ADVERTISEMENT

മഹാഭാരതത്തിലെ അരക്കില്ലത്തിന്റെ കഥ കേൾക്കാത്തവരുണ്ടാകില്ല. പാണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ഠിരനും സഹോദരങ്ങൾക്കും മാതാവായ കുന്തിക്കും വേണ്ടി ദുര്യോധനനന്റെ നിർബന്ധപ്രകാരം ധൃതരാഷ്ട്രർ വാരണാവതത്തിൽ പണിത കൊട്ടാരമാണ് അരക്കില്ലം. സംശയം തോന്നാത്ത വിധം പാണ്ഡവരെ ദഹിപ്പിച്ചു കൊല്ലാൻ കുടിലബുദ്ധിയായ ദുര്യോധനനൻ തീർത്ത കെണി. എളുപ്പം കത്തുന്ന അരക്കും നെയ്യുമെല്ലാം ഒളിപ്പിച്ചു ചേർത്തു നിർമിച്ച കൊട്ടാരം മുൻപ് ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തായിരുന്നു എന്നാണു നിഗമനം. ഏതായാലും രാജ്യത്ത് പണ്ടും ഇന്നും കോലരക്കുൽപാദനം നടക്കുന്നത് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ജാർഖണ്ഡിലും ചത്തീസ്ഗഡിലുമൊക്കെത്തന്നെ. പ്രകൃതിദത്ത പശകളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അക്കൂട്ടത്തിൽ കോലരക്കുമുണ്ട്. 

lac-3

തപാൽ ഉരുപ്പടികൾ സീൽ ചെയ്യാനുപയോഗിക്കുന്ന പശ എന്ന നിലയ്ക്കാണ് നമുക്കു  കോലരക്ക് (lac) പരിചയം. അതിനപ്പുറം, എളുപ്പത്തിൽ എണ്ണിയെടുക്കാൻ കഴിയാത്തത്ര വ്യാവസായിക ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുന്ന ഉൽപന്നമാണ് കോലരക്ക്. ഔഷധനിർമാണം, പെയ്ന്റ് വ്യവസായം, പെർഫ്യൂം നിർമാണം, ‌ഭക്ഷ്യസംസ്കരണം തുടങ്ങിയവയിലെല്ലാം പടർന്നു കിടക്കു‌ന്നു കോലരക്കിന്റെ വാണിജ്യമൂല്യം. കോലരക്ക് ഉൽപാദനത്തിൽ മേൽപ്പറഞ്ഞ സംസ്ഥാനങ്ങൾ ക്കൊപ്പം കേരളത്തിനും സാധ്യതകളുണ്ടെന്ന് പറയുന്നു തൃശൂർ പീച്ചിയിലുള്ള കേരള വനഗവേഷണകേന്ദ്രത്തിലെ (KFRI) എന്റമോളജി വിഭാഗം ഗവേഷകന്‍ ഡോ. എസ്.മുത്തുകുമാർ. തമിഴ്നാട് സ്വദേശിയായ മുത്തുകുമാർ തമിഴ്നാട്ടിലും കേരളത്തിലും കേലരക്കുകൃഷിയുടെ സാധ്യത പഠിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ കൃഷിക്കാരെ ഈ രംഗത്ത് എത്തിക്കാനും മുത്തുകുമാറിനു കഴിഞ്ഞു. കേരളത്തിൽ, തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ജില്ലകളിൽ കോലരക്കുൽപാദനം മികച്ച രീതിയിൽ നടത്താമെന്നാണ് ഗവേഷണങ്ങളിൽ തെളിഞ്ഞത്. കോലരക്ക് ഉൽപാദിപ്പിക്കുന്ന പ്രാണി, അതിനു വളരാൻ യോജിച്ച സസ്യങ്ങൾ, കർഷകർ ഉൽപാദിപ്പിക്കുന്ന കോലരക്കിന്റെ സംഭരണം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന പദ്ധതിയാണ് കെഎഫ്ആർഐ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഡോ. മുത്തുകുമാർ പറയുന്നു. പീച്ചി കെഎഫ്ആർഐയിൽ കോലരക്കുകൃഷിയുടെ പ്രദർശനത്തോട്ടവും ഒരുക്കിയിട്ടുണ്ട്

കോലരക്ക്
കോലരക്ക്

കൃഷി, വിപണി 

ലാക് പ്രാണി (Kerria lacca) അതിന്റെ ആവാസ‌വ്യവസ്ഥയുടെ സുരക്ഷയ്ക്കും ജീവിതചക്ര പൂർത്തീകരണത്തിനുമായി അതിനെ പൊതിഞ്ഞ് ഉൽപാദിപ്പിക്കുന്ന പശയാണ് ലാക് അഥവാ കോലരക്ക്. മരക്കൊമ്പുകളിൽ പറ്റിപ്പിടിച്ച് അതിലെ നീരൂറ്റിക്കുടിക്കുന്ന ലാക് പ്രാണികൾ മറ്റു ജീവികളിൽ നിന്നു രക്ഷ നേടാനും ഇണചേരാനുമെല്ലാം ഈ അരക്കുകൂട് പ്രയോജനപ്പെടുത്തുന്നു. ‌ദൃഢതയും പശിമയും ഒരു പോലെയുള്ള വസ്തുവാണ് കോലരക്ക്. മുൻപ് വനപ്രദേശങ്ങളിൽനിന്നു ശേഖരിക്കുകയിരുന്നെങ്കിൽ ഇന്ന് പ്രാണികൾക്കു താൽപര്യമുള്ള ചെടിയിനങ്ങൾ (host plants) കണ്ടെത്തി അവയിൽ കോളനികളെ വിട്ട് കൃഷിയായിത്തന്നെയാണ് കോലരക്കുൽപാദനം നടക്കുന്നത്. ഈ രീതിയിൽ 6 മാസമാണ് ഒരു കൃഷിക്കാലം. വർഷം രണ്ടു വട്ടം കൃഷി നടക്കും. തുടർന്ന് പ്രാണികൾ സൃഷ്ടിക്കുന്ന കോലരക്ക് സംഭരിച്ച് സംസ്കരിച്ച് വിവിധ വ്യവസായങ്ങളിൽ പ്രയോജനപ്പെടുത്തു ന്നു. കിലോയ്ക്ക് 300–400 രൂപ വരെയാണ് കോലരക്കിന്റെ വിപണിവിലയെന്നും ഡോ. മുത്തുകുമാർ.

ഫോൺ: 9942627426 (ഡോ. മുത്തുകുമാർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com