ADVERTISEMENT

പ്രമുഖ ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർ ജോ ബെന്നി തന്റെ ആഴ്ചകൾ നീണ്ടുനിന്ന ഇന്ത്യൻ പര്യടനം കഴിഞ്ഞു തിരികെ വീട്ടിലെത്തി. പര്യടനം സ്പോണ്‍സർ ചെയ്തിരുന്നത് പ്രമുഖ ട്രാവൽ ഏജൻസിയും ഹോട്ടൽ ഗ്രൂപ്പും ചേർന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള തനിക്ക് സ്പോൺസേഴ്സിനെ കിട്ടാനാണോ വിഷമം. ഹോട്ടലുകളിൽ പോയാൽ അവിടെ കുടുംബത്തോടൊപ്പം സുഖതാമസവും ഭക്ഷണവും. ഹോട്ടലുകാർ പണം ചോദിച്ചാല്‍ അവരെ പറ്റി സോഷ്യൽ മീഡിയയിൽ മോശം റിപ്പോർട്ട് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇങ്ങോട്ട് പണം മേടിക്കുന്ന പരിപാടിയും ആശാനുണ്ട്. ഇതിനെല്ലാം പൂർണ പിന്തുണയുമായി ഭാര്യയും. അങ്ങനെയിരിക്കെ പുതിയ യാത്ര പദ്ധതി പ്ലാൻ ചെയ്യാന്‍ ജോ ആരംഭിച്ചു. ഇത്തവണ റൂട്ട് മാറ്റി പിടിക്കണം. മറ്റൊരു മേഖലയിൽ തന്റെ സാന്നിധ്യം അറിയിക്കണം. തന്റെയും ഭാര്യയുടെയും സ്ഥിരം ഫുഡടി വ്ലോഗിൽ നിന്ന് തൽക്കാലം ഒരു മാറ്റം. ഇപ്പോൾ കേരളത്തിൽ നിന്ന് എങ്ങനെയും പുറത്ത് കടക്കുക എന്നതാണ് വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിലെ ട്രെൻഡ്. അത് പഠനത്തിലായാലും ജോലി തേടി ആയാലും അതല്ല കുടിയേറ്റത്തിനായാലും. ആ മേഖലയിൽ ഒന്ന് കൈവക്കാം. ഇങ്ങനെ ചിന്തിച്ചു കൊണ്ട് അയാൾ തന്റെ ഉറ്റ സുഹൃത്തായ ടൂർ ഓപ്പറേറ്റർ അബ്ദുൽ ഫയാസിനെ കാണാൻ വേണ്ടി തിരിച്ചു. നഗരത്തിലെ മുന്തിയ ഹോട്ടലിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ അയാൾ തന്റെ മനസ്സിലെ പദ്ധതി ഫയാസിനോട് വെളിപ്പെടുത്തി.

"കൊള്ളാം. തന്റെയും ഭാര്യയുടെയും മരണത്തീറ്റ വീഡിയോകൾ കണ്ട് ആൾക്കാർക്ക് ബോറടിച്ചു തുടങ്ങി. ഇതിലൊരു മാറ്റം വരുത്തുന്നത് നല്ലതാ. എന്റെ മനസ്സിൽ വന്ന ഒരു കാര്യം പറയാം. പഴയ സോവിയറ്റ് രാജ്യങ്ങളായ കസാഖ്സ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലെ മെഡിക്കൽ പഠനത്തിന് ഇപ്പോൾ പണ്ടത്തെക്കാൾ നമ്മുടെ നാട്ടിൽ ഡിമാൻഡ് കൂടിയിട്ടുണ്ട്. മുൻപ് റഷ്യയും യുക്രയിനും ആയിരുന്നു പ്രിഫർ ചെയ്തിരുന്നതെങ്കിൽ യുദ്ധം നിമിത്തം ഇപ്പോൾ ഈ രാജ്യങ്ങളിലേക്കാണ് പിള്ളേരുടെ ഒഴുക്ക്. എനിക്കാണെങ്കിൽ അവിടെ ചില കോൺടാക്ട്സ് ഉണ്ട്. ഞാൻ അവരെ കണക്ട് ചെയ്ത് തരാം. താൻ അവിടുത്തെ മെഡിക്കൽ കോളജിന്റെ ഗുണഗണങ്ങൾ പ്രൊമോ വീഡിയോസ് ആയി തന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ സംപ്രേഷണം ചെയ്താൽ വൻ തുക അവരുടെ കൈയ്യിൽ നിന്ന് നേടിയെടുക്കാൻ പറ്റും." ബെന്നി അൽപസമയം ആലോചിച്ചു. സംഗതി കൊള്ളാമെന്ന് അയാൾക്ക് തോന്നി. എന്നാലും ചെറിയൊരു സന്ദേഹത്തോടെ അയാൾ ഫയാസിനോട് ചോദിച്ചു. "കേട്ടിടത്തോളം കൊള്ളാം. പക്ഷേ അവിടത്തെ കോളജിലൊക്കെ നല്ല ഫെസിലിറ്റീസ് ഉണ്ടാകുമോ. മാത്രവുമല്ല അവിടെനിന്ന് പഠിച്ചിറങ്ങിയാൽ നമ്മുടെ നാട്ടിൽ വന്ന് പ്രാക്ടീസ് ചെയ്യാനുള്ള എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണം. മൂന്നും നാലും വർഷമെടുത്തിട്ടും അത് കിട്ടാത്ത പയ്യന്മാരാ ഭൂരിപക്ഷവും. ഇത്തരം യൂണിവേഴ്സിറ്റികളെ കുറിച്ച് എങ്ങനെ നല്ല റിവ്യൂ കൊടുക്കും. പിള്ളേരുടെ പേരന്റ്സ് നമ്മളെ കൈ വെക്കും."

