ADVERTISEMENT

മനസ്സുണ്ടായാൽ മറ്റൊരാളെ കാണുവാനും, കേൾക്കുവാനും കഴിയും.

കണ്ടതും കേട്ടതും നമ്മൾ ഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഉൾക്കാഴ്ച.

സമൂഹമെന്ന ഗൃഹത്തിലെ അവസ്ഥ തിരിച്ചറിയുന്നത് വ്യക്തികളിലൂടെയാണല്ലോ.

കലഹമാണോ കരുണയാണോ സമൂഹത്തിലെന്ന് വ്യക്തികളിലൂടെ തിരിച്ചറിയാം.

അതിലൂടെ നമ്മൾ എവിടെ, ഏതവസ്ഥയിൽ ഇപ്പോൾ നിൽക്കുന്നുവെന്നുള്ള ഒരു ശ്രമമാണ് ഈ കറുത്ത വരകൾ, കുറിപ്പുകൾ..

കോട്ടയം, തിരുനക്കര മൈതാനം

ശശി

വയസ്സ് 68

ഏറ്റുമാനൂർ സ്വദേശി

സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

കാലിലെ വെരിക്കോസ് വെയ്ൻ പൊട്ടി വ്രണമായപ്പോൾ ജോലി നഷ്ടപ്പെട്ടു.

ഭാര്യ മരിച്ചു.

ഒരു മകനുള്ളത് ദൂരെ ഒരിടത്ത് ജോലി ചെയ്യുന്നു.

സർക്കാർ ആശുപത്രിയിൽ കാലിലെ വ്രണം കാണിക്കുവാൻ വന്നതാണ് ശശി.

എന്നാൽ ഡോക്ടറെ കണ്ടില്ല. തനിയെ മരുന്ന് പുരട്ടി മുറിവ് കെട്ടി.

ആരെങ്കിലും വീട്ടിൽ കയറി തുണി എടുത്തുകൊണ്ടുപോകുന്നതിനാൽ ബാഗിലാക്കി പോന്നു.

ഞാൻ കാണുമ്പോൾ ശശി മുണ്ട് മടക്കികുത്തി ഞുറിവ് അടുക്കുകയായിരുന്നു.

അരമണിക്കൂറോളം സമയം ഞുറിവ് അടുക്കികൊണ്ട് നിന്നു.

മുകളിൽ അയാൾ പറഞ്ഞതെല്ലാം നുണയാവാം, ശശി എന്ന പേര് പോലും.

കുടുംബമെന്ന ഉത്തരവാദിത്വത്തിൽ നിന്ന് അയാൾ തല ഊരി വീട് വിട്ടിറങ്ങിയതാവാം.

തെരുവിലിൽ ജീവിക്കുമ്പോൾ ഒരു സ്വാതന്ത്ര്യമുണ്ട്.

ആ സ്വാതന്ത്ര്യം അനുഭവിച്ചാൽ തിരിച്ചുപോവില്ല.

തിരിച്ചുപോവാതിരിക്കുവാൻ നുണ പറഞ്ഞുകൊണ്ടേയിരിക്കും.

കേൾക്കുന്നയാൾ വിശ്വസിക്കുന്നുണ്ടോ എന്നതാണ് തീഷ്ണമായ ശശിയുടെ നോട്ടത്തിന് അടിസ്ഥാനം.

‘ഉച്ചയായി, വിശക്കുന്നില്ലേ..’ എന്റെ ഈ ചോദ്യത്തോടെ നോട്ടത്തിന് അയവ് വന്നു.

എന്റെ നിരീക്ഷണവും തെറ്റാവാം.

എന്നാൽ, ജീവിതം തെറ്റിപ്പോകുന്ന കണക്കുകൾ പിഴക്കുന്നതെവിടെയാണ്.

മനുഷ്യരെ നിയന്ത്രിക്കുന്ന സമൂഹത്തിനാണോ ?

സമൂഹത്തെ നിയന്ത്രിക്കുന്ന സിസ്റ്റത്തിനാണോ ?

സിസ്റ്റത്തിന് അധികാരം അനുകൂലമാക്കുന്ന മനുഷ്യചിന്തകൾക്കാണോ ?

ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടത് ഞാനാണ്, ഞാനാകുന്ന സമൂഹമാണ്!

English Summary:

Outdoor sketch series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com