ADVERTISEMENT

ഇന്ത്യയിൽ വിദേശ ഇനം പക്ഷിമൃഗാദികളെ ഇറക്കുമതി ചെയ്ത് അരുമകളായി വളർത്തുന്നതിന് നിയമതടസമില്ല. എന്നാൽ ഇന്ത്യയിലെ വന്യജീവികളെ വളർത്താൻ നിയമം അനുവദിക്കുന്നില്ല. വിദേശത്തുനിന്നുള്ള അപൂർവയിനം അരുമകളുടെ ബ്രീഡിങ്ങും വിപണനവും പുതുതായി രൂപപ്പെട്ടു വരുന്ന ഒരു തൊഴിൽ മേഖലയാണ്. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് ഓരോന്നിന്റെയും വില. പാമ്പ് വർഗ്ഗങ്ങൾ, വിവിധതരം പക്ഷികൾ, കുരങ്ങ്, മുള്ളൻപന്നി, ഇഗ്വാന, വിവിധതരം പൂച്ചകൾ അങ്ങനെ വൈവിധ്യപൂർണമാണ് വിദേശ അരുമകൾ. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.

guinea-pig
ഗിനിപ്പന്നി

ഗിനി പന്നി

പേരിൽ പന്നിയുണ്ടെങ്കിലും ആള് പന്നിയല്ല . ലബോറട്ടറി പരീക്ഷണങ്ങൾക്കായി വളരെ മുൻപേ വളർത്തിയിരുന്ന ഇവയെ ഇപ്പോൾ അരുമയായി വീടുകളിൽ വളർത്തുന്നു. തെക്കേ അമേരിക്കയാണ് സ്വദേശം. മനുഷ്യനുമായി നന്നായി ഇണങ്ങുന്നവരാണിവർ. ചെറിയ ചെവിയും കൈകാലുകളും വലിയ തലയുമാണ് ഗിനിപ്പന്നികൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ  ഗിനിപ്പന്നിക്ക് 500 മുതൽ 1500 വരെ ഗ്രാം തൂക്കം വരും. എങ്കിലും ആരോഗ്യരക്ഷയ്ക്കും പ്രജനനമികവിനും തൂക്കം 1000 ഗ്രാമിൽ കവിയാതെ നോക്കണം. ഇവയെ പരിപാലിക്കാൻ കുറഞ്ഞ സ്ഥലം മതി. രണ്ടടി നീളവും വീതിയും ഒരടി ഉയരവുമുള്ള കൂട്ടിൽ ഒരാണും മൂന്നു പെണ്ണും എന്ന തോതിൽ 4 എണ്ണത്തിനെ വരെ പാർപ്പിക്കാം.  

കൃത്യമായ പരിചരണവും പോഷകമ്പുഷ്ടമായ ഭക്ഷണവുമുണ്ടെങ്കിൽ 2 മാസം പിന്നിടുമ്പോൾ ഗിനിപ്പന്നികൾ പ്രായപൂർത്തിയാകും. 5 മാസം പ്രായം മുതൽ പ്രസവിച്ചുതുടങ്ങും. 68–70 ദിവസമാണ് ഗർഭകാലം. പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകുക. രോമാവൃതമായ ശരീരവും തുറന്ന കണ്ണുകളുമുള്ള കുഞ്ഞുങ്ങൾ ജനിച്ച അന്നു മുതൽ മറ്റു ഭക്ഷണങ്ങളും കഴിച്ചുതുടങ്ങും. ഒറ്റ പ്രസവത്തിൽ സാധാരണ 2–3 കുഞ്ഞുങ്ങൾ ഉണ്ടാകും. രണ്ടു മുലക്കാമ്പുകൾ മാത്രമേ ഗിന്നിപ്പന്നികൾക്കുണ്ടാകൂ. അതുകൊണ്ടുതന്നെ കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചാൽ പാൽ കിട്ടാതെ വരികയും ആരോഗ്യം കുറയുകയും ചെയ്യും. പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഇണചേരാനുള്ള കഴിവ് ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ ഏതാനും ദിവസം ആൺ ഗിനിപ്പന്നിയെ മാറ്റിപ്പാർപ്പിക്കുന്നത് അമ്മപ്പന്നിയുടെ ആരോഗ്യത്തിനു നന്ന്.

മൂന്നാഴ്ച പ്രായത്തിൽ മാതാപിതാക്കളുടെ അടുത്തുനിന്നു മാറ്റാം. ഈ സമയത്ത് കുഞ്ഞിനു ശരാശരി 50 ഗ്രാം തൂക്കമുണ്ടാകും. ലബോറട്ടറി ആവശ്യങ്ങൾക്ക് പ്രധാനമായും ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെയാണ് കമ്പനികൾ ആവശ്യപ്പെടുക. മരുന്നുകളുടെ സ്വഭാവം അനുസരിച്ച് തൂക്കത്തിൽ മാറ്റം വരും.

