ADVERTISEMENT

കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ കർഷകരുടെ മൃഗങ്ങൾക്ക് വീട്ടുമുറ്റത്തെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ പശുവിനുണ്ടായ അസുഖത്തിന് മൃഗസംരക്ഷണവകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം ആനിക്കാട് സ്വദേശിയായ ഹരി.

മഹാലക്ഷ്മി ഗോശാലയെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. നാടൻ പശുക്കളുടെ സംരക്ഷണത്തിലൂടെ പ്രകൃതി സംപോഷണവും, പ്രകൃതികൃഷിയും, പൈതൃക സംരക്ഷണവുമൊക്കെയായി നഷ്ടപ്പെട്ട് പോയേക്കാവുന്ന നമ്മുടെ ചില പാരമ്പര്യത്തെയും നന്മകളെയും കാത്തുസൂക്ഷിക്കാനുള്ള എളിയ ശ്രമത്തിലാണ് മഹാലക്ഷ്മി ഗോശാല. 

മഹാക്ഷ്മി എന്നാൽ ഇവിടെ വളർത്തുമൃഗങ്ങളുടെ ഒരു വസുദൈവ കുടുംബകം ആണ്‌ പുലരുന്നത്. ഭാരതത്തിലെ ഏറ്റവും വലിയ പശുക്കൾ ആയ കാങ്കറേജ് മുതൽ കണ്ണിൽ കാണാൻ കഴിയാത്ത സൂക്ഷ്മ അണുക്കൾ വരെ പെടും. അതിൽ മോഹിച്ചു വില കൊടുത്തു വാങ്ങിയത് മുതൽ പ്രത്യുൽപ്പാദനവും പാലുൽപ്പാദനവും മാത്രമാണ് പശുക്കൾ എന്നുള്ള മിഥ്യധാരണയുടെ, അറിവില്ലായ്മയുടെ ദുർവിധി പേറി അറവുശാലകളിലേക്ക് പുറംതള്ളിയവ വരെ ഇവിടെയുണ്ട്. 12 കാളകൾ ഉൾപ്പടെ 15 ഇനങ്ങളിലായി ഇപ്പൊൾ 34 പേർ ഉണ്ട്. അവരാണ് ഇവിടുത്തെ പ്രധാനികൾ... അവരെ ചുറ്റിപ്പറ്റിയാണ് ഇവിടുത്തെ ലോകം ചുറ്റിത്തിരിയുന്നത്... ഞങ്ങളും അവരുടെ ഉപഗ്രഹങ്ങൾ. മൂക്കുകയർ പോലുള്ള വരിഞ്ഞുമുറുക്കലുകൾ ഇല്ലാതെ അവർ ഇവിടെ യഥേഷ്ടം സന്തോഷത്തോടെ കഴിയുന്നു. അവരാണ്... അവരുടെ നിറഞ്ഞ വയറാണ്, അവരുടെ കുട്ടികളുടെ ഉരുമ്മലും ഉമ്മവയ്ക്കലുമാണ് ഞങ്ങളുടെ സംതൃപ്തിയും ആദായവും. ഇവിടെ പാലല്ല, മറിച്ച് ചാണകം എന്ന അമൂല്യവസ്തുവാണ്‌ വരുമാനം. 

