ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം ഒരു ക്ഷീരകർഷകസുഹൃത്ത് വിളിച്ചത് തന്റെ കറവപ്പശു വൈകിട്ട്  വിറച്ച് വിറച്ച് വേച്ചു വീണെന്ന പരിഭവവുമായാണ്. തറയിൽ തളർന്ന് വീണ പശു കൈകാലിട്ടടിച്ച് പിടയുകയാണന്ന പരിഭവവും  അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. അടിയന്തിരമായി എന്തു ചെയ്യണം എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹത്തോട് പ്രശ്നത്തിന്റെ കാര്യകാരണങ്ങളെ പറ്റി വിശദമായി അന്വേഷിച്ചപ്പോൾ പശു പ്രസവിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞെന്ന് അറിയാൻ കഴിഞ്ഞു. പശു വിറച്ചുവീഴുന്നതിന് ഒന്നു രണ്ടു മണിക്കൂർ മുമ്പ് വരെ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, വൈകിട്ടും കറന്നതാണ്, പാലിനും സാധാരണ നിലയിൽ നിന്ന് കുറവൊന്നും ഉണ്ടായിരുന്നില്ല. പനിയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല, തീറ്റയും വെള്ളവും പശു നന്നായി കഴിച്ചതുമാണ്. അസാധാരണമായ മറ്റുകാര്യങ്ങൾ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടുമില്ല. അദ്ദേഹം കാര്യങ്ങൾ ഒന്നൊന്നായി വിശദമാക്കി. എന്താണ് തീറ്റ നൽകിയത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു പ്രശ്നത്തിന്റെ കാരണത്തിലേക്ക് ഒരു ചെറിയ സൂചന നൽകിയത്.

മഴയ്ക്ക് ശേഷം പറമ്പിൽ ധാരാളം വിളഞ്ഞ ഇളംതീറ്റപ്പുല്ലായിരുന്നു അന്ന് വൈകിട്ട് അദ്ദേഹം പശുവിന് നൽകിയ പ്രധാന തീറ്റ. പശുക്കൾക്ക് രുചികരമായ തീറ്റയാണ് ഇളംതീറ്റപ്പുല്ല്, എങ്കിലും ചെറിയ ഒരു പ്രശ്നം തളിർപുല്ലിനുണ്ട്, പശുക്കളുടെ ശരീരത്തിൽ നാഡീവ്യൂഹത്തിന്റേതടക്കം ഉപാപചയപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ മഗ്നീഷ്യം എന്ന ധാതുവിന്റെ കുറവിന് വഴിയൊരുക്കും എന്നതാണ് ഇളംപുല്ലിലെ അപകടം. മഴക്കാലത്തെ ഇളം പുല്ലിൽ മഗ്നീഷ്യം കുറവായതിനാലാണ് ഇത്തരം പുല്ല് ധാരാളമായോ, അത് മാത്രം തിന്നുന്നതോ ആയ പശുക്കളിൽ മഗ്നീഷ്യക്കുറവ് സംഭവിക്കുന്നത്. പശുക്കൾക്ക് പ്രതിദിനം ഏകദേശം 30 ഗ്രാം മഗ്നീഷ്യം ലഭിക്കേണ്ടതുണ്ട്. ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട മഗ്നീഷ്യം കുറയുന്നതോടെ പ്രശ്നം നാഡീവ്യൂഹത്തെ അടക്കം ബാധിച്ച് പേശികൾക്ക് വിറയൽ, തളർച്ച, പശു മൂക്കുകുത്തി തളർന്നുവീഴൽ, കൈകാലിട്ടടിച്ച് പിടയൽ തുടങ്ങി പ്രശ്‍നങ്ങൾ ഒന്നൊന്നായി കാണിച്ചുതുടങ്ങും. അടിയന്തരചികിത്സ തേടിയില്ലെങ്കിൽ പശുക്കളുടെ ജീവഹാനിക്കും മഗ്നീഷ്യകുറവ് വഴിവയ്ക്കും. ഗ്രാസ് ടെറ്റനി അല്ലെങ്കിൽ ഹൈപ്പോമഗ്നീസീമിയ എന്നാണ് ഈ സാഹചര്യം അറിയപ്പെടുന്നത്.