ഭക്ഷണം രാവിലെയും വൈകുന്നേരവും എന്ന രീതിയിൽ ദിവസം രണ്ടു നേരം മതി. ഒരു നേരം പുല്ലും ഒരു നേരം തവിട്, പിണ്ണാക്ക്, ധാന്യപ്പൊടി എന്നിവ ചേർത്തുള്ള പ്രത്യേക കൈത്തീറ്റയും. വളർച്ചയ്ക്ക് ജീവകം സി ആവശ്യമാണ്. ജീവകം സി അടങ്ങിയ സപ്ലിമെന്റുകളോ നെല്ലിക്കയോ ഭക്ഷണത്തിൽ ചേർത്തു നൽകാം. ആവശ്യാനുസരണം കുടിവെള്ളം നല്‍കണം.  

കാഴ്ചശക്തി കുറവാണെങ്കിലും മികച്ച ഘ്രാണ–കേൾവിശക്തികൾ ഉള്ളതിനാൽ അപകടസന്ദർഭങ്ങൾ അതിവേഗം തിരിച്ചറിയാന്‍ കഴിയും.  വ്യത്യസ്ത രീതിയിലുള്ള ശബ്ദങ്ങളിൽ അതു പ്രകടിപ്പിക്കുകയും ചെയ്യും. കടിക്കുകയോ മാന്തുകയോ ഇല്ല എന്നതിനാല്‍  ഫാമിലി പെറ്റ് ആയി വളർത്താം. വൃത്തിയുള്ള കൂടും നല്ല ഭക്ഷണവും നിര്‍ബന്ധം.

marmosets

പിഗ്മി കുരങ്ങുകൾ

കൈയ്ക്കുള്ളിൽ ഒതുങ്ങുന്ന കുരങ്ങ്. കേരളത്തിലെ അരുമ പരിപാലനമേഖലയിൽ ഈയിടെ ഏറെ ആരാധകരെ നേടിയ അരുമയാണ് മാർമൊസെറ്റ് മങ്കി എന്ന കുഞ്ഞൻ കുരങ്ങ്. വലുപ്പക്കുറവുകൊണ്ടുതന്നെ പോക്കറ്റ് മങ്കി എന്നും ഇതിനു പേരുണ്ട്. തെക്കേ അമേരിക്കയില്‍ ആമസോൺ നദിക്കരയിലെ മഴക്കാടുകളാണ് ഇവരുടെ ജന്മനാടെങ്കിലും ഇന്ന് മിക്ക രാജ്യങ്ങളിലും അരുമയായി ഇവയെ വളർത്തിവരുന്നു. മാർമൊസെറ്റുകളിൽ ഇരുപതോളം ഇനങ്ങളുണ്ടെങ്കിലും വൈറ്റ് ഇയർ, ബ്ലാക്ക് ചെസ്റ്റഡ് ഇനങ്ങളെയാണ് കേരളത്തിൽ പൊതുവേ വളർത്തിവരുന്നത്. കാഴ്ചയിൽ ഭംഗി വൈറ്റ് ഇയറിനാണെങ്കിലും ബ്ലാക്ക് ചെസ്റ്റിനാണ് ആരാധകരും ആവശ്യക്കാരുമേറെ.

രണ്ടു വയസ്സു പിന്നിടുമ്പോൾ പ്രായപൂർത്തിയാകുന്ന ഇവയുടെ ഗർഭകാലം ശരാശരി 130 ദിവസമാണ്. ഒരു പ്രസവത്തിൽ സാധാരണ 2 കുട്ടികൾ. അപൂർവമായി ഒന്നോ മൂന്നോ ഉണ്ടാകാം. മാതാപിതാക്കൾ ഒരു പോലെ മക്കളെ പരിപാലിക്കും. ഇണക്കി വളർത്തണമെങ്കിൽ മൂന്നാഴ്ചയ്ക്കുശേഷം കുഞ്ഞുങ്ങളെ മാതാപിതാക്കളിൽനിന്നു മാറ്റി ഹാൻഡ് ഫീഡ് ചെയ്തു വളർത്തണം. മാതാപിതാക്കൾ വളർത്തിയെടുക്കുന്ന കുഞ്ഞുങ്ങളെ ഇണക്കി അരുമയായി പരിപാലിക്കാൻ കഴിയില്ല. 2 മാസം പ്രായമാകുമ്പോൾ തനിയെ ഭക്ഷണം കഴിച്ചുതുടങ്ങും. അമ്മയുടെ ആരോഗ്യത്തിന് 15 മാസത്തിനിടെ 2 പ്രസവമെന്ന രീതിയാണ് നല്ലത്. അതുകൊണ്ടുതന്നെ പ്രസവശേഷം കുഞ്ഞുങ്ങളെ മാറ്റുന്നതിനൊപ്പം ആൺ മാർമൊസെറ്റിനെ മാറ്റിപ്പാർപ്പിക്കുന്നതു കൊള്ളാം.   