പ്രകൃതിദത്ത ഭക്ഷണമാണ് ഇവിടെ കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ അതൊരു വലിയ വെല്ലുവിളിയുമാണ്‌. ഇക്കഴിഞ്ഞ ദിവസം കാലവസ്ഥ അല്പം ബുദ്ധിമുട്ടുണ്ടാക്കിയ ദിവസം വൈക്കോൽ കൊടുക്കാം എന്ന കണക്കുകൂട്ടലിൽ രണ്ടു കെട്ടു കൊണ്ടുവന്നു കെട്ടഴിച്ചപ്പോൾ പകുതിയും ചീത്തയാണ്. പുറം നല്ല ഭംഗിയുണ്ടാവും. അകം വെറും പൂപ്പലും ചെളിയും ആയിരിക്കും മിക്കവാറും. അതിഭയങ്കര വിലയും. അങ്ങനെ എല്ലാവരുടെയും വിശപ്പടങ്ങുമോ എന്ന സംശയത്തിൽ മഴ കണക്കാക്കാതെ പറമ്പിൽ നിന്ന് കുറച്ച് പുല്ല് കൂടി വീട്ടിൽക്കൊണ്ടുവന്നു കൊടുത്തു. അതിൽ നിന്നാണോ അതോ വൈക്കോലിൽ നിന്നാണോ എന്നറിയില്ല നമ്മുടെ ഒരു പശുവിന് ഒരു അലർജി. പിറ്റേന്ന് രാവിലെ മുതൽ തീറ്റ എടുക്കുന്നില്ല, അയ വെട്ടുന്നില്ല, ചാണകവും പോകുന്നില്ല. ചില നാട്ടുമരുന്നുകൾ പ്രയോഗിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നപ്പോഴുള്ള വ്യാധിയിൽ നമ്മുടെ സ്‌ഥിരം ഡോക്ടർമാർ രണ്ടുപേരെ വിളിച്ചപ്പോൾ അവർ രണ്ടുപേരും സ്‌ഥലത്തില്ല. ഭക്ഷണത്തിൽ നിന്നുള്ള ഇൻഫെക്ഷൻ ആയതുകൊണ്ട് സമയം കളയാതിരിക്കുകയാണ് നല്ലത് എന്ന് എന്താവശ്യത്തിനും ഓടിയെത്തുന്ന രണ്ടു പേരും അഭിപ്രായപ്പെട്ടു. ആവശ്യക്കാരനാണ് ഔചിത്യം അൽപം കുറയും. നേരെ കാൾ ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ജയദേവൻ ഡോക്ടറിലേക്ക്. മഹാലക്ഷ്മിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹത്തെ നമുക്കും. ഇതിന് മുൻപുണ്ടായിരുന്ന ഡോ. ഷാജി പണിക്കശേരിയും അങ്ങനെ തന്നെ. ലക്ഷണങ്ങൾ വച്ച് ഭക്ഷ്യവിഷബാധതന്നെ ആകാം എന്ന് നിഗമനത്തിൽ തന്നെയാണ് അദ്ദേഹവും എത്തിയത്. വേറെ വഴിയില്ല. അടുത്ത മാർഗം അങ്ങു തന്നെ കണ്ടെത്തിത്തരണം എന്നു പറഞ്ഞ കൂട്ടത്തിൽ നേരത്തെ ഒരത്യാവശ്യത്തിന് കിട്ടുമോ എന്ന് മനസ്സിൽ സംശയിച്ചിരുന്ന മൊബൈൽ യൂണിറ്റിനെക്കുറിച്ച് ചോദിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ വകയാണ്‌ അത്. ഞാൻ പാമ്പാടി ബ്ലോക്ക്‌ ആണ്‌.

Read also: മൃഗചികിത്സയ്ക്ക് ക്ലിനിക്ക് വീട്ടിലെത്തും; വാഹനത്തിന് 16 ലക്ഷം, നിസാരമല്ല ഈ വെറ്ററിനറി യൂണിറ്റ്

