ADVERTISEMENT

അമേയ വേഴ്സസ് അമേയ @Corona.com (കഥ)

‘ഇന്ന് ഞാനിവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടും! നിങ്ങൾക്കും രക്ഷപ്പെടാനാവുമെങ്കിൽ രക്ഷപ്പെട്ടുകൊള്ളൂ ... ’

 

അവർ രണ്ടു പേർ... ഒരേ പേരുകാർ ... അമേയ ലോറൻസ്, അമേയ രാമൻ ! രണ്ട് വ്യത്യസ്ത രാജ്യക്കാർ. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ! പക്ഷേ,. ..... രണ്ട് ഷിപ്പിൽ ഒരേ ചിന്തയിൽ  ....

 

അമേയ ലോറൻസ് ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ എമർജൻസി സീക്രട്ട് മീറ്റിങ്ങിന് ജനീവയിലെത്തിയ ഇറ്റാലിയൻ സയന്റിസ്റ്റ് ആണ്. കൂടെ 9 സുപ്രധാന രാജ്യങ്ങളിൽ നിന്നായി പതിനേഴോളം ശാസ്ത്രജ്ഞരും മിടുമിടുക്കൻമാരായ ഡോക്ടർമാരും.

 

അമേയ വേഴ്സസ് അമേയ @Corona.com (കഥ)
പ്രതീകാത്മക ചിത്രം

ലോകരാഷ്ട്രങ്ങളെ മുഴുവൻ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന, കൈകളിൽ നിന്നും കൈകളിലേക്ക് പറക്കുന്ന  ഒരു വലിയ ഭീതിയുടെ, കോവിഡ് 19 എന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ഒരു അടിയന്തര യോഗമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കൊറോണക്കെതിരെ ഒരു ആന്റി വൈറസ് സൃഷ്ടിച്ചെടുക്കണം. അതിനാണ്  അമേയ അടക്കമുള്ള ഈ ബുദ്ധിരാക്ഷസരെ കൊണ്ടുവന്ന് ഒരു ഇന്റർനാഷനൽ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നത്. തൊട്ടടുത്ത് തന്നെ ജൈവായുധങ്ങളും അണുവായുധങ്ങളും നിർമിക്കുന്ന ഒരു സൈനിക ലാബുമുണ്ട്. 

 

ആദ്യ മീറ്റിങ് കഴിഞ്ഞ അന്ന് രാത്രി അത്താഴത്തിനൊപ്പം എല്ലാവരുടെയും റൂമുകളിലേക്ക് ഒരു രഹസ്യ സന്ദേശം എത്തിയിരുന്നു.

 

‘ഉടനടി  നിങ്ങൾ മെഡിറ്ററേനിയൻ സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു ഷിപ്പിലേക്ക് രഹസ്യമായി മാറണം. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഹോട്ടൽ ക്വാറന്റീനിൽ ആണ്. ഈ ഹോട്ടലിൽ കൊറോണ ബാധിച്ച ഒരാൾ ഒരാഴ്ചയായി താമസമുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. എല്ലാവരും നിരീക്ഷണത്തടങ്കലിൽ ആണ്. ഇതിൽ കുടുങ്ങിയാൽ നമ്മൾ വന്ന മിഷൻ നടക്കാതെ പോകും ... സോ, ക്വിറ്റ് ഇമ്മീഡിയറ്റ്ലി .’ പുറത്ത് തയാറായി നിന്ന വാഹനങ്ങളിൽ അവർ അന്നു തന്നെ കടത്തപ്പെട്ടു. നടുക്കടലിൽ നങ്കൂരമിട്ട ഒരു ഐസലേറ്റഡ് ഷിപ്പിലേക്ക് !

 

 

അമേയ വേഴ്സസ് അമേയ @Corona.com (കഥ)
പ്രതീകാത്മക ചിത്രം

ഇതേ സമയം സിവിറ്റാവെച്ചിയയിലെ ഇറ്റാലിയൻ പോർട്ട് സിറ്റിയിൽ നിന്നു പുറപ്പെട്ട 6000 യാത്രക്കാരടങ്ങിയ മറ്റൊരു ക്രൂസ് കപ്പൽ ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ചൈനയിൽ നിന്നു വന്ന രണ്ട് യാത്രക്കാർക്ക് കൊറോണ സ്ഥീരീകരിച്ചിരിക്കുന്നു. കപ്പൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. കണ്ണെത്താത്ത കടൽക്കരയിലേക്ക് ആരെയോ കാണുവാനുള്ള ഉത്ക്കടമായ ആഗ്രഹത്തോടെ നിൽക്കുകയാണ് അമേയ രാമൻ എന്ന ഒരു സാധാരണ നഴ്‌സ്. പകർച്ചവ്യാധിക്കാരുള്ള കപ്പൽ കരയുമായി സംസർഗ്ഗം നിഷേധിച്ചു കിടക്കാൻ വിധിക്കപ്പെട്ട കാലം !

