ADVERTISEMENT

കാടു പോലായിരുന്നു അവിടം

തണൽ വിരിച്ചു നിൽക്കുന്ന 

ആൽമരങ്ങൾ, മാവുകൾ

ആ മരങ്ങളുടെ നിഴലിൽ 

അവയിൽനിന്നുതന്നെ തൂങ്ങുന്ന 

ശതാവരിവള്ളികൾ 

ആത്മാക്കളെപ്പോലെ നൃത്തം ചെയ്തിരുന്നു.

കാറ്റു വീശിയടിച്ചാലും

ഇളകുന്നതു പോലും അറിയാത്ത 

വലിയ മരങ്ങള്‍ക്കിടയില്‍ ആണ് 

ഗ്രാമത്തിലെ കൊച്ചു ക്ഷേത്രം നിന്നിരുന്നത്.

നീണ്ട വയലുകള്‍ കടന്ന് 

കെെത പൂത്തു നില്‍ക്കണ തോടുകള്‍ കടന്ന്

വലിയ പടികള്‍ എണ്ണി കടന്നാണ് ഞാന്‍

ആ തണുപ്പിന്‍റെ കൂടാരത്തിലേക്ക് കടന്നു ചെല്ലുക.

മാറ്റമേതുമില്ലാതെ കാണുന്ന കാലം തൊട്ട്

ഒരേ പോലുള്ള ഇടം.

നൂറ്റാണ്ടുകൾ മുമ്പു ജീവിച്ച പൂർവ്വികർ 

ഒളിച്ചു പാർത്തിരുന്ന ഇടം.

അവരുടെ കരുതലോടെയുള്ള തലോടലേൽക്കുമ്പോൾ 

അത്ര നേരം നടന്ന വിയര്‍പ്പെല്ലാം പെട്ടന്നു വലിഞ്ഞു പോകും...

ഇലകളിൽ തങ്ങിനിന്നു നമ്മെ കാണുമ്പോൾ 

വന്നു പൊതിയുന്ന തണുപ്പു പടര്‍ന്ന് 

ഉള്ളും ഉടലും കുളിര്‍ന്നു പോകും.

ശരത്കാലത്തെ ആകാശംപോലെ

ശാന്തമായ ഇടം

മനസ്സമാധാനത്തിന്‍റെ തുരുത്ത്

വലിയ ആല്‍മരത്തിനു ചുറ്റും കെട്ടിയ ആള്‍പ്പൊക്കത്തിലുള്ള തറയിലിരിക്കാൻ തന്നെ എന്തു രസമാണ്

നിറയെ കിളികള്‍

ആകാശത്തു കൂടു വെച്ച പോലെ താമസിക്കുന്നുണ്ടവിടെ.

അവയുടെ ശബ്ദത്തിനെ 

കാടിന്‍റെ സംഗീതമെന്നു കരുതാനാണ് എനിക്കിഷ്ടം

അവിടേക്കുള്ള എന്‍റെ യാത്രകള്‍ 

യൗവ്വന പ്രണയത്തിന്‍റെ 

നാണം പൂശിയ കുസൃതികള്‍ കൂടിയാണ്.

ചാറ്റ്ബോക്സുകളിൽ തിരക്കുകൂട്ടുന്നതോ

ഒരു വിളിയില്‍ 

വിളിപ്പുറത്ത് ആളെത്തുന്നതോ ആയിരുന്നില്ല ആ കാലം....

മണിക്കൂറുകളുടെ കാത്തിരിപ്പിനെ

സ്വപ്നങ്ങളായി വിവർത്തനം ചെയ്യാൻ 

വേണ്ടത്ര ക്ഷമയുള്ളവരായിരുന്നു ഞങ്ങൾ.

ഒരു കുറിപ്പില്‍ 'അവിടെ വെച്ചു കാണാം

ഞാന്‍ ആല്‍മരചുവട്ടിലുണ്ടാകു'മെന്ന 

സ്വകാര്യമായ മന്ത്രിക്കല്‍ പകരുന്ന,

നെഞ്ചു മിടിപ്പിക്കുന്ന 

പ്രതീക്ഷയോടെ ആയിരിക്കും 

ഞാന്‍ അങ്ങോട്ടേക്കു ഒഴുകിയെത്താറ്.

ഉടലിനേക്കാള്‍ വേഗതയില്‍

ഉള്ളിലെ പ്രണയം നടക്കുന്ന കാലം

വിരലുകളിലേക്കും 

മനസ്സുകൾ തമ്മിൽ ഇഴുകിച്ചേരുന്നത്ര മുറുകിയ 

ആലിംഗനത്തിലേക്കും 

ഉള്ളിലെ പ്രണയത്തെ പകർത്തുന്ന

കലയല്ലാതെ

മറ്റൊന്നുമറിയാത്ത കാലം.

ഹായ് വിളികളും ഹൃദയചിഹ്നമുള്ള ഇമോജികളും 

ഉള്ളിലേക്കെത്താതെ 

ചാറ്റ് ബോക്സിൽത്തന്നെ ഒടുങ്ങി 

പതഞ്ഞൊഴുകിയൊടുങ്ങുന്ന 

ഇക്കാലത്തുനിന്നും 

ഞാൻ മടങ്ങിപ്പോകുന്നു

കാലം തണുത്ത നിഴൽവിരിക്കുന്ന 

ആ പഴയ തുരുത്തിലേക്ക്.

സമയഭേദത്തെക്കുറിച്ച് ആകുലതകളില്ലാതെ 

ഇന്നുമുണ്ടാകും അവനവിടെ 

കാത്തിരിപ്പിനെ 

സ്വപ്നങ്ങളിലേക്കു വിവർത്തനം ചെയ്തുകൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com