ഭാരത സർക്കാരിന്റെ ഒരു പദ്ധതിയാണ്‌ ഈ സേവനം. ഒരു ലക്ഷം മൃഗങ്ങൾക്ക് ഒരു വാഹനം എന്നരീതിയിൽ വിവിധ സംസ്‌ഥാനങ്ങൾക്കായി ഇവ നൽകിയിട്ടുണ്ട്. അതിൽ 29 എണ്ണം കേരളത്തിൽ ഉള്ളതിൽ കോട്ടയം ജില്ലയിൽ വൈക്കത്തും കാഞ്ഞിരപ്പള്ളിയിലുമാണ് അനുവദിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞ കർഷകർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഇതിലുണ്ട്. മോശം പാതയിൽ പോലും സഞ്ചരിക്കാൻ കഴിയുന്ന വാഹനം, വിദഗ്ധരായ ഡ്രൈവർ, ഡോക്ടർമാർ, സഹായികൾ പ്രസവ സമയത്ത് ആവശ്യമുള്ള കാഫ് പുള്ളർ, ലൈറ്റ്, ശസ്ത്രക്രിയാ സംവിധാനങ്ങൾ അങ്ങനെ എല്ലാം അതിലുണ്ട് എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. 1962 എന്ന നമ്പറിൽ വിളിച്ചാൽ ഭാരതത്തിൽ എവിടെ നിന്നും ഈ സേവനം ആവശ്യപ്പെടാം. അതും നമ്മുടെ ഭാഷയിൽ. ഇപ്പറഞ്ഞ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒരു അറ്റ കൈ പ്രയോഗം ആക്കാം എന്നാണ് ധരിച്ചിരുന്നത്.  കാരണം സാധാരക്കാർക്ക് അന്യമാണ് അത് എന്നൊരു തെറ്റിധാരണ ഉണ്ടായിരുന്നു.  അവസാന മാർഗ്ഗമായി അത് ലഭിക്കുമോ എന്നുള്ള ചോദ്യത്തിന് 100% ലഭിക്കും എന്നാണ് ജയദേവൻ സർ മറുപടി പറഞ്ഞത്.  കാഞ്ഞിരപ്പള്ളി ആണ്‌ അടുത്തുള്ള യൂണിറ്റ്. ഡോ. ബിനു ഗോപിനാഥിനാണ്‌ അതിന്റെ ചുമതല. അദ്ദേഹത്തെ ഞാൻ വിളിച്ച് പറയാം. വിളിച്ചോളൂ എന്ന് ആശ്വാസകരമായ മറുപടി. അദ്ദേഹത്തെ വിളിച്ചപ്പോഴും വളരെയേറെ ആശ്വാസകരമായ ഇടപെടൽ. 1962ൽ ഒന്ന് വിളിച്ചോളൂ. എന്നോട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നു കൂടി പറഞ്ഞേക്കു എന്ന് അദ്ദേഹവും...

1962 എന്ന Quick Action Helpline

1962 ഡയൽ ചെയ്തു. മലയാളത്തിൽ രണ്ടേ രണ്ടു ചോദ്യോത്തരത്തിൽ എന്റെ ആധി ഒഴിഞ്ഞു. എന്താണ് പ്രശ്നം? എവിടാണ് സ്‌ഥലം? കാൾ കട്ട്‌ ചെയ്യാതെ തന്നെ ഡോക്ടറുമായി സംസാരിക്കുന്നു. ഞങ്ങൾ ഉടൻ എത്താം. എന്ന് മറുപടിയും ലഭിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഇവിടെ എത്തുമ്പോഴേക്കും എന്തായാലും സമയം എടുക്കും എന്ന് ധരിച്ച് മറ്റൊരാവശ്യത്തിന് 5 കിലോമീറ്റർ അപ്പുറം കൊടുങ്ങൂർ വരെ പോകാൻ ഇറങ്ങി. അവിടെ എത്തിയപ്പോഴേക്കും അവർ ഇവിടെയെത്തി വിളിച്ചിരിക്കുന്നു. അപ്പോഴാണ് 1962 എന്ന സഹായ ഹസ്തത്തിന്റെ prompt and prior action plan എന്താണെന്ന് ശരിക്കും ബോധ്യപ്പെട്ടത്. മനസ്സിൽ വിചാരിച്ചത് മുതൽ അര മണിക്കൂറിനുള്ളിൽ എന്റെ സംരക്ഷക കർഷക മനസ്സിന് ആശ്വാസവുമായി ഒരു സഞ്ചരിക്കുന്ന മൾട്ടി സ്പെഷൽറ്റി ആശുപത്രി ഇവിടെ മഹാലക്ഷ്മിയിൽ. 

Read also: മൃഗചികിത്സയ്ക്ക് ക്ലിനിക്ക് വീട്ടിലെത്തും; വാഹനത്തിന് 16 ലക്ഷം, നിസാരമല്ല ഈ വെറ്ററിനറി യൂണിറ്റ്

വാഹനത്തിന്റെ കെട്ടും മട്ടും കണ്ടപ്പോൾ തന്നെ ഒരു ധൈര്യം കൈവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ചിഞ്ചുറാണിയും ഒക്കെ നമ്മുടെ മഹാലക്ഷ്മിക്ക് സഹായവുമായി മുൻപിൽ. ഇതിൽ പരം എന്ത് confidence ആണ്‌ വേണ്ടത്. ഞാൻ എത്തിയപ്പോഴേക്കും ഡോക്ടറും സംഘവും സജ്ജമായിരുന്നു. ആവശ്യമുള്ള ചികിത്സ നൽകിയതിന് ശേഷം നമുക്ക് വേണ്ട ആശ്വാസം വാക്കുകളിൽ കൂടി അറിയിച്ചിട്ടാണ് അവർ മടങ്ങാൻ തയാറായത്. ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ച് അവർ മടങ്ങാനൊരുങ്ങുമ്പോൾ ഫീസ് എത്രയാകും എന്നൊരു ചോദ്യവും ചോദിക്കേണ്ടതുണ്ട്. അതിന് മുൻപ് ആ സംശയവും അവർ ദൂരീകരിച്ചു. വെറും 450 രൂപയാണ് അവർ ആവശ്യപ്പെട്ടത്. മരുന്നുകൾ, ഡോക്ടർ, സഹായി, വാഹനം, ഡ്രൈവർ, മൂക്കുകയർ പോലും ഇടാത്ത പശുവിനെ അവർ കൈകാര്യം ചെയ്യാൻ എടുത്ത ആയാസം അതെല്ലാം കൂടി വെറും 450. അത് ഡിജിറ്റൽ പേമെന്റ് ആയി Gpay ചെയ്യാം. QR കോഡ് scan ചെയ്ത് Director of Animal Husbandry എന്ന് കാണുകയും pay ചെയ്യുകയും ചെയ്തു.

1962 helpline എത്ര നിസ്സാരം. ഏതൊരു സാധാരണക്കാരനും പ്രാപ്യമായ ഈ സേവനം  ഇപ്പോൾ ഉച്ചക്ക് 1 മണി മുതൽ രാത്രി 8 മണി വരെയാണ് ലഭിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ അത് എല്ലാ ബ്ലോക്കുകളിലും ആയി രാത്രികാല സേവനത്തിനായി കൂടുതൽ വാഹനങ്ങളും സജ്ജീകരണങ്ങളും എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുപോലെ അത്യാവശ്യ ഘട്ടങ്ങളിൽ ഒരു സർജറി പോലും നടത്താൻ കഴിയുന്ന യൂണിറ്റുകൾ നമ്മളെപ്പോലുള്ള സാധാരണ ജനങ്ങൾക്ക്‌ ഒരു കൈത്താങ്ങായി എത്തും എന്ന് പ്രതീക്ഷിക്കാം.

സത്യത്തിൽ വെറ്റിനറി ആശുപത്രീകളെക്കാൾ നമ്മളെപ്പോലുള്ള കർഷകർക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഈ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇത്  പകരം വയ്ക്കാൻ ഇല്ലാത്ത ഒരു അനുഗ്രഹമാണ്. മൃഗസംരക്ഷണ വകുപ്പിനും, അതിന്റെ കാര്യക്ഷമമായ പ്രവർത്തനം ഏകോപിപ്പിക്കുന്ന ആത്മാർഥതയുള്ള ഇത്തരം ഉദ്യോഗസ്‌ഥർക്കും മഹാലക്ഷ്മിയുടെ സ്നേഹവും നന്ദിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com