 

എത്രയെത്ര സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഒരു വാഗണാണ് ഈ കപ്പൽ നിറയെ. ഇപ്പോൾ നടുക്കടലിലെ പായ്മരം പോലെ ആടിയുലയുന്നതെങ്കിലും നിർവികാരമായിപ്പോയ മനസ്സുമായി കുറേപ്പേർ. മെഡിക്കൽ റിപ്പോർട്ട് വരുന്നതുവരെ ഈ ക്യാംപിലെ അനിശ്ചിതത്വത്തിൽ കഴിഞ്ഞേ പറ്റൂ.ഇതൊക്കെ കഴിഞ്ഞ്,  അച്ഛനെ കാണാൻ സാധിക്കുമോ ? 16 വർഷത്തെ കാത്തിരിപ്പാണ്. അമ്മയെയും അമേയയേയും ഉപേക്ഷിച്ച് അവളുടെ 10 വയസ്സിൽ നാടുവിട്ടതാണച്ഛൻ. വിദൂരക്കാഴ്ചയിൽ പോലും അച്ഛന്റെ മുഖം ഓർമയില്ല... എങ്കിലും ‘തന്തയില്ലാത്തവൾ’ എന്ന് പരിഹസിച്ച നാട്ടുകാരുടെ മുന്നിൽ വാശിയായിരുന്നു, എന്നെങ്കിലും സ്വന്തം പിതാവിനെ കണ്ടുപിടിച്ചു  മുന്നിൽ കൊണ്ടുനിർത്തണമെന്ന്. അന്ന് തുടങ്ങിയ അന്വേഷണമാണ്... ഇപ്പോൾ ദാ തൊട്ടടുത്തെത്തിയിട്ടും ഈ അവസ്ഥയിൽ വഴിമുട്ടി നിൽക്കുന്നു. 

 

‘ഇന്ന് ഞാൻ ഇവിടെ നിന്ന് രക്ഷപ്പെടും, എങ്ങനെയെങ്കിലും ’ എന്ന് ശക്തമായും അവൾ ആഗ്രഹിച്ചു.

 

അമേയ വേഴ്സസ് അമേയ @Corona.com (കഥ)
പ്രതീകാത്മക ചിത്രം

‘How Terrible is this !’

 

കോറിഡോറിലൂടെ  നടന്ന് വന്ന സുമുഖരായ രണ്ട് ഇറാനികളുടെ സംഭാഷണം അവളെ പെട്ടെന്ന് നാട്ടിൻ പുറത്തു നിന്നും വീണ്ടും ക്രൂസിന്റെ അരക്ഷിതാവസ്ഥയിലെക്കെടുത്തിട്ടു. മിതമായ ശബ്ദത്തിലെങ്കിലും മർമറിങ് പോലെ അവരുടെ ഇംഗ്ലിഷിലുള്ള സംസാരം അവൾ ശ്രദ്ധിച്ചു.

 

’എങ്കിലും ഇതൊക്കെ ഉണ്ടാക്കിവിട്ടതാരാണ്?  ഒരു ലോകത്തെ മുഴുവൻ ആകുലരാക്കാനും മാത്രം വൈറസ് സൃഷ്ടിച്ച മാസ്റ്റർ ബ്രെയ്ൻ ആരുടേതാണ് ? ’കൂട്ടത്തിൽ സ്വർണ മുടി കണ്ണുകളെ മറച്ച കണ്ണട വെച്ച ചെറുപ്പക്കാരന്റെ ചോദ്യം.

 

‘പല റൂമറുകളും കേൾക്കുന്നുണ്ട്. എങ്കിലും പൊളിറ്റിക്കൽ സീക്രട്സിൽ നിന്നും അറിയാൻ കഴിഞ്ഞത് രാജ്യ രഹസ്യങ്ങൾ ചോർത്തുന്ന, ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ്. അതിൽ എത്രമാത്രം സത്യമുണ്ടെന്നും അറിയില്ല .’ കൂട്ടുകാരൻ തുടർന്നു...

