീസണിലെ കൊക്കോ അവധി വ്യാപാരം നിർത്തിവച്ചു.  ഐവറി കോസ്റ്റ്‌ കൊക്കോ ഉൽപ്പാദനം സംബന്ധിച്ച്‌ വ്യക്തമായ ചിത്രം ലഭിച്ച ശേഷമേ റെഗുലേറ്റർ ഫോർവേഡ്  വിൽപന പുനരാരംഭിക്കൂ. ഇത്‌ ഈ മേഖലയിൽ കൊക്കോയുടെ ഡിമാൻഡ് ഉയർത്തി. പശ്ചിമ ആഫ്രിക്കയിൽ തുടർച്ചയായ മൂന്നാം വർഷമാണ്‌ കൊക്കോ ക്ഷാമത്തിൽ വില കുതിച്ചുയരുന്നത്‌. ആഫ്രിക്കയിൽ ലഭ്യത കുറഞ്ഞതോടെ കയറ്റുമതിക്കാർ കരാറുകളിൽ നിന്നും പിന്മാറുമോയെന്ന ആശങ്ക ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നു.  

ആഗോള കൊക്കോ ഗ്രൈൻഡറുകൾ അവധി മാർക്കറ്റിൽ നിന്നും ഡെലിവറിക്ക്‌ കാത്ത്‌ നിൽക്കാതെ റെഡി വിപണിയിൽ നിന്നും ചരക്ക്‌ സംഭരണം തുടങ്ങി. 40 വർഷത്തിനിടയിൽ ആഗോള വിപണിയിൽ കൊക്കൊ ക്ഷാമം ഇത്രയേറെ രൂക്ഷമാകുന്നത്‌ ആദ്യം.      

കൊക്കോക്കൃഷി, വിപണി, മൂല്യവർധന എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഏപ്രിൽ ലക്കം കർഷകശ്രീയിൽ. മറക്കാതെ സ്വന്തമാക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com