പശുക്കളിൽ കാത്സ്യം കുറഞ്ഞാലുണ്ടാവുന്ന പ്രശ്നങ്ങളെ പറ്റി ക്ഷീരകർഷകർ ബോധവാന്മാരാണെങ്കിലും മഗ്നീഷ്യം കുറഞ്ഞാലുണ്ടാവുന്ന ഈ പ്രശ്നങ്ങളെ പറ്റിയും അതിന്റെ കാരണങ്ങളെ പറ്റിയും ധാരണയുള്ളവർ കുറവാണ്. പ്രായമായതും, പാലുൽപാദിപ്പിക്കുന്നതുമായ പശുക്കൾക്ക് (പലപ്പോഴും കൂട്ടത്തിലെ ഏറ്റവും മികച്ച പശുക്കൾ ആയിരിക്കും ഇവ) ഗ്രാസ് ടെറ്റനി വരാനുള്ള സാധ്യത കൂടുതലാണ്, എന്നിരുന്നാലും പശുക്കിടാക്കൾക്കും ഇത് ബാധിക്കാം. പുൽകൃഷിയിടങ്ങളിൽ അമോണിയ വളങ്ങൾ ധാരാളം പ്രയോഗിച്ചാൽ പുല്ലിൽ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും ഉയർന്ന സാന്ദ്രതയുണ്ടാവും. ഇതും മഗ്നീഷ്യക്കുറവിന് ആക്കം കൂട്ടും.

പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കുക എന്നതാണ് മഗ്നീഷ്യം പോഷക അപര്യാപ്തതയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗം. പശുക്കളുടെ തീറ്റയിൽ അവയുടെ ശരീരവളര്‍ച്ചയുടെയും ഉൽപാദനത്തിന്റെയും അടിസ്ഥാനത്തിൽ മഗ്നീഷ്യം അടക്കമുള്ള മൂലകങ്ങൾ അടങ്ങിയ മികച്ച ധാതുലവണമിശ്രിതങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. കാലിത്തീറ്റ സ്വയം തയാറാക്കിയാണ് നൽകുന്നതെങ്കിൽ ആകെ സാന്ദ്രീകൃത തീറ്റയുടെ 2% എന്ന അളവില്‍ ധാതുമിശ്രിതങ്ങളും 1% വീതം ഉപ്പും തീറ്റ തയാറാക്കുമ്പോൾ തന്നെ ഉള്‍പ്പെടുത്താം. പ്രത്യേകമായാണ് നല്‍കുന്നതെങ്കില്‍  20-30 ഗ്രാം വരെ ധാതുലവണങ്ങള്‍ കിടാരികള്‍ക്കും 30-50  ഗ്രാം വീതം പശുക്കള്‍ക്കും  നല്‍കാം. ഇത് കീലേറ്റഡ് എന്ന  വിഭാഗത്തിൽ ഉൾപ്പെടുന്ന ധാതുലവണമിശ്രിതങ്ങൾ ആയാൽ ഏറെ നന്ന്. വളര്‍ച്ചയ്ക്കും ഉൽപാദനത്തിനുമാവശ്യമായ ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതികവിദ്യ വഴി മാംസ്യതന്മാത്രകളുമായും അമിനോ അമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് കീലേഷന്‍ എന്ന് പറയുന്നത്. ഇങ്ങനെ തയാറാക്കുന്ന ഖനിജ മിശ്രിതങ്ങളെ കീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു. ധാതുലവണങ്ങളുടെ  ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും ജൈവലഭ്യത ഉയര്‍ത്താനും കീലേഷന്‍ വിദ്യ വഴി കഴിയും. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തയാറാക്കിയ ഒട്ടേറെ ധാതുലവണ മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. മാംസ്യ സമ്പുഷ്ടമായ സാന്ദ്രിത തീറ്റകള്‍ക്കൊപ്പം വേണം ധാതുമിശ്രിതങ്ങള്‍ നല്‍കേണ്ടത്.

മഗ്നീഷ്യം  അപര്യാപ്‌തതയുടെ മുൻപ് സൂചിപ്പിച്ച  ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സകൾ ഉറപ്പാക്കണം. മഗ്നീഷ്യം അടങ്ങിയ ലായനികൾ സിരയിലും ത്വക്കിനടിയിലും കുത്തിവയ്ക്കുക എന്നതാണ് പരിഹാരം. ഇളംപുല്ല് മാത്രമായി അധിക അളവിൽ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം. മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയവ തീറ്റയിൽ ഉൾപ്പെടുത്തുന്നതും ഉചിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com