 

ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ സൈനിക ലാബിലാണത്രേ ഇതിന്റെ ഉറവിടം. ശത്രുരാഷ്ട്രങ്ങളെ ടാർജറ്റ് ചെയ്ത് തകർക്കാൻ അണുവായുധങ്ങളെപ്പോലെ മാരകമായ കോവിഡ് 19 എന്ന വൈറസ്. ഒരു സംശയം പോലും ജനിപ്പിക്കാതെ, ജനങ്ങൾക്കിടയിലേക്ക് കടത്തിവിട്ടാൽ വെറും ഒരു പകർച്ചവ്യാധിയായി മെഡിക്കൽ അസസ്സ്മെന്റിൽ ജനം വിധിയെഴുതി അതിനു പുറകെ പൊയ്ക്കോളും. 

 

 

പക്ഷേ കാലം പിന്നെയും ചിലത് കരുതി വച്ചിട്ടുണ്ടായിരുന്നു. ചൈനയിലെ ഈ സൈനിക ലാബിലെ ഒരു സയന്റിസ്റ്റിനെ 36 കോടി രൂപക്ക് വിലയ്ക്കുവാങ്ങി ഇറ്റലി. പക്ഷേ ചില സ്വേച്ഛാകർമങ്ങൾ മനുഷ്യന് തിരിച്ചടിയാകാറുണ്ടല്ലോ. ആരുമറിയാതെ കടത്താൻ ശ്രമിച്ച കൊറോണ വൈറസ് അടങ്ങിയ ഗ്ലാസ്ബോക്സ് എങ്ങനെയോ ഡാമേജ് ആകുകയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തന്നെ അത് ബാധിക്കുകയും ചെയ്തു.

അമേയ വേഴ്സസ് അമേയ @Corona.com (കഥ)
പ്രതീകാത്മക ചിത്രം

 

 

മിലിറ്ററി രഹസ്യമല്ലേ ... പോരാഞ്ഞിട്ട് രാജ്യദ്രോഹവും! പുറത്ത് മിണ്ടാനോ ഒരു ട്രീറ്റ്മെന്റിനോ സാധിക്കുമോ ..? 

 

നിശബ്ദനായി അദ്ദേഹം രണ്ടാമത്തെ കോവിഡ് 19 അടങ്ങിയ ബോക്സ് ഇറ്റലിക്ക് കൈമാറി. കൂടെ അയാളുടെ ശരീരത്തെ ബാധിച്ച ഈ നിശബ്ദ കൊലയാളിയെയും.  രാജ്യാന്തര ഭേദങ്ങളില്ലാതെ, രാഷ്ട്രീയ, ജാതി, വൈര വ്യത്യാസങ്ങളില്ലാതെ അവൻ തന്റെ പണി ആരംഭിച്ചു.  ഒന്നിൽ നിന്ന് തുടങ്ങി നൂറിലേക്കും ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കൈമാറി അവൻ കടൽ കടന്നെത്തി. ഇപ്പോൾ ദാ നമ്മളും ഇവന്റെ ഇരകൾ! 

 

ലോകമാകമാനം ഒരു നിശ്ചലാവസ്ഥയിലായിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും തിയറ്ററുകളും മാളുകളും അതിർത്തിയും അടച്ചു.

 

 

വാക്കുകൾ അsക്കിപ്പിടിച്ച ആവർത്തനങ്ങളിൽ അത്ര ചെറുതല്ലാത്ത ഒരു ഭീതി അമേയയിലും പടർന്നു. ഇറ്റലിയിൽ നഴ്സായിരുന്ന അമേയ എല്ലാം ഇട്ടെറിഞ്ഞാണ് അതുവരെയുള്ള തന്റെ സമ്പാദ്യം മുഴുവൻ വാരിക്കെട്ടി, തികയാത്തത് കമ്പനിയിൽ നിന്നും കൂട്ടുകാരിൽ നിന്നും കടം മേടിച്ച് 16 വർഷത്തെ കാത്തിരിപ്പിന് ശേഷം അച്ഛനെ കാണാനായി പുറപ്പെട്ടതും വഴിയിൽ ഈ കൊറോണയിൽ കുടുങ്ങിയതും.

 

 

അന്ന് രാത്രി അമേയ ലോറൻസ് ബ്രിട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ഹാരി ആർതറിനോടൊപ്പമായിരുന്നു റൂം ഷെയർ ചെയ്തത്. അന്തിചർച്ചകളിൽ പലതരം പുകച്ചുരുകളുയർന്നു. ഒരു ടെക്വിലയുടെ  ബോട്ടിൽ തീരുന്നതിന് മുമ്പേ അമേയയുടെ തോളത്ത് ചാരിയിരുന്ന് സാമ്രാജ്യത്വശക്തിയുടെ വക്താവെന്ന പോലെ,  ഹാരി പിറുപിറുത്തു. 