"ഹ.. ഹ.. അങ്ങനൊന്നും സംഭവിക്കില്ല. പിന്നെ ഫെസിലിറ്റീസ് ഒക്കെ കണക്കായിരിക്കും. അവിടുത്തെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് കസാഖ്സ്ഥാനിൽ, ഉസ്ബേക് അതിർത്തിയോട് ചേർന്നു കിടക്കുന്ന സുൽത്താൻ ഖബ്റോവസ്ക് മെമ്മോറിയൽ മെഡിക്കൽ കോളജിലാണ്. ഈ കോളജ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുറച്ച് നാൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ഈയിടെ റഷ്യക്കാരായ ചില ഡോക്ടർമാർ ചേർന്ന് ഇത് വാങ്ങിച്ച് അവിടെ നവീകരണ പ്രവർത്തികൾ ചെയ്തു വരികയാണ്. അവിടുത്തെ ഗവൺമെന്റിന്റെ എല്ലാ സപ്പോർട്ടും ഉണ്ട്. അടുത്ത വർഷം മുതൽ ക്ലാസ് തുടങ്ങാനാവും. ഈ കോളജിലേക്ക് ഇന്ത്യയിൽ നിന്നുള്ള കുട്ടികളെ ധാരാളമായി അവർ പ്രതീക്ഷിക്കുന്നു. അതിന് വേണ്ട സോഷ്യൽ മീഡിയ പ്രൊമോഷൻസ് എല്ലാം നമ്മൾ ചെയ്തു കൊടുക്കണം. അഞ്ചു ലക്ഷം രൂപക്ക് എംബിബിഎസ് വേറെ എവിടെ കിട്ടും. നമ്മുടെ നാട്ടിലെ മെഡിക്കൽ മോഹികൾക്കിടയിൽ ഈ കോളജ് പ്രൊമോട്ട് ചെയ്യണം. കുറഞ്ഞ റേറ്റ് കണ്ടാൽ മുൻപിൻ നോക്കാത്ത ടീമുകളാണല്ലോ നമ്മുടെ നാട്ടുകാർ. പിന്നെ ഇവിടെല്ലാം പോയി പഠിക്കുന്നവന്റെയൊക്കെ ലക്ഷ്യ സ്ഥാനം യൂറോപ്പ് ആണ്. അല്ലാതെ ഇന്ത്യയിൽ തിരികെ വന്ന് പ്രാക്ടീസ് ചെയ്യൽ അല്ല."

ഫയാസിന്റെ മറുപടിയിൽ ബെന്നി ഒരു വിധം തൃപ്തനായി. പിന്നെ കസാഖ്സ്ഥാൻ ആയത് കൊണ്ട് ഇന്ത്യക്കാർക്ക് പോകാൻ വിസയുടെ ആവശ്യമില്ല.. അതും ഒരു സൗകര്യമാണ്. അതിന് ശേഷം ബെന്നി തന്റെ ഡിമാൻഡ്സ് ഫയാസിനോട് പറഞ്ഞു. അതിൽ പ്രധാനം അയാളുടെ പ്രതിഫല തുക തന്നെയായിരുന്നു. തുക കുറച്ച് അധികമായിരുന്നെങ്കിലും അത് കോളജ് മാനേജ്മെന്റിന്റെ കൈയ്യിൽ നിന്ന് വാങ്ങി തരാമെന്ന് ഫയാസ് ഏറ്റു. അപ്പോൾ അത് ഫിക്സ് ചെയ്തോളാൻ ബെന്നി ഫയാസിനോട് പറഞ്ഞു. ഫയാസ്, കസാഖ്സ്ഥാനിലെ തന്റെ സുഹൃത്തും നാട്ടുകാരനുമായ സ്റ്റാൻലിയുമായി ബന്ധപ്പെട്ട് ബെന്നിക്ക് അവിടെ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദേശം കൊടുത്തു. നാട്ടിൽ നിന്നുള്ള വിദ്യാർഥികളെ അവിടെയുള്ള മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രധാന ഏജന്റ് ആണ് സ്റ്റാൻലി. അയാൾക്ക് അവിടെയുള്ള ഒരുവിധം എല്ലാ കോളജുകളുമായും ബന്ധമുണ്ട്. അങ്ങനെ ജോ ബെന്നി കസാഖ്സ്ഥാനിലേക്കുള്ള വിമാനം കയറി. ബെന്നി കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്റ്റാനയിൽ വിമാനമിറങ്ങിയപ്പോൾ പുറത്ത് സ്വീകരിക്കാൻ സ്റ്റാൻലി പ്ലക്കാർഡും പിടിച്ച് നിൽപ്പുണ്ടായിരുന്നു. സ്റ്റാൻലി അയാളെ കാറിൽ കയറ്റി എയർപോർട്ടിന് അടുത്ത് തന്നെയുള്ള ഒരു പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് കൂട്ടികൊണ്ട് പോയി. പിറ്റേന്ന് രാവിലെ കാറുമായി വരാമെന്ന് പറഞ്ഞാണ് പോയത്.