പഴങ്ങളും ചെറുപ്രാണികളുമാണ് ഇഷ്ടഭക്ഷണം. പാറ്റ, പല്ലി, മീൽ വേം തുടങ്ങിയവയും ഭക്ഷണത്തിൽ ചേർക്കാം. മാർമൊസെറ്റ് ഡയറ്റ് എന്ന പേരിൽ പായ്ക്ക്ഡ് ഫുഡ്  വിപണിയിൽ ലഭ്യമാണ്. 

സൺബാത്ത് ഏറെ ഇഷ്ടപ്പെടുന്നു മാർമൊസെറ്റുകൾ. അതുകൊണ്ടുതന്നെ ചെറിയ അളവിലെങ്കിലും സൂര്യപ്രകാശം പതിക്കുന്നിടത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. സൂര്യപ്രകാശത്തിന്റെ അപര്യാപ്തത എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകാറുണ്ട്. കാത്സ്യക്കുറവുണ്ടായാൽ എല്ലുകൾ പൊട്ടുകയും വളയുകയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ അതീവ ശ്രദ്ധ നൽകാൻ കഴിയുന്നവർക്ക് യോജിച്ച അരുമയാണ് കുഞ്ഞൻ പോക്കറ്റ് മങ്കി.

fennec-fox
fennec fox

ഫെനെക് കുറുക്കൻ

ആഫ്രിക്കൻ മരുഭൂമിയിൽ കാണുന്ന ചെറിയശരീരവും വലിയ ചെവികളുമുള്ള ഇവയെ ഇന്ന് അരുമയായാണ് കാണുന്നത്. കുറുക്കൻമാരിൽ കുഞ്ഞൻമാരാണിവർ. ചെറുപ്രാണികൾ, കുരുവികൾ തുടങ്ങിയവയെ ഭക്ഷിക്കും. നല്ല പരിചരണം ലഭിക്കുമെങ്കിൽ 14 വർഷം വരെ ജീവിക്കും. ഏത് ഉഷ്ണകാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവുണ്ട്. 

hedgehog
hedgehog

ആഫ്രിക്കൻ പിഗ്മി മൂൺറാറ്റ് (Hedgehog)

പെൺ വർഗ്ഗത്തിന്  ആണിനേക്കാൾ വലുപ്പം കൂടുതലാണ്. 300 ഗ്രാം മുതൽ 600 ഗ്രാം വരെ ശരീര ഭാരമുള്ള ഇവയ്ക്ക് ശരാശരി 21 സെൻറിമീറ്റർ മാത്രമേ നീളമുള്ളൂ.  വിവിധ വർണ്ണത്തിൽ കാണപ്പെടും . ശരീരത്തിന്റെ മുകൾ ഭാഗത്ത 0.5 സെന്റിമീറ്റർ മുതൽ 1.7 സെന്റിമീറ്റർ വരെ നീളത്തിലുള്ള മുള്ളുകളുണ്ട്. ജനന സമയത്ത് 10 ഗ്രാമാണ് തൂക്കം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി പന്ത് രൂപത്തിൽ ശരീരം രൂപപ്പെടുത്താൻ ഇവയ്ക്ക് കഴിവുണ്ട്. 

iguana
ഇഗ്വാന

ഇഗ്വാന

കേരളത്തിൽ തരംഗമായി മാറിക്കഴിഞ്ഞവരാണ് സെൻട്രൽ/ ദക്ഷിണ അമേരിക്കകാരായ ഇഗ്വാനകൾ. ഉരഗവർഗത്തിലെത്തന്നെ ഏറ്റവും സുന്ദരികളായാണ് ഇവർ അറിയപ്പെടുന്നത്. കാഴ്ചയിൽ ഭീകരന്മാരെപ്പോലെ തോന്നുമെങ്കിലും വളരെ ശാന്തരും നിരുപദ്രവകാരികളുമാണ് ഇക്കൂട്ടർ. പല്ലികളെപോലെതന്നെ വാലാണ് ശത്രുക്കൾക്കെതിരേയുള്ള ഇവരുടെ ആയുദ്ധം. പരിചയമില്ലാത്തവരെ കണ്ടാൽ ഇഗ്വാനകൾ സ്വയരക്ഷയ്ക്കായി അവയുടെ നീണ്ട വാൽ ചുഴറ്റിയടിക്കാൻ ശ്രമിക്കും. 