 

അമേയ വേഴ്സസ് അമേയ @Corona.com (കഥ)
പ്രതീകാത്മക ചിത്രം

‘ഇന്നൊരു ദിവസം കൂടിയേയുള്ളു. നാളത്തെ രാത്രി ഞങ്ങളീ കപ്പൽ മുക്കും. പിന്നെ 7 രാജ്യങ്ങളിലെ 16  ബുദ്ധിരാക്ഷസൻമാരുടെ തലകൾ ഈ കടലിന്നടിയിലെ തിമിംഗലങ്ങൾക്ക് പഠിക്കാനുള്ള സ്പെസിമനുകളാകും... ’ 

 

തലച്ചോറിനുള്ളിലേക്ക് ഒരു ഡെയ്ഞ്ചറസ് വൈറസിനെ ഇഞ്ചക്ട് ചെയ്ത പോലെ തോന്നി അമേയക്ക്. ... 

ഒരിക്കൽ കൂടി ഒരു ഭംഗിയുള്ള ചില്ലു ഗ്ലാസിലേക്ക് അവൾ മലേഷ്യൻ ടെക്വില ഒഴിച്ചു കൊടുത്തു. ബോധപാളികളിൽ നിന്ന്,  ഹൈപ്പോതലാമസിന്റെ  അബോധപാളികളിലേക്ക്  ഹോർമോൺസ് സഞ്ചരിച്ചുതുടങ്ങിയപ്പോൾ മടിയിൽനിന്നും ഹാരിയുടെ തലയെടുത്ത് ഒരു കാർഡ് ബോർഡ് ബോക്സിനടുത്തേക്ക് നീക്കിവച്ച് അവൾ മറ്റൊരു റൂമിലേക്ക് പോയി, ബാക്കി ശസ്ത്രജ്ഞരെ രഹസ്യമായി സന്ദേശമയച്ച്  വിളിച്ചു വരുത്തി വിവരം ധരിപ്പിച്ചു.

 

‘ഞാൻ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന വ്യക്തിയാണ്. ഈ റിസ്ക് എനിക്ക് വിഷയമല്ല. ഇന്നിവിടെ നിന്ന് എങ്ങനെയെങ്കിലും ഞാൻ രക്ഷപ്പെടും. നിങ്ങൾക്കും വേണമെങ്കിൽ രക്ഷപ്പെടുക. നിങ്ങളുടെ രാജ്യത്തെയും രക്ഷപ്പെടുത്തുക. .. ’

 

പക്ഷേ നിങ്ങളെ തനിച്ചിവിടെ മരണത്തിനു വിട്ടിട്ടു പോകാൻ എനിക്കു മനസ്സ് വരുന്നില്ല ..കപ്പലിലെ ചിലരുടെ സഹായത്തിൽ ബോട്ടുകളിറക്കി,17 ശാസ്ത്രജ്ഞർ ഒരു വലിയ രഹസ്യവുമായി, ഇരുണ്ട നിലാവെട്ടം കീറി മുറിച്ചു യാത്രയായി.

 

എന്തോ സംഭവിക്കാൻ പോകുന്ന പോലെ കടലിന്റെ അടിത്തട്ടിൽ നിന്നൊരു ഡോൾഫിൻ മുകൾപ്പരപ്പിലേക്ക് കുതിച്ചു ചാടി വീണ്ടും സമുദ്രാന്തർഭാഗത്തേക്ക് ഊളയിട്ടു.  

 

 

ഓർമകൾ കപ്പലിലെ മോട്ടർറൂമിലെ ഇരമ്പലുകളേക്കാൾ അമേയ രാമനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ...

മൂന്ന് വർഷങ്ങൾക്കുമുൻപാണ്, നാട്ടിൽ നിന്നു  തന്റെ കളിക്കൂട്ടുകാരന്റെ, ഇപ്പോൾ ഹൃദയം മുഴുവൻ കടംകൊടുത്തവന്റെ വിളി വരുന്നത്.‘അമേയ ... ഞാൻ നിന്റെ അച്ഛനെ കണ്ടു. ഇവിടെ നമ്മുടെ തൊട്ടടുത്ത ഗ്രാമത്തിൽ. എന്റെ അമ്മാവനാണ് പറഞ്ഞത്, അത് നീ ഇത്ര നാളും തേടിക്കൊണ്ടിരുന്ന നിന്റെ അച്ഛൻ രാമനാണെന്ന് .’

 

ഒരു നിമിഷം വാക്കുകൾ ലാവ ഉറഞ്ഞു പോയ അഗ്നിപർവതം പോലെയായി. വല്ലാത്തൊരു എക്സൈറ്റ്മെൻറിൽ ആയിപ്പോയി എങ്കിലും വികാരമടക്കി അവൾ പറഞ്ഞു.