പറഞ്ഞത് പോലെ പിറ്റേന്ന് കാലത്ത് സ്റ്റാൻലി കാറുമായി ഹാജരായി. അയാൾ തന്നെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. കോളജിലേക്ക് ഏകദേശം 500 കിലോമീറ്റർ ദൂരം ഉണ്ട്. ഉസ്ബേക് അതിർത്തിക്കടുത്തുള്ള ഒരു ചെറു പട്ടണത്തിന്റെ പ്രാന്ത പ്രദേശത്താണ് ഈ കോളജ്. ദീർഘദൂര ഡ്രൈവിങ് ഇഷ്ടമുള്ള ബെന്നിക്ക് അതൊരു പ്രശ്നമായിരുന്നില്ല. മാത്രമല്ല പോകുന്ന വഴിയിലെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യാമല്ലോ. കാർ അസ്റ്റാന നഗരപരിധി വിട്ട് ഗ്രാമ പ്രദേശങ്ങളിലൂടെ അതിവേഗം പാഞ്ഞു. ബെന്നി കരുതിയത് പോലെ അത്ര പ്രകൃതിരമണീയമായിരുന്നില്ല കസാഖ്സ്ഥാന്റെ ഭൂപ്രകൃതി. മരുഭൂപ്രദേശങ്ങളും മലമടക്കുകളും അങ്ങിങ്ങായി ചെറിയ പച്ചപ്പും മാത്രം. വിരസമായിരുന്നു യാത്ര. സ്റ്റാൻലി ആണെങ്കിൽ അധികം സംസാരിക്കാത്ത ഗൗരവ പ്രകൃതക്കാരനും. ഡ്രൈവിങ്ങിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ. മണിക്കൂറുകൾ നീണ്ട ഡ്രൈവിങ്ങിന് ഒടുവിൽ അവർ ചെറിയൊരു പട്ടണത്തിൽ എത്തി. നീണ്ട ഉറക്കത്തിലേക്ക് വഴുതി വീണിരുന്ന ബെന്നിയെ തട്ടി വിളിച്ചു കൊണ്ട് സ്റ്റാൻലി പറഞ്ഞു.. "ബെന്നി സാർ.. നമ്മുടെ സ്ഥലം എത്താറായി. ഇനിയിപ്പോൾ ഏകദേശം 15 കിലോമീറ്റർ കൂടി കാണും." "ഓകെ.. നമ്മളവിടെ മീറ്റ് ചെയ്യാൻ പോകുന്നത് കോളജിന്റെ എംഡിയുമായിട്ടല്ലേ. അയാൾ ഇവിടത്തുകാരനായിരിക്കുമല്ലോ. ഇംഗ്ലിഷ് അറിയാമോ പുള്ളിക്ക്." ഉറക്കച്ചടവോടെ ബെന്നി സ്റ്റാൻലിയോട് ചോദിച്ചു. "പുള്ളി ഇവിടത്തുകാരനും ഡോക്ടറും ആണ്. പക്ഷേ റഷ്യനും കസാഖു മാത്രമേ അറിയൂ. അത് സാരമില്ല. ഞാൻ ട്രാൻസ്‌ലേറ്റ് ചെയ്ത് തരാം." "ഓകെ.. അത് ശരി.. പിന്നെ എന്റെ പ്രതിഫല തുകയെപ്പറ്റി ഫയാസ് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ. 15000 ഡോളർ ആണ് ഇവിടെ വന്ന് പ്രൊമോ ചെയ്യുന്നതിന് ഫയാസ് ഓഫർ തന്നത്. അത് നിങ്ങളുടെ എംഡിക്ക് സമ്മതമാണല്ലോ അല്ലേ. എന്തായാലും ആളെ മീറ്റ് ചെയ്യുന്നതിന് മുൻപ് ആ കാര്യത്തിൽ ഒരു തീരുമാനം വേണമല്ലോ."

