ADVERTISEMENT

നാട്ടിലെ ഉദ്യാനങ്ങളിൽ സർവ സാധാരണമായ, നിത്യഹരിത പൂച്ചെടികളാണ് അരളിയും (Oleander) മഞ്ഞ അരളിയും (Yellow oleander). പൂമാല കോർക്കാനും ക്ഷേത്രത്തിലെ പൂജാ കർമങ്ങൾക്കായുമെല്ലാം അരളിപ്പൂവിനു നല്ല ഡിമാൻഡാണ്. അത്ര കണ്ട് ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും ഇവ രണ്ടും നന്നായി വളരുകയും എല്ലാക്കാലത്തും പുഷ്പിക്കുകയും ചെയ്യു൦. കടുത്ത വേനലിൽ മറ്റു ചെടികൾക്കു നൽകുന്ന അത്ര നന ഇവയ്ക്ക് ആവശ്യമില്ല; എന്നാലും ഇവ കരുത്തോടെ വളരും. 

അരളിയുടെ ഇളം പിങ്ക് നിറത്തിൽ പൂക്കളുള്ള പരമ്പരാഗത ഇനം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണെങ്കിൽ സങ്കരയിനങ്ങൾ എല്ലാം 2 - 3  അടിയിൽ താഴെ മാത്രമേ ഉയരം വയ്ക്കൂ. ഇവയിൽ പിങ്ക് കൂടാതെ, വെള്ള, ഐവറി, മെറൂൺ നിറത്തിലുള്ള പൂക്കളും കാണാം. കമ്പു നട്ട് എളുപ്പത്തിൽ വളർത്തിയെടുക്കാമെന്നതുകൊണ്ട് നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ അതിർവേലി തയാറാക്കാനും കൂട്ടമായി വളർത്താനുമെല്ലാം പൂന്തോട്ടത്തിൽ അരളിക്കു നല്ല ഉപയോഗമുണ്ട്. കൂടാതെ ദേശിയ പാത മോടിയാക്കാൻ ഏറ്റവുമധികമായി ഉപയോഗിക്കുന്നതും അരളി തന്നെ. അരളിയുടെയും മഞ്ഞ അരളിയുടെയും ഇലകൾ കണ്ടാൽ ഒരുപോലെ ആണെങ്കിലും മഞ്ഞ അരളിയുടെ പൂക്കൾ വലുതും മഞ്ഞ നിറത്തിൽ കോളാമ്പി പൂവിന്റെ ആകൃതിയുമാണ്.

yellow oleander. Image Credit: EuToch/iStockPhoto
yellow oleander. Image Credit: EuToch/iStockPhoto

കാണാൻ ഭംഗി, പക്ഷേ...

അരളിയുടെ ഇലയിലും തണ്ടിലും വേരിലും പൂവിലുമുൾപ്പടെ എല്ലാ ഭാഗത്തും അടങ്ങിയിട്ടുള്ള ഗ്ലൈക്കോസൈഡ് വിഭാഗത്തിലുള്ള രാസപദാർഥങ്ങൾ മനുഷ്യശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളവയാണ്. ഇവയിൽ ഒലിയാൻഡ്രിൻ, നീറിൻ, ഡിജിറ്റോക്സിജെനിൻ എന്നിവയാണ് ഏറെ പ്രശ്നക്കാർ. എല്ലാം നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ കഴിവുള്ളവ. അബദ്ധവശാൽ അധിക അളവിൽ ഇല ശരീരത്തിനുള്ളിൽ പോയാൽ കുട്ടികളിലും ഹൃദയസംബന്ധിയായ രോഗമുള്ളവരിലും അത് മാരകമാകാൻ സാധ്യതയുണ്ട്. ശർദ്ദിയും അമിതക്ഷീണവുമെല്ലാമായി തുടങ്ങുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മാരകമായി മാറും. ചെടിയിൽ നിന്നും നീക്കം ചെയ്യുന്ന പച്ചക്കമ്പുകൾ കത്തിച്ചാൽ പോലും അതിൽ നിന്നുള്ള പുക ശ്വാസകോശ അസ്വസ്ഥതകൾ ഉണ്ടാക്കും.

മഞ്ഞ അരളിയുടെ ഇലയിലും കായ് കളിലുമാണ് വിഷ പദാർഥങ്ങൾ അധികമായി ഉള്ളത്. ഇതിലും ഗ്ലൈക്കോസൈഡ് വിഭാഗത്തിലുള്ളവയാണ് മനുഷ്യശരീരത്തിൽ മാരകമാകുക. ഈ കുറ്റിച്ചെടിയുടെ ഇല ഉൾപ്പടെ എല്ലാ ഭാഗത്തും വെള്ള നിറത്തിലുള്ള കറ പ്രത്യേകതയാണ്. ഈ കറപോലും ഉള്ളിൽപോയാൽ വിഷമായി മാറുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com