 

‘ഗോകുൽ ...നീ അച്ഛനെ കൈവിടരുത്. എങ്ങനെയെങ്കിലും വീട്ടിലെത്തിക്കണം .16 വർഷമായി ഞാനും എന്റെ അമ്മയും അനുഭവിച്ചത്. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ രണ്ട് സ്ത്രീകൾ നേരിടേണ്ടി വന്നത്. എല്ലാത്തിനും ഉണ്ടല്ലോ ഒരു പരിസമാപ്തി. നീ എങ്ങനെയെങ്കിലും അച്ഛനെ അമ്മയ്ക്കു തിരിച്ചു നൽകണം.’

 

‘സോറി അമ്മു.അദ്ദേഹം കൈവിട്ടു പോയി. ഏത് സത്യത്തെത്തേടിയാണോ ശ്രീബുദ്ധനെപ്പോലെ സ്വന്തം ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ഇറങ്ങിപ്പോയത് അത് ഇത് വരെ കണ്ടെത്താനായിട്ടില്ലത്രെ. ഒരു യഥാർഥ മനുഷ്യനെ കണ്ടെത്തുന്നതു വരെ ഈ യാത്ര തുടരുമെന്ന് .. പക്ഷേ എന്നെങ്കിലും ഒരിക്കൽ നിന്നെത്തേടി വരും എനിക്കുറപ്പാണ്’’

 

പശ്ചിമഘട്ടത്തിലെ മൊത്തം മലനിരകളെയും തകർക്കാൻ പാകത്തിൽ ഒരു കരച്ചിൽ അവളുടെ തൊണ്ടയിൽ വന്ന് കുടുങ്ങി. ഒടുവിൽ ഇപ്പോൾ 3 വർഷത്തിന് ശേഷം അമ്മയുടെ ഒരു അറിയിപ്പ് അവളെത്തേടിയെത്തി. ‘അമ്മു... നിന്റെ അച്ഛൻ തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ പറിച്ചെറിയാനാവാത്ത ഒരു കാൻസർ ചങ്കിനകത്തുവെച്ചു കൊണ്ടാണ് ഈ വരവ്. നിന്നെക്കാണണമെന്ന് പറയുന്നു. നമുക്കൊട്ടും തന്നെ സമയമില്ല.’

 

അമ്മയുടെ മനസ്സ് പോലെ അകന്നു ചിതറിക്കിടക്കുന്ന അക്ഷരങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ഓട്ടമാണ്. കിട്ടിയതെല്ലാം വാരിപ്പെറുക്കി, ജോലിയും രാജിവെച്ച് ! കാൻസറിന് നല്ല ചികിത്സ കൊടുക്കണം, അവസാനമായി അച്ഛനെ കാണണം .

 

ഒരോളപ്പരപ്പുപോലുമില്ലാതെ ശാന്തമായിക്കിടക്കുന്ന കടൽ. ദൂരെ വഴികാട്ടിയായി ചുവന്ന നക്ഷത്രം പോലെ  ഒരു സിഗ്നൽ ലൈറ്റ്. 

 

‘ബോട്ടുകൾ അങ്ങോട്ടടുപ്പിക്ക്. ‘അമേയ ലോറൻസ്  നിർദ്ദേശം നൽകി. അപ്രതീക്ഷിതമായി കയറിപ്പറ്റിയ ഒരു കൂട്ടം ആൾക്കാരെക്കണ്ട് ആദ്യം ഒന്നമ്പരന്നെങ്കിലും ക്യാപ്റ്റനെ മാറ്റി നിർത്തി, അമേയ രഹസ്യമായി വിവരം ധരിപ്പിച്ചു. 

 

‘പക്ഷേ ,ഈ ഷിപ്പ് ക്വാറന്റീനിലാണ്. ആർക്കു വേണമെങ്കിലും കോവിഡ്- 19 ബാധിച്ചിരിക്കാം .. റിസ്കാണ് ’

‘അടുത്ത രാത്രി ഈ നടുക്കടലിൽ ആരുമറിയാതെ കൊല്ലപ്പെടുമെന്ന റിസ്ക് എന്തായാലുമില്ലല്ലോ. ഞങ്ങൾ അത് നേരിടാൻ തയാറാണ് ‘ഉറച്ച വാക്കുകളിൽ അമേയ മറുപടി പറഞ്ഞു.

 

ഇന്ത്യൻ എയർഫോഴ്സ്, മെഡിക്കൽ ലാബ് അടക്കമുള്ള ഇന്ത്യൻ ഡോക്ടേഴ്സിന്റെ ടീമിനെ എല്ലാ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും രക്ഷിക്കാനുമായി ഫ്ലൈറ്റുകളിലയച്ചു. കൂട്ടത്തിൽ അമേയ കുടുങ്ങിക്കിടക്കുന്ന ജപ്പാനിലെ ക്രൂസ് ഷിപ്പിലേക്കും. കോവിഡ് 19 ബാധിതരായ രണ്ട് ചൈനക്കാർ കൊടുത്ത വിധി. പതിന്നാല് ദിവസമായി പോർട്ടിൽ നിരീക്ഷണത്തടവിൽ. ഒടുവിൽ ടെസ്റ്റ് റിസൾട്ടിൽ ഫലം നെഗറ്റീവ്. എങ്കിലും പതിന്നാല് ദിവസത്തേക്ക് കൂടി കർശന നിർദ്ദേശം നൽകി ,എല്ലാ മെഡിക്കലും ക്ലിയർ ചെയ്ത് നാട്ടിലേക്ക്. മെഡിക്കൽ ലാബുകൾ അന്യരാജ്യങ്ങൾക്കായി വിട്ടുകൊടുത്താണ് പോന്നത്.

 

അമേയ അടക്കമുള്ള 17 ബുദ്ധിമാൻമാരായ ശാസ്ത്രജ്ഞരെ രക്ഷപ്പെടുത്താനുള്ള ഭാഗ്യം ഇന്ത്യൻ ആർമിക്കാണ് ലഭിച്ചത്.

 

 

പക്ഷേ ,ദൈവം സാത്താനായി വീണ്ടും പരീക്ഷണങ്ങളിലേക്കുതന്നെ .ഡൽഹിയിലെത്തി, എമിഗ്രേഷൻ ക്ലിയർ ചെയ്യുന്നതിനിടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേർ വീണ്ടും ചാടിപ്പോയി. വീണ്ടും സൈനിക നിരീക്ഷണത്തിൽ കഠിന തടവ്, എയർ പോർട്ടിനടുത്തുള്ള ഹോട്ടലിൽ. അഞ്ചുദിവസങ്ങൾക്കു ശേഷമാണ് വീണ്ടുമൊരു മോചനം അമേയ രാമന് കിട്ടിയത് .

 

ഒടുവിൽ നാട്ടിലേക്കുള്ള തീവണ്ടി കയറി. ഗോകുൽ തന്നെ കൊണ്ടു പോകാൻ എത്തുമെന്നാണ് കരുതിയത്. പക്ഷേ വിജനമായ റെയിൽവേ സ്റ്റേഷൻ ! ഒഴിഞ്ഞ ബോഗികൾ !  മാസ്ക് ധരിച്ച് മൂടിക്കെട്ടിയ മുഖവുമായി കുറച്ചു റെയിൽവേ ജീവനക്കാരും അഞ്ചോ പത്തോ യാത്രക്കാരും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അപ്പോഴേ ക്കും പ്രവാസികളോടും വിദേശികളോടുമുള്ള സമീപനം പാടേ മാറിയിരുന്നു. ഓട്ടോക്കാരനോട് പോകേണ്ട സ്ഥലം പറഞ്ഞു. എടുത്താൽ പൊങ്ങാത്ത ബാഗ് കണ്ട് അയാൾ ചോദിച്ചു. 

 

‘എവിടുന്നാ ?’ 

 

ഇറ്റലി എന്ന്  മുഴുവൻ പറയേണ്ടി വന്നില്ല ,അയാൾ വണ്ടി സ്റ്റാർട്ടു ചെയ്തു. ‘സോറി ചേച്ചി. എനിക്ക് രണ്ട് കുട്ടികളുണ്ട്. എന്നെ പ്രതീക്ഷിച്ച് ഒരു ഭാര്യയും അമ്മയും. പോട്ടേ ...’

 

 

ഒരാളും കൊണ്ടുപോകാൻ തയാറല്ലാത്തിടത്തുനിന്ന് തോൽക്കാൻ തയാറാകാത്ത മനസ്സുമായി വലിയ ബാഗെടുത്ത് തോളത്തേറ്റി നടന്നു. അച്ഛന് വേണ്ടി വാങ്ങിയ രുദ്രാക്ഷമാല അപ്പോൾ കൈക്കുള്ളിലിരുന്ന് വിറച്ചു.

 

കടവത്ത് ഗോകുൽ ഒരു കൂട്ടുകാരനോടൊപ്പം നിൽക്കുന്നത് കണ്ടു.