സ്റ്റാൻലി കാർ സ്ലോ ചെയ്ത് സൈഡ് ആക്കി നിർത്തി. എന്നിട്ട് ഫോൺ എടുത്ത് ആരോടോ റഷ്യൻ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അയാൾ സംസാരിക്കുന്നത് എംഡിയോടാണെന്നും തന്റെ പ്രതിഫല തുകയാണ് വിഷയമെന്നും ബെന്നി ഊഹിച്ചെടുത്തു. കുറച്ചു നേരത്തെ സംസാര ശേഷം സ്റ്റാൻലി വീണ്ടും കാർ സ്റ്റാർട്ട് ചെയ്ത് യാത്ര പുനരാരംഭിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം സ്റ്റാൻലി പറഞ്ഞു : "ഈ തുക കുറച്ച് കൂടുതലാണെന്നാണ് എംഡി പറയുന്നത്. ഫയാസിനോട് തുകയെപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് അവൻ ഈ തുക നിങ്ങളോട് പറഞ്ഞത് എന്നെനിക്കറിയില്ല." സ്റ്റാൻലിയുടെ ഈ സംസാരം ബെന്നിക്ക് ഒട്ടും സുഖിച്ചില്ല. ഉള്ളിലെ രോഷം മറച്ചു വെക്കാതെ തന്നെ അയാൾ സ്റ്റാൻലിയോട് പറഞ്ഞു: "സാധാരണ ഞാൻ ഇതുപോലുള്ള കാര്യങ്ങൾക്ക് തുക പറഞ്ഞുറപ്പിച്ചു കരാർ ഒപ്പിട്ട ശേഷമേ ഫ്ലൈറ്റ് കയറാറുള്ളൂ.. പക്ഷെ ഫയാസുമായുള്ള സൗഹൃദവും അവൻ തന്ന ഉറപ്പും കാരണമാണ് ഈ പ്രാവശ്യം അങ്ങനെ വേണ്ട എന്ന് വച്ചത്. ഞാൻ അവനെ ഒന്ന് വിളിച്ച് സംസാരിക്കട്ടെ. എന്നിട്ടേയുള്ളു ബാക്കി." ഇത് പറഞ്ഞു ബെന്നി ഫോണെടുത്ത് ഫയാസിനെ ഡയൽ ചെയ്തു. പക്ഷേ അയാളുടെ ഫോൺ പരിധിക്ക് പുറത്താണെന്നുള്ള മെസ്സേജ് ആണ് കേട്ടത്. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അപ്പോൾ സ്റ്റാൻലി ഇടപെട്ട് ബെന്നിയെ ഒന്ന് തണുപ്പിക്കാൻ ശ്രമിച്ചു. എന്തായാലും കോളജിന്റെ പടിവാതിൽ വരെ എത്തിയല്ലോ. എംഡിയെ നേരിട്ട് കാണുമ്പോൾ താൻ തന്നെ എല്ലാം സംസാരിച്ചു ശരിയാക്കാം എന്ന് സ്റ്റാൻലി ബെന്നിക്ക് ഉറപ്പ് കൊടുത്തു. അങ്ങനെ ഒരു തരത്തിൽ ബെന്നിയെ സമാധാനിപ്പിച്ച് സ്റ്റാൻലി അയാളെയും കൊണ്ട് കോളജ് കവാടത്തിലെത്തി. 

കോളജും ക്യാംപസും വളരെ വിശാലമായിരുന്നെങ്കിലും വിജനമായിരുന്നു. ചില ഭാഗത്തെ കെട്ടിടങ്ങളുടെ പണി ഇനിയും പൂർത്തിയാവാനുണ്ട്. സ്റ്റാൻലി ബെന്നിയെ റിസപ്ഷനിൽ ഇറക്കിയ ശേഷം കാർ പാർക്ക് ചെയ്ത് തിരികെ വന്നു. അവിടെ അവരെ സ്വീകരിക്കാൻ കോളജിന്റെ പിആര്‍ഒ ആയ ഒരു യുവതി കാത്ത് നിന്നിരുന്നു. മംഗോളിയൻ മുഖഛായ ഉള്ള അവർക്ക് ഇംഗ്ലിഷും നല്ല വശമായിരുന്നു. നതാലിയ എന്നായിരുന്നു അവരുടെ പേര്. അവർ രണ്ടു പേരെയും ആ യുവതി എംഡിയുടെ മുറിയിലേക്ക് ആനയിച്ചു. മുറിയില്‍ കൊണ്ടിരുത്തിയ ശേഷം അവർ പുറത്തേക്ക് പോയി. എംഡി അപ്പോൾ മുറിയിലുണ്ടായിരുന്നില്ല. മേശപ്പുറത്ത് വച്ചിരുന്ന എംഡിയുടെ പേരെഴുതിയ മരകഷ്ണത്തിൽ ബെന്നിയുടെ കണ്ണുടക്കി. അതിലെ പേരിന്റെ സവിശേഷതയാണ് അയാളിൽ കൗതുകമുണർത്തിയത്. ‘Anton Chekhov’ വിശ്വ വിഖ്യാതനായ റഷ്യൻ സാഹിത്യകാരന്റെ പേര്. തെല്ലൊരമ്പരപ്പോടെ അയാൾ സ്റ്റാന്‍ലിയുടെ മുഖത്തേക്ക് നോക്കവേ പിന്നിലെ വാതിൽ തള്ളി തുറന്ന് കൊണ്ട് ഒരു കുറിയ മനുഷ്യൻ അകത്തേക്ക് വന്നു. അയാൾ അവരെ രണ്ടുപേരെയും വിഷ് ചെയ്ത ശേഷം എംഡിയുടെ കസേരയിൽ ഇരുന്നു. അയാൾക്ക് ഒരു ദക്ഷിണേഷ്യൻ വംശജന്റെ മുഖഛായ ആയിരുന്നു. റഷ്യൻ പേരും അയാളുടെ രൂപവും തമ്മിൽ ഒട്ടും യോജിക്കുന്നില്ല എന്ന് ബെന്നിക്ക് തോന്നി. ഇതിനിടയിൽ സ്റ്റാൻലിയും ആന്റൺ ചെക്കോവും തമ്മിൽ എന്തൊക്കെയോ സംസാരിക്കാൻ ആരംഭിച്ചിരുന്നു. റഷ്യൻ ഭാഷയിലാണ് അവർ സംസാരിക്കുന്നത്. ബെന്നിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് അവർ സംസാരം നിർത്തിയപ്പോൾ ബെന്നി സ്റ്റാൻലിയോട് കാര്യങ്ങൾ തിരക്കി.

"സോറി ബെന്നി സാർ.. ഇദ്ദേഹത്തിന് റഷ്യന്‍ ഭാഷ മാത്രമേ വശമുള്ളൂ. ഇദ്ദേഹം പറയുന്നത്, നിങ്ങൾ റെഡിയാണെങ്കിൽ ഇന്ന് തന്നെ വീഡിയോ ഷൂട്ട് തുടങ്ങിക്കോളാനാണ്. പിന്നെ എമൗണ്ടിന്റ കാര്യത്തിൽ സാർ കുറച്ച് വിട്ട് വീഴ്ച ചെയ്യണം. 5000 ഡോളറിൽ കൂടുതല്‍ തരാൻ കോളജിന് ഇപ്പോൾ നിവൃത്തിയില്ല. കോളജിൽ ഫ്രഷ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ പോണതെയുള്ളു. വരുമാനം കിട്ടി തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ബെന്നി സാർ പറഞ്ഞ തുക തരാൻ ഇപ്പോൾ പറ്റില്ല എന്നാണ് ഇദ്ദേഹം പറയുന്നത്." സ്റ്റാൻലി ഇത് പറഞ്ഞു നിർത്തിയതും ബെന്നിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അയാൾ പരിസരം മറന്ന് എന്തൊക്കെയോ ചീത്ത വിളിച്ച് കൊണ്ട് മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. സ്റ്റാൻലി അപ്പോഴും എംഡിയുമായി ഒത്തുതീർപ്പ് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ഫയാസിന്റെ കോൾ ബെന്നിയുടെ ഫോണിലേക്ക് വന്നു. എന്തായാലും കൃത്യസമയത്ത് തന്നെയാണ് ഫയാസ് വിളിച്ചിരിക്കുന്നത്. ബെന്നി ഫോണെടുത്ത് സകല അരിശവും തീരുന്നത് വരെ ഫയാസിനെ പച്ചക്ക് തെറി വിളിച്ചു. ഫയാസ് അതെല്ലാം ഒരക്ഷരം മറുത്ത് പറയാതെ കേട്ടുകൊണ്ടിരുന്നു. ബെന്നി സംസാരം ഒന്നു നിർത്തിയപ്പോൾ ക്ഷമാപണത്തോടെ അയാള്‍ പറഞ്ഞു: "എന്റെ മിസ്റ്റേക്ക് ആണ് ബെന്നിച്ചാ.. ഞാൻ സമ്മതിക്കുന്നു. ഇവന്മാർ എന്നോട് പറഞ്ഞ പോലെയല്ല നിങ്ങളോട് പറയുന്നത്. എന്തായാലും നീ അവിടെ വരെ വന്ന സ്ഥിതിക്ക് അവരുടെ വീഡിയോ ഷൂട്ട് ഒന്ന് ചെയ്ത് കൊട്. ഒരു പത്ത് ഡോളർ ഞാൻ മേടിച്ചു തരാം. ബാക്കി വരുന്ന നഷ്ടം നിനക്ക് ഇവിടെ വരുമ്പോൾ ഞാൻ ശരിയാക്കാം. നീയിപ്പോ ഉടക്കി തിരികെ പോന്നാൽ അതെന്റെ ട്രാവൽ ഏജൻസിക്ക് ഒരു ബ്ലാക്ക് മാർക്ക് ആകും. അതുകൊണ്ട് പ്ലീസ്.." കാലു പിടിക്കുന്ന രീതിയിലുള്ള ഫയാസിന്റെ സംസാരം ഒടുവിൽ ഫലം കണ്ടു. ഫയാസ് ബാക്കി തുക നാട്ടിൽ വരുമ്പോൾ കൊടുക്കാം എന്ന ഉറപ്പിന്മേൽ 10000 ഡോളറിന് അയാൾ സമ്മതിച്ചു. 