നന്നേ ചെറുപ്പത്തിൽത്തന്നെ ഇണക്കിവളർത്തിയില്ലെങ്കിൽ പിന്നീട്  ഇണങ്ങാൻ പ്രയാസമാണ്. ഇണങ്ങിയാലോ, പിന്നെ എന്നും കുറച്ചുനേരം എടുത്ത് ലാളിച്ചില്ലെങ്കിൽ പിണക്കം നടിക്കാനും ഇവർക്കറിയാം. മെക്സിക്കൻ പച്ച, ചുവപ്പ്, മഞ്ഞ, നീല, വെള്ള/ആൽബിനോ എന്നീ നിറങ്ങളിലുള്ളവ വിപണിയിൽ ലഭ്യമാണെങ്കിലും പച്ച ഇഗ്വാനകൾക്കാണ് ആവശ്യക്കാർ ഏറെ. ഇഷ്ടപ്പെട്ടാൽ മോഹവിലയ്ക്ക് സ്വന്തമാക്കുന്നവരും ഇന്ന് കേരളത്തിൽ കുറവല്ല. 15 മുതൽ 20 വർഷമാണ് ഇവരുടെ ആയുർദൈർഘ്യം.

sugar-glider
sugar glider

ഷുഗർ ഗ്ലൈഡർ

ഓസ്‌ട്രേലിയൻ സ്വദേശികളാണ് സഞ്ചിമൃഗങ്ങളിൽപ്പെട്ട കറുത്ത വലിയ കണ്ണുകളുള്ള ഈ കുഞ്ഞന്മാർ. ഒരു കൈപ്പത്തിയോളം മാത്രം വലുപ്പമുള്ള ഇവർക്ക് കേരളത്തിൽ ആരാധകരേറെയാണ്. തേനും, ചെടികളുടെ നീരും ധാരാളം കഴിക്കാൻ ഇഷ്ടപ്പെടുന്നതാണ് ഷുഗർ ഗ്ലൈഡർ എന്ന പേരിനു കാരണം. ശരീരത്തിന്റെ ഇരുവശത്തുമായി, ചൂണ്ടാണിവിരലിനേയും കാലിന്റെ കണ്ണിയേയും ബന്ധിപ്പിക്കുന്ന, പാടപോലെയുള്ള ചർമം (പെറ്റാജിയം) ഉള്ളതുകൊണ്ട്, മരത്തിൽനിന്ന് മരത്തിലേക്ക് (എകദേശം 150 അടിയോളം ദൂരം) ചാടാൻ ഇവക്ക് കഴിയും. തവിട്ടും ബ്രൗണും കലർന്ന നിറമാണ് ശരീരത്തിൻറെ മുകൾവശത്തിന്; അടിവശം വെള്ളയും. തലയിൽ കറുത്ത വരകളും കാണാം. തൂവെള്ള നിറമുള്ളവയേയും അപൂർവമായി കാണാൻ സാധിക്കും. 12 മുതൽ 15 വർഷമാണ് ഇവരുടെ  ആയുർദൈർഘ്യം.

റജിസ്ട്രേഷൻ വേണം

വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടിയായ CITES (Convention on International Trade in Endangered Species) പട്ടികയിൽ ഉൾപ്പെട്ടതും, വന്യജീവി സംരക്ഷണ നിയമം 1972‌ൽ (Wildlife (Protection) Act 1972) ഉൾപ്പെടാത്തതുമായ വിദേശയിനം അരുമ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ വനം-പരിസ്ഥിതി വകുപ്പിൽനിന്ന് റജിസ്ട്രേഷൻ നേടേണ്ടതുണ്ട്. വളർത്താനായി വാങ്ങുമ്പോൾ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റം ചെയ്യുമ്പോഴും റജിസ്ട്രേഷൻ ആവശ്യമാണ്. അതായത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യണം. ഇങ്ങനെ റജിസ്ട്രേഷൻ നേടിയതിനു ശേഷം മാത്രം വളർത്താവുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയും മറ്റു വിശദമായ നിർദേശങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. റജിട്രേഷൻ നടപടികൾ ഓൺലൈനായി പൂർത്തികരിക്കുന്നതിനായി പരിവേഷ് എന്ന പോർട്ടലും (parivesh.nic.in) സജ്ജമാക്കിയിട്ടുണ്ട്.

English summary: Exotic pets Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com