 

‘എന്തേ സ്റ്റേഷനിൽ വരാഞ്ഞത്’ എന്നവൾ ചോദിച്ചില്ല. 5 വർഷത്തെ കാത്തിരിപ്പിന്റെ തേങ്ങൽ കണ്ണിൽ ഒരു ഡാം കെട്ടി തടഞ്ഞു നിന്നു. ഒരു മീറ്റർ ഡിസ്റ്റൻസ് ഇട്ട് അവൻ ഒപ്പം നടന്നു. 

 

‘അമ്മു..... എനിക്ക് വരണമെന്നുണ്ടായിരുന്നു. നിന്നെ കൂട്ടാൻ .നിന്നെ നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്യണമെന്നുണ്ട് ... നിന്റെ നെറുകയിലും ചുണ്ടിലും നിറയെ ചുംബനങ്ങൾ തരണമെന്നുണ്ട് .... പക്ഷേ ... പക്ഷേ ... എന്റെ വീട്ടുകാർ ... നമ്മുടെ നാട്ടുകാർ ... ആരും  ഇനി നീയുമായുള്ള ഒരു സംസർഗ്ഗത്തിനു സമ്മതിക്കത്തില്ലല്ലോ ....’

 

അമേയ ഒന്ന് തിരിഞ്ഞുനിന്നു. തികച്ചും അപരിചിതനായ ഒരാളെപ്പോലെ തോന്നിച്ചു അവൻ അവൾക്ക്.  അവന്റെ നനഞ്ഞ കണ്ണുകളിലേക്ക് നിർവികാരമായി ഒന്ന് നോക്കി, ഇടതുകൈ ഉയർത്തി.  ‘മതി .... ഇനി കൂടെ വരണമെന്നില്ല .. ഞാൻ തനിച്ചു പൊയ്ക്കോളാം. ’ എന്ന് പറഞ്ഞതുപോലെ .... ഉറച്ച രണ്ട് കാൽപ്പാദങ്ങൾ , നനഞ്ഞ പൂഴിമണ്ണിൽ നിന്നു വലിച്ചെടുത്ത് അവൾ  നടന്നകന്നു.... തലയില്ലാത്ത കുറെ കവുങ്ങുകളുടെ നടുവിൽ അവനും ഏതാണ്ട് ഉറച്ചുപോയി. 

 

വഴിയരികിൽ കണ്ട കൂട്ടുകാർ, പരിചയക്കാർ  എല്ലാം ഏതോ അന്യഗ്രഹത്തിൽ നിന്നു വന്ന വിചിത്ര ജീവിയെപ്പോലെ അവളെ നോക്കി കടന്നു പോയി. കുഞ്ഞോളേ എന്ന് കുഞ്ഞിലേ മുതൽ വിളിച്ചിരുന്ന നാണിയമ്മ, അവളെക്കണ്ട് വലിയ ചുവന്ന വായിൽ നിന്നും മുറുക്കാൻ തുപ്പിക്കളഞ്ഞ് ചിറിതുടച്ച് ഒന്ന് ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട്  തെങ്ങിന്റെ മറപറ്റി നടന്നു പോയി. നിറയെ നാരങ്ങാ മിഠായികൾ നിറച്ചു വച്ച രാമേട്ടന്റെ  അടഞ്ഞുകിടക്കുന്ന ചായക്കടക്കു മുമ്പിൽ ഒരു ചെറിയ ബോർഡ്. 

 

‘ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കുന്നതല്ല ... ’

 

ഒഴിഞ്ഞുകിടക്കുന്ന റോഡിനരികെ നിർത്തിയിട്ടിരിക്കുന്ന രണ്ട് മൂന്ന്  ബസുകൾ, ഓട്ടോകൾ. ഗ്രാമത്തിലും പൊലുഷൻ കൺട്രോൾഡ് ആണ് ഇപ്പോൾ. മീൻ മാർക്കറ്റും ചിക്കൻ കടയുമെല്ലാം ഒഴിഞ്ഞുകിടക്കുന്നു. .. എല്ലാവരും വീണ്ടും വെജിറ്റേറിയൻസ് ആയോ?

 

അടച്ചിട്ടിരിക്കുന്ന അമ്പലത്തിന് മുമ്പിൽ അവളൊന്ന് നിന്നു. ‘ദൈവങ്ങളേ ..നിങ്ങൾക്കും ഇത് ബാധകമോ ...? 

എന്റെ അച്ഛനെ കാത്തോളണേ ...’

‘ഇവിടെ അധികനേരം നിക്കണ്ട, വേഗം പൊക്കോളു കുട്ടിയേ...’ അമ്പലത്തിൽ മാല കെട്ടുന്ന വാരസ്യാർ പുറകിൽ ഒന്ന് ചുമച്ചു.