അപ്പോഴേക്കും എംഡിയുടെ മുറിയിൽ നിന്നിറങ്ങിയ സ്റ്റാൻലി അയാളുടെ അരികിൽ എത്തിയിരുന്നു. സ്റ്റാൻലിയോട് അയാൾ പണം മുഴുവന്‍ മുൻകൂറായി നൽകാന്‍ ആവശ്യപ്പെട്ടു. അത് സമ്മതിച്ച സ്റ്റാൻലി അയാളെയും കൂട്ടി എംഡിയുടെ മുറിയിലേക്ക് വീണ്ടും കയറി. പ്രതീക്ഷയ്ക്ക് വിപരീതമായി ആന്റൺ ചെക്കോവിന്റെ മുഖം വളരെ പ്രസന്നമായിരുന്നു. ബെന്നിയെ കണ്ടപാടെ അയാൾ പതിനായിരം ഡോളറിന്റെ നോട്ടുകൾ അയാളുടെ നേർക്ക് നീട്ടി. എന്നിട്ട് സ്റ്റാൻലിയെ നോക്കി എന്തോ പറഞ്ഞു. ബെന്നി മനസ്സില്ല മനസ്സോടെ അത് വാങ്ങി. ശേഷം സ്റ്റാൻലി ബെന്നിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പുറത്ത് നേരത്തെ പരിചയപ്പെട്ട നതാലിയ എന്ന യുവതി കാത്തു നിന്നിരുന്നു. അവർ കോളജിന്റെ ഓരോ സെക്ഷനുകളെ കുറിച്ചും ഡിപ്പാർട്മെന്റുകളെക്കുറിച്ചും ഒരു ഹ്രസ്വവർണന നടത്തി. ശേഷം അവരെ ഓരോ ഇടങ്ങളും കൊണ്ട് നടന്ന് കാണിക്കുവാൻ തുടങ്ങി. ബെന്നി എല്ലാം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. കോളജിന്റെ പ്രധാന ഭാഗങ്ങളെല്ലാം ക്യാമറയിൽ പകർത്തി കൊണ്ടിരിക്കുമ്പോൾ ബെന്നിക്ക് ഒരു കാര്യം മനസ്സിലായി. കോളജിന്റെ സൗകര്യങ്ങളെല്ലാം തീർത്തും അപര്യാപ്തമാണ് എന്ന സത്യം. അത് കൂടെയുള്ള സ്റ്റാൻലിയോട് സൂചിപ്പിക്കാനും അയാള്‍ മറന്നില്ല. ഒടുവിലായി കവർ ചെയ്യാനുണ്ടായിരുന്ന അനാട്ടമി ലാബിൽ അയാൾ എത്തിയപ്പോൾ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അയാൾ ഒരു മെഡിക്കൽ വിദ്യാർഥി ഒന്നും അല്ലായിരുന്നെങ്കിലും ഒരു മെഡിക്കല്‍ കോളജില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് അവഗാഹം ഉണ്ടായിരുന്നു. ഇങ്ങോട്ടേക്കു തിരിക്കുന്നതിന് മുൻപ് അതിന് വേണ്ട ഹോം വർക്ക് അയാൾ നടത്തിയിരുന്നു. വിദ്യാർഥികൾക്ക് മൃതശരീരത്തിൽ പ്രായോഗിക പരിശീലനം നടത്തേണ്ടതുണ്ടെങ്കിലും അവിടെ അതിനുള്ള സൗകര്യം ഇല്ലായിരുന്നു. എവിടെ നിന്നോ ഒഴിവാക്കിയ ഒരു പഴയ ഡമ്മി കഡാവർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ബെന്നി ക്യാമറ ഓഫ് ചെയ്തു. സ്റ്റാൻലിയെ രൂക്ഷഭാവത്തിൽ നോക്കികൊണ്ട് അയാൾ പറഞ്ഞു: "ഇത്രയും അസൗകര്യങ്ങളുള്ള ഒരു കോളജിനെക്കുറിച്ച് നല്ലൊരു റിവ്യൂ കൊടുത്താൽ ഒരു വ്ലോഗർ ആൻഡ് ഇൻഫ്ലുവെൻസർ എന്ന നിലയിലുള്ള എന്റെ എല്ലാ ക്രെഡിബിലിറ്റിയും നഷ്ടപ്പെടും. എന്റെ 20 ലക്ഷം സോഷ്യൽ മീഡിയ സബ്സ്ക്രൈബര്‍സ് ആണ് എന്റെ ശക്തി. അവർ എന്റെ തന്തക്ക് വിളിക്കുമെന്ന് ഉറപ്പാണ്.. ഇത് പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ പിന്നിൽ നിന്നാരോ തോളിൽ സ്പർശിച്ചതായി ബെന്നിക്ക് അനുഭവപ്പെട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ആ കുറിയ മനുഷ്യൻ. ദുരൂഹമായ ഒരു ചിരിയുമായി അയാള്‍ നിൽക്കുന്നു. സ്റ്റാൻലിയെ നോക്കിക്കൊണ്ട് അയാൾ എന്തോ പറഞ്ഞു.. ശേഷം പോക്കറ്റിൽ നിന്ന് ഡോളറിന്റെ ഒരുകെട്ട് നോട്ടുകൾ എടുത്ത് ബെന്നിയുടെ കൈയ്യിൽ നിർബന്ധമായി പിടിപ്പിച്ചു. ബെന്നി നോക്കിയപ്പോള്‍, താൻ മുൻപ് ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ. ഇതെന്ത് മറിമായം. നേരത്തെ പറഞ്ഞുറപ്പിച്ച പണത്തിനായി എത്രനേരം ഇയാളോട് മല്ലിട്ടതാണ്. ബെന്നി എന്തോ പറയാൻ മുഖമുയർത്തി നോക്കിയപ്പോഴേക്കും അയാൾ തിരികെ പോയിരുന്നു. ബെന്നി ആകെ ആശയകുഴപ്പത്തിലായി. പണത്തിനോടുള്ള അയാളുടെ ആർത്തി മറ്റെന്തു വിട്ടുവീഴ്ചകൾക്കും അയാളെ പ്രേരിപ്പിച്ചു. തന്റെ പ്രേക്ഷകരോടുള്ള പ്രതിബദ്ധതയിലും ആത്മാർഥതയിലും വെള്ളം ചേർക്കാൻ ആദ്യം അയാൾക്ക് മടി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അയാളത് തരണം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങനെ അയാൾ നിർത്തിയിടത്ത് നിന്ന് വീണ്ടും പണി ആരംഭിച്ചു. ഒരു വിധം എല്ലാം കവർ ചെയ്ത ശേഷം വീഡിയോ ഷൂട്ടിങ് അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ മിസ് നതാലിയ അയാളെ വേറൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നിന്നിരുന്ന ആ കെട്ടിടത്തിലായിരുന്നു അവിടുത്തെ മോർച്ചറി. 

മോർച്ചറിയുടെ വലിയ ഉരുക്ക് കവാടത്തിനു മുന്നിൽ നതാലിയ അവരെ എത്തിച്ചു. "സർ.. ഈ വിംഗും കൂടി കവർ ചെയ്യണം. ഇതാണ് നമ്മുടെ ലാസ്റ്റ് ഏരിയ. ഈ മോർച്ചറി ഏറ്റവും ആധുനികമായതാണ്. ഇതിന്റെ കോൾഡ് റൂമിൽ –50 വരെ താഴ്ന്ന താപനിലയിൽ മൃതശരീരങ്ങൾ സൂക്ഷിക്കാൻ കഴിയും." ഇത് പറഞ്ഞുകൊണ്ട് നതാലിയ ഒരു ബട്ടൺ അമർത്തിയപ്പോൾ ആ കവാടങ്ങൾ മെല്ലെ തുറന്നു. അവർ മൂവരും അതിനുള്ളിൽ കയറി. ഉള്ളിൽ ശക്തിയേറിയ ബൾബുകൾ പ്രകാശിച്ചിരുന്നു. ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കാത്തത് കൊണ്ട് തന്നെ അതിനുള്ളില്‍ മൃതശരീരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശീതീകരണ സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മോർച്ചറിക്കുള്ളില്‍ നിൽക്കുമ്പോൾ ബെന്നിക്ക് നല്ല ചൂട് അനുഭവപ്പെട്ടു. ശീതീകരണ സംവിധാനം ഓൺ ചെയ്യാൻ അയാൾ ആവശ്യപ്പെട്ടു. അതിന്റെ കപ്പാസിറ്റി എത്രയുണ്ടെന്ന് അറിയുകയും ചെയ്യാമല്ലോ. ഓപ്പറേറ്റർ വന്ന് –5 ഡിഗ്രിയിൽ സെറ്റ് ചെയ്തശേഷം അത് പ്രവർത്തിപ്പിച്ചു. ബെന്നി മോർച്ചറിയുടെ മുക്കും മൂലയും