ADVERTISEMENT

ഒരു മനുഷ്യന് സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും വേദനാജനകവും ഭീതികരവുമായ മരണമാണ് പേവിഷബാധയേറ്റാൽ ഉണ്ടാവുക. പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാൽ അത്യധികം ദാരുണമായ മരണം ഉറപ്പ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 120ലധികം ആളുകളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. ഇക്കഴിഞ്ഞ വർഷം 21 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടത്. ഈ വർഷം ഇതുവരെ പേവിഷബാധയേറ്റുള്ള മരണങ്ങളുടെ എണ്ണം പത്തുകടന്നു. 2030 ആവുമ്പോഴേക്കും നായ്ക്കൾ വഴിയുള്ള പേവിഷ ബാധയും, മനുഷ്യരിൽ പേവിഷബാധ മൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന മഹത്തായലക്ഷ്യം നേടിയെടുക്കാനുള്ള ആരോഗ്യദൗത്യമാണ് ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് അറുതിയില്ലാതെ പേമരണങ്ങൾ കേരളം പോലെ ആരോഗ്യസാക്ഷരത ഏറെയുള്ള ഒരു സംസ്ഥാനത്ത് സംഭവിക്കുന്നത് എന്നത് ഗൗരവമുള്ള വസ്തുതയാണ്.

പേ തടയാൻ പ്രഥമശുശ്രുഷ, വാക്സിന് മാത്രമല്ല പത്തുരൂപയുടെ സോപ്പിനും ജീവന്റെ വിലയുണ്ട്
മൃഗങ്ങളിൽനിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെപ്പിൽ നിന്നും വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. ഈ രീതിയിൽ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാകാം ഒരുപക്ഷേ പേവിഷ പ്രതിരോധ വാക്സീൻ സ്വീകരിച്ച ചിലരിൽ രോഗബാധയുണ്ടാകാൻ ഇടയാക്കിയത്. പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ അഞ്ചു മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോൾ വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയിൽ പ്രഥമ ശുശ്രൂഷ ചെയ്യാതിരിക്കരുത്.

സോപ്പ് കഴിഞ്ഞാൽ ഇമ്മ്യൂണോഗ്ലോബുലിൻ പിന്നെ വാക്സീൻ
പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. മുറിവോ മറ്റു പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിനായുള്ള വാക്സീൻ (ഐഡിആർവി)  എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളിൽ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സീൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷവൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ എന്ന മാംസ്യമാത്രകൾ രൂപപ്പെടും. കൃത്യസമയത്ത്, നിർദ്ദേശിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരം എടുക്കുന്ന ആന്റിറാബീസ്‌ വാക്‌സിന് പേവിഷബാധയെ നൂറു ശതമാനം പ്രതിരോധിക്കാൻ ഫലപ്രാപ്തിയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 

മൃഗങ്ങളിൽ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിനും (ആന്റി റാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സിനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം. വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്‌സീൻ ശരീരത്തിൽ പ്രവർത്തിച്ച്  പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ് ഏറ്റവും ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കൺപോള, ചെവി, കാൽവെളള, വിരളിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കൾ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കിൽ വൈറസ് വേഗത്തിൽ മസ്തിഷ്കത്തിലെത്തും. ഇത് തടയാൻ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം പേശിയിൽ ആഴത്തിലും ഇമ്മ്യൂണോഗ്ലോബുലിൻ നൽകാറുണ്ട്.

റാബീസ് ഹൈ റിസ്‌ക് ഗ്രൂപ്പിലാണോ? എടുക്കാം മുൻ‌കൂർ കുത്തിവയ്പ്
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 , 21/ 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധകുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും ഉചിതമാണ്. മുൻകൂറായി 0, 7 , 28  ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് ഒരു വശത്തു മാത്രം എടുത്താൽ മതി. ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com