 

മരങ്ങൾക്കിടയിലൂടെ ചുവന്ന് പടരുന്ന സന്ധ്യക്ക് പോലും വൈറസിന്റെ അതേ സ്വഭാവം .അവൾ ആഞ്ഞ് നടന്നു. വീട്ടുമുറ്റത്ത് ചെറുതല്ലാത്ത ഒരു ആൾക്കൂട്ടം രൂപപ്പെട്ടിരിക്കുന്നു.

 

’അൽപം വൈകിപ്പോയല്ലോ മോളേ... ’എന്നൊരാർത്തനാദം അവ്യക്തമായി കേട്ടു .

 

മുറ്റത്ത് നിവർത്തി കെട്ടിയിരിക്കുന്ന നീല ടാർപായക്കു കീഴെ വെളുത്ത മൽമൽ മുണ്ടിൽ  പുതപ്പിച്ചു കിടത്തിയിരിക്കുന്നു അച്ഛന്റെ മൃതദേഹം ! ഒരാന്തലോടെ മുന്നോട്ട് കുതിച്ച അവളെ പിടിച്ചു നിർത്തി , ഒരു നാടിന്റെ മൊത്തം പിൻവിളി...

 

‘പടിക്കകത്തു കയറ്റരുത് ! ആളുകൂടുന്ന സ്ഥലമാ.. പെട്ടെന്ന്  പറഞ്ഞയച്ചേക്ക് ’ ജാതിയും മതവും രാജ്യവും ഭാഷയും നോക്കാതെ പടർന്നു പിടിച്ച ആ വൈറസിനേക്കാളും വലുതാണല്ലോ ഒരു രോഗിയുടെ നേരെയുള്ള നമ്മുടെ നാട്ടുകാരുടെ സാമൂഹികമനസ്ഥിതി.

 

‘എനിക്ക് ഒരസുഖവുമില്ല ..... എന്നെ കയറ്റി വിടൂ ... അവസാനമായെങ്കിലും ഞാനെന്റെ അച്ഛന്റെ മുഖം ഒന്ന് കണ്ടോട്ടെ .... ഇനി രോഗം ഉണ്ടെങ്കിലും  ജീവനില്ലാത്ത ശവശരീരങ്ങൾക്കും വൈറസ് ബാധിക്കുമോ’

അവൾ പരിസരം മറന്ന് അലറി വിളിച്ചു. ...

 

കൈയിലിരുന്ന മാലയിൽ  രുദ്രാക്ഷങ്ങളെണ്ണി, അച്ഛന്റെ ചിത കത്തിത്തീരുന്നത് വരെ അവൾ പടിക്കു പുറത്ത് ഇരുന്നു.... പിരിഞ്ഞു പോയ ജനങ്ങൾക്ക് ഒരാൾക്കു പോലും ഈ അസുഖം ഉണ്ടാകല്ലേ എന്നവൾ സത്യസന്ധമായും ആഗ്രഹിച്ചു. നാട് ഉറങ്ങിയപ്പോൾ അരമതിൽ ചാടി അവൾ അച്ഛന്റെ കത്തിത്തീർന്ന ചിതയിൽ നിന്നും ഒരു പിടി  ചിതാഭസ്മമെടുത്തവൾ അനുഗ്രഹം തേടുന്ന പോലെ മൂർദ്ധാവിൽ പൂശി തൊഴുതു.

 

‘ഇത്ര കാലം എന്നെയും അമ്മയെയും തിരിഞ്ഞു നോക്കാതിരുന്നിട്ടും അച്ഛനുവേണ്ടി ഞാൻ കാത്തിരുന്നു. പക്ഷേ എന്റെ കാത്തിരിപ്പിന് ഒരു ഫലമുണ്ടായില്ല. ഇനി എന്നെപ്പോലൊരു നഴ്സിനെ ആവശ്യമുള്ളവരുണ്ട്.. ഇറ്റലിയിലെ കൊറോണ ബാധിതരായ ലക്ഷക്കണക്കിനാളുകൾ.... അവരുടെ അടുത്തേക്ക് ഞാൻ പോകട്ടെ ......... ’

കൈയിൽ ബാക്കിയുള്ള ഒരു പിടി ചാരം ആ മണ്ണിലുപേക്ഷിച്ച്  അമേയ പടിയിറങ്ങി .......... നിരാലംബരുടെ ലോകത്തേക്ക് .....

 

English Summary : Ameya Versas Ameya @ Corona.com Story By Jojitha Vineesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com