ശ്രദ്ധയോടെ ക്യാമറയിൽ പകർത്തി. തണുപ്പ് പതുക്കെ കൂടി കൂടി വന്നു. അയാൾ ക്യാമറയിൽ നിന്ന് കണ്ണെടുക്കാതെ പിന്നിൽ നിന്നിരുന്ന നതാലിയയോട് ഫ്രീസർ ഓഫ് ചെയ്യാൻ പറഞ്ഞു, പക്ഷെ അതിന് മറുപടിയൊന്നും ലഭിച്ചില്ല. അയാൾ ഞെട്ടി പിറകിലേക്ക് നോക്കി. അവിടെ അയാളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. ചുവരിലെ എൽ ഇ ഡി ഡിസ്പ്ലേ ബോർഡിൽ താപനില കുറഞ്ഞു കുറഞ്ഞു വരുന്നത് അയാൾ വിറയലോടെ കണ്ടു. ക്യാമറ അയാളുടെ കൈയ്യിൽ നിന്ന് താഴെ വീണു. അടഞ്ഞു കിടന്നിരുന്ന ഉരുക്ക് കവാടത്തിന് നേർക്ക് അയാൾ ഓടാൻ ശ്രമിച്ചെങ്കിലും മരവിച്ചു തുടങ്ങിയിരുന്ന കാലുകൾക്ക് അതിനുള്ള ശക്തി കിട്ടിയില്ല. അയാൾ അലറികരഞ്ഞുകൊണ്ട് അവിടെ കുഴഞ്ഞുവീണു. അയാളുടെ അലർച്ച ഒരു നേർത്ത ശബ്ദമായിപ്പോലും ആ മോർച്ചറിയുടെ നാല് ചുവരുകള്‍ക്ക് പുറത്തേക്ക് എത്തിയില്ല.

എംഡി ആന്റൺ ചെക്കോവിന്റെ മുറിയുടെ വാതിൽ തള്ളി തുറന്ന് കൊണ്ട് സ്റ്റാന്‍ലി ഉള്ളിലേക്ക് പ്രവേശിച്ചു. എംഡി തന്റെ കറങ്ങുന്ന കസേരയിൽ കണ്ണും പൂട്ടി ചാരികിടക്കുകയായിരുന്നു. ഇത് വരെ കാണിച്ചിരുന്ന ഔപചാരികതകൾ ഒന്നുമില്ലാതെ അയാൾ എംഡിയെ കുലുക്കി വിളിച്ച് നല്ല പച്ച മലയാളത്തിൽ മൊഴിഞ്ഞു: "അന്റോച്ചായാ.. എണീക്ക്.. അവന്റെ കാര്യം തീരുമാനമാക്കീട്ടുണ്ട്. അവന്റമ്മൂമ്മേടെ ഒരു ബാര്‍ഗൈനിങ്.. അതും നമ്മുടെയടുത്ത്" ആന്റണ്‍ ചെക്കോവ് എന്ന പാലാക്കാരൻ ആന്റണി ചാക്കോ പതുക്കെ കണ്ണു തുറന്നു. സ്വതസിദ്ധമായ ആ നിഗൂഢ പുഞ്ചിരിയോടെ അയാൾ സ്റ്റാൻലിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചെറിയ ശബ്ദത്തിൽ പറഞ്ഞു: "നീ ഇപ്പൊ തന്നെ ഫയാസിനെ വിളിക്ക്. അവൻ നമ്മുടെ കോൾ പ്രതീക്ഷിച്ചു ക്ഷമകെട്ട് ഇരിക്കുകയായിരിക്കും. എല്ലാം സെറ്റിൽ ആയി എന്ന് പറ. എന്നിട്ട് നമ്മുടെ മറ്റേ വ്ലോഗർ ഇല്ലേ. അവനെ വിളിച്ച് അടിപൊളി ഒരു പ്രൊമോ വീഡിയോ ചെയ്യാന്‍ ഏൽപ്പിക്കാൻ പറ. കോളജിന്റെ അമെനിറ്റീസിനെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം പ്രത്യേകം പറയാൻ പറയണം. നമ്മുടെ അനാട്ടമി ലാബിനെ കുറിച്ച്. ഇവിടെ മറ്റൊരു കോളജിലും ഇല്ലാത്ത ലാബ് ഫെസിലിറ്റി നമ്മൾ പ്രൊവൈഡ് ചെയ്യും. അതായത് റിയൽ കഡാവറിൽ തന്നെ അനാട്ടമി പ്രാക്ടിക്കൽ പരിശീലനം കൊടുക്കുന്നു. അതിനുള്ള ഫ്രഷ് കഡാവർ ഹാസ് ജസ്റ്റ് അറൈവ്ഡ്." അത്രയും പറഞ്ഞ് അയാൾ കണ്ണടച്ച് വീണ്ടും പിന്നിലേക്ക് ചാഞ്ഞു.

English Summary:

Malayalam Short Story ' Fresh Cadaver ' Written by Balagovind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com