ADVERTISEMENT

വനിതകൾക്കു സംരംഭകരാകാൻ പരിശീലനവും പിന്തുണയും നൽകുന്ന സ്ഥാപനങ്ങൾ ഏറെയുണ്ട്. എന്നാൽ, സംരംഭകമോഹം മനസ്സിലടക്കി വീടുകളിൽ ഒതുങ്ങിപ്പോയവര്‍ക്കു വഴികാട്ടാനും തുണ നില്‍ക്കാനും സംരംഭകരായ സ്ത്രീകൾതന്നെ ഒരു കൂട്ടായ്മ തുടങ്ങിയാലോ - അതാണ് അമാൽഗം. തൃശൂരില്‍ ചാവക്കാടു മേഖലയില്‍ വ്യത്യസ്ത സംരംഭങ്ങൾ നടത്തുന്ന നാലു വനിതകൾ പരസ്പരം സഹായിക്കുന്നതിന് ആരംഭിച്ചതാണ് ഈ പ്രസ്ഥാനം. 

വനിതാ സംരംഭകരുടെ ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രദർശനം ഒരുക്കിയാണ് തുടക്കം. അതു വിജയമായെങ്കിലും പ്രളയവും കോവിഡുമൊക്കെയായപ്പോള്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വാട്സാപ് കൂട്ടായ്മയായി അമാൽഗം വീണ്ടും സജീവമാവുകയാണിപ്പോള്‍. ചാവക്കാട് കൂട്ടങ്ങൽ സ്ക്വയറിൽ വനിതാ സംരംഭകർക്കായി ഒരു മാസം മുൻപ് പ്രദർശനവില്‍പനമേള ഒരുക്കിയാണ് അമാല്‍ഗം രണ്ടാം ഘട്ടത്തിലേക്കു കടന്നത്. ഒട്ടേറെ സംരംഭകർക്ക് പുത്തൻ സാധ്യതകൾ കണ്ടെത്താൻ ഈ പ്രദർശനം ഉപകരിച്ചു. 

ഓൺലൈൻ ബുട്ടീക് നടത്തുന്ന ഷബാന നൗഷദലി, ബിസിനസ് പങ്കാളി അസ്ന മുഹമ്മദ്, ഐടി പ്രഫഷണലും ബിസിനസ് കൺസൽട്ടന്റുമായ ബീന, പേസ്ട്രി ഷെഫ് റിബിൻ ഗയാസ് എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.  വൈകാതെതന്നെ ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്യുമെന്നു ഷബാന പറഞ്ഞു. ചാവക്കാടും പരിസരങ്ങളിലുമുള്ളവർക്കാണ് അംഗത്വമെങ്കിലും കേരളത്തിലെവിടെയുമുള്ള വനിതാ സരംഭകർക്ക് അമാൽഗം വാട്സാപ് കൂട്ടായ്മയിൽ അംഗമാകാം. വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും വരുമാനമാർഗമാക്കിയ വീട്ടമ്മമാർക്ക് വിപണനത്തിനു പൊതുവേദി ഒരുക്കുകയാണ് ലക്ഷ്യം– ബീന പറഞ്ഞു. പുതു സംരംഭർക്ക് അറിവും പരിശീലനവും നല്‍കാനും അമാൽഗം മുൻകയ്യെടുക്കും. 

amalgam-2

പ്രദർശന വിൽപനയ്ക്കു പുറമേ മാസം തോറും സെമിനാറുകൾ, ശിൽപശാലകൾ, പഠനയാത്രകൾ എന്നിവയും നടത്തും. വാട്സാപ് ഗ്രൂപ്പിലെ ചർച്ചകളിലൂടെ മുതിർന്ന സംരംഭകരുടെ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുന്നുണ്ട്. പ്രവാസജീവിതത്തിനുശേഷം ബിസിനസ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന ബീനയും ഇൻഡസ്ട്രി ഓഫിസറായ നബിയയും മറ്റും വിലപ്പെട്ട നിര്‍ദേശങ്ങളാണു നല്‍കുന്നത്. വായ്പ, സബ്സിഡി, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുക മാത്രമല്ല, അതു നേടിക്കൊടുക്കുകയും ചെയ്യുന്നു അമാല്‍ഗമെന്ന് അസ്ന ചൂണ്ടിക്കാട്ടി.  

കൂട്ടായ്മക്കരുത്തിൽ വിപണനം

അറുപതു സെന്റിൽ 12 ഇനം ചീര കൃഷി ചെയ്യുന്ന സുജാതയുടെ സവിശേഷ ഉൽപന്നമാണ് കടും ചുവപ്പു നിറമുള്ള വ്ലാത്താങ്കരച്ചീരയുടെ സ്ക്വാഷ്. ചീരക്കറി കഴിക്കാത്ത കൊച്ചുമക്കൾക്ക് അതിന്റെ പോഷകഗുണം കിട്ടണമെന്ന നിർബന്ധബുദ്ധിയോടെ ഉണ്ടാക്കിയ ഉൽപന്നം, അവര്‍ക്ക് ഇഷ്ടമായെന്നു കണ്ടപ്പോള്‍ കൃഷിഭവനിലെ ആഴ്ചച്ചന്തയില്‍ വില്‍പനയ്ക്കു വച്ചു. ഇതിനു കൂടുതൽ ആവശ്യക്കാരെ കണ്ടെത്താൻ അമാൽഗം മേള സഹായിച്ചെന്നു സുജാത. കൊണ്ടുവന്നതു മുഴുവൻ ആദ്യ ദിവസം തന്നെ വിറ്റുതീർന്നു. മറ്റൊരു സംരംഭകയായ ജാസ്മിന്റെ ‘കേര നന്മ’ ബ്രാൻഡ് ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്കും നല്ല ഡിമാന്‍ഡ് ആയിരുന്നു.   

ഫോൺ(ഷബാന): 9778181635

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com